മഹാഭാരതത്തിലെ ശ്രദ്ധേയമായ കഥാപാത്രമാണ് ഹിഡുംബി. ഭീമപത്നിയായ ഹിഡുംബി കുന്തീദേവിയുടെ ആദ്യമരുമകളെന്ന പ്രത്യേകത കൂടിയുണ്ട് ഹിഡുംബിക്ക്. വനവാസത്തിനിടെയാണ് ഭീമന് ഹിഡുംബിയെ കണ്ടെത്തുന്നത്.
രാക്ഷസനായ ഹിഡുംബന്റെ സഹോദരിയായിരുന്നു ഹിഡുംബി. അതിക്രൂരനായ ഹിഡുംബന്റെ രാക്ഷസവൃത്തികളൊന്നും ഹിഡുംബിക്ക് ഇല്ലായിരുന്നുവെന്ന് പറയപ്പെടുന്നു. അതേസമയം ശക്തിമാനായ തന്റെ സഹോദരനെ തോല്‍പ്പിക്കുന്നവരെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഹിഡുംബി ശപഥമെടുത്തിരുന്നതായും പറയപ്പെടുന്നു. ക്രൂരനായ ഹിഡുംബനെ വധിച്ച ശേഷമാണ് ഭീമന് ഹിഡുംബിയെ വിവാഹം ചെയ്യുന്നത്.
ഹിമാചലിലെ വശ്യമനോഹര ഭൂമിയായ മണാലിയില്‍ ഹിഡുംബിയെ ആരാധിക്കുന്നൊരു ക്ഷേത്രമുണ്ട്. ഹിഡിംബാ ദേവീ ക്ഷേത്രം. മണാലിയായിരുന്നു ഹിഡുംബിയുടെ ആവാസസ്ഥലമെന്നാണ് വിശ്വാസം. മണാലിയുടെ ദേവിയെന്നാണ് ഹിഡുംബി അറിയപ്പെടുന്നത്. നാട്ടുകാരെ ഏത് ആപത്തില്‍ നിന്നും ദേവി രക്ഷിക്കുമെന്നാണ് വിശ്വാസം. പഗോഡശൈലിയില് പണിത ക്ഷേത്രത്തില്‍ വിഗ്രഹമില്ലെന്നതാണ് പ്രത്യേകത. നാലുനിലകളുണ്ട് ക്ഷേത്രത്തിന്. 14ാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മിതിയെന്ന് പറയപ്പെടുന്നു. പൈന്മരങ്ങള് നിറഞ്ഞ് ഇരുട്ടുമൂടിക്കിടക്കുന്ന ക്ഷേത്രം തീര്‍ഥാടകരേയും വിനോദസഞ്ചാരികളേയും ഒരുപോലെ ആകര്‍ഷിക്കും.
കല്ലും തടിക്കഷ്ണങ്ങളും ഇടകലര്‍ത്തി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ സ്വയംഭൂവായൊരു കല്ലിനെ ആരാധിച്ചു വരുന്നു. അതിനടുത്തായി ദേവിയുടെ പാദങ്ങള്‍ പതിഞ്ഞൊരു ശിലയും കാണാം. ഭീമന്റെയും ഹിഡുംബിയുടെയും പുത്രനായ ഘടോല്‍കചനെയും ഇവിടെ ആരാധിച്ചു വരുന്നു.
നവരാത്രി, ബസന്തപഞ്ചമിയിലെ ദൂംഗ്രി എന്നിവയാണ് ഹിഡുംബി ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍. സപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ക്ഷേത്രസന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: