×
login
സ്‌നേഹബന്ധങ്ങളുടെ അനശ്വരഗാഥ

അച്ഛനും മകനും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ വരികളില്‍ പ്രകടമാണ്. ഒരു വശത്ത് സ്വാര്‍ഥയായ കൈകേയിയുടെ സമ്മര്‍ദ്ദം, മറുവശത്ത് പ്രാണസമാനനായ മകനെ വേര്‍പിരിയാന്‍ കഴിയാത്ത അവസ്ഥ. ഈ മഹാവ്യഥയില്‍ പെട്ടുഴലുന്ന ദശരഥന്‍ തന്നെ കാണാന്‍ വന്ന മകനെ ആലിംഗനം ചെയ്യാന്‍ ബാഹുക്കള്‍ നീട്ടിയ നേരത്ത് ബോധമറ്റു വീഴുന്ന ദയനീയ കാഴ്ച!

'പുത്രാ ഹാ രാമ! സൗമിത്രേ!

ജനകജേ! ഹാ രാമ!  

മമ പ്രാണസമാന! മനോഹര'

 

വനയാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്ന മക്കളെയോര്‍ത്തുനിസ്സഹായനായി വിലപിക്കുന്ന ദശരഥന്‍ രാമായണത്തിലെ കണ്ണലിയിക്കുന്ന കാഴ്ചയാണ്.

 

'തേരില്‍ കരേറുക സീതേ വിരവില്‍  

നീ നേരമിനിക്കളഞ്ഞിടരുതേതുമേ

 

എന്ന് രാമന്‍ പ്രിയപത്നിയോട് പറയുന്നത് ശ്രദ്ധിക്കുക. പിതാവിന് അദ്ദേഹത്തിന്റെ വാക്കു പാലിക്കാന്‍ ഒരു വിധത്തിലും അമാന്തം വന്നുകൂടാ എന്ന ദൃഢനിശ്ചയത്താല്‍ വനയാത്ര വൈകരുത് എന്ന് ശാഠ്യം പിടിക്കുന്ന മകന്‍.

 

'ബാഹുക്കള്‍ നീട്ടിയ നേരത്ത് ദുഃഖേന  

മോഹിച്ചു ഭൂമിയില്‍ വീണിതു ഭൂപനും'

 

അച്ഛനും മകനും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ വരികളില്‍ പ്രകടമാണ്. ഒരു വശത്ത് സ്വാര്‍ഥയായ കൈകേയിയുടെ സമ്മര്‍ദ്ദം, മറുവശത്ത് പ്രാണസമാനനായ മകനെ വേര്‍പിരിയാന്‍ കഴിയാത്ത അവസ്ഥ. ഈ മഹാവ്യഥയില്‍ പെട്ടുഴലുന്ന ദശരഥന്‍ തന്നെ കാണാന്‍ വന്ന മകനെ ആലിംഗനം ചെയ്യാന്‍ ബാഹുക്കള്‍ നീട്ടിയ നേരത്ത് ബോധമറ്റു വീഴുന്ന ദയനീയ കാഴ്ച!

രാമ -ലക്ഷ്മണ- ഭരത -ശത്രുഘ്‌ന ബന്ധത്തിന്റെ തീവ്രത പരസ്പര ത്യാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രതീക്ഷകള്‍ തെല്ലുമില്ലാതെ, സ്‌നേഹാധിഷ്ഠിതമായ സേവനം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന കര്‍മശൃംഖലയാണ് നാലു പേരുടെയും ജീവിതം.

 

'താതനെനിക്കഭിഷേകമിളമയായ്  

മോദേന ചെയ്യുമടുത്ത നാള്‍ നിര്‍ണയം;  

തത്ര നിമിത്ത മാത്രം ഞാനതിന്നൊരു  

കര്‍ത്താവ് നീ രാജ്യഭോക്താവും നീയത്രെ'

 

തന്റെ കിരീട ധാരണം അച്ഛന്‍ നടത്താന്‍  

പോകയാണെന്നുള്ള സന്തോഷ വാര്‍ത്ത രാമന്‍, ലക്ഷ്മണനോട് അവതരിപ്പിക്കുന്നതാണ് സന്ദര്‍ഭം. അതില്‍ താന്‍ വെറുമൊരു  

നിമിത്തം മാത്രമാണെന്നും ആ വിശിഷ്ട അധികാരത്തിന്റെ ശരിയായ ഭോക്താവ് ലക്ഷ്മണന്‍ ആയിരിക്കുമെന്നും അനുപമമായ ത്യാഗബുദ്ധിയോടെ രാമന്‍ അ

നുജനോട് മുന്‍കൂട്ടി പറയുന്നു.

 

'ഭ്രാന്ത ചിത്തം ജഡം വൃദ്ധം വധൂജിതം

ബന്ധിച്ചു താതനെയും പിന്നെ ഞാന്‍  

പരിപന്ഥികളായുള്ളവരേയുമൊക്കവേ  

അന്തകന്‍ വീട്ടിന്നയച്ചഭിഷേക-

മൊരന്തരം കൂടാതെ സാധിച്ചുകൊള്ളുവന്‍'

 

ശ്രീരാമന്‍ പതിനാലു സംവത്സരം കാനനവാസത്തിനു തയ്യാറാകുന്നു എന്നറിഞ്ഞ് തീരാദുഃഖത്തിലായ അമ്മ കൗസല്യയെ ലക്ഷ്മണന്‍ ഇങ്ങനെ സാന്ത്വനപ്പെടുത്താന്‍ ശ്രമിക്കയാണ്. ജ്യേഷ്ഠനോടുള്ള തീവ്രസ്‌നേഹം ലക്ഷ്മണനെ, എന്തു സാഹസം നടത്തിയിട്ടായാലും ശ്രീരാമാഭിഷേകം നിര്‍വിഘ്‌നം നടത്തുമെന്ന് പ്രഖ്യാപിക്കാന്‍ പ്രേരിപ്പിക്കുന്നു. സമാനമായ വികാരം മറ്റു രണ്ടു സഹോദരന്മാരും പങ്കിടുന്നു എന്നത് രാമന്റെ സമുന്നതമായ ധാര്‍മിക ചൈതന്യത്തിന്റെ തെളിവാണ്.  

ലക്ഷ്മണോപദേശത്തിന്റെ തുടക്കം തന്നെ ശ്രദ്ധേയം:  


 

'വത്സ! സൗമിത്രേ! കുമാരാ!  

നീ കേള്‍ക്കണം മത്സരാദ്യം  

വെടിഞ്ഞെന്നുടെ വാക്കുകള്‍'

 

പ്രിയ സഹോദരനും ചിരകാല സുഹൃത്തുമായ ലക്ഷ്മണന്‍, തന്നോടുള്ള അതിരറ്റ സ്‌നേഹം കൊണ്ടാണ്, അച്ഛനെ തുറുങ്കിലടച്ചായാലും അഭിഷേക ചടങ്ങുകള്‍ നടത്തും എന്ന ഗുരുത്വ ദോഷം പറഞ്ഞു പോയതെന്ന് രാമനറിയാം. അത് അറിഞ്ഞു കൊണ്ടു തന്നെയാണ് ധാര്‍മികമാര്‍ഗം ഉപദേശിക്കുന്നത്.  

വിശ്വസാഹിത്യത്തിലെ തന്നെ (ഭഗവദ്ഗീത കഴിഞ്ഞാല്‍) ഏറ്റവും മഹനീയമായ സാരോപദേശകൃതിയായി ലക്ഷ്മണോപദേശം ഗണിക്കപ്പെടുന്നു. അതില്‍ മനുഷ്യജീവിത തത്വശാസ്ത്ര സംബന്ധിയായി ഉള്‍ക്കൊള്ളത്തതായോ  ഇല്ലാത്തതായോ ഒന്നും ഇല്ലെന്ന് പണ്ഡിത മതം.

 

'എന്നുള്ളിലുണ്ടായിരുന്നൊരു സംശയം

നിന്നരുളപ്പാടു കേട്ടു തീര്‍ന്നൂ തുലോം'

 

ലക്ഷ്മണോപദേശം ശ്രദ്ധയോടെ കേട്ട ശേഷം ഭക്ത്യാദരങ്ങളോടെ സമ്യമനം

വീണ്ടെടുത്ത്, ലക്ഷ്മണന്‍ തന്റെ ഗുരു സ്ഥാനീയനായ ജ്യേഷ്ഠന്റെ വാക്കുകള്‍ മടി കൂടാതെ അംഗീകരിക്കുന്നു.    

 

'ക്രോധാഗ്നി തന്നില്‍ ദഹിച്ചു പോമമ്മയെന്നാധി  

പൂണ്ടീടിനാര്‍ കണ്ടു നിന്നോര്‍കളും'

 

തന്റെ അമ്മ കൈകേയി കാരണമാണ് രാമാഭിഷേകം മുടങ്ങിയതെന്ന് വൈകി അറിയുന്ന ഭരതന്‍ അമ്മയുടെ നേര്‍ക്ക് ക്രുദ്ധനായി നോക്കുന്ന രംഗം. ആ നോട്ടത്തിന്റെ കനല്‍ച്ചൂടില്‍ അമ്മ ദഹിച്ചു പോകുമോ എന്ന് കണ്ടു നിന്നവര്‍ ഭയന്നു പോലും! അത്രയും  തീവ്രമായ ആരാധനയും ഭക്തിയും കലര്‍ന്ന സ്‌നേഹം രാമന്‍ സഹോദരന്മാരില്‍ നിന്നും നേടിയിരുന്നു എന്നു സാരം.

 

'ഉത്തമ പുരുഷോത്തംസരത്‌നം ഭവാന്‍

ആലിംഗനം ചെയ്തുവല്ലോ ഭവാനെ  

ലോകാലംബനഭൂതനാകിയ രാഘവന്‍'  

 

രാമഭക്തി സിരകളില്‍ ഒഴുകുന്ന ഭരതന്‍, ഗുഹനെ കണ്ടപ്പോള്‍ അറിയാതെ പറഞ്ഞു പോയ വാക്കുകള്‍. തനിക്കോ (സീതാദേവി ഒഴികെ) മറ്റാര്‍ക്കുമോ ലഭിക്കാത്ത ഭാഗ്യമല്ലേ ഗുഹനു കൈവന്നത് എന്ന്!

 

'ലക്ഷ്മണനെക്കാള്‍ നിനക്കേറുമേ ഭക്തി  

ലക്ഷ്മീപതിയായ രാമങ്കല്‍ നിര്‍ണയം'  

 

ജ്യേഷ്ഠനെ കാണുവാന്‍ കാനനത്തില്‍ യാത്ര തുടരവെ, ഭരതന്‍ ഭരദ്വാജമുനിയെ കണ്ട് അനുഗ്രഹങ്ങള്‍ വാങ്ങുന്നു. ഭരതനു രാമനോടുള്ള അതിരറ്റ സ്‌നേഹം മനസ്സിലാക്കിയ മുനി, ഭരതനെ ശ്ലാഘിക്കുന്ന വാക്കുകള്‍ രാമന്‍, ത്യാഗശക്തിയാല്‍ നേടിയ അനിതരസാധാരണമായ സ്വാധീനം എടുത്തു കാട്ടുന്നു.

 

'ഉഗ്രതൃഷാര്‍ത്തമാരായ പശുകുലമഗ്രേ  

ജലാശയം കണ്ടപോലേ തദാ'

 

ഭരതനും സംഘവും രാമനെ കാനനത്തില്‍ കണ്ടുമുട്ടുന്ന രംഗമാണ് ഇവിടെ. വിശന്നും ദാഹിച്ചും വലഞ്ഞ പശുക്കള്‍, ജലാശയം കണ്ടാല്‍ എത്രമാത്രം ആര്‍ത്തിയോടെ ജലപാനം ചെയ്യാന്‍ തുടിക്കുമോ, അത്ര തന്നെ ഭരതനും കൂട്ടരും രാമദര്‍ശനത്തില്‍ ആവേശഭരിതരായി എന്ന് എഴുത്തച്ഛന്‍ മനോഹരമായ ഈ ഉപമയിലൂടെ കാട്ടിത്തരുന്നു.  

 

(അവസാനഭാഗം നാളെ)  

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.