×
login
പുണ്യതീര്‍ത്ഥ സ്ഥാനമായി ഭവിക്കാന്‍ ഭാഗവതപാരായണം

ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണ സമയത്ത് ദുഃഖാകുലനായ ഉദ്ധവര്‍, ഭഗവാന്റെ അഭാവത്തില്‍ കലിയുടെ വിളയാട്ടം നടക്കുമെന്നും, ഭൂമിയില്‍ അധര്‍മ്മവും അക്രമവും വര്‍ദ്ധിച്ച് ജനങ്ങള്‍ പൊറുതിമുട്ടുമെന്നും, ദുഷ്ടന്മാരുടെ ഭാരത്താല്‍ ഭൂമീദേവി വിഷമിക്കുമെന്നും, അതിനു പരിഹാരമായി ഭഗവാന്റെ അദൃശ്യസാന്നിദ്ധ്യം ഇവിടെ ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് ഭഗവാന്‍ സ്വധാമത്തിലേക്ക് പോകുംമുമ്പ് തന്റെ ചൈതന്യത്തെ ഭാഗവതഗ്രന്ഥത്തില്‍ സന്നിവേശിപ്പിച്ചു. അങ്ങനെ ശ്രീമദ്ഭാഗവതം ശ്രീകൃഷ്ണഭഗവാന്റെ പ്രത്യക്ഷരൂപമായി.

മനോവിഷമമകലാനുള്ള ഏകൗഷധം ജ്ഞാനയജ്ഞമെന്ന ഭാഗവതകഥാകഥനമാണെന്ന് സനകാദികളില്‍ നിന്നറിഞ്ഞ നാരദ മഹര്‍ഷി, അത് എവിടെ, എങ്ങനെ, എത്ര ദിവസം കൊണ്ട് നടത്തണമെന്നറിയാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. ഗംഗക്കരികിലുള്ള ഹരിദ്വാറില്‍ ആനന്ദമെന്ന  പുണ്യസ്ഥലമുണ്ട്. അനേകം ദേവന്മാരും സിദ്ധന്മാരും മുനിമാരും വിഹരിക്കുന്ന ആ പ്രദേശം ഭാഗവതകഥാകഥനത്തിനും ശ്രവണത്തിനും അത്യുത്തമമാണ്. നാരദര്‍ സനകാദികളൊത്ത് ഹരിദ്വാറിലെത്തി. അവിടെ ഭാഗവതപാരായണ യജ്ഞം നടക്കാന്‍ പോകുന്നുവെന്നറിഞ്ഞ് എത്ര പേരാണ് ഓടിയെത്തിയത് !  ഭൃഗു, വസിഷ്ഠന്‍, ച്യവനന്‍, ഗൗതമന്‍, വ്യാസന്‍ തുടങ്ങിയവരൊക്കെ കുടുംബസമേതമെത്തി. വേദങ്ങള്‍, വേദാന്തങ്ങള്‍, മന്ത്രങ്ങള്‍, പുരാണങ്ങള്‍ തുടങ്ങിയവയുടെ ദേവതാരൂപങ്ങളും നാനാ നദീ ദേവതകളും എത്തി. മേരു തുടങ്ങിയ മഹാദ്രികളും, ദേവഗന്ധര്‍വ കിന്നരന്മാരും സന്നിഹിതരായി. വന്നവരൊക്കെ അവരവര്‍ക്ക് അനുയോജ്യമായ സ്ഥലത്ത് ആസനസ്ഥരായി. അതിനുശേഷം ശ്രീമദ്ഭാഗവതത്തിന്റെ മഹത്വം സനകാദികള്‍ പറഞ്ഞു തുടങ്ങി.  

ഇത്ര ദിവസംകൊണ്ടുതന്നെ ഭാഗവതകഥ പാരായണം ചെയ്തവസാനിപ്പിക്കണമെന്നില്ല. ജീവിതകാലം മുഴുവന്‍ വായിക്കുന്നത് അത്യുത്തമം. ഒരുതരത്തില്‍ പറഞ്ഞാല്‍  നിര്‍വികല്പസമാധിയില്‍ അനുഭവിക്കുന്ന ആനന്ദം, മനസ്സിരുത്തി ഭാഗവതകഥ ശ്രദ്ധിക്കുന്നതില്‍നിന്നുണ്ടാകുന്നുവത്രെ. അത് മോക്ഷത്തിലേക്കുവരെ നയിക്കുന്നു. ഇതിന് പരീക്ഷിത്ത് രാജാവ് സാക്ഷിയാണല്ലോ. ഏതൊരുവന്റെ ഗൃഹത്തില്‍ ഭാഗവതപാരായണം ചെയ്യുന്നുവോ, അവന്റെ ഗൃഹം ഒരു  പുണ്യതീര്‍ത്ഥ സ്ഥാനമായി ഭവിക്കും. 18,000 ശ്ലോകങ്ങളും 12 സ്‌കന്ദങ്ങളും 335 അധ്യായങ്ങളുമുള്ള ഭാഗവതം ശുകബ്രഹ്മര്‍ഷിയും പരീക്ഷിത്ത് രാജാവുമായുള്ള സംവാദ രൂപത്തിലാണുള്ളത്. കേള്‍ക്കുന്നവരുടെ മനസ്സിനെ സംശുദ്ധമാക്കി സംസാര ദുഃഖശമനത്തിനിത് കാരണമാകുന്നു. മറ്റൊരു ശാസ്ത്രത്തിനും പുരാണേതിഹാസത്തിനും ഈ മഹത്വമില്ല.

ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണ സമയത്ത് ദുഃഖാകുലനായ ഉദ്ധവര്‍, ഭഗവാന്റെ അഭാവത്തില്‍ കലിയുടെ വിളയാട്ടം നടക്കുമെന്നും, ഭൂമിയില്‍ അധര്‍മ്മവും അക്രമവും വര്‍ദ്ധിച്ച് ജനങ്ങള്‍ പൊറുതിമുട്ടുമെന്നും, ദുഷ്ടന്മാരുടെ ഭാരത്താല്‍ ഭൂമീദേവി വിഷമിക്കുമെന്നും, അതിനു പരിഹാരമായി ഭഗവാന്റെ അദൃശ്യസാന്നിദ്ധ്യം ഇവിടെ ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് ഭഗവാന്‍ സ്വധാമത്തിലേക്ക് പോകുംമുമ്പ് തന്റെ ചൈതന്യത്തെ ഭാഗവതഗ്രന്ഥത്തില്‍ സന്നിവേശിപ്പിച്ചു. അങ്ങനെ ശ്രീമദ്ഭാഗവതം ശ്രീകൃഷ്ണഭഗവാന്റെ പ്രത്യക്ഷരൂപമായി.  

ഈ സമയത്ത് യൗവനം വീണ്ടുകിട്ടിയ ജ്ഞാനവൈരാഗ്യങ്ങളാകുന്ന മക്കളൊത്ത് ഭക്തി ആ സദസ്സില്‍ എത്തിച്ചേര്‍ന്നു. ഭാഗവതകഥാശ്രവണ പുണ്യം നേടാനാണ് ഭക്തി മക്കളൊത്ത് ഇവിടെ എത്തിയത്. ഭാഗവതമാഹാത്മ്യത്തെക്കുറിച്ച് കേട്ടപ്പോള്‍തന്നെ തളര്‍ന്നുകിടന്നിരുന്ന ജ്ഞാനവൈരാഗ്യങ്ങള്‍ ഉണര്‍ന്നു. സന്തുഷ്ടയായ ഭക്തി താനെവിടെയിരിക്കണമെന്ന് ചോദിച്ചപ്പോള്‍, ഭാഗവത ഭക്തരുടെ മനസ്സില്‍ കുടികൊള്ളാനായിരുന്നു നാരദ മഹര്‍ഷിയുടെ നിര്‍ദ്ദേശം. മനോഹരമായ ഒരു കഥയുടെ രൂപത്തില്‍ ഭക്തിയുടേയും ജ്ഞാനവൈരാഗ്യങ്ങളെന്ന മക്കളുടേയും കഥ അവതരിപ്പിച്ചത്, മനഷ്യമനസ്സിനെ ആകര്‍ഷിച്ച് ഭാഗവതത്തിന്റേയും ഭക്തിയുടേയും മറ്റും മഹത്വം കേള്‍ക്കാനും ഉള്‍ക്കൊള്ളാനും വേണ്ടിയാണ്.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.