×
login
സൂതന്‍ കഥപറയുന്നു...

ദുര്‍ഗാലക്ഷ്മീസരസ്വതിമാര്‍ക്കായി നവരാത്രങ്ങള്‍. കന്നിമാസത്തില്‍ ശുക്ലപ്രതിപദം മുതല്‍ ഒമ്പതുദിവസം നവരാത്രിമഹോത്സവം. ദുര്‍ഗാഷ്ടമി നാളില്‍ പൂജവയ്പ്പും. മഹാനവമിയ്ക്ക് ആയുധപൂജ. വിദ്യാരംഭം വിജയദശമിയ്ക്കും. ദേവീ! മഹാമായേ!

നൈമിശാരണ്യത്തില്‍ ഒരു ദിവസമെത്തിയ സൂതപൗരാണികനോട് ഒരു സല്‍ക്കഥ പറയുവാന്‍ ശൗനകമഹര്‍ഷി ആവശ്യപ്പെട്ടു. സൂതന്‍ കഥപറഞ്ഞുതുടങ്ങി.

ആരുടെ കഥ? ആദിപരാശക്തിയും ജഗന്മാതാവുമായ ദേവിയുടെ കഥ. സര്‍വമന്ത്രാത്മികയും സര്‍വയന്ത്രാത്മികയും സര്‍വതന്ത്രാത്മികയുമായ സര്‍വേശ്വരിയുടെ കഥ. സൃഷ്ടിസ്ഥിതിലയഭാവികയുടെ കഥ. സര്‍വപുരുഷാര്‍ത്ഥസാധികയായ വിശ്വേശ്വരിയുടെ കഥ. ലോകശുഭസുഖദായികയായ മഹേശ്വരിയുടെ കഥ.  

'“ശ്രീം ഹ്രീം ക്ലീം ഐം കമലവാസിനൈ്യ സ്വാഹാ...' എന്ന മന്ത്രധ്വനി കഥാഖ്യാനത്തിന് ആധാരശ്രുതിയായി. നൈമിശാരണ്യത്തിലെ കാറ്റ് ഇന്നും കഥപറഞ്ഞുകൊണ്ടേയിരിക്കുന്നു.

ദേവിയുടെ കഥ മൂന്നിടങ്ങളില്‍ നമുക്കുവായിക്കാം. ഒന്ന്: ദേവീപുരാണം. ഉപപുരാണങ്ങളിലൊന്നാണിത്. രണ്ട്: ദേവീഭാഗവതം. ബൃഹദാകാരംപുണ്ട കൃതിയാണിത്. മൂന്ന്: ദേവീമാഹാത്മ്യം. പക്ഷികളെപ്പറ്റി ജൈമിനിമഹര്‍ഷി ചോദിച്ചപ്പോള്‍ ധര്‍മചാരികളായ മുനിമാര്‍ പ്രതിപാദിച്ച ധര്‍മാധര്‍മങ്ങളാണ് മാര്‍ക്കണ്ഡേയപുരാണത്തിലെ ഇതിവൃത്തം. മാര്‍ക്കണ്ഡേയനാല്‍ വിരചിതമായ കൃതിയാണിത്. ഇതിന്റെ ഒരു ഭാഗമാണ് ദേവീമാഹാത്മ്യം.

ശൈവ-വൈഷ്ണവ-ശാക്തേയര്‍ക്കെല്ലാം തന്നെ ഒരേപോലെ ആദരണീയമായ ഗ്രന്ഥമാണ് ദേവീമാഹാത്മ്യം അഥവാ ചണ്ഡീമാഹാത്മ്യം. ബംഗാളില്‍ ചണ്ഡിയെന്നും കാശിയിലും പരിസരത്തും ദുര്‍ഗാസപ്തശതിയെന്നും ദേവീമാഹാത്മ്യം അറിയപ്പെടുന്നു. പൂജാമുറിയെ ഇതലങ്കരിക്കുന്നു.


ദുര്‍ഗാലക്ഷ്മീസരസ്വതിമാര്‍ക്കായി നവരാത്രങ്ങള്‍. കന്നിമാസത്തില്‍ ശുക്ലപ്രതിപദം മുതല്‍ ഒമ്പതുദിവസം നവരാത്രിമഹോത്സവം. ദുര്‍ഗാഷ്ടമി നാളില്‍ പൂജവയ്പ്പും. മഹാനവമിയ്ക്ക് ആയുധപൂജ. വിദ്യാരംഭം വിജയദശമിയ്ക്കും. ദേവീ! മഹാമായേ! ബ്രഹ്മാവിഷ്ണുരുദ്രന്മാര്‍ പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നത് ദേവിയുടെ പാദധൂളിയുടെ മഹിമാതിരേകംകൊണ്ടാണെന്ന് ശ്രീശങ്കരന്‍ പഠിപ്പിച്ചു. ജഗല്‍ഗുരുവിന് ദേവി ലാവണ്യലഹരിയായിരുന്നുവല്ലൊ.

ബ്രഹ്മദേവന്‍ ദേവിയുടെ പാദാരവിന്ദത്തിലെ അതിസൂക്ഷ്മമായ ഒരു രാജകണത്തെയെടുത്ത് ചരാചരാത്മകമായ പ്രപഞ്ചം നിര്‍മിച്ചു. സര്‍പ്പരാജന്‍ ആയിരം ശിരസ്സുകളാല്‍ വളരെ പണിപ്പെട്ട് ഇതിനെ വഹിക്കുന്നു. അന്തകാലത്തില്‍ രുദ്രന്‍ ഇതിനെ മര്‍ദിച്ചു തവിടുപൊടിയാക്കുന്നു. അവിരാമമായ ആവര്‍ത്തനത്തിലൂടെ. പ്രപഞ്ചം പിന്നെയും പിന്നെയും തളിര്‍ക്കുന്നു.

സൂതപൗരാണികന്‍ കഥ തുടരുന്നു. ശ്രീപരീക്ഷിത്തിന്റെ പുത്രനായ ജനമേജയമഹാരാജാവ് ഒരു സര്‍പ്പയാഗം നടത്തി. യാഗശാലയിലെത്തിയെ വ്യാസമഹര്‍ഷി മഹാരാജാവിനോട് ഒരു ദേവിയജ്ഞം നടത്താനാവശ്യപ്പെട്ടു. ദേവീപ്രിതിയ്ക്കായി മഹാരാജാവ് യജ്ഞം നടത്തി. യാഗത്തിന്റെ ഇടവേളകളില്‍ വ്യാസമുനി ദേവിയുടെ കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ശക്തിസ്വരൂപിണിയുടെ കഥ. ജ്ഞാനസ്വരൂപിണിയുടെ കഥ. കാമസ്വരൂപിണിയുടെ കഥ. കഥാന്തരത്തില്‍ അഖിലദേവികളും സാക്ഷാല്‍ പരാശക്തിയായ ദേവിയുടെ വിവിധ ഭാവരൂപങ്ങള്‍ മാത്രമെന്ന തിരിച്ചറിവില്‍ നാം എത്തിച്ചേരുന്നു.

സൗന്ദര്യലഹരിയില്‍ ശ്രീശങ്കരനെഴുതി: 'ദേവിയുടെ വലത്തെ നയനം സൂര്യാത്മകം. ഇടത്തേത് ചന്ദ്രാത്മകം. മൂന്നാമത്തേത് അഗ്നിരൂപം. പകലിന്റെ കര്‍ത്താവ് സൂര്യന്‍. രാവിന്റെ നാഥന്‍ ചന്ദ്രന്‍. സന്ധ്യകള്‍ക്കുകാരണം ഭഗവതിയുടെ തൃക്കണ്ണും. വെളുത്തത്, തുടുത്തത്, കറുത്തത്...'

(തുടരും)

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.