×
login
കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍‍ അന്തരിച്ചു

എട്ടുപതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയ്ക്കു ശേഷമാണ് ശുദ്ധസംഗീതത്തിന്റ ഉപാസക വിടവാങ്ങിത്

തിരുവനന്തപുരം: വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ (96) അന്തരിച്ചു.  വലിയശാല ഗ്രാമത്തിലെ വ്യാസ എന്ന അഗ്രഹാരത്തിലായിരുന്നു അന്ത്യം.

എട്ടുപതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയ്ക്കു ശേഷമാണ് ശുദ്ധസംഗീതത്തിന്റ ഉപാസക വിടവാങ്ങിത്.2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. പ്രശസ്തരും പ്രഗല്‍ഭരുമായ നിരവധി പേര്‍ അവരുടെ ശിഷ്യപരമ്പരയിലുണ്ട്.  

സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്കൃതികളും ഇടംചേരുന്നതാണ്. പൊന്നമ്മാളുടെ കച്ചേരികള്‍. മാവേലിക്കര വേലുക്കുട്ടിനായര്‍, മാവേലിക്കര കൃഷ്ണന്‍കുട്ടിനായര്‍, ചാലക്കുടി നാരായണസ്വാമി, ലാല്‍ഗുഡി വിജയലക്ഷ്മി, നെല്ലൈ മണി, ഉടുപ്പി ശ്രീധര്‍ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചില്‍ അരുള്‍ വരെയുള്ളവര്‍ കച്ചേരികള്‍ക്ക് പൊന്നമ്മാള്‍ പക്കമേളം വായിച്ചിട്ടുണ്ട്.

2009 ലെ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങി 50ലേറെ പ്രധാന അവാര്‍ഡുകള്‍ പൊന്നമ്മാളിന് ലഭിച്ചിട്ടുണ്ട്.

പാറശ്ശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്റായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പൊന്നമ്മാള്‍ ജനിച്ചത്. ഏഴാം വയസ്സില്‍ സംഗീത അഭ്യസനം ആരംഭിച്ചു.  ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീതമല്‍സരത്തില്‍ ഒന്നാം സമ്മാനം നേടുമ്പോള്‍ 15 വയസ്സായിരുന്നു പൊന്നമ്മാളിന്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അന്ന് വിധികര്‍ത്താവ്.

തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യ ബാച്ചിലെ ആദ്യ വിദ്യാര്‍ഥിനിയായിരുന്ന അവര്‍ ഗാനപ്രവീണയും തുടര്‍ന്ന് ഗാനഭൂഷണും ഒന്നാം റാങ്കോടെ പാസായി. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന പെരുമയും അവര്‍ക്കുണ്ട്. 2006 സെപ്റ്റംബറില്‍ ആയിരുന്നു ആ ചരിത്രസംഭവം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കീഴ്വഴക്കമാണ് പൊന്നമ്മാള്‍ അന്ന് തിരുത്തിയത്.

പതിനെട്ടാം വയസ്സില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീത അധ്യാപികയായി. 1952 ല്‍ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ അധ്യാപികയായി. കോളജിലെ ആദ്യ വനിതാ പ്രിന്‍സിപ്പലായി. 1980 ല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി മ്യൂസിക് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്.

പരേതനായ ആര്‍. ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. മക്കള്‍: സുബ്രഹ്മണ്യം(റിസര്‍വ് ബാങ്ക്), മഹാദേവന്‍(ബിഎസ്എന്‍എല്‍).

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.