×
login
ഈശ്വരന്‍ ഒന്ന് ദേവതകള്‍ അനേകം

മണ്ഡലം മനോഭിരാമം

ഡോ. സുകുമാര്‍, കാനഡ

ദേവതകള്‍ അനേകമുണ്ടെന്നും അവയേയെല്ലാം സങ്കല്‍പ്പിച്ച് വിശേഷണം ഗ്രഹിച്ച് വിഗ്രഹങ്ങളാക്കി സ്ഥാപിച്ചിട്ടുള്ളത് സാധകരെ ആത്മാന്വേഷണത്തിനായി പ്രചോദിപ്പിക്കാനാണെന്നും നമ്മള്‍ കണ്ടു. ഹിന്ദുപുരാണങ്ങള്‍ അനുസരിച്ച് മുപ്പത്തിമൂന്നുകോടി ദേവതകള്‍ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ ഈശ്വരന്‍ ഒന്നാണെന്നും ഈശ്വരനല്ലാതെ മറ്റൊന്നുമില്ലെന്നും ഇതേ പുരാണങ്ങളും വേദങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.  

ഈ ഉദാത്തമായ അറിവിനെ മറയ്ക്കുന്നത് മായാശക്തിയെന്ന് അറിയപ്പെടുന്ന തോന്നലുകളും കെട്ടുകാഴ്ചകളുമാണ്. നമ്മെക്കുറിച്ച് സങ്കല്‍പ്പജന്യമായ ഒരു ബിംബമാണ് നമുക്കുള്ളില്‍ ഉള്ളത്. എന്നാല്‍ ആത്മീയാന്വേഷണം ഞാനാര്? എന്ന ചോദ്യം നിരന്തരം നമുക്കുള്ളില്‍ അനുരണനം ചെയ്ത ്ഒടുവില്‍ അത് നമ്മെ സത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നു. ദേവതാസങ്കല്‍പ്പങ്ങള്‍ നമ്മെയതിന് സഹായിക്കുന്നു.

വേദശാസ്ത്രങ്ങളില്‍ നിന്നും, സത്യസാക്ഷാത്ക്കാരം ലഭിച്ചവരുടെ വിവരണങ്ങളില്‍ നിന്നും മറ്റും നമുക്ക് മനസ്സിലാവുന്നത് അനുഭൂതിയുടെ തലത്തില്‍ വിശ്വസത്യവും അവരുടെ പരിമിതവ്യക്തിത്വവും തമ്മില്‍ യാതൊരുവ്യത്യാസവും ഇല്ലെന്നാണ്. ഈ സത്യം അനുഭൂതിതലത്തില്‍ അറിയുകയാണ് ആത്മീയതയുടെ ലക്ഷ്യം.  


സനാതനധര്‍മ്മത്തിന്റെ പാതയില്‍ നാം അറിയാതെ തന്നെ പല ദിശകളില്‍ നിന്നും ആത്മീയാന്വേഷണത്തിനുള്ള പ്രചോദനം നേടുന്നുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്നതാണാ സനാതനമായ ആശയം. വിശ്വാസതലത്തില്‍ ഈശ്വരനുണ്ടെന്നു കരുതുന്നവരും, താനും ഈശ്വരനും വെവ്വേറെയല്ലാ എന്നു കരുതുന്നവരും, താന്‍ ഈശ്വരന്റെ ഭാഗമാണെന്ന് ആശ്വസിക്കുന്നവരും, ആത്മീയാന്വേഷണം വൃഥാവ്യായാമമാണെന്ന് കരുതുന്നവരും സനാതനമതത്തിന്റെ ഭാഗമാണ്. ഇക്കൂട്ടരെയെല്ലാം അറിവിന്റെയും ചിന്തയുടേയും തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു എന്നതാണ് ഭാരതസംസ്‌ക്കാരത്തിന്റെ മഹിമ.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സ്വാമിഅയ്യപ്പന്‍ സ്വയംക്രമീകരിച്ചു നല്‍കിയതായി പറയപ്പെടുന്നു. തന്റെ പിതാവായിരുന്ന പന്തളരാജാവിനു നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് അവിടുത്തെ ചടങ്ങുകള്‍ ഇന്നും നടന്നുവരുന്നത്. പരശുരാമനാണ് സംന്യാസഭാവത്തിലുള്ള വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചത്. ജ്ഞാനവും അഭയവും മുദ്രകളാക്കിയ ധ്യാനഭാവത്തിലാണ് അയ്യപ്പനിരിക്കുന്നത്. 41 ദിവസത്തെ വ്രതമനുഷ്ഠിച്ച് ശബരിമല സന്നിധാനത്തിലെത്തുന്ന ഭക്തനു ദര്‍ശനം നല്‍കാമെന്നാണ് അയ്യപ്പന്‍ വാഗ്ദാനം ചെയ്തത്. ഭക്തര്‍ ഇന്നും തെറ്റാതെ തുടര്‍ന്നുപോരുന്ന ആചാരങ്ങളാണവ.

സന്നിധാനത്തിലെത്തി ഭഗവദ്ദര്‍ശനം ലഭിക്കുന്ന സാധകനും സ്വാമിയും ഒന്നാണെന്ന ബോധമുണരുന്നതാണ് ശബരിമലദര്‍ശനത്തിന്റെ ഫലപൂര്‍ണ്ണത. ഭക്തനും ഭഗവാനും ഒന്നാവുന്ന ദര്‍ശനമാണത്. സ്വഭാവത്തിലും ചിന്തയിലുമുണ്ടാവുന്ന പരിവര്‍ത്തനം, ജീവിതാശ്രമങ്ങളിലെ സംന്യാസാശ്രമത്തിന്റെ പരിശീലനം, എന്നിവയിലൂടെ ഭഗവദ്ദര്‍ശനം നേടുന്ന സാധകന്‍ ആത്മാന്വേഷണത്തിന് പ്രചോദിപ്പിക്കപ്പെടുന്നു.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.