×
login
യഥാര്‍ത്ഥ സ്വാതന്ത്ര്യം

മനുഷ്യന്‍ മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും അടിമയാകരുത്. അവന്‍ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും യജമാനനാകണം. ഭോഗങ്ങള്‍ അനുഭവിക്കരുതെന്നല്ല, പക്ഷെ വിവേകം വേണം, ആത്മനിയന്ത്രണം വേണം. ചോക്ലേറ്റ് രുചിയുള്ളതാണ്.

മക്കളേ,  

നമ്മുടെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം നമ്മുടെ കടിഞ്ഞാണില്ലാത്ത മനസ്സാണ്. ഇന്നു നമ്മുടെ മനസ്സ് നമ്മുടെ കൈയിലല്ല. അത് ഒരു പഴയ വണ്ടി പോലെയാണ്. ബ്രേക്കിട്ടാലും ഇടിച്ചിട്ടേ നില്‍ക്കുകയുള്ളൂ. ടിവി കാണുന്നയാള്‍ കൈയിലെ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് ടിവി ചാനലുകളെ നിയന്ത്രിക്കുന്നതുപോലെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണവും നമ്മുടെ കൈയില്‍ കൊണ്ടുവരണം. അതിനു നിരന്തരപരിശ്രമം ആവശ്യമാണ്.  

മനുഷ്യന്‍ മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും അടിമയാകരുത്. അവന്‍ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും യജമാനനാകണം. ഭോഗങ്ങള്‍ അനുഭവിക്കരുതെന്നല്ല, പക്ഷെ വിവേകം വേണം, ആത്മനിയന്ത്രണം വേണം. ചോക്ലേറ്റ് രുചിയുള്ളതാണ്. പക്ഷെ, അമിതമായാല്‍ വയറിനസുഖമാകും. അതിനാല്‍, കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അവിടെ നിയന്ത്രണം പാലിക്കേണ്ടതാവശ്യമാണ്. ഏതൊരു വസ്തു ഉപയോഗിക്കുന്നതിനും ഒരു ക്രമമുണ്ട്. ഈ പറയുന്നതു നമ്മുടെതന്നെ നന്മയ്ക്കുവേണ്ടിയാണ്.

ആത്മനിയന്ത്രണം ഒരിക്കലും യഥാര്‍ത്ഥസ്വാതന്ത്ര്യത്തിനു തടസ്സമല്ല. അതു നമ്മുടെ സുരക്ഷയ്ക്കുവേണ്ടിയാണ്, അതു നമ്മളെ യഥാര്‍ത്ഥസ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്നതാണ്. റോഡുനിയമങ്ങള്‍ പാലിച്ചു വണ്ടി ഓടിക്കുന്നതു തന്റെ സ്വാതന്ത്ര്യത്തിനു തടസ്സമാണെന്നു പറഞ്ഞ് ആരെങ്കിലും തന്നിഷ്ടം കാട്ടിയാലെന്താകും ഫലം. റോഡുനിയമങ്ങള്‍ നമ്മുടെ സുരക്ഷിതത്വത്തിനാവശ്യമാണ്. ഇതുപോലെ സന്തോഷവും സംതൃപ്തിയും നിലനിര്‍ത്തുവാന്‍ ജീവിതാന്ത്യംവരെയും മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കേണ്ടത് അത്യാവശ്യംതന്നെയാണ്.

ലോകത്തിന്റെ പല ഭാഗങ്ങളിലും അടിമച്ചന്തകള്‍ നിലവിലുണ്ടായിരുന്ന കാലത്ത്, അടിമക്കച്ചവടം നടത്തുന്ന കുറച്ചുപേര്‍ ചേര്‍ന്ന് ഒരിടത്ത് വഴിവക്കില്‍ വിശ്രമിച്ചുകൊണ്ടിരുന്ന അവധൂതനായ ഒരു മഹാത്മാവിനെ തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തെ അടിമച്ചന്തയില്‍ വിറ്റു പണംസമ്പാദിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അദ്ദേഹത്തെ  ചന്തയിലെ വില്പനസ്ഥലത്ത് കയറ്റി നിര്‍ത്തി അടിമവ്യാ


പാരികളില്‍ ഒരാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, 'ഈ അടിമയെ വില്പനയ്ക്കു വെച്ചിരിക്കുകയാണ്. ആരെങ്കിലും ഇയാളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?' അതുകേട്ട് കുറെ പേര്‍ ആ അടിമയെ വാങ്ങാനായി മുന്നോട്ടുവന്നു. പെട്ടെന്ന്, മഹാത്മാവ് പൊട്ടിച്ചിരിച്ചുകൊണ്ട് ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു, 'ഇതാ ഒരു ഉടമയെ വില്പനയ്ക്കു വെച്ചിരിക്കുകയാണ്. ആരെങ്കിലും ഇയാളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?' അതുകേട്ട് അദ്ദേഹത്തെ വില്‍ക്കാന്‍ കൊണ്ടുവന്ന അടിമവ്യാപാരികള്‍ക്ക് ദേഷ്യമടക്കാനായില്ല. അവരിലൊരാള്‍ ചോദിച്ചു, 'നിങ്ങള്‍ എന്താണീ പറയുന്നത്? നിങ്ങള്‍ ഉടമയാണെന്നോ?' മഹാത്മാവ് പറഞ്ഞു, 'അതെ, മാത്രമല്ല, ഇവിടെ ഞാന്‍ ഒരുവന്‍ മാത്രമേ ഉടമയായി ഉള്ളു. ഞാന്‍ എന്റെ മനസ്സിന്റെ പിടിയില്‍നിന്നു തികച്ചും മുക്തനാണ്. നിങ്ങളാകട്ടെ മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും അടിമകളാണ്.'  

ഇതു കേട്ടതും അടിമയെ വാങ്ങാന്‍വന്നവരില്‍ ഒരാള്‍ക്ക് അദ്ദേഹം ഒരു മഹാത്മാവാണെന്ന തിരിച്ചറിവുണ്ടായി.  പറഞ്ഞവിലകൊടുത്തു അയാള്‍ മഹാത്മാവിനെ വാങ്ങി. ഉടന്‍ തന്നെ അദ്ദേഹത്തെ സ്വതന്ത്രനാക്കുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയുംചെയ്തു. തന്നെ ശാശ്വതമായ ആനന്ദത്തിലേയ്ക്കു നയിക്കാന്‍ ആ മഹാത്മാവിനു കഴിയുമെന്നു അദ്ദേഹത്തന് അറിയാമായിരുന്നു.  

ജീവിതത്തില്‍ സംഭവിക്കാവുന്ന വലിയ ആപത്തുകളില്‍ ഒന്ന് മനസ്സിന്റെ അടിമയാകുകയാണ്, ദുശ്ശീലങ്ങളുടെ പിടിയില്‍ പെടുക എന്നതാണ്. തെറ്റായ ചിന്തകളും പ്രവൃത്തികളും ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അവ ശീലമായി മാറുന്നു. ശീലങ്ങള്‍ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നമ്മളറിയാതെ നിയന്ത്രിക്കുന്നു. ക്രമേണ ശീലങ്ങള്‍ നമ്മുടെ സ്വഭാവമായിത്തീരുന്നു. അതോടെ നമ്മള്‍ തീര്‍ത്തും അവയ്ക്കടിമകളാകുന്നു. നമ്മുടെ ജീവിതത്തെത്തന്നെ അവ കാര്‍ന്നുതിന്നുന്നു. ശീലങ്ങളില്‍നിന്നു മുക്തരാകുക ഏറെ പ്രയാസമുള്ള കാര്യമാണ്.അതിനാല്‍ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍ നമ്മള്‍ സദാ ജാഗ്രത പുലര്‍ത്തണം. എന്തെങ്കിലും തെറ്റു സംഭവിച്ചാല്‍ എത്രയുംവേഗം അതു തിരുത്താനും അതില്‍നിന്നു പിന്തിരിയാനും നമ്മള്‍ ശ്രമിക്കണം.  

മനസ്സ് നല്ലൊരു സേവകനാണ്. എന്നാല്‍ നല്ല യജമാനനല്ല. മനസ്സിനെ നമ്മുടെ യജമാനനാകാന്‍ അനുവദിക്കരുത്. നമ്മുടെ മനസ്സില്‍ ലോകവസ്തുക്കളോടുള്ള ആസക്തി കൂടുന്നതനുസരിച്ച് മനസ്സിന്റെ മേലുള്ള നമ്മുടെ നിയന്ത്രണവും കുറഞ്ഞു കൊണ്ടിരിക്കും. ക്രമേണ മനസ്സ് നമ്മുടെ യജമാനനായിത്തീരുകയും ചെയ്യും. മനസ്സിനെ ജയിക്കാത്തിടത്തോളംകാലം ജീവിതത്തില്‍ മറ്റെന്തെല്ലാം നേടിയാലും നമ്മള്‍ ജീവിതവിജയം നേടിയെന്നു പറയാനാവില്ല. മനസ്സിന്റെ മേലുള്ള വിജയമാണു യഥാര്‍ത്ഥ വിജയം. അതു തന്നെയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യവും.

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.