×
login
ഓണം... തിരുവോണം

 

ണം എന്തിനാണ് ആഘോഷിക്കുന്നത്? ഓണാഘോഷത്തിനു പിന്നിലെ ചരിതമെന്താണ്?

കഴിഞ്ഞ കുറച്ച് ദശകങ്ങളായി കേരളത്തില്‍ പ്രചരിക്കുന്ന അഥവാ പ്രചാരത്തിലുള്ള കഥ ശരിയോ? 

ഇപ്പോള്‍ എനിക്ക് 44 വയസ്സ്.ഞാന്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ഏകദേശം 35 വര്‍ഷം മുമ്പ് അന്വേഷിച്ച് തുടങ്ങിയതാണ്.

കാരണം വളരെ ലളിതമായിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. അന്നത്തെ മലയാളം പാഠപുസ്തകത്തിലെ ഒരു അദ്ധ്യായവുമായി ബന്ധപ്പെട്ട് ഒരു ചോദ്യമുണ്ട്. 10 വാചകത്തില്‍ ഉത്തരമെഴുതേണ്ടത്. 'ഓണം' എന്നതിനെക്കുറിച്ച്.

 മലയാളികളുടെ ദേശീയോത്സവമാണ് ഓണം. കേരളം ഭരിച്ചിരുന്ന ചക്രവര്‍ത്തിയായ മാവേലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. വര്‍ഷം തോറും മാവേലി കേരളത്തിലെ തന്റെ പ്രജകളെ കാണാന്‍ വരുന്നതിന്റെ സ്മരണയ്ക്കാണ് ഓണം ആഘോഷിക്കുന്നത്....ഓണവിശേഷങ്ങളുമായി ഇങ്ങനെ പോകുന്നു ആ ഉത്തരം.

എന്നാല്‍ ഓണക്കാലത്ത് ഇതല്ല എന്റെ അനുഭവം. ഉത്രാടത്തിന് എന്റെയും പരിസരത്തും ഓണം ആഘോഷിക്കുന്ന വീടുകളില്‍ തൃക്കാക്കരയപ്പനെ (തൃക്കാരപ്പനെ ) വയ്ക്കും. മൂലം നാളിന് മുമ്പേ മണ്ണില്‍ തട്ടി പൊത്തി ഉരുട്ടി ഏകദേശം സ്തൂപാകൃതിയില്‍ ഉണ്ടാക്കുന്നതാണിത്. ഓരോ വര്‍ഷത്തെ ഓണത്തിനും പുതിയത് ഉണ്ടാക്കണം

തൃക്കാകരയപ്പനെ അഥവാ വാമനമൂര്‍ത്തിയെയാണ് ഉത്രാട നാള്‍ മുതല്‍ അഞ്ചാം ഓണം (ഉതൃട്ടാതി ) വരെ പൂജിക്കുന്നത്.

ഇവിടെ നിന്ന് ആരംഭിച്ചതാണ് സംശയം.

ആരുടെയാണ് ഓണം വാമനന്റെയോ മാവേലിയുടേയോ?

മുത്തശ്ശനും മുത്തശ്ശിയും അച്ഛനുമമ്മയുമൊക്കെ തന്ന ഉത്തരം ഓണം തൃക്കാക്കരയപ്പന്റെയാണ്; വാമനമൂര്‍ത്തിയുടെയാണ്. ഭഗവാന്റെ പിറന്നാളാണ്. ചിങ്ങത്തിലെ തിരുവോണം.


പുറത്ത്  മാവേലി കഥകളും കുടവയറന്‍ മാവേലി പ്രകടങ്ങളും അപ്പോള്‍ അരങ്ങ് തര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇത് ഏകദേശം 1980 കളുടെ പകുതിയിലായിരുന്നു. അന്നത്തെ വാര്‍ത്താ മാധ്യമങ്ങളായ വര്‍ത്തമാന പത്രങ്ങളില്‍ മണ്ണു കൊണ്ടോ മരം കൊണ്ടോ ഉള്ള തൃക്കാക്കരപ്പനും വാമന-മാവേലി ചിത്രങ്ങളും പൂക്കളങ്ങളുമൊക്കെ ധാരാളമുണ്ടായിരുന്നു.

പിന്നീട് കാണുന്ന കാഴ്ച വാമനന്റെ ഓലക്കുട, രാജാവായ മാവേലിയ്ക്ക് കൊടുക്കുക എന്ന കര്‍മ്മമായിരുന്നു. തൃക്കാക്കരയപ്പന്‍ എന്ന പേര് മാറ്റി ഓണത്തപ്പന്‍ എന്നാക്കലായിരുന്നു. തൊണ്ണൂറകളിലായപ്പോള്‍ ഓണത്തപ്പന്‍ മാവേലിയെന്നങ്ങ് അവര്‍ ഉറപ്പിച്ചു.

അപ്പോഴും മതേതര വാദിയായ ഞാന്‍ എന്റെ അന്വേഷണം തുടര്‍ന്നിരുന്നു.

അങ്ങനെയാണ് ഒരിക്കല്‍ ഭാഗവത സപ്താഹം കേട്ടപ്പോള്‍ അതില്‍ നിന്ന് മനസ്സിലായത്. വാമനമൂര്‍ത്തിയുടെ ചരിതത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട് ഭഗവാന്റെ അവതാര സുദിനം - ചിങ്ങത്തിലെ തിരുവോണമാണത്. തിരുവോണത്തിന്റെ ആദ്യപാദമായ അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് വാമനാവതാരം. ആ ദിവസം ദ്വാദശി തിഥിയായിരുന്നു. അതിനാല്‍ വിജയ ദ്വാദശി എന്നും പേരുണ്ട്. 

 ദേവന്‍മാരുടെ സങ്കടം തീര്‍ക്കാന്‍ ദേവന്‍മാരുടെ അമ്മയായ അദിതിയുടേയും കശ്യപന്റെയും മകനായി ഭഗവാന്‍ തിരുവതാരം ചെയ്ത സുദിനമാണ് തിരുവോണം. ഇതില്‍ നിന്നാണ് ഓണം എന്ന വാക്ക് ഉണ്ടായത്. എന്ന് പറഞ്ഞാല്‍ രാമനവമി പോലെ അഷ്ടമിരോഹിണി പോലെ തന്നെ.  ഭഗവാന്റെ ഉപേന്ദ്രനായുള്ള അവതാര സുദിന ആഘോഷമാണ് ഓണം.ഉപേന്ദ്രന്‍ എന്നാല്‍ ഇന്ദ്രന്റെ അനുജന്‍ എന്നര്‍ത്ഥം. ജനിച്ചയുടനെ കൊച്ചുബാലനായി തീര്‍ന്നതിനാലും വളരെ സുന്ദരനായതിനാലും വാമനന്‍ എന്ന പേരുണ്ടായി.

 

ഭഗവാന്‍ എന്തിനാണ് അവതരിച്ചത്?

ദേവന്‍മാരുടെ വാസസ്ഥലമാണ് സര്‍ഗ്ഗം അഥവാ ദേവലോകം. അധോലോകങ്ങളിലൊന്നായ രസാതലത്തില്‍ വസിക്കുന്ന അസുരന്‍മാര്‍ (ദേവന്‍മാരുടെ ചെറിയമ്മയുടെ മക്കളും അവരുടെ വംശപരമ്പരയും) പലപ്പോഴും തങ്ങളുടെ വാസസ്ഥലത്ത് ഇരിപ്പുറപ്പിക്കാതെ ലോകം മുഴുവന്‍ ആക്രമിച്ച് കീഴടക്കും. ദേവലോക ആധിപത്യമാണ് അവരുടെ പ്രധാന നോട്ടം.ഒരിക്കല്‍ അസുരന്മാരുടെ നേതാവായ ബലിയുടെ നേതൃത്വത്തില്‍ ദേവലോകം ആക്രമിച്ച് അവിടത്തെ ഭരണം പിടിച്ചെടുത്തു.ദേവന്‍മാരെ അവിടെ നിന്നും ആട്ടിപ്പായിച്ചു.ഇതിന്റെ തീവ്രത ശരിക്കറിയണമെങ്കില്‍ നിങ്ങളെ നിങ്ങളുടെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെ അക്രമികള്‍ ഇറക്കി വിടുന്നതിന് തുല്യമാണ് എന്ന് കരുതിയാല്‍ മതി.

തങ്ങളുടെ വാസസ്ഥാനം നഷ്ടപ്പെട്ട ദേവന്‍മാര്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. തന്റെ ഭക്തനായ ബലിക്കെതിരെ ഒന്നും ചെയ്യാന്‍ ഭഗവാനും തിടുക്കപ്പെട്ടില്ല. അപ്പോഴത്തെ കാലം അസുരര്‍ക്ക് അനുകൂലമാണെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചു. 

ഇതിനു ശേഷം തന്റെ മക്കളുടെ ദുരിതം കണ്ട അദിതി ദേവി ഭഗവാനെ പയോവ്രതം കൊണ്ട് ഭജിച്ച് പ്രത്യക്ഷപ്പെടുത്തി. അവരുടെ അപേക്ഷ പ്രകാരം ഭഗവാന്‍ മകനായി പിറക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. അപ്പോള്‍ ഇന്ദ്രന്റെ അനുജന്‍ എന്ന സ്ഥാനമുണ്ടാകുമെന്നതിനാല്‍ ദേവന്‍മാരെ സഹായിക്കാനും കഴിയും. ഇങ്ങനെയാണ് വാമനാവതാരം സംഭവിക്കുന്നത്.

 ( തുടരും) 

 

                                                                                                                                          9495746977

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.