ഇരുണ്ടു ചുമന്ന കളിമണ്‍ ചുവരുകളെ വെളുത്ത വരകളാല്‍ ചിത്രാലംകൃതമാക്കുന്ന വാര്‍ലി ചിത്രങ്ങള്‍. രണ്ടേ രണ്ടു നിറങ്ങളുടെ ചാരുത. കൈകോര്‍ത്ത് ആടിയും പാടിയും നിറയുന്ന മനുഷ്യരുടെ ജ്യാമിതീയ രൂപങ്ങള്‍.
ഗോത്രത്തനിമയാര്ന്നുള്ള വാര്‍ലി പെയ്ന്റിങ്ങുകള്‍ക്ക് അതി പുരാതനമായൊരു പാരമ്പര്യമുണ്ട്. ക്രിസ്തുവിന് 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കന്‍ സഹ്യാദ്രിനിരകളില്‍ പിറവിയെടുത്തതെന്നു കരുതുന്ന വാര്‍ലി ചിത്രകല അതേ പേരിലറിയപ്പെടുന്നൊരു പ്രബല ഗോത്ര വിഭാഗത്തിന്റെ സംഭാവനയാണ്. മഹാരാഷ്ട്ര, ഗുജറാത്ത് അതിര്‍ത്തിയില്‍ വസിക്കുന്ന വാര്‍ലി ഗോത്രക്കാരുടെ പരമ്പരാഗത ചിത്രകലാ ശൈലിയാണ് ഈ പെയ്ന്റിങ്ങുകള്‍.
മധുബനി, പഥ് ചിത്രങ്ങള്‍ പോലെ ഗോത്ര സംസ്കൃതി നിറയുന്ന വാര്‍ലി പെയ്ന്റിങ്ങുകളും സമ്മാനിക്കുന്നത് പരസ്പര പൂരകങ്ങളാകുന്ന പ്രകൃതിയുടെയും മനുഷ്യന്റെയും ചേര്‍ച്ചയുടെ പകര്‍ത്തലുകളാണ്. കാടും കടലോരവും ‘ക്യാന്‍വാസാ’യി മാറുന്ന ഗോത്രജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
പ്രകൃതിയോട് ഇണങ്ങി, പ്രകൃതിയെ ആരാധിച്ച്, ആവശ്യമുള്ളതില്‍ കൂടുതല്‍ ഒരല്‍പ്പം പോലും പ്രകൃതിയെ ചൂഷണം ചെയ്യാതെ തീര്‍ത്തും ലളിതമായ ജീവിത ശൈലി പുലര്‍ത്തുന്നവരാണ് വാര്‍ളി ഗോത്രക്കാര്‍.
പരമ്പരാഗതമായി വെള്ള നിറം മാത്രം പെയിന്റിങ്ങിനായി ഉപയോഗിക്കുന്നുവെന്നതാണ് വാര്‍ളി പെയ്ന്റിങ്ങുകളുടെ പ്രത്യേകത. അധികവും ജ്യാമിതീയ രൂപങ്ങളാണ് വരകളില്‍ കാണാനാവുക. പൂക്കള്‍, വിവാഹാഘോഷങ്ങള്‍, കാര്‍ഷിക സംസ്കൃതി, നിത്യജീവിതത്തിലെ നിമിഷങ്ങള്‍ ഇവയെല്ലാം ചിത്രങ്ങള്‍ക്ക് വിഷയമാകുന്നു. മറ്റേതു പരമ്പരാഗത ചിത്രകലകളെയും പോലെ വാര്‍ലിയും ചുമരുകളില്‍ നിന്നിറങ്ങി ഫാഷന്‍ ലോകത്തേക്ക് എത്തിക്കഴിഞ്ഞു. വസ്ത്രങ്ങളില്‍, ഗൃഹാലങ്കാര വസ്തുക്കളില്‍ എല്ലാം വാര്‍ലിക്ക് അനിഷേധ്യമായൊരു സ്ഥാനമുണ്ട്. ഇരുണ്ട ചുവപ്പു നിറമെന്ന പശ്ചാത്തലവും വരയ്ക്കാനുപയോഗിക്കുന്ന വെളുത്ത നിറവും ബഹുവര്‍ണങ്ങളിലേക്ക് ചുവടു മാറി. തലമുറകള്‍ കൈമാറി വരുന്ന ഈ രചനാ വൈഭവം ഇന്നും വാര്‍ലി വിഭാഗത്തിന്റെ ഉപജീവനമാര്‍ഗം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: