×
login
വിഗ്രഹനിര്‍മാണത്തിലെ കടുശര്‍ക്കര വിധി

ക്ഷേത്രാരാധനാ സങ്കല്പം അനുസരിച്ചു ബിംബാരാധാന പ്രാധാന്യമര്‍ഹിക്കുന്നു. ദേവന്റെ അല്ലെങ്കില്‍ ദേവതയുടെ സാരൂപബിംബമോ സങ്കല്പത്തിലുള്ള സൂചകങ്ങളോ ആണ് ആരാധിക്കപ്പെടുന്നത്. ബിംബാരാധനക്കായി സ്വീകരിക്കപ്പെടുന്നതിനായി എട്ടുവിധം വിഗ്രഹങ്ങളെ പറയപ്പെട്ടിട്ടുണ്ട്.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

 

ക്ഷേത്രാരാധനാ സങ്കല്പം അനുസരിച്ചു ബിംബാരാധാന പ്രാധാന്യമര്‍ഹിക്കുന്നു. ദേവന്റെ അല്ലെങ്കില്‍ ദേവതയുടെ സാരൂപബിംബമോ സങ്കല്പത്തിലുള്ള സൂചകങ്ങളോ ആണ് ആരാധിക്കപ്പെടുന്നത്. ബിംബാരാധനക്കായി സ്വീകരിക്കപ്പെടുന്നതിനായി എട്ടുവിധം വിഗ്രഹങ്ങളെ പറയപ്പെട്ടിട്ടുണ്ട്.  

'ശൈലീ ദാരുമയീ ലൗഹീ  

ലേപ്യാ ലേഖ്യാ ച സൈകതീ

മനോമയീ മണിമയീ ച  

പ്രതിമാഷ്ടവിധാ സ്മൃതാ'  

 

ശില, മരം, ലോഹം, മണല്‍, രത്‌നം എന്നിവ കൊണ്ടെല്ലാം ബിംബങ്ങള്‍ നിര്‍മിക്കാം. നിറങ്ങള്‍ ഉപയോഗിച്ച് വരച്ച ചിത്രമായും കടുശര്‍ക്കാരാദി ലേപനം കൊണ്ടും വിഗ്രഹങ്ങള്‍ ഉണ്ടാക്കാം. ഇവകള്‍ കൂടാതെ മനസ്സില്‍ സങ്കല്പമായ ഒന്നിനെയും ചേര്‍ത്ത് വിഗ്രഹങ്ങള്‍ എട്ടുവിധമാകുന്നു.  

ബഹുവേരവിധാനമെന്ന് പ്രസിദ്ധമായ കടുശര്‍ക്കരക്കൂട്ട് കൊണ്ട് വിഗ്രഹമുണ്ടാക്കുന്ന രീതി പ്രസിദ്ധവും എന്നാല്‍ ക്രിയാത്മകമായി വിരളവുമായതാണ്. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശയന വിഗ്രഹം ഈ രീതിയില്‍ പ്രസിദ്ധമായ ഒന്നാണ്.  


കടുശര്‍ക്കരവിധിയാം വണ്ണം നിര്‍മ്മിക്കപ്പെട്ട വിഗ്രഹങ്ങള്‍ സ്ഥായീ സ്വഭാവമുള്ളവയാണ്. മറ്റൊരിടത്തു നിന്ന് നിര്‍മിച്ചു കൊണ്ട് വരിക സാധ്യമല്ല. പ്രതിഷ്ഠിക്കേണ്ട ഗര്‍ഭഗൃഹാന്തര്‍ഭാഗത്ത് തന്നെ ശില്പികളെ കൊണ്ടു പണിയിക്കുകയാണ് വിധിയും സാമാന്യമായി ചെയ്തു വരുന്നതും.  

നിര്‍മ്മിക്കപ്പെടാനുള്ള ഇടത്തില്‍ ആദ്യം വിഗ്രഹത്തിന്റ അസ്ഥിരൂപം (ഫ്രെയിം) നിര്‍മിച്ചെടുക്കണം. കരിങ്ങാലി തുടങ്ങിയ വൃക്ഷങ്ങളുടെ കാമ്പുകള്‍ ഉപയോഗിച്ചാണ് നിശ്ചിത വലുപ്പത്തില്‍ പ്രധാന അസ്ഥികള്‍ ഉണ്ടാക്കി ചേര്‍ത്ത് കെട്ടുന്നത്. ജലാദിവാസം തുടങ്ങിയ പ്രധാന താന്ത്രികകര്‍മങ്ങളെല്ലാം അതിന്മേല്‍ ചെയ്യുകയാണ് വേണ്ടത്.  

കരിങ്ങാലി വൃക്ഷത്തിന്റ കാതല്‍ കൊണ്ട് പ്രധാന വംശദണ്ഡ്, വക്ഷദണ്ഡ്, കടിദണ്ഡ്, ഊരുദണ്ഡ്, ജംഘാദണ്ഡ്, ഭുജദണ്ഡ്, പാര്‍ശ്വദണ്ഡ് എന്നിങ്ങനെ ബിംബത്തിന്റെ അസ്ഥികള്‍ എന്ന വണ്ണം ഉണ്ടാക്കി ഒരുമിച്ചു ചേര്‍ത്ത് ചെമ്പുതകിടും ചേര്‍ത്ത് ഉറപ്പിച്ച് ശൂലം ഉണ്ടാക്കണം. ഈ ശൂലമെന്ന അസ്ഥി രൂപത്തിനെ (ഫ്രെയിം) വിധിയാംവണ്ണം പ്രതിഷ്ഠിക്കണം.  

ഇപ്രകാരം ഉള്ള ശൂലം നിര്‍മ്മിക്കുന്നതിനു കരിങ്ങലിവൃക്ഷം കൂടാതെ ദേവദാരം, ചന്ദനം എന്നീ വൃക്ഷങ്ങളും ഉപയോഗിക്കാവുന്നതാണ്. ഈ വൃക്ഷങ്ങളെ വിധി പ്രകാരം പരിഗ്രഹം ചെയ്തു കൊള്ളണം. ശൂലനിര്‍മാണത്തിന് ഒരേ ജാതി മരം ഉപയോഗിക്കുകയാണ് വേണ്ടത്.  

പ്രതിഷ്ഠിക്കപ്പെട്ട ശൂലത്തില്‍ അഷ്ടബന്ധമെന്ന മിശ്രിതം ഉണ്ടാക്കി തേച്ചു പിടിപ്പിക്കണം. നാലുഭാഗം തിരുവട്ടപശ, മൂന്നു ഭാഗം കുന്തിരിക്കം, അഞ്ചു ഭാഗം ഗുല്‍ഗുലു, എട്ടുഭാഗം ചെഞ്ചല്യം, മൂന്നുഭാഗം കാവികല്ല് എന്നിവ ചേര്‍ത്ത് പൊടിച്ചു നെയ്യും തേനും സമമായി ഈ രണ്ടു ഭാഗം ചേര്‍ത്ത് കൂട്ടിയിളക്കി അടുപ്പത്തു വെച്ച് ചെറിയ ചൂടില്‍ ഉരുക്കി യോഗമായാല്‍ തേനിന്റെ പരുവത്തില്‍ ശൂലത്തിന്മേല്‍ തേച്ചു പിടിപ്പിക്കണം. അതിനു മുകളിലായി പഴുത്ത തേങ്ങാ ചകിരി കൊണ്ടു നടുവില്‍ സുഷുമ്‌നാനാഡിയും , ഇടത്തും വലത്തും ഇഡാ, പിംഗലാ നാഡികളെയും  മുപ്പിരിയായി മൂലാധാര ചക്രത്തില്‍ തുടങ്ങി ഭ്രൂമദ്ധ്യം വരെ പിരിച്ചു ഉണ്ടാക്കി വെയ്ക്കണം. അവിടെ നിന്ന് ഒന്നായി ശിരസ്സില്‍ കൊണ്ടു പോയി ഏഴു തലയാക്കി രണ്ടു പിരിയായി പിരിച്ചു കര്‍ണ രന്ധ്രങ്ങള്‍, നാസാഗ്രം, നാഭി, വസ്തി, എന്നിവിടങ്ങളില്‍ കൊണ്ട് ചേര്‍ക്കണം.  

അനന്തരം വാതം, പിത്തം, കഫം എന്നിവകളെ സങ്കല്പമാക്കി മണ്ണിന്റെ കൂട്ട് തയ്യാറാക്കി മുകളില്‍ തേച്ചു മിനുസമാക്കി അവയവങ്ങള്‍ സൗഷ്ഠവമായി നിര്‍മിച്ചു കൊള്ളണം.  

മണ്ണ് കല്ലില്ലാത്ത വിധം അരിച്ചു ഉണക്കി പൊടിച്ചു കോലരക്ക് കഷായം, നാല്പാമര കഷായം, കരിങ്ങാലി, മരുത് കഷായം എന്നിവയില്‍ പത്തു ദിവസം വീതം ഇട്ടു അതിനു ശേഷം മണല്‍ ചേര്‍ത്ത് തൃഫല കഷായത്തില്‍ ഇട്ടു അതില്‍ യവം, ഗോതമ്പ്, ഉഴുന്ന്, കായാവില എന്നിവ പൊടിച്ചു കൂട്ടണം. ഇതിനു ശേഷം ഇളനീര്‍ വെള്ളത്തില്‍ പത്തു ദിവസം ഇടണം. അതില്‍ തിരുവട്ട പശ ഗുല്‍ഗുലു,  കുന്തിരുക്കം, ചെഞ്ചല്യം എന്നിവ വീണ്ടും കൂട്ടണം. പിന്നീട് പശുവിന്‍ തൈരില്‍ ഏഴു ദിവസം ഇടണം. അതില്‍ ചുക്ക്, മുളക്, തിപ്പലി, മഞ്ഞള്‍, തേന്‍, പാല്‍, നെയ്യ് എന്നിവ ചേര്‍ത്ത് പ്ലാപശയും കൂവളപശയും കൂട്ടി കുങ്കുമം, ചന്ദനം, പൊന്നരിത്തരം കര്‍പ്പൂരം, അകില്‍, ഗോരോചനം, എന്നിവ സമം പൊടിച്ചു കാശാവിന്റ തൈലം കൂട്ടി സ്വര്‍ണം, വെള്ളി, ഗംഗയിലെ മണല്‍, ഗംഗാജലം, പുറ്റുമണ്ണ്, മുത്തുച്ചിപ്പി, ശംഖ്, ചകിരി അരിഞ്ഞത് എന്നിവ ചേര്‍ത്ത് വേണം ഈ കൂട്ട് തയ്യാറാക്കാന്‍.  

അതിനു മുകളില്‍ ആറ്റിലെ കറുത്ത കല്ല്, ആറ്റുമണല്‍, കോഴിപ്പരല്‍ എന്നിവ സമമായി പൊടിച്ചു അരച്ച് പ്ലാശീലയില്‍ കുഴച്ചു തേച്ച് കല്‍ക്കമുണ്ടാക്കി തേക്കണം. ഈ കല്‍ക്കം കൊണ്ട് തന്നെ അലങ്കാരങ്ങളും നിര്‍മിച്ചു കൊള്ളണം. അതിന്മേല്‍ ആകര്‍ഷകങ്ങളായ നിറങ്ങളും നല്‍കാവുന്നതാണ്.  

ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ പ്രതിഷ്ഠ ചെയ്യുന്ന ക്ഷേത്രത്തില്‍ ഇതിനു പുറമെ അഭിഷേകം, ശീവേലി എന്നിവകള്‍ക്കായി മറ്റു ബിംബങ്ങള്‍ പ്രത്യേകം നിര്‍മിച്ചു കൊള്ളേണ്ടതാകുന്നു.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.