×
login
സ്വതന്ത്രസമരത്തിന്റെ പ്രേരണ സനാതന ധര്‍മ്മം; പാടി പുകഴ്ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാന്‍ കഴിയണം: ജെ. നന്ദകുമാര്‍

ഭാരതത്തിന്റെ അടിസ്ഥാന പാരമ്പര്യത്തെ ഇകഴ്ത്തിക്കാട്ടിയ ചരിത്ര രചനയാണ് നടന്നിട്ടുള്ളത്. സ്വാതന്ത്ര സമരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് നമ്മുടെ സ്വാതന്ത്ര്യ സമരചരിത്രം എഴുതിയതെന്നത് ശ്രദ്ധേയം

തിരുവനന്തപുരം: സ്വതന്ത്രസമരത്തിന്റെ പ്രേരണ സനാതന ധര്‍മ്മമായിരുന്നു എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ രണ്ടാം ദിവസ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

നാം ഭാരതത്തിന്റെ ചരിത്രം നിവര്‍ന്ന് നിന്ന് ലോകത്തോട് പറഞ്ഞിട്ടില്ല. പാടി പുകഴ്ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാന്‍ കഴിയണം. ഭാരതത്തിന്റെ അടിസ്ഥാന പാരമ്പര്യത്തെ ഇകഴ്ത്തിക്കാട്ടിയ ചരിത്ര രചനയാണ് നടന്നിട്ടുള്ളത്. സ്വാതന്ത്ര സമരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് നമ്മുടെ സ്വാതന്ത്ര്യ സമരചരിത്രം എഴുതിയതെന്നത് ശ്രദ്ധേയം. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ പങ്കിനെ കുറിച്ച് ഏറെയൊന്നും എഴുതരുതെന്നും അഹിംസാ സമരത്തിലൂടെയാണ് സ്വാതന്ത്ര്യം ലഭിച്ചതെന്നും സ്ഥാപിക്കാന്‍ വേണ്ടിയും ചില കൂട്ടര്‍ ശ്രമിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബോധപൂര്‍വ്വം അവനിര്‍മ്മിതിയിലൂടെ ഭാരത ചരിത്രത്തെ വിഷമയമാക്കി. ഭാരതീയ പ്രതികരണങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഏടുകളിലെ ചില ചരിത്രങ്ങള്‍ മാത്രമെ വൈദേശിക ചരിത്ര എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. വൈദേശികര്‍ ഭാരതത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചനാള്‍ മുതല്‍ സ്വാതന്ത്ര സമരം ആരംഭിച്ചു. ഒന്നാം സ്വാതന്ത്രസമരം മുതലാണ് സ്വാതന്ത്രസമരം ആരംഭിച്ചതെന്ന തെറ്റായ ചരിത്രം സ്ഥാപിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അതിന് എത്രയോ കാലം മുമ്പു തന്നെ ഭാരതീയര്‍ വൈദേശികര്‍ക്കെതിരെ പോരാട്ടം തുടങ്ങിയിരുന്നു. സംന്യാസി വിപ്ലവം, സ്വദേശി മുന്നേറ്റം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. നമ്മുടെ കേരളത്തില്‍ തന്നെ പഴശ്ശിരാജയുടെ പോരാട്ടവും ഒഴിച്ചു നിര്‍ത്താനാവാത്തതാണ്.


ഭാരതത്തിന്റെ സത്വത്തെ വ്യവസ്ഥാപിതമാര്‍ഗത്തിലൂടെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. എല്ലാത്തിലും ഹിന്ദുത്വം തിരിച്ചെത്തുന്നതായി കാണാന്‍ സാധിക്കുന്നു. ബോധപൂര്‍വം ഒഴിവാക്കപ്പെട്ടതിലേക്ക് തിരിച്ചു പോകാനുള്ള ശക്തി ഭാരതീയര്‍ പ്രകടിപ്പിക്കുന്നു. സ്വാതന്ത്യത്തിന്റെ പ്രേരണ ഹിന്ദുത്വമാണ്. എത്ര കാലം പ്രേരണ ഉണ്ടായിയിരിക്കുമോ അക്കാലത്തോളം ഭാരതം പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യം ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ തുടങ്ങിയതെന്ന് മുന്‍ സൈനിക സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫീസര്‍ മേജര്‍ സുരേന്ദ്ര പൂനിയ. പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിനുള്ളില്‍ കയറിപ്പോലും നാം ഭീകരവാദികള്‍ക്ക് മറുപടി നല്‍കി. അതിന് നമ്മളെ പ്രാപ്തരാക്കിയത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയാണ്.

 ചൈനയും പാക്കിസ്ഥാനും നമ്മോട് ശത്രുതാ മനോഭാവം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. എന്നാല്‍ അവരോടൊപ്പം തന്നെ മൂന്നാമതൊരു ശക്തിയും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനുള്ളില്‍ നിന്നുകൊണ്ട് രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഉപജാപക സംഘമുണ്ട്. ഹിന്ദു ഭൂരിപക്ഷമായിരിക്കുന്ന ദിവസങ്ങള്‍ വരെ മാത്രമെ ഭാരതം ഹിന്ദുസ്ഥാനായിരിക്കുകയുള്ളൂ. അതിനായി ദേശത്തെ മറ്റെന്തിനേക്കാള്‍ ഉപരിയായി കാണുന്നവരെ അധികാരത്തിലെത്തിക്കാന്‍ നാം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തത്വമയി ടിവി സിഇഒ രാജേഷ് പിള്ള അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍, അനന്തപുരി ഹിന്ദുമഹാസമ്മേളനം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍, അഡ്വ ആര്‍ വി. ശ്രീജിത്ത്, ഷാജു  വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.