×
login
ജഗത്തിലുള്ളതെല്ലാം ഈശ്വരന്റേത്

മനുഷ്യന്റെ നിസ്സാരതയെയാണ് ഈ കവിതകളില്‍ക്കൂടിയെല്ലാം ക്രാന്തദര്‍ശികള്‍ ചൂണ്ടിക്കാണിക്കുന്നത്. അപ്പോഴും നേരിട്ട് കാണുന്ന സത്യം മനസ്സിലാക്കാന്‍ മനുഷ്യജീവിക്കു കഴിയുന്നില്ല. പൂന്താനം പാടിയതും ഇവിടെ സ്മരണയില്‍ വരുന്നു:

എസ്. ബി. പണിക്കര്‍

 

അനന്തമജ്ഞാതമവര്‍ണനീയ-

മീലോകഗോളം തിരിയുന്ന മാര്‍ഗം

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു

നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടു?  

ചിന്തിച്ചു നോക്കിയാല്‍ ഈ പ്രപഞ്ചം അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും.  

ശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ചു, പ്രകൃതിയെ കീഴടക്കി എന്നും മറ്റും നാം വീമ്പിളക്കാറുണ്ടെങ്കിലും ഭാരതീയര്‍ അപ്രകാരം ഒരിക്കലും പറഞ്ഞിട്ടില്ല. അപ്പോഴും നാം എങ്ങുമെത്തിയിട്ടില്ല  എന്നതാണ് വസ്തുത. പ്രപഞ്ചത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഇന്നും ഉണ്ടായിട്ടില്ല.

വേദങ്ങളും വേദാംഗങ്ങളും മറ്റും പ്രപഞ്ചം എന്ന അര്‍ത്ഥത്തില്‍ ബ്രഹ്മം എന്ന് വിളിക്കുന്നു. അതുമാത്രം ഉച്ഛിഷ്ടമായിട്ടില്ലെന്ന്  ശ്രീരാമകൃഷ്ണ പരമഹംസര്‍. അതെന്താണെന്ന് കൃത്യമായി ആരും ഉച്ചരിച്ചിട്ടില്ല. ആഹരിച്ചതിനുശേഷം വരുന്നതാണല്ലോ ഉച്ഛിഷ്ടം.  

ഈ സമ്പുടം നാലപ്പാട്ട് നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളി എന്ന ഖണ്ഡകാവ്യത്തിലുള്ളതാണ്. സമാനമായ ഒരു ശ്ലോകം കവി കെ.കെ. രാജയുടേ തായിട്ടുണ്ട്:  

 

ഒരൊറ്റ മണ്ണിന്‍തരിയെ ശരിക്കു

മര്‍ത്യന്റെ പാണ്ഡിത്യമറിഞ്ഞതില്ല

പരന്ന വാനില്‍ പലമട്ടു പായും  

ബ്രഹ്മാണ്ഡ പിണ്ഡങ്ങളെയെന്തു പിന്നെ  

 

നാം ജീവിക്കുന്ന ഈ ഭൂമിയിലെ ഒരു നുള്ളു മണ്ണു വാരിയെടുത്തിട്ട് അതെന്താണെന്ന് വിശദീകരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

മനുഷ്യന്റെ നിസ്സാരതയെയാണ് ഈ കവിതകളില്‍ക്കൂടിയെല്ലാം ക്രാന്തദര്‍ശികള്‍ ചൂണ്ടിക്കാണിക്കുന്നത്. അപ്പോഴും നേരിട്ട് കാണുന്ന സത്യം മനസ്സിലാക്കാന്‍ മനുഷ്യജീവിക്കു കഴിയുന്നില്ല. പൂന്താനം പാടിയതും ഇവിടെ  സ്മരണയില്‍ വരുന്നു:

 

ഇന്നലെയോളമെന്തെന്നറിഞ്ഞീല

ഇനി നാളെയുമെന്തെന്നറിഞ്ഞീല

ഇന്നിക്കണ്ട തടിക്കു വിനാശവും  

ഇന്ന നേരമെന്നേതുമറിവീല

ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ  

ചത്തുപോകുന്നു പാവം ശിവ ശിവ!

 

നാം ജനിക്കുന്നതും മരിക്കുന്നതും ആരോടൊത്തും അല്ലല്ലോ. ഇത് വസ്തുതയായിരിക്കെ എന്തിനാണ് നാം മത്സരിക്കുന്നത് എന്നാണ് കവിയുടെ ചോദ്യം. ജലത്തിലെ കുമിളകള്‍ക്ക് സമാനമാണ് ജീവിതം. അല്ലെങ്കില്‍ ചുട്ടുപഴുത്ത ലോഹത്തില്‍ പതിക്കുന്ന ഒരു തുള്ളി ജലം പോലെ.

നമുക്ക് പറയാവുന്നത് ഇത്ര മാത്രമേയുള്ളൂ; ഈശാവാസ്യോപനിഷത്തിലെ ആദ്യത്തെ സൂക്തത്തില്‍ പറയുന്നത് ജഗത്തില്‍ എന്തെല്ലാമുണ്ടോ അവയിലെല്ലാം ഈശ്വരന്‍ ആവസിക്കുന്നു. അഥവാ എല്ലാം ഈശ്വരന്റേതാണ.് അതുകൊണ്ട് ത്യജിച്ചുകൊണ്ട് ഭുജിക്കുക. അന്യന്റെ ധനം ആഗ്രഹിക്കാതിരിക്കുക. ഇതുകൊണ്ട് ഉപനിഷത്ത് ഉദ്ദേശിക്കുന്നതെന്ത്? രാമന്‍ എവിടെനിന്നു വരുന്നു എന്ന് ശിവന്അറിഞ്ഞുകൂടാ. എങ്ങോട്ടു പോകുന്നു? ഇരുവര്‍ക്കും കൃത്യമായ ഉത്തരമില്ല. എങ്കിലും ഈ ഭൂമിയില്‍ ഇരുവര്‍ക്കും സ്‌നേഹത്തോടെ, സമാധാനത്തോടെ ജീവിക്കാമല്ലോ.

ശ്രീരാമകൃഷ്ണപരമഹംസര്‍ പറയുന്നു: ചേട്ടനും അനുജനും ഒരു കയര്‍ വലിച്ചു  പിടിച്ചു സ്ഥലവും അളക്കുകയാണ.് ചേട്ടന്‍ പറയുകയാണ;് ഇത്രയും എനിക്ക്, അപ്പുറം നിനക്ക.് ഇതെല്ലാം കണ്ടും കേട്ടും ചിരിച്ചുകൊണ്ട് ഈശ്വരന്‍ പറയുന്നു; ഇതെല്ലാം എന്റേതാണ്. ശ്രീശങ്കരന്‍ പാടിയ ആശയത്തെ നമുക്കിപ്പോള്‍ ആശ്രയിക്കാം.

മനോ ബുദ്ധ്യഹങ്കാര ചിത്താനിനാഹം

ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണനേത്രേ

ന ച വ്യോമഭൂമിര്‍ ന തേജോ ന വായു

ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.