×
login
ശുഭാപ്തിവിശ്വാസത്തിന്റെ ശക്തി

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയീ ദേവി

മക്കളേ,  

മനുഷ്യന്‍ എന്നും നല്ല നാളെയെക്കുറിച്ചു സ്വപ്‌നങ്ങള്‍ നെയ്യുന്നവനാണ്. ദുഃഖങ്ങളുടെ നടുവിലും ജീവിതത്തിനു നിറവും മണവും പകരുന്നത്  ആ സ്വപ്‌നങ്ങളാണ്.  ശുഭാപ്തിവിശ്വാസം നാം ഒരിക്കലും കൈവെടിയരുത്. പുതുതായി വിരിഞ്ഞ ഒരു പനിനീര്‍പ്പൂവിനെ എന്നപോലെ ജീവിതത്തിലെ ഓരോ നിമിഷത്തെയും പുതിയ ഉണര്‍വ്വോടെ, പുതിയ പ്രതീക്ഷയോടെ സമീപിക്കാന്‍ നമുക്കു കഴിയണം.  

ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ചോര്‍ത്തു നാം വിലപിച്ചിരിക്കരുത്. ജീവിതമാകുന്ന വലിയമൂലധനം ഇപ്പോഴും നമ്മുടെ മുന്‍പിലുണ്ട്. അതുകൊണ്ടു നേടാന്‍ കഴിയുന്ന വലിയ ലാഭത്തെക്കുറിച്ചു നാം ചിന്തിക്കണം. ദുഃഖങ്ങളുടെ നടുവിലും ജീവിതത്തിനു ചൈതന്യം പകരുന്നതു ആ ശുഭാപ്തിവിശ്വാസമാണ്.  


  ഒരു കൊച്ചു കുട്ടിയെ നോക്കുക, കുട്ടിക്ക് ഉത്സാഹവും ക്ഷമയുമുണ്ട്. കുട്ടി കിടക്കുന്നിടത്തുനിന്നു എഴുന്നേല്ക്കാന്‍ ശ്രമിക്കുന്നു, വീഴുന്നു. വീണ്ടും ശ്രമിക്കുന്നു, വീണ്ടും വീഴുന്നു. എന്നാല്‍ അവന്‍ ശ്രമം ഉപേക്ഷിക്കുന്നില്ല. ദേഹം മുറിഞ്ഞാലും കുട്ടി ശ്രമം വിടുന്നില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിന്റെ ഫലമായി അവന് എഴുന്നേല്ക്കാന്‍ സാധിക്കുന്നു. കുഞ്ഞിനറിയാം താന്‍ മറിഞ്ഞു വീണാല്‍ രക്ഷിക്കാന്‍ അമ്മ അടുത്തുണ്ടെന്ന്. തന്റെ ശ്രമത്തില്‍ സഹായിക്കാന്‍ അമ്മ അടുത്തുള്ളതിനാല്‍ വിജയം തീര്‍ച്ചയാണെന്നുള്ള ശുഭാപ്തിവിശ്വാസവും ആ കുഞ്ഞിനുണ്ട്. ശുഭാപ്തിവിശ്വാസം, ക്ഷമ, ഉത്സാഹം ഇവ മൂന്നുമാണ് നമ്മുടെ ജീവിതത്തിന്റെ മന്ത്രമാകേണ്ടത്.  

ജീവിതത്തില്‍ നമുക്കു ലോകത്തില്‍നിന്നു നല്ലതു മാത്രം കിട്ടിയെന്നു വരില്ല. ഒരുപക്ഷെ നല്ല അനുഭവങ്ങളെക്കാള്‍ കൂടുതല്‍ ചീത്ത അനുഭവങ്ങളായിരിക്കും നമ്മെ കാത്തിരിക്കുന്നത്.  അത്തരം സന്ദര്‍ഭങ്ങളെ നമ്മുടെ വളര്‍ച്ചയ്ക്കും വിജയത്തിനുമുള്ള ചവിട്ടുപടിയാക്കിത്തീര്‍ക്കാന്‍ നമ്മള്‍ പഠിക്കണം. അതിന് ആത്മവിശ്വാസം അത്യാവശ്യമാണ്. നമുക്കുണ്ട് എന്നു നമ്മള്‍ കരുതുന്നതിനെക്കാള്‍ എത്രയോ അധികം കഴിവുകള്‍ നമുക്കു യഥാര്‍ത്ഥലില്‍ ഉണ്ട്. എന്നാല്‍ ആത്മവിശ്വാസക്കുറവു കാരണം നമ്മള്‍ ആ കഴിവുകളെ ഉപയോഗപ്പെടുത്താതെ പോകുന്നു. പരാജയപ്പെട്ട പല സന്ദര്‍ഭങ്ങളില്‍ പോലും  അല്പംകൂടി ശ്രമിച്ചിരുന്നെങ്കില്‍ വിജയം കരസ്ഥമാക്കാന്‍ നമുക്കു കഴിയുമായിരുന്നു എന്നതാണ് വാസ്തവം.

ഒരാള്‍ തന്റെ കാര്‍ ഒരു ചരിവുള്ള സ്ഥലത്തു നിര്‍ത്തിയിട്ട് എന്തോ കാര്യത്തിനു പുറത്തിറങ്ങി. അതിനിടയില്‍ കാര്‍ താഴേയ്ക്കു തെന്നിനീങ്ങി താഴെയുള്ള കുളത്തിലെത്തി. അയാള്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ തന്റെ കാര്‍, കാല്‍ഭാഗം കുളത്തിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. അതു പുറത്തെടുക്കാന്‍ അയാള്‍ കഴിയുന്നതും ശ്രമിച്ചു. പക്ഷെ  സാധിച്ചില്ല. സഹായിക്കാനായി ആരെയെങ്കിലും കിട്ടുമോ എന്നു നോക്കിയപ്പോള്‍ ഒരു കര്‍ഷകന്‍ കുതിരവണ്ടിയില്‍ അതുവഴി വരുന്നതു കണ്ടു. അയാള്‍ കര്‍ഷകനോട് സഹായത്തിനപേക്ഷിച്ചു. കര്‍ഷകന്‍ ഉടനടി സമ്മതിച്ചു. അയാള്‍ കുതിരവണ്ടി കുളത്തിന്റെ അരികിലേയ്ക്കുകൊണ്ടുവന്ന് ഒരു വടം കൊണ്ട് കാര്‍ അതില്‍ വലിച്ചുകെട്ടി.  കര്‍ഷകന്‍ കുതിരയോടു പറഞ്ഞു, ''എടാ ബെന്നി, നന്നായി വലിക്കൂ.'' കുതിര എത്ര ശ്രമിച്ചിട്ടും കാര്‍ വെള്ളത്തില്‍ കിടന്ന സ്ഥലത്തുനിന്ന് അല്പംപോലും മുന്നോട്ടു നീങ്ങിയില്ല. കാര്‍ നീങ്ങുന്നില്ലെന്നറിഞ്ഞ് കുതിര വണ്ടി വലിക്കുന്നതു നിര്‍ത്തി അനങ്ങാതെ നിന്നു. അതുകണ്ട് കര്‍ഷകന്‍ അടവു മാറ്റി. അയാള്‍ പറഞ്ഞു 'എടാ ബെന്നി, എടാ സണ്ണി, വണ്ടി വലിക്കൂ, ഒന്നുകൂടി ശക്തമായി വലിക്കൂ.' അതുകേട്ട് ബെന്നി ശക്തമായി വണ്ടി വലിച്ചു. കാര്‍ കുളത്തില്‍ നിന്ന് പുറത്തേയ്ക്കു വരികയും ചെയ്തു. ഇതു കണ്ട് കാറുടമ ആശ്ചര്യത്തോടെ കര്‍ഷകനോടു ചോദിച്ചു, 'നിങ്ങള്‍ എന്തിനാണ,് എടാ ബന്നി, എടാ സണ്ണി, ശക്തമായി വലിക്കൂ എന്നു പറഞ്ഞത്? ഇവിടെ ബെന്നിയല്ലാതെ വേറെ കുതിര ഇല്ലല്ലോ?' കര്‍ഷകന്‍  പറഞ്ഞു, ''ശരിയാണ്, ബെന്നി അന്ധനാണ്. ആദ്യം അവന്‍ ചിന്തിച്ചത് ഈ കാര്‍ കുളത്തില്‍ നിന്നു പുറത്തെടുക്കാന്‍ താന്‍ ഒറ്റയ്ക്കു വലിച്ചാല്‍ കഴിയില്ല എന്നാണ്. അതുകൊണ്ടാണ് അവന്‍ വണ്ടി വലിക്കുന്നത് നിര്‍ത്തിയത്. പക്ഷെ, 'ബെന്നീ, സണ്ണീ ശക്തമായി വലിക്കൂ' എന്നു ഞാന്‍ പറയുന്നതു കേട്ടപ്പോള്‍ അവന്‍ വിചാരിച്ചു 'ഞാന്‍ തനിച്ചല്ല, എന്നോടൊപ്പം മറ്റൊരു കുതിര കൂടിയുണ്ട്.' അത് അവന് ആത്മവിശ്വാസം പകര്‍ന്നു. അങ്ങനെ അവന്‍ തന്റെ ശക്തി മുഴുവന്‍ ഉപയോഗിച്ച് വണ്ടി വലിച്ചു, കാര്‍ പുറത്തെത്തിക്കുകയും ചെയ്തു.

ഞാന്‍ തനിച്ചല്ല, ഈശ്വരന്‍ എന്നും എപ്പോഴും എന്നോടൊപ്പമുണ്ട്. അവിടുന്ന് ഏതു പ്രതിസന്ധിയിലും സഹായത്തിനുണ്ട് എന്നൊരു വിശ്വാസം ഉണ്ടെങ്കില്‍, ഏതൊരു പ്രതിബന്ധത്തെയും അതിജീവിച്ചു മുന്നോട്ടു പോകുവാനുള്ള കരുത്തു നമുക്കു ലഭിക്കും. വിജയിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം നമ്മെ വിട്ടകലുകയുമില്ല. പ്രയത്‌നവും വിശ്വാസവും ഒത്തുചേര്‍ന്നാല്‍ അത് നമ്മളെ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.