×
login
സഗരനും മക്കളും

ഗംഗ ഭൂമിയിലേക്കൊഴുകി സഗരപുത്രന്മാര്‍ക്കു മോക്ഷമേകി. അതിനാല്‍ ആ ജലനിധിക്ക് സാഗരം എന്ന പേരും വന്നു.

മുകുന്ദന്‍ മുസലിയാത്ത്  

ഹരിശ്ചന്ദ്രന്റെ വംശത്തില്‍ പിറന്ന ബാഹുകന്‍ എന്ന രാജാവുണ്ടായിരുന്നു. അദ്ദേഹം കാട്ടില്‍ വെച്ചു മരണപ്പെട്ടു. ദുഃഖിതരായ ബാഹുകപത്‌നിമാര്‍ ബാഹുകനോടൊപ്പം ജീവത്യാഗം ചെയ്യാന്‍ നിശ്ചയിച്ചു. അതില്‍ ഒരുവള്‍ ബാഹുകന്റെ  പുത്രനെ ഗര്‍ഭം ധരിച്ചിരുന്നു. അതിനാല്‍ അവളെ ഔര്‍വ്വനെന്ന മുനി, ഉദ്യമത്തില്‍നിന്നു തടഞ്ഞു. സഹപത്‌നിമാരില്‍ ഒരുത്തി മാത്രം ഗര്‍ഭവതിയായതില്‍ മറ്റു പത്‌നിമാര്‍ക്കു അസൂയ ജനിച്ചു. അവര്‍ ഗര്‍ഭിണിയായ ബാഹുക പത്‌നിക്ക് വിഷം കൊടുത്തു. എന്നിരുന്നാലും ഗര്‍ഭസ്ഥ ശിശു ആപത്തില്ലാതെ രക്ഷപ്പെട്ടു. വിഷ(ഗരം)ത്തോടൊപ്പം ജനിച്ചവന്‍ എന്നര്‍ത്ഥത്തില്‍ അവന്‍ സഗരന്‍ എന്നറിയപ്പെട്ടു. ഔര്‍വ്വന്റെ പ്രത്യേക ശിക്ഷണത്തില്‍ സഗരന്‍ ശത്രുക്കളെ കീഴടക്കി ചക്രവര്‍ത്തിയായി. എന്നാല്‍ ആരെയും വധിക്കാന്‍ സഗരന്‍ തയ്യാറായില്ല. അവരുടെ ശൗര്യം കെടുത്തി എന്നുമാത്രം. കടുത്ത ദുഷ്ടന്മാരെ വിരൂപരാക്കി.

സുമതിയും കേശിനിയും സഗരപത്‌നിമാരായിരുന്നു. സുമതിക്ക് 60,000  പുത്രനും കേശിനിയില്‍ അസമഞ്ജസനും ഉണ്ടായി. സഗരന്‍ ഒരു അശ്വമേധയാഗം നടത്തി. ദേവേന്ദ്രന്‍, യാഗത്തിനു നിശ്ചയിച്ച കുതിരയെ കട്ടുകൊണ്ടുപോയി കപിലാശ്രമത്തില്‍ കെട്ടിയിട്ടു. സുമതി പുത്രന്മാര്‍ 60,000 പേരും കുതിരയെ അന്വേഷിച്ച് കപിലാശ്രമത്തിലെത്തി. യാഗാശ്വത്തെ ആശ്രമത്തില്‍ കണ്ടതിനാല്‍ കപിലന്‍ കള്ളനാണെന്നു ധരിച്ച് മുനിയെ ആക്രമിക്കാന്‍ തുനിഞ്ഞു. അവര്‍ 60,000 പേരും നിന്ന നിലക്ക് ഭസ്മമായിത്തീര്‍ന്നു. കപിലന്‍ തപസ്സു തുടരുകയും ചെയ്തു.

കേശിനീ പുത്രനായ അസമഞ്ജസന്‍ യഥാര്‍ത്ഥത്തില്‍ ഒരു യോഗിയുടെ  പുനര്‍ജന്മമായിരുന്നു. അദ്ദേഹം നാടുഭരിച്ചു കഴിയാന്‍ താല്‍പ്പര്യമില്ലാത്തവനായിരുന്നു. അതിനാല്‍ ബോധപൂര്‍വം ഭ്രാന്തനായി അഭിനയിച്ചു. കുട്ടികളെ ദ്രോഹിച്ചു നദിയിലിട്ടു കൊന്നു. അസമഞ്ജസനെ പിതാവും നാട്ടുകാരും വെറുത്തു. അസമഞ്ജസന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. നാട്ടുകാരെന്നെ വെറുക്കണം. എന്നാല്‍ വൈരാഗ്യം വന്നു നാടുവിടാന്‍ അവസരം കിട്ടും. അസമഞ്ജസന്‍ നാടുവിട്ടതിനാല്‍ അസമഞ്ജസന്റെ  പുത്രനായ അംശുമാന്‍ രാജാവായി.

അംശുമാനും യാഗാശ്വത്തെ അന്വേഷിച്ച് കപിലാശ്രമത്തിലെത്തി. അദ്ദേഹം മുനിയെ കണ്ടു സന്തോഷിച്ചു. ആദരിച്ചു നമസ്‌കരിച്ചു. യാഗാശ്വത്തെ കൊണ്ടുപോകാന്‍ അനുവാദം കൊടുത്തു. കൂട്ടത്തില്‍ തനിക്കു പിതൃതുല്യരായ സഗരപുത്രന്മാരുടെ ദുര്‍ഗ്ഗതിയും മുനിയില്‍നിന്നറിഞ്ഞു. അവരുടെ മനസ്സിന്റെ പാപം തീരാന്‍ ഗംഗയില്‍ കുളിക്കണം. അതിനുള്ള ശ്രമവും ചെയ്യേണ്ടതുണ്ട്. കുതിരയുമായി നാട്ടിലെത്തി യാഗം പൂര്‍ത്തിയാക്കി. കപിലോപദേശ പ്രകാരം ദേവനദിയായ ഗംഗയെ കപിലാശ്രമത്തിലെത്തിക്കാന്‍ പരിശ്രമം തുടങ്ങി. എന്നാല്‍ അംശുമാന്‍ ഈ കാര്യത്തില്‍  വിജയിച്ചില്ല. അംശുമാന്റെ പുത്രന്‍ ഭഗീരഥന്‍ ദൗത്യം ഏറ്റെടുത്തു. സഗരപുത്രന്മാര്‍ക്ക് ഗംഗാസ്‌നാനം ചെയ്തു പാപമുക്തി നേടുവാനായി തപസ്സു തുടങ്ങി. ദേവനദിയായ ഗംഗ പ്രീതയായി. ഭൂമിയിലേക്കു വരാമെന്നേറ്റു. എന്നാല്‍ തന്റെ പതനത്തിന്റെ ശക്തിയില്‍ ഭൂമി  പിളര്‍ന്നു താന്‍ പാതാളത്തില്‍ പോകാനുള്ള സാധ്യതയുണ്ട്. അതു തടുക്കാന്‍ പറ്റിയ ഒരാളു വേണം. കൂടാതെ ഞാന്‍ ഭൂമിയിലെത്തിയാല്‍ മാലോകര്‍ എന്നെ പാപം കൊണ്ടു നിറയ്ക്കും. അതിനു ഭവാന്‍ ഒരു പരിഹാരം കാണണം.

ഭഗീരഥന്‍ ശിവനെ തപസ്സു ചെയ്തു പ്രീതനാക്കി. ഗംഗ ഭൂമിയിലേക്കു പതിക്കുമ്പോള്‍ ഭൂമിക്കു ആഘാതമേല്‍ക്കാതെ താങ്ങാന്‍ ശിവന്‍ തയ്യാറായി. ഗംഗയില്‍ പതിക്കുന്ന പാപക്കറ വിഷ്ണുഭക്തന്മാരുടെ സമ്പര്‍ക്കത്താല്‍ ഇല്ലാതാക്കാന്‍ വിഷ്ണുവിനെയും പ്രീതനാക്കി.

ഗംഗ ഭൂമിയിലേക്കൊഴുകി സഗരപുത്രന്മാര്‍ക്കു മോക്ഷമേകി. അതിനാല്‍ ആ ജലനിധിക്ക് സാഗരം എന്ന പേരും വന്നു.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.