ബ്രഹ്മചാരി സുധീര്‍ ചൈതന്യ
ഹനുമാന് ലഭിച്ച അഷ്ട സിദ്ധികള്‍ ഏതെന്നു നോക്കാം.
അണിമ:
ചെറുതാകാനുള്ള കഴിവ്. ലങ്കാലക്ഷ്മിയെ കണ്ടു മുട്ടുമ്പോഴും സുരസാ മാതാവിനെ കാണുമ്പോഴും ഹനുമാന് ഈ കഴിവ് പ്രകടിപ്പിച്ചിരുന്നു.
നിത്യ ജീവിതത്തില്‍ അണിമയെ നമുക്ക് വിനയമായി കാണാം. വിനയത്താല്‍ ഒന്ന് താഴ്ന്നു കൊടുക്കുന്നത് നമ്മെ വലിയ ഉയരങ്ങളില്‍ എത്തിക്കും. എപ്പോഴും തലക്കനത്തോടെ നില്‍ക്കണമെന്നില്ല.
മഹിമ:
വലുതാകാനുള്ള കഴിവ്. യുദ്ധസമയത്ത് മൃതസഞ്ജീവനിക്ക് വേണ്ടി പോകുമ്പോഴും സുരസയെ എതിരിടുമ്പോഴും ഈ കഴിവ് നമുക്ക് കാണാം.
നിത്യജീവിതത്തില്‍ ഉത്തരവാദിത്തത്തിന്റെ മഹിമ തിരിച്ചറിഞ്ഞ് പ്രധാന ചുമതലകള്‍ ഏറ്റെടുക്കുകയും കൂടെ ഉള്ളവരെ നയിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ് ‘മഹിമ’ എന്ന ഗുണം. അദ്ദേഹം കപികളുടെ നേതാവ് (കപീശ്) ആയിരുന്നല്ലോ?
ഗരിമ:
ഭാരക്കൂടുതല്‍ ഉണ്ടാക്കാനുള്ള കഴിവ്. കല്യാണ സൗഗന്ധികം കഥയില്‍ ഭീമനെ പരീക്ഷിക്കാനെത്തുന്ന നേരം ഈ കഴിവ് നാം കാണുന്നുണ്ട്. നിത്യജീവിതത്തില്‍ നമ്മുടെ വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ച് ഉറച്ച നിലപാട് എടുക്കാനുള്ള കഴിവാണിത്. തീരുമാനങ്ങള്‍ എടുക്കുന്നതിലും അതില്‍ ഉറച്ചു നില്‍ക്കുന്നതിലും ആശയക്കുഴപ്പമില്ലാത്ത അവസ്ഥ എന്നു കൂടി പറയാം.
ലഘിമ: ഭാരം ഒട്ടുമില്ലാതെ തൂവലിനെ പോലെ മൃദുവാകാനുള്ള കഴിവ്. നാം നിത്യജീവിതത്തില്‍ ഈ ഭാരമില്ലായ്മയില്‍ വേണം ജീവിക്കാന്‍. ആവശ്യമില്ലാത്ത മാനസിക ഭാരങ്ങളുടെ ഭാണ്ഡവും ചുമന്ന് നടക്കാതെ സ്വതന്ത്രമാകണം. ചിലര്‍ക്ക് ഉത്തരവാദിത്വങ്ങളും പദവിയുമെല്ലാം ചുമടാണ്. അതിന്റെ ആവശ്യം ഇല്ലാതെ മാറ്റി വയ്ക്കേണ്ടിടത്ത് മാറ്റി വയ്ക്കണം.
പ്രാപ്തി: വേണ്ടത് ആഗ്രഹിക്കുന്നത് നേടാനുളള കഴിവ്. അത് നേടിയെടുക്കാന്‍ ഉള്ള കഴിവ്, അല്ലെങ്കില്‍ പ്രാപ്തി. നടക്കേണ്ട കാര്യം അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും ഒരാള്‍ അത് അത് നടത്തിയെടുക്കുമ്പോള്‍ നമ്മള് പറയാറില്ലേ; ‘അയാള്‍ക്ക് അതിനുള്ള പ്രാ
പ്തിയുണ്ട്’ എന്ന്. അത് ഈ സിദ്ധിയാണ്.
പ്രാകാമ്യം, പ്രാകാശ്യം:
ലോകത്ത് എവിടെയും എപ്പോള്‍ വേണമെങ്കിലും പോകാനുളള കഴിവാണ് പ്രാകാമ്യം. ഏതു പ്രശ്നത്തില്‍ നിന്നും വെളിയില്‍ വരാനുള്ള കഴിവെന്ന് ഇതിനെ സാമാന്യമായി പറയാം.
തന്നെത്താന്‍ തിളങ്ങാനുള്ള കഴിവാണ് പ്രാകാശ്യം: അത് ശരീരത്തിന്റെ പ്രഭ എന്നുമാത്രമല്ല അര്‍ഥമാക്കുന്നത്. കര്‍ത്തവ്യം ഏറ്റെടുത്താല്‍ വിജയിച്ചു വരാനുള്ള കഴിവ്.
ഈശിത്വം: മൂന്ന് ലോകങ്ങളും ഭരിക്കാനും ചെയ്യുന്ന കാര്യം വൃത്തിയോടെ പൂര്ത്തീകരിക്കാനുമൊക്കെയുള്ള കഴിവ്. ഹനുമാന് എല്ലാവരുടെയും മനസ്സു ഭരിച്ചവനായിരുന്നു.
വശിത്വം:
മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ഉള്ള കഴിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: