×
login
ലക്ഷ്യബോധം പ്രധാനം

ലക്ഷ്യം നിശ്ചയിച്ച് നിരന്തരമായി പരിശ്രമിച്ചാലേ ജീവിതവിജയം നേടാനാവൂ. അര്‍പ്പണബോധത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയുമുള്ള പ്രവര്‍ത്തനമാണ് ആരെയും ലക്ഷ്യത്തിലെത്തിക്കുക. ജീവിതം സാര്‍ഥകവും സംതൃപ്തവുമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ലക്ഷ്യബോധമുണ്ടാകും. അതില്ലാത്ത ജീവിതം വെറും കാലം കഴിക്കലാണ്. ലക്ഷ്യത്തിലെത്തുകയോ എത്താതിരിക്കുകയോ ചെയ്യട്ടെ, അതിനു വേണ്ടി ഏകാഗ്രതയോടെ കര്‍മം ചെയ്യുന്നത് ചാരിതാര്‍ത്ഥ്യമേകും. ഫലേച്ഛ കൂടാതെയുള്ള കര്‍മം എന്നതു കൊണ്ടു ലക്ഷ്യമാക്കുന്നതും ഇതു തന്നെ.

ലക്ഷ്യബോധത്തോടെ, മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കഥാപാത്രങ്ങള്‍ രാമായണത്തില്‍ ഒട്ടേറെയുണ്ട്. എന്നാല്‍, ഹനൂമാന്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും ഭീഷണികളും തരണം ചെയ്ത് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന, ശരീരത്തിന്റെയും മനസ്സിന്റെയും ശാശ്വതപ്രതീകം കൂടിയാണ് ഹനൂമാന്‍. സീതയെ കണ്ടെത്തുന്നതിനായി എത്ര ഏകാഗ്രചിത്തനായാണ് ആ രാമദൂതന്‍ മുന്നോട്ടു പോകുന്നത്! തന്റെ മേലിരുന്ന് തളര്‍ച്ച തീര്‍ക്കാന്‍ ക്ഷണിക്കുന്ന മൈനാകത്തോട് ഹനൂമാന്‍ പറയുന്നു:  

''അലമലമിതരുതരുതു രാമകാര്യാര്‍ത്ഥമാ

യാശുപോകുംവിധൗ പാര്‍ക്കരുതെങ്ങുമേ

പെരുവഴിയിലശനശയനങ്ങള്‍ ചെയ്‌കെന്നതും

പേര്‍ത്തു മറ്റൊന്നു ഭാവിക്കയെന്നുള്ളതും  

അനുചിതമറിക...''  

(സുന്ദരകാണ്ഡം)  

തന്റെ ദൗത്യം സഫലമാകണമെന്നതിനപ്പുറം മറ്റൊരു ചിന്തയും ഹനൂമാനില്ല.  

മോക്ഷാര്‍ഥികള്‍ മാത്രമല്ല, ഭൗതികജീവിതം സുഖകരവും സംതൃപ്തവുമാക്കണമെന്നാഗ്രഹിക്കുന്നവരും ഉള്‍ക്കൊള്ളേണ്ട പാഠമാണിത്. ഒരു ലക്ഷ്യവുമില്ലാതെ അലസജീവിതം നയിക്കുന്നവര്‍ ഏറെയാണ്. എന്തുചെയ്യണമെന്ന് നിശ്ചയമില്ലാത്തവര്‍. 'അശനശയനങ്ങള്‍’ മാത്രമാണ് ഇക്കൂട്ടര്‍ക്ക് ജീവിതം. നേരം കളയാന്‍ വഴികാണാതെ വിഷമിച്ചു നടക്കുന്നവരെ നമുക്കു ചുറ്റും കാണാം. ഇവര്‍ക്ക് ക്രമേണ ജീവിതം തന്നെ ബാധ്യതയാകുന്നു.  

ശ്രീരാമന്റെയും സോദരരുടെയും സുഗ്രീവന്റെയും വിഭീഷണന്റെയും മഹര്‍ഷിമാരുടെയുമെല്ലാം ജീവിതം ഉന്നതമായ ലക്ഷ്യത്തിന്റെയും യത്‌നത്തിന്റെയും ഏകാഗ്രതയുടെയും പ്രാധാന്യം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.  

ലക്ഷ്യബോധമില്ലാതെ പഠിക്കുന്ന കുട്ടികള്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഏതു വഴിക്ക് തിരിയണമെന്നറിയാതെ വിഷമിക്കുന്നു. യുവാക്കളെയും പലപ്പോഴും ഇത്തരം സംശയങ്ങള്‍ അലട്ടാറുണ്ട്. ഇങ്ങനെയുള്ളവര്‍ക്കെല്ലാം പറ്റിയ പാഠപുസ്തകമാണ് രാമായണം. ശ്രദ്ധയോടെയുള്ള രാമായണ പാരായണം ലക്ഷ്യബോധത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനും ഏകാഗ്രത വളര്‍ത്താനും അവര്‍ക്ക് ഏറെ സഹായകമാകും.          

എസ്കെ.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.