×
login
ദിലീപിനെ അനുഗ്രഹിക്കുമോ, ചെറുവള്ളി ‍ദേവി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍

എന്ത് കുറ്റകൃത്യവും ചെയ്തവര്‍ക്ക് വന്ന് പ്രാര്‍ത്ഥിച്ച് പരിഹാരം തേടാവുന്ന ഇടമല്ല ജ്ഡ്ജി അമ്മാവന്‍ സന്നിധി.

ദിലീപ് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രം

കോട്ടയം ജില്ലയിലെ പുരാതനമായ  ചെറുവളളി ദേവി ക്ഷേത്രം. നാളുകള്‍ നീളുന്ന കേസുകളിലും  വ്യവഹാരങ്ങളിലും കുരുങ്ങി നീതി ലഭിക്കാന്‍ വൈകുന്നവര്‍ അനുഗ്രഹം തേടിയെത്തുന്ന  അമ്പലം.  മുഖ്യപ്രതിഷ്ഠ ദേവിയുടെ അടുത്തല്ല കേസിന്റെ സങ്കടം പറയുന്നത് എന്നു മാത്രം.  മേജര്‍ ക്ഷേത്രത്തിന്റെ ഒരു വശത്ത് ചെറിയൊരു ഉപദേവതാ പ്രതിഷ്ടയുണ്ട്. ജഡ്ജി അമ്മാവന്‍  അവിടെ കുടികൊള്ളുന്നു. ദേവിയുടെ തുല്യ പ്രാധാന്യം തന്നെയാണ് ജഡ്ജി അമ്മാവനും ഉള്ളത്. ദേവീക്ഷേത്രത്തിലെ പൂജകള്‍ കഴിഞ്ഞ് എല്ലാ നടയും അടച്ച ശേഷം രാത്രി എട്ടുമണിയോടെയാണ് ജഡ്ജി അമ്മാവന്റെ പൂജകള്‍ ആരംഭിയ്ക്കുന്നത്. ശൈവസങ്കല്‍പ്പ പൂജയാണ്.

വഴനയിലയില്‍ ഉണ്ടാക്കുന്ന അടയാണ് ജഡ്ജി അമ്മാവന്റെ പ്രധാന നിവേദ്യം.കരിക്ക്,വെറ്റ,പാക്ക്, എന്നിവ ചേര്‍ത്ത് കുടിയ്ക്കാന്‍കൊടുക്കല്‍ എന്നൊരു വഴിപാടുകൂടി ഉണ്ട്. അമ്മാനെ കാണാന്‍ വരുന്നവര്‍ ആദ്യം ദേവിയെ പ്രാര്‍ത്ഥിക്കുകയും വഴിപാടുകഴിക്കുകയും വേണം.. പകല്‍ സമയം ജഡ്ജി അമ്മാവന്‍ പൂജകള്‍ ഒന്നും ഇല്ല. മറ്റു ദേവതകള്‍ക്കുളള പൂജകള്‍ എല്ലാം പൂര്‍ത്തിയാക്കി അത്താഴപൂജയ്ക്കും ശേഷം രാത്രി  എട്ട് മണിയോടെയെ ജഡ്ജി അമ്മാവനുളള പൂജകള്‍ ആരംഭിക്കു. അമ്പലത്തില്‍ കാളി യക്ഷി എന്നീ ഉപദേവപ്രതിഷ്ഠകളും ഉണ്ട്. പ്രധാന ദിവസങ്ങളിലെല്ലാം പ്രത്യേക പൂജകളും ഉണ്ട്. മറ്റ് പൂജകള്‍ എല്ലാം കഴിഞ്ഞതിന് ശേഷമാണ് ജഡ്ജി അമ്മാവന് പൂജകള്‍ ആരംഭിക്കുന്നത്. കോടതി സംബന്ധമായ വിഷയങ്ങളുമായി വലയുന്നവര്‍ പരിഹാരത്തിനായി എത്തുന്നത് ജഡ്ജി അമ്മാവന്റെ അടുത്താണ്.

 കേരള മുഖ്യമന്ത്രി കെ കരുണാകരന്‍,  തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവരൊക്കെ അവിടെ വടവഴിപാടു നടത്തിയത് വാര്‍ത്തയായിരുന്നു.  പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത നിരവധി പ്രശസ്തരായ സിനിമാതാരങ്ങളും ജഡ്ജിമാരും രാഷ്ട്രീയക്കാരും  ഇവിടെയെത്താറുണ്ട്.  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നടന്നപ്പോള്‍ അന്നത്തെ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സംഘം ഒരാഴ്ചയോളം ഇവിടെ പ്രത്യേക വഴിപാടിനായി എത്തിയിരുന്നു.അമ്മാവന്റെ മുന്നില്‍  നീതിയുടെ പ്രസാദം തേടി ക്രിക്കറ്റ് താരം ശ്രീശാന്തും നടന്‍ ദിലീപും എത്തിയിരുന്നു.  ഒത്തുകളി വിവാദത്തില്‍ കേസില്‍ പെട്ട ശ്രീശാന്ത് നിരപരാധിത്വം കോടതിയില്‍ തെളിയിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട് ദിലീപ് 2019 മാര്‍ച്ച് 9 നാണ്  അമ്പലത്തി അടനേദ്യവും കരിക്കഭിഷേകവും നടത്തിയത്. ദിലീപ് റിമാന്‍ഡിലായിരിക്കെ 2017 ജൂലായ് 19ന് സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്തി.

എന്ത് കുറ്റകൃത്യവും ചെയ്തവര്‍ക്ക് വന്ന് പ്രാര്‍ത്ഥിച്ച് പരിഹാരം തേടാവുന്ന ഇടമല്ല ജഡ്ജി അമ്മാവന്‍ സന്നിധി. സ്വന്തം ഭാഗത്ത് ന്യായവും സത്യവും ഉണ്ടെന്ന് ഉറപ്പുള്ളവര്‍ക്ക് ആ വിശ്വാസത്തിന് സ്വയം നല്‍കാവുന്ന  ഒരു ആത്മീയമായ ഊന്നലാണ് ഈ ക്ഷേത്രദര്‍ശനവും വഴിപാടുകളും. ജീവിതം മുഴുവന്‍ ന്യായത്തിനും സത്യത്തിനും വേണ്ടി ജീവിച്ച ഒരു പിതാമഹന്റെ അനുഗ്രഹവും സാന്നിധ്യവും തങ്ങളുടെ വഴികളില്‍ ഒപ്പമുണ്ടാകുമെന്ന  വിശ്വാസമാണ് ഈ ക്ഷേത്രദര്‍ശനത്തിന്റെ ലക്ഷ്യം.

വിശ്വാസവും യാഥാര്‍ത്ഥ്യവും എന്തൊക്കെയാണെങ്കിലും  ഐതിഹ്യപ്പെരുമയുള്ള ഇവിടേക്ക് ഹര്‍ജികളുമായി എത്തുന്നവരുടെ തിരക്കേറെയാണ്.

ഐതിഹ്യപ്പെരുമ

ധര്‍മ്മരാജാ എന്ന് കീര്‍ത്തികേട്ട കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന  കാലത്തെ  കൊട്ടാരം ന്യായാധിപനായിരുന്നു ജഡ്ജി അമ്മാവന്‍.  അമ്മാവന്റെ സ്വദേശം ആലപ്പുഴ തലവടിയാണ്. മൂലകുടുംബം ചെറുവളളിയലും. യഥാര്‍ത്ഥനാമം ഗോവിന്ദപിളള്.സത്യത്തിനും, നീതിക്കും വേണ്ടി നിലനിന്നിരുന്ന വ്യക്തി.  ഏത് രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചാലും വിട്ടുവീഴ്ച്ച ഉണ്ടായിരുന്നില്ല. നുണ പ്രചരണം, കളളങ്ങള്‍ പറയല്‍ എന്നിവ ഒന്നും  അംഗീകരിച്ചിരുന്നില്ല.നീതി ലഭിക്കേണ്ട വ്യക്തിക്ക് മാത്രം നീതി നല്‍കി സത്യത്തിന് വേണ്ടി മാത്രം നിലകൊണ്ടു. സംസ്‌കൃതപണ്ഡതന്‍ കൂടയായിരുന്നു.

ഒരിക്കല്‍ പിളളയുടെ മരുമകന്‍ പത്മനാഭപിളള കുറ്റാരോപിതനായി, സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരുമകനെ തൂക്കികൊല്ലാന്‍ വിധിച്ചു  തൂക്കിലേറ്റി കുറെ നാള്‍ കഴിഞ്ഞപ്പോള്‍ മരുമകന്‍ നിരപരാധായാണെന്ന് മനസിലാക്കുന്നു.

ആദ്യമായി തന്റെ വിധിന്യായത്തില്‍ തെറ്റ് സംഭവിച്ച പിളളയ്ക്കത് തീരാകളങ്കമായി.  വളരെ ദുഖിതനായ അദ്ദേഹം രാജാവിന് മുന്നില്‍ ചെന്ന് കാര്യം അവതരിപ്പിച്ചു. തെറ്റ്പറ്റി എന്നും തന്നെ ശിക്ഷിക്കണമെന്നും അപേക്ഷിച്ചു. ആദ്യം അംഗീകരിക്കാതിരുന്ന രാജാവ് പിളളയുടെ നിര്‍ബന്ധം അംഗീകരിക്കുന്നു.സ്വയം ശിക്ഷ തീരുമാനിക്കാന്‍ പിളളയ്ക്ക് അധികാരം നല്‍കി. തന്റെ കാല്‍ പാദങ്ങള്‍ വെട്ടിക്കളഞ്ഞ്, കഴുമരത്തിലേറ്റണമെന്നും നാട്ടുകാര്‍ അത് കാണണമെന്നും അദ്ദേഹം പറഞ്ഞു. മനസില്ലാമനസോടെ രാജാവ് ശിക്ഷ നടപ്പിലാക്കി.


മോക്ഷം കിട്ടാത്ത പിളള അലഞ്ഞു നടക്കാന്‍ തുടങ്ങി. നാട്ടില്‍ അനിഷ്ടങ്ങള്‍ കൂടി. പരിഹാരത്തിനായി പ്രശ്‌നം വെച്ചപ്പോള്‍ അറിഞ്ഞു പിളളയ്ക്ക് മോക്ഷം ലഭിച്ചിട്ടില്ല, അദ്ദേഹത്തെ ആവാഹിച്ച് മൂലക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കണമെന്ന് പറഞ്ഞു. ഇതൊടെ ദേവീഭക്തനായിരുന്ന പിളളയുടെ ആത്മാവിനെ  ചെറുവളളി ക്ഷേത്രത്തില്‍ ആവാഹിച്ച് കുടിയിരുത്തി. 1978ല്‍ അദ്ദേഹത്തിന്‌റെ പിന്‍മുറക്കാര്‍ ഇത് ക്ഷേത്രമാക്കി മാറ്റി. പിളള, ജഡ്ജി അമ്മാവനായി.

എങ്ങനെ എത്താം

റോഡ്:തിരുവന്തപുരം, കൊല്ലം തുടങ്ങി തെക്കന്‍ ജില്ലയില്‍ നിന്ന് ഉളളവര്‍ അടൂര്‍, കോന്നി, റാന്നി മണിമലയില്‍ എത്തി അവിടുനിന്ന് പൊന്‍കുന്നത്തിനുളള വഴി എട്ട് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ചെറുവളളി എത്താം. മണിമലയില്‍ നിന്ന് എപ്പോഴും പൊന്‍കുന്നം ബസ്സുകള്‍ ഉണ്ട്. പുനല്ലൂര്‍ മൂവാറ്റുപുഴ ഹൈവേ കടന്നു പോകുന്നത് ഇത് വഴിയാണ്. വടക്ക് എറണാകുളം, തൃശ്ശൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ പാല വഴി പൊന്‍കുന്നത്തെത്തി, മണിമലക്കുളള വഴിയെ 7.5 കിലോ മീറ്റര്‍ സഞ്ചരിക്കുമ്പോള്‍ ക്ഷേത്രം എത്തും.

ട്രയിന്‍: കോട്ടയം  ആണ് അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍. കോട്ടയത്തുനിന്ന് ബസില്‍ കെ കെ റോഡ് വഴി പൊന്‍കുന്നത്തെത്തി അവിടുനിന്ന് മണിമലയ്ക്കുളള ബസ്സില്‍ കയറി ക്ഷേത്രത്തില്‍ എത്താം.

വിമാനം: നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം.90 കിലോമീറ്റര്‍ ദൂരം.

വിവരങ്ങള്‍ക്ക്: മേജര്‍ ചെറുവളളി ക്ഷേത്രം, കാവുംഭാഗം,  തെക്കേത്ത് കവല,ചെറുവളളി,  കോട്ടയം.

ഫോണ്‍: 8590826745

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.