×
login
ഗ്രഹമൗഢ്യം ചൈതന്യ ലോപം

രാശിചക്രം ആണ് ഗ്രഹങ്ങളുടെ സഞ്ചാരപഥം. അതിന്റെ വ്യാപ്തി 360 ഡിഗ്രി അഥവാ 360 ഭാഗ എന്ന് നിര്‍ണയിച്ചിരിക്കുന്നു.

എസ്. ശ്രീനിവാസ് അയ്യര്‍

രാശിചക്രം ആണ് ഗ്രഹങ്ങളുടെ സഞ്ചാരപഥം. അതിന്റെ വ്യാപ്തി 360 ഡിഗ്രി അഥവാ 360 ഭാഗ എന്ന് നിര്‍ണയിച്ചിരിക്കുന്നു. ഇവയിലൂടെ നവഗ്രഹങ്ങള്‍ വ്യത്യസ്ത വേഗതയില്‍ യാത്ര ചെയ്യുകയാണ്. ആ യാത്രയില്‍ ഗ്രഹങ്ങള്‍ക്ക് പരസ്പരം സാമീപ്യസമ്പര്‍ക്കാദികള്‍ വന്നുചേരുക സ്വാഭാവികം. ഗ്രഹങ്ങളില്‍ സൂര്യന്റെ പ്രഭയും പ്രകാശവുമാണ് ഏറ്റവും ദീപ്തം. പ്രചണ്ഡ കിരണനാണല്ലോ ആദിത്യന്‍. 'കാന്തിമതാം കാന്തിരൂപായ തേ നമഃ' എന്ന് എഴുത്തച്ഛന്‍ എഴുതിയതും (അദ്ധ്യാത്മരാമായണം- ആദിത്യഹൃദയം) ഓര്‍മ്മിക്കാം.  

സൂര്യസാമീപ്യത്താല്‍ മറ്റു ഗ്രഹങ്ങളുടെ ചൈതന്യത്തിന് ലോപം ഭവിക്കുന്നതിനെയാണ് 'മൗഢ്യം' എന്ന് ജ്യോതിഷം വിശേഷിപ്പിക്കുന്നത്. രാഹു-കേതുക്കള്‍ ഒഴികെ മറ്റ് ആറ് ഗ്രഹങ്ങള്‍ക്കും മൗഢ്യം സംഭവിക്കുന്നുണ്ട്. ഇതിന് ചില ഭാഗ-ഡിഗ്രി കണക്കുകളുണ്ട്. സൂര്യനുമായി 12 ഡിഗ്രി-ഭാഗക്കുള്ളില്‍ വരുമ്പോള്‍ ചന്ദന് മൗഢ്യം തുടങ്ങുന്നു. അതായത് കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി തീരുമ്പോള്‍ മുതല്‍ തുടങ്ങി അമാവാസിയും തുടര്‍ന്ന് വെളുത്ത പ്രഥമയും തീരുന്നതുവരെ ചന്ദന്റെ മൗഢ്യം ഉണ്ടാവും. ചൊവ്വ സൂര്യനുമായി 17 ഡിഗ്രി- ഭാഗക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ മൗഢ്യത്തിലാകുന്നു. ബുധന്‍ സൂര്യന്റെ 13 ഡിഗ്രി- ഭാഗക്കുള്ളില്‍ വരുമ്പോഴും, വ്യാഴം 11 ഡിഗ്രി- ഭാഗക്കുളളില്‍ ആകുമ്പോഴും, ശുക്രന്‍ 9 ഡിഗ്രി- ഭാഗക്കുള്ളില്‍ പ്രവേശിക്കുമ്പോഴും, ശനി സൂര്യന്റെ 15 ഡിഗ്രി ഭാഗക്കുള്ളില്‍ സഞ്ചരിച്ചെത്തുമ്പോഴും മൗഢ്യത്തിലാവുകയായി.      

ഗ്രഹങ്ങളെ സംബന്ധിച്ചിടത്തോളം മൗഢ്യം മരണകാലമാണ് എന്ന് വ്യാഖ്യാനമുണ്ട്. കുറഞ്ഞത് ഗ്രഹങ്ങളുടെ കഴിവുകള്‍ ചുരുങ്ങുകയോ ദുര്‍ബലപ്പെടുകയോ ചെയ്യുന്ന കാലമെങ്കിലുമാണ്. സ്വാഭാവികമായും മൗഢ്യത്തിലാകുന്ന ഗ്രഹത്തിന്റെ നക്ഷത്രങ്ങളിലും ആ ഗ്രഹത്തിന്റെ ദശാപഹാര ഛിദ്രാദികളിലും ഉള്‍പ്പെടുന്നവര്‍ക്ക് മോശം കാലം തന്നെയാവും, അത്. ഏതു കാര്യവും കരുതലോടെ ചെയ്യേണ്ട സമയവുമാണ്. പുതുസംരംഭങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാവും ഉചിതം. കൂടുതല്‍ പ്രാര്‍ത്ഥനകള്‍ അനിവാര്യവുമാണ്.  

ഓരോ മുപ്പതു ദിവസത്തിലും ചന്ദ്രന് സൂര്യ സാമീപ്യത്താല്‍ മൗഢ്യം ഭവിക്കുന്നു. അതു കഴിഞ്ഞാല്‍, ബുധന് വര്‍ഷത്തില്‍ കുറഞ്ഞത് നാലോ അഞ്ചോ തവണ മൗഢ്യം ഉണ്ടാകുന്നു. ശുക്രന് ചിലപ്പോള്‍ വര്‍ഷത്തില്‍ ഒന്നിലധികം തവണ മൗഢ്യം വരുന്നു. ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ക്ക്  വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മൗഢ്യം സംഭവിക്കുന്നത്.    

1197 മകരം 6 മുതല്‍ 1197 കുംഭം 10 വരെ (2022 ജനുവരി 20 മുതല്‍ ഫെബ്രുവരി 22 വരെ) ശനിയുടെ മൗഢ്യകാലമാണ്. സൂര്യന്‍ മകരം രാശിയുടെ ആറാമത്തെ ഡിഗ്രി- ഭാഗയില്‍ കടക്കുകയാണപ്പോള്‍. ശനി അപ്പോള്‍ മകരത്തിന്റെ ഇരുപതാം ഡിഗ്രി- ഭാഗയില്‍ നില്‍ക്കുകയാണ്. ആകെയുള്ള 360 ഡിഗ്രി- ഭാഗയുടെ കണക്ക് നോക്കിയാല്‍ ശനി നില്‍ക്കുന്നത് 290 ഡിഗ്രി- ഭാഗയില്‍. സൂര്യന്‍ 275 ഡിഗ്രി- ഭാഗയില്‍ പ്രവേശിച്ചതോടെ ശനിയും സൂര്യനും തമ്മിലുള്ള അകലം 15 ഡിഗ്രി- ഭാഗ മാത്രമായി. അതോടെ മൗഢ്യം ആരംഭിക്കുകയുമായി. ഓരോ ദിവസവും ഒരു ഡിഗ്രി- ഭാഗ സഞ്ചരിക്കുന്ന സൂര്യന്‍ ശനിയില്‍ നിന്നും 15 ഡിഗ്രി- ഭാഗ അകലുമ്പോള്‍ ശനിയുടെ മൗഢ്യവും തീരുന്നു.    


ശനിയുടെ നക്ഷത്രങ്ങളായ പൂയം, അനിഴം, ഉത്രട്ടാതി നാളുകാര്‍ക്ക് ഇത് അനുകൂലകാലമല്ല. ശനിദശ, അപഹാരം, ഛിദ്രം എന്നിവ നടക്കുന്നവര്‍ക്കും എല്ലാക്കാര്യങ്ങളിലും ഒരു മന്ദതയോ പുരോഗതിക്കുറവോ സന്ദിഗ്ദ്ധതയോ വന്നേക്കും. സ്ഥിരരോഗങ്ങളാല്‍ വലയുന്നവര്‍ ആശ്വാസത്തിന് വിഷമിച്ചേക്കും. തൊഴിലില്‍ മുന്നേറ്റം തടസ്സപ്പെടാം. ഏതുകാര്യം ചെയ്യുമ്പോഴും മനസ്സിരുത്തണം. ക്രയവിക്രയങ്ങളില്‍ അമളി പറ്റാതെ നോക്കണം. വിവേകവും പ്രാര്‍ത്ഥനയും ഈശ്വരാര്‍പ്പണമായ കര്‍മ്മവും വിജയത്തിലെത്തിക്കും, പ്രതിസന്ധികളെ മറികടക്കാന്‍ ഉതകും എന്നതില്‍ സംശയമില്ല.    

ഓരോ വ്യക്തിയുടേയും ജാതകത്തില്‍ ഏതെങ്കിലും ഗ്രഹത്തിന് മൗഢ്യം ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്തുക പതിവാണ്. മൗഢ്യം സംഭവിച്ച ഗ്രഹം പ്രതിനിധാനം ചെയ്യുന്ന ഭാവവും വിഷയങ്ങളും പലപ്പോഴും വ്യക്തികള്‍ക്ക് ദണ്ഡകാരണ്യം പോലെ ദുസ്തരമായിത്തീരാറുണ്ട്. ജാതക പരിശോധനയിലൂടെ അക്കാര്യം കണ്ടെത്തിയാല്‍ കുറച്ചെങ്കിലും കരുതല്‍ കൈക്കൊള്ളാനാവും. ജ്യോതിഷം എന്നത് വെളിച്ചം വിതറുന്ന ഒരു ദീപമാണ്. മനസ്സിലെ, ജീവിതവഴിത്താരയിലെ ഇരുളകറ്റാന്‍ അതിനെ പ്രയോജനപ്പെടുത്തുകയാണ് ആര്‍ഷധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരുടെ കടമയും കര്‍ത്തവ്യവും.

 

 

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.