ബ്രഹ്മചാരി സുധീര്‍ ചൈതന്യ
ജയ് ജയ് ജയ് ഹനുമാന് ഗോസായി
കൃപാ കരഹു ഗുരുദേവ് കീ നായി
ഈ ശ്ലോകത്തിലെ ഗോ എന്ന പദത്തിന്റെ അര്‍ഥം പലതാണ്. പശു, ശ്രുതി മാതാവ്, സരസ്വതി, ഇന്ദ്രിയങ്ങള്‍, ഭൂമി ഇങ്ങനെ പല അര്‍ഥങ്ങളുണ്ട്. ഗോസായി എന്നത് ഇന്ദ്രിയങ്ങളുടെ നിയന്ത്രിതാവ്, ശ്രുതി അറിയുന്നവന്, പശുവിനെ അഥവാ ജീവനെ കാക്കുന്നവന് എന്നിങ്ങനെ വിവക്ഷിക്കാം. ഗോസായി പരമാത്മാവ് തന്നെയാകുന്നു.
മനസ്സിനെ നിയന്ത്രിക്കുക എന്നത് നമുക്ക് വളരെ ശ്രമകരമാണ്. മനസ്സു കുരങ്ങിനെ പോലെയാണെന്ന് പറയാറുണ്ട്. ഹനുമാന് കുരങ്ങന്മാരുടെ ഈശ്വരന് ആണല്ലോ. അതായത് കപീശ്.
ഈ മനസിനെ നിയന്ത്രിക്കാന്‍ എനിക്ക് പറ്റുന്നില്ല. അതിനാല്‍ കപീശനായ അങ്ങ് ഒരു ഗുരുവിനെ പോലെ വന്ന് അനുഗ്രഹിക്കണമെന്നാണ് ഈ ശ്ലോകത്തിലൂടെ പറയുന്നത്.
ഈശ്വരന്റെ അവതാരങ്ങളില്‍ നമ്മുടെ ഉന്നതിക്കായി മാത്രമുള്ള അവതാരങ്ങളാണ് ഗുരുക്കന്മാര്. ഗുരുവാണ് നമ്മെ ദൈവത്തിലേക്കു അടുപ്പിക്കുന്നത്. പരമലക്ഷ്യം കാട്ടിത്തരുന്നതും ഗുരുവാണ്. ഏറ്റവും വലിയ അനുഗ്രഹവും ഗുരുകൃപ തന്നെ. ശിഷ്യന്റെ പോരായ്മകള്‍ ഇല്ലാതാക്കാന്‍ ഗുരുവിന് മാത്രമേ കഴിയൂ.
ഹനുമാനെ ഗുരു എന്നു വിളിക്കുന്നതില്‍ മറ്റൊരു കാര്യം കൂടിയുണ്ട് . ലോക ഗുരുവായ ഭഗവാന് പരമശിവന്റൈ അവതാരമായ ഹനുമാന് സ്വയം ഗുരു തന്നെയാണല്ലോ. ഗുരു നമ്മുടെ നന്മയും ഉയര്‍ച്ചയും മാത്രമേ കാണൂ. അങ്ങനെയൊരാളായി അങ്ങ് എന്നെ അനുഗ്രഹിക്കേണമേ എന്നാണ് ഇവിടെ, ഈ വരികളിലൂടെ അര്‍ഥമാക്കുന്നത് .
ജോ സത പാഠ കര് കോയീ
ചൂട്ടഹി ബന്ദി മഹാ സുക് ഹോയി
ഈ സ്തോത്രം നൂറു തവണ ചൊല്ലുന്നവന് ബന്ധനത്തില്‍ നിന്ന് വിമുക്തനായി മഹത്തായ സുഖം അനുഭവിക്കുന്നതാണ്. ബന്ധനം എന്നത്, നാം ഈ ശരീരമനോബുദ്ധിയാണെന്ന തോന്നലാണ്. ഈ ചിന്ത നമുക്ക് ദുഃഖം സമ്മാനിക്കും. ദുഃഖം ഉള്ളവന് ബന്ധിതനാണ്. ഈ ബന്ധനത്തില്‍ നിന്നും മാറാന്‍ വേണ്ടിയാണ് നാം സാധനകള്‍ അനുഷ്ഠിക്കുക. സാധന നമ്മെ സിദ്ധിയിലേക്ക് നയിക്കും.
ആചാര്യന്മാര് പറയുന്നത് എന്തെന്ന് നോക്കാം. സാത്ത് അഥവാ 7 അല്ലെങ്കില്‍ ശത് അഥവാ 100 എന്നാണ് ഹനുമാന് ചാലിസ ചൊല്ലുന്ന ക്രമം. ഹനുമാന് ചാലിസ ചൊല്ലുന്നതിന് മറ്റൊരു ചിട്ട കൂടി ആചാര്യന്മാര് നിഷ്കര്‍ഷിക്കുന്നു; ദിവസേന ഒരു പ്രാവശ്യമെങ്കിലും നിര്‍ബന്ധമായും ചൊല്ലുക. ഏഴ് പ്രാവശ്യം പാരായണം ചെയ്യാന്‍ സാധിച്ചാല്‍ അത്രയും നല്ലത്. ആഴ്ചയിലൊരിക്കലെങ്കിലും ഏഴുപ്രാവശ്യം ജപിക്കുന്നത് ഉത്തമമാണ് .വര്‍ഷത്തിലൊരിക്കലെങ്കിലും 100 തവണ തീര്‍ച്ചയായും ചൊല്ലണം. ഇത് ഹനുമാനോടുള്ള മാനസിക അടുപ്പം കൂട്ടാന്‍ നമ്മെ സഹായിക്കും. പരമാനന്ദമായ മോക്ഷം നമുക്ക് ലഭിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: