×
login
ശുദ്ധജലം ശുദ്ധജലത്തോടു ചേര്‍ന്നാല്‍...

'ഉത്തിഷ്ഠത, ജാഗ്രത' എന്ന സൂക്തത്തിലെ ശ്രദ്ധയുടെയും ജാഗ്രതയുടെയും സന്ദേശമാണ് മാതൃകയായി തന്നെയും ജീവിതത്തില്‍ സ്വാധീനിച്ചതെന്ന് വിവേകാനന്ദസ്വാമികള്‍ പ്രഖ്യാപിക്കുന്നുണ്ട്.

എസ്. ബി. പണിക്കര്‍

 

ഉത്തിഷ്ഠത, ജാഗ്രത

പ്രാപ്യവരാന്നിബോധത  

ക്ഷുരസ്യധാരാന്നിശിത

ദൂരത്യയാ ദുര്‍ഗം പഥം  

തത് കവയോ വദന്തി  

(കഠോപനിഷത്ത്)

ഇൗശാവാസ്യത്തിനു തൊട്ടുതാഴെ  

നില്‍ക്കുന്നതായി കണക്കാക്കപ്പെടുന്നു കഠോപനിഷത്ത്. കഠന്‍ എന്ന ഋഷിയുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നുവത്രേ. വ്യാഖ്യാനങ്ങളുടെ സമൃദ്ധി ഈ ഉപനിഷത്തിന്റെ അളവു കോലായി കണക്കാമെന്ന് പ്രൊഫ. സുകുമാര്‍ അഴീക്കോട്. ഗാന്ധിജിക്ക് ഈശാവാസ്യം എങ്ങനെയോ അങ്ങനെയാണ് വിവേകാനന്ദ സ്വാമികള്‍ക്ക് കഠോപനിഷത്ത.് നചികേതസ്സ് എന്ന ബാലന്റെ കഥ നാടകീയമായി അവതരിപ്പിച്ചുകൊണ്ടാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ ചാരുത വന്നിട്ടുണ്ടെന്നാണ് ചിലര്‍ക്ക് അഭിപ്രായം. ആ കഥ നോക്കാം:

ഉദ്ദാലകന്റെ വളര്‍ത്തു മകനും അരുണന്റെ പുത്രനുമാണ് നചികേതസ്സ്. ഉദ്ദാലന്‍ ഒരു യാഗം കഴിക്കുന്നു. യാഗത്തിന്റെ അവസാനം സര്‍വതും ദാനം ചെയ്യണം എന്നാണു വിധി. കറവ വറ്റിയതും എല്ലുന്തി നടക്കാന്‍ വയ്യാത്തതുമായ ചാവാലിപ്പശുക്കളെയാണ് ദാനം ചെയ്യുന്നത്. ഇതു കണ്ട കുട്ടിക്കു ദുഃഖം തോന്നി. അവന്‍ ചോദിച്ചു: എന്നെ ആര്‍ക്കാണ് ദാനം ചെയ്യുന്നത്?  ആദ്യം ഉദ്ദാലകന്‍ പ്രതികരിച്ചില്ല. മൂന്നു തവണ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പിതാവിനു കോപമായി. അദ്ദേഹം പറഞ്ഞു: നിന്നെ ഞാന്‍ കാലനു കൊടുക്കും.  

നചികേതസ്സ് യമനെത്തേടിപ്പോയി. കാലന്‍ അവിടെയില്ല. അവന്‍ മൂന്നു ദിവസം പട്ടിണി കിടന്നു. കാലന്‍ വന്നു. കാലന് അലിവു തോന്നി. മൂന്നു വരം കൊടുത്തു. അവസാനത്തെ ചോദ്യം കാലനെ കുഴക്കി. മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ആത്മാവ് അവശേഷിക്കുമോ? കാലന്‍ വിഷമിച്ചു. കുട്ടി ആവശ്യത്തില്‍ ഉറച്ചു നിന്നു. ചുരുക്കത്തില്‍ നചികേതസ്സ്, ബ്രഹ്മപദം പ്രാപിച്ച് മരണമില്ലാത്തവനായി തീര്‍ന്നു.  

'ഉത്തിഷ്ഠത, ജാഗ്രത' എന്ന സൂക്തത്തിലെ ശ്രദ്ധയുടെയും ജാഗ്രതയുടെയും സന്ദേശമാണ് മാതൃകയായി തന്നെയും ജീവിതത്തില്‍ സ്വാധീനിച്ചതെന്ന് വിവേകാനന്ദസ്വാമികള്‍ പ്രഖ്യാപിക്കുന്നുണ്ട്.  

ഇന്ദ്രിയാദികളായ ഉപാധികളോടെ കര്‍മാനുഭവങ്ങള്‍ ഉള്‍ക്കൊണ്ടു കഴിയുന്ന ആത്മാവു തന്നെയാണ് ജീവാത്മാവ്. ആത്മാവിനെ പ്രാപിക്കാന്‍ ആഗ്രഹിച്ച് കഠിനമായി പ്രവര്‍ത്തിക്കുന്നവനു മാത്രമേ അതു സ്വന്തം രൂപം വെളിപ്പെടുത്തുകയുള്ളൂ. ശരീരമല്ലാത്ത അത് ശരീരങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ഈ സത്യം സാക്ഷാത്ക്കരിച്ച ധീരന്‍ ദുഃഖത്തിന് അധീനനാകുന്നില്ല. ദുര്‍മാര്‍ഗിക്കോ, അശാന്തനോ, ഏകാഗ്രതയില്ലാത്തവനോ അതിനെ പ്രാപിക്കാന്‍ കഴിയില്ല.

ഇന്ദ്രിയപരമായ വ്യഗ്രതയെ നിയന്ത്രിച്ച് നിര്‍മ്മല ജീവിതം നയിക്കുന്നവനു മാത്രമേ, ആ മഹത്തായ സ്ഥാനത്തെത്താന്‍ കഴിയുകയുള്ളൂ. ശ്രേഷ്ഠന്മാരായ ആചാര്യന്മാരെ പ്രാപിച്ച് അതിനുള്ള മാര്‍ഗം സ്വീകരിക്കുക. അതുകൊണ്ട് ഉത്തിഷ്ഠത, ജാഗ്രത എഴുന്നേല്‍ക്കുക. ജാഗ്രതയോടെ ഇരിക്കുക. പ്രാപ്യവരാന്നിബോധത എന്ന ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യും. ക്ഷുരസ്യധാരാ നിശിതാ (കത്തിയുടെ വായ്ത്തല പോലെ  മൂര്‍ച്ചയുള്ളതാണ് പഥം). അതായത് വഴി ദൈര്‍ഘ്യമേറിയതാണെന്ന്. എന്തുകൊണ്ടാണ് സാധാരണക്കാര്‍ക്ക് അന്തരാത്മാവിനെ കാണാന്‍ പറ്റാത്തത്?  നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വെളിയിലേക്ക് മുഖമുള്ളതാക്കിയാണ് ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ദ്രിയങ്ങളുടെ ലോകത്തു നിന്ന് ആരെങ്കിലും മാറി ചരിച്ചാല്‍ അവന് അന്തരാത്മാവിനെ കാണാന്‍ കഴിഞ്ഞേക്കാം.  

ശുദ്ധജലം ശുദ്ധജലത്തോടു ചേര്‍ന്ന് ഏകരസമായി തീരുന്നതു പോലെ അതറിയുന്ന ഋഷിയുടെ ആത്മാവ് പരമാത്മാവുമായി. ആത്മാവു വസിക്കുന്ന ഈ പുരയിലേക്ക് (ശരീരം) പതിനൊന്നു കവാടങ്ങളുണ്ട്. ആ ചൈതന്യം തന്നെയാണ് ആകാശത്തിലെ സൂര്യനായും അന്തരീക്ഷത്തിലെ വായുവായും ഭൂമിയിലെ അഗ്നിയായും മറ്റും പ്രശോഭിക്കുന്നത്.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.