×
login
അറിവിന്റെ ജ്ഞാനസൂര്യന്‍

അജ്ഞാനമാകുന്ന അന്ധകാരം അകറ്റുന്ന പുണ്യകഥാസാരമാണീ കൃതി. കലിദോഷ ത്തില്‍പ്പെട്ട് പോകുന്ന ജനങ്ങള്‍ക്ക് ഭക്തിയുടെ, അറിവിന്റെ ജ്ഞാനസൂര്യനായി നിലകൊള്ളുന്ന ഉത്തമഗ്രന്ഥമാണ് വ്യാസഭഗവാന്‍ നമുക്ക് തന്ന ശ്രീമദ്ഭാഗവതം.

ഇറക്കത്ത് രാധാകൃഷ്ണന്‍

 

ഒരിക്കല്‍ നാരദമുനി ബ്രഹ്മാവിനെ സമീപിച്ച് ആത്മതത്ത്വം ഉപദേശിച്ചു തരണം എന്നപേക്ഷിച്ചു. ഈ പ്രപഞ്ചത്തിന്റെ സ്വരൂപം അത് ഏതിനെ ആശ്രയിച്ചു നില്‍ക്കുന്നു. പ്രപഞ്ചം ആരിലാണ് ലയിച്ചുചേരുന്നത്, ഇതിനെക്കുറിച്ചുള്ള ജ്ഞാനം അങ്ങേയ്ക്ക് ആരില്‍ നിന്നാണ് ലഭിച്ചത്, ശ്രേഷ്ഠരായി ആരെങ്കിലും ഉണ്ടോ? ഇക്കാര്യങ്ങള്‍ ആകാംക്ഷയോടെ ചോദിച്ചപ്പോള്‍ ബ്രഹ്മാവ് ചതുശ്ലോകീഭാഗത്താല്‍ നാരദനെ സംതൃപ്തനാക്കി.  

നാരദമഹര്‍ഷി വ്യാസഭഗവാന്റെ അസ്വസ്ഥത കണ്ട അവസരത്തില്‍ ചതുശ്ലോകീഭാഗവതം ഉപദേശിക്കുകയും ശ്രീമദ് ഭാഗവതപുരാണം രചിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യാസന്‍ 12 സ്‌കന്ധങ്ങളിലായി 18,000 ശ്ലോകങ്ങളില്‍ ഭാഗവതം പൂര്‍ത്തീകരിച്ചു. മകനും ബ്രഹ്മര്‍ഷിയുമായ ശ്രീ ശുകനെ പഠിപ്പിക്കുകയും ചെയ്തു. ശ്രീ ശുകന്‍ പരീക്ഷിത്ത് മഹാരാജാവിന്റെ അവസാന നാളുകളില്‍ ഭഗവദ് നിയോഗമെന്നോണം ഭാഗവതം ചൊല്ലി കേള്‍പ്പിച്ച് പരീക്ഷിത്തിന്റെ ആത്മാവിനെ വിഷ്ണുവില്‍ ലയിപ്പിച്ചു.

ഭാഗവതം ഒരു കല്പവൃക്ഷമായിട്ടാണ് ജ്ഞാനികള്‍ വിശേഷിപ്പിക്കുന്നത്. മോക്ഷദായകമായ പുണ്യവൃക്ഷമായി കാണുന്നു. 333 ശാഖകളും പന്ത്രണ്ട് വന്‍ശിഖരങ്ങളും 18,000 ചെറുചില്ലകളും ഇതിലടങ്ങുന്നു.  

അധികാരത്തിന്റെ അഹങ്കാരവും അജ്ഞതയുടെ അന്ധകാരവും പരീക്ഷിത് മഹാരാജാവിനെ ബാധിച്ചപ്പോള്‍ ധ്യാനത്തില്‍ മുഴുകിയിരുന്ന ശമീക മഹര്‍ഷിയുടെ കഴുത്തില്‍ ചത്ത പാമ്പിന്റെ ജഡം ചുറ്റിയിട്ട് മുനിയെ അപമാനിച്ചു. ശമീകന്റെ മകന്‍ ശൃംഗി പിതാവിന്റെ ധ്യാനത്തെ അപമാനിച്ച ആള്‍ ആരുതന്നെയായാലും ഏഴാം നാള്‍ തക്ഷക ദംശനത്താല്‍ മൃതിയടയട്ടെ എന്ന് ശപിച്ചു. ധ്യാനത്തില്‍ നിന്നുണര്‍ന്ന മുനി കാര്യങ്ങള്‍ മനസ്സിലാക്കായപ്പോള്‍ മകന്‍ ചെയ്ത പ്രവൃത്തിയില്‍ ദുഃഖിച്ചു. എത്രയും വേഗം പരീക്ഷിത് മഹാരാജാവിനെ അറിയിക്കുവാന്‍ മുനിമാരെ ഏര്‍പ്പാടാക്കി.  

നായാട്ടിനുശേഷം കൊട്ടാരത്തില്‍ എത്തിയ പരീക്ഷിത്ത് കാട്ടില്‍ വച്ച് ശമീകനോടു കാട്ടിയ പ്രവൃത്തിയില്‍ കുറ്റബോധത്തോടെയാണ് കഴിഞ്ഞത്. ശാപവൃത്താന്തം ശമീകന്‍ അയച്ച മുനിമാരില്‍ നിന്നും മനസ്സിലാക്കിയ വിഷ്ണുരാതന്‍ എന്ന പരീക്ഷിത് ഭഗവാന്‍ നാരായണനെ സ്മരിച്ചു. വിഷ്ണുഭഗവാനെ ഏഴ് നാള്‍ ഭജിക്കുവാന്‍ നിശ്ചയിച്ചു. ഗംഗയില്‍ ഏകസ്തംഭത്തില്‍ തീര്‍ത്ത ശാലയില്‍ ഇരുന്നുകൊണ്ട് ഭഗവാനെ ഭജിച്ചുതുടങ്ങി. നാഗങ്ങള്‍ക്ക് ഒരു തരത്തിലും പ്രവേശിക്കാന്‍ കഴിയാത്തവിധത്തില്‍ സജ്ജീകരിച്ച്  പൂജാകാര്യങ്ങളും യാഗങ്ങളും മറ്റുള്ളവര്‍ ഏര്‍പ്പാടാക്കി.

ശ്രേഷ്ഠരായ മുനിമാരെക്കൊണ്ട് നിറഞ്ഞ ഭക്തിയുടെ അന്തരീക്ഷത്തില്‍ ശുകമുനി പ്രത്യക്ഷപ്പെട്ടത് എല്ലാവരേയും അത്ഭുതസ്തബ്ധരാക്കി. ശ്രീ ശുകന്റെ ആഗമനം പരീക്ഷിത്തിന് സന്തോഷവും സമാധാനവുമായി. അദ്ദേഹത്തെ ഉചിതമായ സ്ഥാനം നല്‍കി സ്വീകരിച്ചു. വിഷ്ണുഭഗവാനെ ജപിച്ചപ്പോള്‍ ഉള്ളിലുണ്ടായ അനേക സംശയങ്ങള്‍ ഓരോന്നായി  ശുക മഹര്‍ഷിയോട്  ചോദിച്ചു. വിഷയ വൈരാഗ്യം ഉണ്ടാകുവാനുള്ള മാര്‍ഗ്ഗം ഏതാണ്? ഭക്തി എന്നാല്‍ എന്താണ്? മായയെ നീക്കുവാനുള്ള മാര്‍ഗ്ഗം ഏതാണ്? കലിയില്‍ നിന്നും ജീവനെ മോചിപ്പിക്കാനുപകരിക്കുന്ന ഉത്തമോപായം ഏതാണ്? കല്യാണങ്ങളുടെ മധ്യത്തില്‍ ശോഭിക്കുന്ന പരമകല്യാണം ഏതാണ്? ശുദ്ധിജനിപ്പിക്കുന്ന സാധനങ്ങളില്‍ പരമശുദ്ധി സാധനമേതാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഏക ഉത്തരമാണ് ഭാഗവത സപ്താഹത്തിലൂടെ അദ്ദേഹം വിശദമാക്കിക്കൊടുത്തത്.  


ആരാണോ ഫലകാംക്ഷ കൂടാതെ ഭഗവാന്റെ പാദപത്മങ്ങളെ മാത്രം മനസ്സില്‍ ഉറപ്പിക്കുന്നത് അവര്‍ മായാതീതമായി തീരുകയും ശ്രീകൃഷ്ണ സ്വരൂപത്തെ അറിയുകയും ചെയ്യുന്നു. ആ അറിവാണ് ഭക്തി. ഭക്തി ലഭിച്ചവര്‍ക്ക് മുക്തിയും ലഭിക്കും. ഭഗവാന്റെ നാമം ഇടതടവില്ലാതെ ജപിക്കുമ്പോള്‍ ആനന്ദം അനുഭവിക്കുകയും കണ്ണില്‍ നിന്ന് അറിയാതെ കണ്ണുനീര്‍ ഒഴുകുകയും ചെയ്യും. അതുതന്നെയാണ് യഥാര്‍ത്ഥഭക്തി. ഈ സത്യം ശ്രീശുകന്‍ പരീക്ഷിത്തിന് നല്‍കി.

ഭഗവാന്‍ വാസുദേവനാണ് എല്ലാത്തിന്റെയും ആധാരം. ഭഗവാന്റെ വായ കൊണ്ടാണ് ബ്രഹ്മാവ് പ്രപഞ്ചസ്രഷ്ടാവായി മാറുന്നത്. മായയില്‍ ജനങ്ങള്‍ മയങ്ങുന്നതിനാലാണ് ഞാന്‍ എന്നും എന്റേതെന്നും ജനങ്ങള്‍ കരുതുന്നത്. പ്രപഞ്ചം എന്നാല്‍ ആകാശം, വായു, അഗ്‌നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്. കര്‍മ്മം, കാലം, സ്വഭാവം ജീവന്‍ എന്നിവ കൂടിച്ചേരുമ്പോഴാണ് പ്രപഞ്ചം ഉണ്ടാകുന്നത്. എന്നാല്‍ ഇവ ഭഗവാന്‍ തന്നെയാണ്. ഒന്നുകൂടി വിശദമാക്കിയാല്‍ സ്വര്‍ണ്ണത്തില്‍ നിന്നാണ് കങ്കണാദികള്‍ തീര്‍ക്കുന്നത്. ആഭരണത്തിന്റെ സൗന്ദര്യം സ്വര്‍ണ്ണത്താല്‍ നിര്‍മ്മിതമാണ്. മരത്തില്‍ നിന്ന് വിവിധ ഉരുപ്പടികള്‍ ഉണ്ടാകുന്നു. അവയില്‍ മരം ഉള്ളതുപോലെ പരമാത്മാവാണ് നാരായണന്‍. അദ്ദേഹം എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്നു. അതിനാല്‍ ഭഗവാനെ ഭജിക്കുക.

ഭാഗവത്തിലെ ആത്മരഹസ്യം പരീക്ഷിത്തിന് ഉപദേശിക്കുവാനായി ശ്രീ ശുകന്‍ ഭാഗവതം ഏഴ് ദിവസം കൊണ്ട് പാരായണം ചെയ്തു. പരീക്ഷിത്തിന്റെ ആത്മാവ് ശ്രീനാരായണനില്‍ അഭയം പ്രാപിച്ചു. ഏഴ് ദിവസം പാരായണം നടത്തി ആത്മോപദേശം നടത്തിയതുവഴി സപ്താഹ പാരായണം പ്രശസ്തമായി. ശ്രീഹരിയുടെ സ്വരൂപമാണ് ഭാഗവതം. ഭഗവാന്‍ കലികാലത്ത് ഭാഗവതത്തില്‍ കുടികൊള്ളുമെന്ന് ഉദ്ധവരോട് പറഞ്ഞിട്ടുണ്ട്. എന്നെ അന്വേഷിക്കുന്നവര്‍ക്ക് ഉത്തമ പ്രതിവിധിയാണ് ശ്രീമദ്ഭാഗവതം പാരായണം ചെയ്യുക എന്നത്. ഏഴ് ദിനംകൊണ്ടിതു കേട്ടാല്‍ മതി മോക്ഷം ലഭിക്കുവാന്‍ എന്ന് അദ്ദേഹം അരുളിചെയ്തു.

അജ്ഞാനമാകുന്ന അന്ധകാരം അകറ്റുന്ന പുണ്യകഥാസാരമാണീ കൃതി. കലിദോഷ ത്തില്‍പ്പെട്ട് പോകുന്ന ജനങ്ങള്‍ക്ക് ഭക്തിയുടെ, അറിവിന്റെ ജ്ഞാനസൂര്യനായി നിലകൊള്ളുന്ന ഉത്തമഗ്രന്ഥമാണ് വ്യാസഭഗവാന്‍ നമുക്ക് തന്ന ശ്രീമദ്ഭാഗവതം.

(അവസാനിച്ചു)

 

 

 

 

  comment
  • Tags:

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.