×
login
ഒരു സന്ദേശവാഹകനെ ഇടയ്ക്ക് പ്രതിഷ്ഠിയ്ക്കുന്നതാണ് ശരിയ്ക്കുമുള്ള വിഗ്രഹാരാധന അഥവാ വ്യാജദൈവ ആരാധന: ഡേവിഡ് ഫ്രോളി

How I Became a Hindu എന്ന പുസ്തകം കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്ക് പാശ്ചാത്യ മനസ്സില്‍ നിശബ്ദമായി സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന മാറ്റങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകയാണ്

മതത്തില്‍ ജനിച്ച് ധര്‍മ്മത്തിലേയ്ക്ക് വളര്‍ന്ന കഥയാണ് അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ഫ്രോളിയുടേത്. മതനിഷ്ഠരായ കത്തോലിക്കാ കുടുംബത്തിലെ പത്തു മക്കളില്‍ രണ്ടാമന്‍. ഒരു അമ്മാവന്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്തുമത മതപ്രചാരകന്‍. അതുകൊണ്ടു തന്നെ ദൈവ വേലയ്ക്ക് ഒരാളെ സംഭാവന ചെയ്യുന്നത് അഭിമാനകരമായ പാരമ്പര്യമായി കണക്കാക്കിയിരുന്ന തറവാട്. ഫ്രോളി ഒരു കത്തോലിക്കാ പുരോഹിതനാകുമെന്നായിരുന്നു കുടുംബത്തിന്‍റെ പ്രതീക്ഷ. കത്തോലിക്കാ സ്കൂളില്‍ തുടങ്ങിയ വിദ്യാഭ്യാസം. അവിടെ നിന്നും കുമ്പസാരം, പാപം, നരകം തുടങ്ങിയ ആശയങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയതോടെ തന്‍റെ കുട്ടിക്കുറുമ്പുകള്‍ പോലും ദൈവത്തിന്‍റെ മുന്നില്‍ പൊറുക്കപ്പെടാന്‍ കഴിയാത്ത പാപങ്ങള്‍ ആയിരിയ്ക്കുമോ എന്ന് സംശയിച്ച് ആശങ്കയോടെ ചെലവഴിച്ച കുട്ടിക്കാലം. ചെറുപ്രായം മുതലേ തുടങ്ങുന്ന ബ്രെയിന്‍ വാഷിംഗ് മനുഷ്യരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ വഹിയ്ക്കുന്ന പങ്ക് തന്‍റെ അനുഭവങ്ങളിലൂടെ വിവരിച്ചു കൊണ്ട് ഡേവിഡ് ഫ്രോളി ചൂണ്ടിക്കാട്ടുന്നു.

How I Became a Hindu എന്ന അദ്ദേഹത്തിന്‍റെ അത്മകഥാപരമായ ചെറിയ പുസ്തകം കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്ക് പാശ്ചാത്യ മനസ്സില്‍ നിശബ്ദമായി സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന മാറ്റങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകയാണ്. 'ഞാന്‍ എങ്ങനെ ഹിന്ദുവായി' എന്ന പേരില്‍ കൊച്ചിയിലെ ലക്ഷ്മീഭായ് ധര്‍മ്മ പ്രകാശന്‍ ഈ പുസ്തകം മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയുര്‍വ്വേദം, യോഗ, സംസ്കൃതം എന്നിവ എപ്രകാരമാണ് ഹിന്ദുധര്‍മ്മത്തിന്‍റെയും ഭാരത സംസ്കൃതിയുടേയും പതാകാ നൗകകളായി അന്യദേശങ്ങളില്‍ സ്വാധീനം ഉറപ്പിയ്ക്കുന്നത് എന്ന് ഈ കൃതി നമുക്ക് കാണിച്ചു തരുന്നു. ഇന്ന് അമേരിക്ക ആസ്ഥാനമാക്കിക്കൊണ്ട് സംസ്കൃതം, വേദങ്ങള്‍, യോഗപദ്ധതി, ജ്യോതിഷം, ആയുര്‍വ്വേദം, വേദാന്തം തുടങ്ങിയ വിജ്ഞാനങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന ഒരു പഠന കേന്ദ്രത്തിന്‍റെ ആചാര്യനാണ് പണ്ഡിറ്റ്‌ വാമദേവ ശാസ്ത്രി എന്നറിയപ്പെടുന്ന ഡേവിഡ് ഫ്രോളി. ഈ വിഷയങ്ങളെ അധികരിച്ച് രണ്ടു ഡസനോളം പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വിദേശ സംസ്കാരങ്ങളോട് കൂടുതല്‍ ബന്ധപ്പെടാനുള്ള സാഹചര്യം കേരളീയര്‍ക്കാണ് ഉണ്ടായിരുന്നത്. അതിന്‍റെ ഫലമായി വളര്‍ന്നു വന്ന ചില നന്മകളോടൊപ്പം അന്ധമായ വൈദേശിക വിധേയത്വം, അനുകരണ ഭ്രമം, അമിതമായ ഉപഭോക്തൃ സംസ്ക്കാരം തുടങ്ങി പല ജീര്‍ണ്ണതകളും കേരളത്തില്‍ കൂടുതലായുണ്ട്. യൂറോപ്പില്‍ ജന മനസ്സുകളില്‍ നിന്നും നിഷ്ക്കാസിതമാക്കപ്പെട്ടു കഴിഞ്ഞ മതവിധേയത്വത്തിന് സാക്ഷര കേരളത്തില്‍ വേരോട്ടമുണ്ട്. പോരാ, ഇന്ത്യയെങ്ങും കച്ചവടം നടത്തുന്ന പല ഹോള്‍സെയില്‍ മതവ്യാപാരികളും കേരളത്തില്‍ ആസ്ഥാനം ഉറപ്പിച്ചവരുമാണ്. എന്നാല്‍ ഫ്രോളിയെ പോലുള്ള വിദേശ ചിന്തകരില്‍ പോലും മതിപ്പുളവാക്കാന്‍ പോന്ന നമ്മുടെ സ്വന്തം സംസ്കാരത്തോട്‌ അഭ്യസ്തവിദ്യരായ ഭൂരിപക്ഷം മലയാളികള്‍ക്കും പുച്ഛമാണ്. അതിനു കാരണം സ്വയം തിരിച്ചറിയാതെ അവര്‍ ധരിച്ചിരിയ്ക്കുന്ന, അഥവാ മറ്റു പലരും അവരെ ധരിപ്പിച്ചിരിയ്ക്കുന്ന വൈദേശിക കണ്ണടകളാണ് എന്നു പറയാതെ വയ്യ.

ക്രൈസ്തവ സഭയുടെ അധീശത്വത്തിനു കീഴില്‍ നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടിരുന്ന യൂറോപ്യന്‍ സമൂഹത്തില്‍ സ്വതന്ത്രചിന്തയും ശാസ്ത്രബോധവും പുതുജീവന്‍ കൈവരിച്ചത് വ്യവസായ വിപ്ലവത്തിനും ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കും ശേഷമാണ്. കോളണിവല്‍ക്കരണം കിഴക്കിന്‍റെ ചിന്തകളും സംസ്കാരങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ യൂറോപ്പിന് അവസരമൊരുക്കി. യൂറോപ്പിന്‍റെ ചരിത്ര പഠനമാണ് ഫ്രോളിയ്ക്ക് ആദ്യമായി തന്‍റെ ജന്മനാടായ അമേരിയ്ക്കയ്ക്ക് പുറത്തുള്ള മറ്റൊരു ലോകത്തെ കുറിച്ച് അറിവ് പകര്‍ന്നത്. തുടര്‍ന്ന് ഫ്രോളി അന്നത്തെ തദ്ദേശീയരായ ചെറുപ്പക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പല പുതിയ സാമൂഹ്യ-ബൗദ്ധിക പ്രസ്ഥാനങ്ങളുടെയും ഭാഗമായി മാറുന്നു. യുദ്ധ വിരുദ്ധ പ്രസ്ഥാനം, പ്രതിസംസ്ക്കാര ധാര, അസ്തിത്വവാദ പ്രസ്ഥാനം, ഹിപ്പിയിസം തുടങ്ങിവയിലെല്ലാം ചെറുപ്പകാലത്ത് തന്‍റെ മനസ്സ് ചെന്നെത്തി എന്ന് ഫ്രോളി പറയുന്നു.

പിന്നീട് ബുദ്ധമതം, വേദാന്തം എന്നിവ ഫ്രോളിയുടെ പഠന വിഷയങ്ങളാവുന്നു. കേവല വിശ്വാസങ്ങള്‍ക്കപ്പുറം വിചാരങ്ങളെയും സംവാദങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള ദര്‍ശനങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തോട് കൂടുതല്‍ ഇണങ്ങിച്ചേരുന്നവയായിരുന്നു. വേദാന്തം ഫ്രോളിയെ ഭഗവാന്‍ രമണ മഹര്‍ഷിയിലേക്കും, യോഗപഠനം മഹായോഗി അരവിന്ദന്‍റെ ദര്‍ശനങ്ങളിലേയ്ക്കും നയിച്ചു. തുടര്‍ന്ന് ഇന്ത്യയിലേക്ക് വന്ന ഫ്രോളി തിരുവണ്ണാമലയിലെ രമണാശ്രമത്തിലും, പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തിലും താമസിച്ചു കൊണ്ട് വേദവേദാന്തങ്ങളിലും യോഗവിദ്യയിലും പഠനങ്ങള്‍ തുടരുന്നു. രമണ മഹര്‍ഷിയുടെ അനുയായികളില്‍ എണ്ണപ്പെട്ട ചിലരെ അദ്ദേഹം തന്‍റെ സത്യാന്വേഷണ പാതയില്‍ കണ്ടുമുട്ടുന്നു. യോഗികളുടെ കേന്ദ്രമായ ആ പുണ്യദേശത്ത് തനിയ്ക്കുണ്ടായ വിശേഷപ്പെട്ട അനുഭവങ്ങള്‍ ഫ്രോളി തന്‍റെ ആത്മകഥയില്‍ വിവരിയ്ക്കുന്നുണ്ട്.


ഹിന്ദു സാമൂഹ്യ സംഘടനകളെ കുറിച്ചുള്ള അനുഭവങ്ങളും വിലയിരുത്തലുകളുമാണ് ഈ പുസ്തകത്തില്‍ അദ്ദേഹം പങ്കുവയ്ക്കുന്ന മറ്റൊരു ഘടകം. സ്വാമി വിവേകാനന്ദന്‍ മുതല്‍ ചിന്തകനും എഴുത്തുകാരനുമായ രാം സ്വരൂപ്‌ വരെ ഭാഗഭാക്കായിട്ടുള്ള വിവിധ ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ആധുനിക ഹിന്ദുവിനെ രൂപപ്പെടുത്തുന്നതില്‍ വഹിച്ചിട്ടുള്ള പങ്ക് അദ്ദേഹം സ്മരിയ്ക്കുന്നുണ്ട്. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളിലും ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ അലയൊലികള്‍ തീര്‍ത്തിട്ടുള്ളതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സങ്കുചിതവും ബാലിശവുമായ ഭാവനകളേയും, അധിനിവേശ ചിന്തകളേയും പ്രോത്സാഹിപ്പിയ്ക്കുന്ന കുത്തക മതങ്ങള്‍ പ്രപഞ്ച വിധാനത്തിലെ ഇരുണ്ട ശക്തികളെ ഉണര്‍ത്തി വിടാന്‍ മാത്രമേ ഉപകരിയ്ക്കുകയുള്ളൂ എന്നദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. വേദങ്ങള്‍ വെളിപ്പെടുത്തുന്നത് പ്രപഞ്ചത്തിലെ എല്ലാ അസ്തിത്വങ്ങളേയും ഉള്‍ക്കൊള്ളുന്ന സര്‍വ്വാശ്ലേഷിയായ ഒരു ആത്മീയ ആവാസ വ്യവസ്ഥയെയാണ്. അവിടെ മനുഷ്യരും ദൈവങ്ങളും തമ്മിലോ, ദൈവങ്ങള്‍ തമ്മിലോ സംഘര്‍ഷമില്ല. അതുകൊണ്ട് പരിസ്ഥിതിയ്ക്കും, പ്രപഞ്ചത്തിലെ വൈവിദ്ധ്യങ്ങള്‍ക്കും ഇടം നല്‍കുന്ന സനാതന ധര്‍മ്മം അഥവാ ഹിന്ദു ധര്‍മ്മത്തിലാണ് ലോകത്തിന്‍റെ ഭാവി എന്ന് ഡേവിഡ് ഫ്രോളി നമ്മെ ഉദ്ബോധിപ്പിയ്ക്കുന്നു. സ്വയം ഒരു ബൗദ്ധിക ക്ഷത്രിയന്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന അദ്ദേഹം ലോകത്തിന്‍റെ പ്രതീക്ഷയായ സനാതന ധര്‍മ്മത്തിന് നേരെ ഇന്ന് നടക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് തന്‍റെ ക്ഷത്രിയധര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടിരിയ്ക്കുന്നു.

"ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കുറേയേറെ ആത്മീയ ഗ്രന്ഥങ്ങളും പാഠങ്ങളും വായിച്ചു കഴിഞ്ഞപ്പോള്‍ യേശുവിനെ ചൊല്ലിയുള്ള ക്രിസ്ത്യന്‍ മര്‍ക്കടമുഷ്ടി ഒരു മനോരോഗമായിട്ടാണ് എനിക്ക് കാണപ്പെട്ടത്. മാനവ ചരിത്രത്തില്‍ എക്കാലവും അനേകം മഹാന്മാരായ ആത്മീയ ഗുരുക്കന്മാര്‍ ഉണ്ടായിട്ടുണ്ടെന്നും, യേശുക്രിസ്തു, അദ്ദേഹം എത്ര തന്നെ മഹാത്മാവാണെങ്കിലും അവരില്‍ ഒരാള്‍ മാത്രമാണെന്നും എനിക്ക് വ്യക്തമായി". വിശാലമായ പഠനങ്ങളും അനുഭവങ്ങളുമാണ് തനിക്ക് ഈ ഉള്‍ക്കാഴ്ച നേടിത്തന്നത് എന്ന് ഫ്രോളി അടിവരയിടുന്നു.

ഒരു പ്രവാചകനിലൂടെ അല്ലെങ്കില്‍ ദൈവപുത്രനിലൂടെ മാത്രമേ മോചനമുള്ളൂ എന്ന സിദ്ധാന്തമാണ്‌ യഥാര്‍ത്ഥ ആള്‍ദൈവാരാധന എന്നദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു.

"ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ഒരു സന്ദേശവാഹകന്‍ എന്ന ആശയം - അതായത് വ്യക്തികള്‍ക്ക് നേരിട്ട് ദൈവത്തെ മനസ്സിലാക്കാന്‍ കഴിയില്ല, അതിന് യേശുവിനെയോ മുഹമ്മദിനെയോ പോലുള്ള ഒരു രക്ഷകന്‍റെയോ പ്രവാചകന്‍റെയോ ആവശ്യമുണ്ട് എന്നത് - ആത്മതത്വത്തില്‍ ഊന്നല്‍ കൊടുക്കുന്ന ഹൈന്ദവ ചിന്താധാരയെ സംബന്ധിച്ചിടത്തോളം വൈദേശികമാണ്. വാസ്തവത്തില്‍ ഇത്തരം ഒരു സന്ദേശവാഹകനെ ഇടയ്ക്ക് പ്രതിഷ്ഠിയ്ക്കുന്നതാണ് ശരിയ്ക്കുമുള്ള വിഗ്രഹാരാധന അഥവാ വ്യാജ ദൈവാരാധന എന്നൊരാള്‍ക്ക് വാദിയ്ക്കാം."

സുപ്രസിദ്ധ മാര്‍ക്സിസ്റ്റ്‌ ചരിത്രകാരി പ്രൊഫസര്‍ റൊമീലാ ഥാപ്പറിന്‍റെ തട്ടകമായ ജെ എന്‍ യു വില്‍ തന്നെ ആര്യന്‍ അധിനിവേശ സിദ്ധാന്തത്തെ ചോദ്യം ചെയ്തു കൊണ്ട് താനും സുഹൃത്തുക്കളായ പണ്ഡിതരും ചേര്‍ന്ന് 1999 ല്‍ നടത്തിയ പരിപാടിയെ കുറിച്ച് ഫ്രോളി എഴുതുന്നു. ഒരൊറ്റ മാര്‍ക്സിസ്റ്റ്‌ പ്രൊഫസര്‍മാരും അന്നവിടെ മറുവാദവുമായി മുന്നോട്ടു വന്നില്ല. അതുപോലെ മതപരിവര്‍ത്തന വിഷയത്തെ അധികരിച്ച് ഹൈദരാബാദ് ബിഷപ്പ് അരുളപ്പയുമായി താന്‍ നടത്തിയ സംവാദവും, അതേത്തുടര്‍ന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ ബിഷപ്പ് സ്വീകരിച്ച പരസ്യ നിലപാടും ക്രിസ്ത്യാനികളുടെ ഇടയില്‍ അതുണ്ടാക്കിയ കോളിളക്കവും ഔത്സുക്യം ഉണര്‍ത്തുന്ന അദ്ധ്യായമാണ്. മറ്റൊന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഇടപെടലിനെ കുറിച്ച് പറയുന്ന ഭാഗമാണ്. തന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 'ക്രിസ്തുമതം മാത്രമല്ല സത്യത്തിലേക്കുള്ള ഒരേയൊരു വഴി' എന്ന് പോപ്പ് പ്രസ്താവന നടത്തണമെന്ന് വി എച് പി ആവശ്യപ്പെടുകയുണ്ടായി. ഇന്ത്യയിലെ സഭകള്‍ അതിനെതിരെ നിലപാടെടുത്ത കാര്യവും തുടര്‍ന്ന് ഗോവന്‍ ഇന്‍ക്വിസിഷന്‍ ഉള്‍പ്പെടെയുള്ള തെറ്റുകള്‍ക്ക് പോപ്പ് മാപ്പു പറയണം എന്നാവശ്യപ്പെട്ട് താന്‍ റെഡ്ഡിഫിന് അഭിമുഖം നല്‍കിയ കാര്യവും ഫ്രോളി വിവരിയ്ക്കുന്നു.

ഈ ആധുനിക കാലഘട്ടത്തില്‍ സനാതന ധര്‍മ്മത്തെ അതിന്‍റെ അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങളില്‍ നിന്ന് നേരിട്ട് പഠിച്ചു മനസ്സിലാക്കാന്‍ ശ്രമിയ്ക്കുകയും, പൗരാണിക വേദവിജ്ഞാനത്തെ ലോകത്തിന് പകര്‍ന്നു കൊടുക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്ന ആചാര്യനാണ് പത്മഭൂഷന്‍ ജേതാവു കൂടിയായ ശ്രീ വാമദേവ ശാസ്ത്രി. അദ്ദേഹം ലോകമെങ്ങും യാത്ര ചെയ്യുകയും, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, രചനകള്‍, സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സദാ കര്‍മ്മ നിരതനായി സനാതന ധര്‍മ്മ സേവനത്തില്‍ മുഴുകി ജീവിയ്ക്കുകയും ചെയ്യുന്നു. സ്വതന്ത്ര ചിന്തയിലൂടെ സത്യം തേടുന്നവര്‍ ഒരു ആശയത്തേയും ഭയപ്പെടുകയില്ല. അത്തരം സത്യാന്വേഷികളായ മനുഷ്യര്‍ അവശ്യം വായിച്ചിരിയ്ക്കേണ്ട ഒരു പുസ്തകമാണ് ഡേവിഡ് ഫ്രോളിയുടെ ആത്മകഥ.

  comment

  LATEST NEWS


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.