×
login
ഭാരതത്തിന്റെ സംസ്‌ക്കാരം ലോകത്തിനു മുന്നില്‍ കേരളം മികച്ച രീതിയില്‍ ഉയര്‍ത്തിപ്പിടിക്കുന്നു: രാഷ്ട്രപതി

പി എന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

തിരുവനന്തപുരം: ഇന്ത്യയുടെ സാംസ്‌കാരിക ഐക്യബോധത്തെ ഏറ്റവുമുയര്‍ന്ന രീതിയില്‍ പ്രകടിപ്പിക്കുന്ന നാടാണ് കേരളമെന്ന് രാഷ്ട്രപതി രം നാഥ് കോവിന്ദ്. കേരളത്തിലെ ജനങ്ങള്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നുമുള്ള ആദരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രവാസികളില്‍ കേരളത്തില്‍ നിന്നുള്ള പരിശ്രമശാലികള്‍ വന്‍തോതില്‍ പണമയയ്ക്കുക മാത്രമല്ല,  തൊഴിലിടങ്ങളായി അവര്‍ സ്വീകരിച്ച ദേശങ്ങളില്‍ ഇന്ത്യയുടെ യശസ്സ് വളരെയധികം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.

പി എന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

കേരളത്തില്‍ നിന്നുള്ള സേവനമേഖലയിലെ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെയും ഡോക്ടര്‍മാരെയും, എല്ലായിടത്തുമുള്ള ജനങ്ങള്‍ വളരെയധികം ബഹുമാനിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. അടുത്തിടെ, കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍, കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരും ഡോക്ടര്‍മാരുമായിരുന്നു ഇന്ത്യയില്‍ നിന്നും മധ്യപൂര്‍വേഷ്യയില്‍ നിന്നും ലോകമെമ്പാടുനിന്നുമുള്ള കോവിഡ് പോരാളികളില്‍ മുന്‍പന്തിയില്‍. കേരള ജനത ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുകയാണ്.  രാം നാഥ് കോവിന്ദ്  പറഞ്ഞു

 


പി.എന്‍. പണിക്കര്‍ വായനശാലകളെയും സാക്ഷരതയെയും ജനകീയപ്രസ്ഥാനമാക്കി മാറ്റി. ശരിക്കുപറഞ്ഞാല്‍, അദ്ദേഹം അതിനെ ഒരു ജനകീയ സാംസ്‌കാരിക പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു. എല്ലാ ഗ്രാമങ്ങളിലും, വിദൂര ഗ്രാമങ്ങളില്‍ പോലും, ഒരു ഗ്രന്ഥശാലയുണ്ടാകും എന്നത് കേരളത്തിന്റെ സവിശേഷതയാണ്. ജനങ്ങള്‍ക്ക് അവരുടെ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള ക്ഷേത്രവുമായോ പള്ളിയുമായോ മുസ്ലിം പള്ളിയുമായോ വിദ്യാലയവുമായോ ഒരു പ്രത്യേക ബന്ധം തോന്നുന്നതുപോലെ, അവരുടെ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള വായനശാലയുമായി വൈകാരികമായ ഒരു ബന്ധമാണ് അനുഭവപ്പെടുന്നത്.  

പണിക്കരുടെ പ്രസ്ഥാനം ഒരുക്കിയ ഗ്രന്ഥശാലകള്‍ പിന്നീട് എല്ലാ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും നാഡീകേന്ദ്രങ്ങളായി മാറി; കേരളത്തിലെ സാക്ഷരതാപ്രസ്ഥാനം അതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. വായിക്കാനായി കുട്ടികള്‍ വായനശാലകളിലേക്കു വരുന്നു. മുതിര്‍ന്നവരും തങ്ങള്‍ക്കു പ്രസക്തമായ വിഷയങ്ങള്‍ വായിക്കാനും അറിയാനും ചര്‍ച്ചചെയ്യാനും വരുന്നു. കേരളത്തിന്റെ സംസ്‌കാരത്തില്‍ ഗ്രന്ഥശാലകള്‍ക്ക് മുഖ്യസ്ഥാനം ലഭിച്ചതിന്റെ ഖ്യാതി സാധാരണക്കാരെ വായനശാലകളുമായി ബന്ധിപ്പിച്ച  പി.എന്‍. പണിക്കര്‍ക്കുള്ളതാണ്. ജനങ്ങള്‍ക്ക് പുസ്തകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുമ്പോള്‍, വായിക്കാന്‍ അറിയാത്തവര്‍ വായിക്കാനുള്ള സംവിധാനവും ഒരു പ്രേരകശക്തിയെയും കണ്ടെത്തുമെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.  

1945ല്‍ അന്‍പതോളം ചെറിയ ഗ്രന്ഥശാലകളുമായി  പണിക്കര്‍ ആരംഭിച്ച ഗ്രന്ഥശാലാസംഘം ആയിരക്കണക്കിന് ഗ്രന്ഥശാലകളുടെ ഒരു വലിയ ശൃംഖലയായി വളര്‍ന്നു. ഈ വലിയ ഗ്രന്ഥശാലാശൃംഖലയിലൂടെ കേരളത്തിലെ സാധാരണക്കാര്‍ക്ക് ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ മഹദ് വ്യക്തികളുടെ ചിന്തകളെയും ആദര്‍ശങ്ങളെയുംകുറിച്ച് അറിയാന്‍ കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള ഒരു ശരാശരി വ്യക്തിയുടെ സാര്‍വലൗകികവീക്ഷണം പണിക്കരുടെ ഗ്രന്ഥശാലാസാക്ഷരതാ പ്രസ്ഥാനത്തില്‍ കണ്ടെത്താനാകും.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ തന്റെ ദൗത്യം അര്‍പ്പണബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു.  ഗ്രാമപ്രദേശങ്ങളില്‍ ഡിജിറ്റല്‍ പഠനം ആരംഭിച്ചതും ആയിരക്കണക്കിന് ഹോം ഡിജിറ്റല്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നതില്‍  വിജയിച്ചതും എനിക്ക് സന്തോഷകരമാണ്. ഫൗണ്ടേഷന്റെ ഈ പ്രയത്‌നം പണിക്കരുടെ സ്മരണയ്ക്ക് വളരെ അര്‍ത്ഥവത്തായ ആദരാഞ്ജലിയാണ്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.