×
login
തുണിക്കടയില്‍ നിന്ന് തനിക്ക് വസ്ത്രങ്ങള്‍ പോലും തരുന്നില്ല; ഇത് ദളിത് വിരുദ്ധത ആണെന്ന് ശബരിമലയില്‍ ആചാരലംഘനം നടത്തിയ ബിന്ദു അമ്മിണി

ശബരിമല കയറിയതാണോ എനിക്ക് സാധനങ്ങള്‍ നിഷേധിക്കാന്‍ കാരണം എന്ന് താന്‍ മുതലാളിയോട് ചോദിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട തനിക്ക് വസ്ത്രം നല്‍കാതിരുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട്: തുണിക്കടയില്‍ നിന്നും തനിക്ക് വസ്ത്രങ്ങള്‍ നല്‍കിയില്ലെന്ന പരാതിയുമായി ബിന്ദു അമ്മിണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു അമ്മിണി പരാതി ഉന്നയിച്ച് രംഗത്ത് എത്തിയത്. ഇത് ദളിത് വിരുദ്ധതയാണെന്നും ബിന്ദു അമ്മിണി ആരോപിച്ചു.

കോഴിക്കോടുള്ള കോപാസ്സ് എന്ന കടയില്‍ നിന്നാണ് ഇവര്‍ വസ്ത്രം വാങ്ങിയത്. 4750 രൂപയ്ക്ക് സാധനം വാങ്ങി. എന്നാല്‍ ബില്ലിട്ടുകൊണ്ടിരിക്കുമ്പോള്‍ കടയിലെ ജീവനക്കാര്‍ വന്ന് സാധനം തരില്ലെന്ന് പറഞ്ഞു. ചോദിച്ചപ്പോള്‍ ഇത് മാത്രമായി നല്‍കാന്‍ കഴിയില്ലെന്നും ഹോള്‍സെയില്‍ കട ആയതിനാല്‍ കുറച്ച് കൂടി സാധനങ്ങള്‍ വാങ്ങണം എന്ന് മുതലാളി പറഞ്ഞുവെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ശബരിമല കയറിയതാണോ എനിക്ക് സാധനങ്ങള്‍ നിഷേധിക്കാന്‍ കാരണം എന്ന് താന്‍ മുതലാളിയോട് ചോദിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട തനിക്ക് വസ്ത്രം നല്‍കാതിരുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളം വനവാസി വിരുദ്ധവും ദളിത് വിരുദ്ധവുമായ ഒരു സംസ്ഥാനം തന്നെ ആണ്. കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന പ്രതികളില്‍ ഭൂരിഭാഗവും ആദിവാസികളും, ദളിതരും മുസ്ലീങ്ങളും ആകുന്നതു കുട്ടകൃത്യം ചെയ്യുന്നവര്‍ അധികവും ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ ആയത് കൊണ്ടല്ല. അധികാരവും പണവും ജാതി പ്രിവിലേജും ഉള്ളവര്‍ക്കു നിരവധി പരിരക്ഷകള്‍ ലഭിക്കുന്നത് കൊണ്ടാണ്.ആദിവാസിയും ദളിതനും ഇരകള്‍ ആക്കപ്പെടുന്ന കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടണം എങ്കില്‍ പോലും ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തേണ്ട സാഹചര്യം ആണെന്നും ബിന്ദു അമ്മിണി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനു ബാധ്യത ഉള്ള പോലീസു തന്നെ ദളിത് വിരുദ്ധ നിലപാട് ഉള്ളവർ ആണെങ്കിലോ. പിന്നെ ഈ നിയമം ആര് നടപ്പാക്കും.

ഇന്ന് കോഴിക്കോട് കോപാസ്സ് എന്ന ഷോപ്പിൽ നിന്നും 4750 രൂപയുടെ സാധനങ്ങൾ ഞാൻ എടുത്തു ബില്ലിടാൻ ആയി നൽകി. Justitia collection എന്ന retail സ്ഥാപനത്തിലേക്കു ആണ് സാധനങ്ങൾവാങ്ങിയത്.ബിൽ ഇട്ടുകൊണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് എന്നോട് പറഞ്ഞു ഈ സാധനങ്ങൾ മാത്രമായി തരാനാവില്ല എന്ന്‌ മുതലാളി പറഞ്ഞത്രേ. ഉടമസ്ഥർ ഇതിന് മുൻപൊന്നും ഞാൻ എത്ര രൂപയുടെ സാധനങ്ങൾ വാങ്ങി എന്നൊന്നും നോക്കിയിട്ടില്ല. അതെല്ലാം ജീവനക്കാർ ആണ് നോക്കിയിരുന്നത്.

സംഘ പരിവാർ അനുകൂലിഎന്ന്‌ തോന്നിക്കുന്ന ശരീര ഭാഷ ഉള്ള ഷോപ്പ് ഉടമയോട് ഞാൻ ഇതിന് മുൻപ്‌ പല തവണ ഇതേ ഷോപ്പിൽ നിന്നും 5000, 10000 രൂപയ്ക്കു ഒക്കെ വാങ്ങിയിരുന്നല്ലോ, എന്തുകൊണ്ടാണ് ഇന്ന് സാധനങ്ങൾ തരാത്തത് എന്ന്‌ ചോദിച്ചു.

കൂടുതൽ സാധനങ്ങൾ എടുത്താലേ തരാൻ സാധിക്കൂ എന്നാണ് അയാൾ പറഞ്ഞത്. ജീവനക്കാർ അക്കാര്യം സൂചിപ്പിച്ചിരുന്നില്ലല്ലോ എന്നും ഞാൻ ശബരിമല കയറിയതാണോ എനിക്ക്‌ സാധനങ്ങൾ നിഷേധിക്കാൻ കാരണം എന്നും ഞാൻ ചോദിച്ചു.

അയാൾ നടത്തുന്ന കടയിൽ നിന്നും ആർക്കു കൊടുക്കണം, അല്ലെങ്കിൽ കൊടുക്കേണ്ട എന്നത് അയാൾ ആണ് തീരുമാനിക്കുന്നത് എന്നാണ്‌ മറുപടി പറഞ്ഞത്.

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനം ആണെങ്കിൽ നിയമം അനുസരിക്കേണ്ടതാണ് എന്നും, പട്ടികജാതി വിഭാഗത്തിൽ പെട്ട എനിക്ക് ഷോപ്പിൽ നിന്നും സാധനങ്ങൾ നിഷേധിക്കുന്നത് കുട്ടകൃത്യം ആണെന്നും ഞാൻ പറഞ്ഞപ്പോഴും അയാളുടെ സ്ഥാപനത്തിൽ നിന്നും ആർക്കു കൊടുക്കണം എന്ന്‌ അയാൾ ആണ് തീരുമാനിക്കുന്നത് എന്നാണ്‌ പറഞ്ഞത്.

ഈ സമയത്തു ഞാൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെ ത്തിയ പോലീസ് ഷോപ്പുടമയുടെ വാക്ക് കേട്ടു എന്നോട് സംസാരിക്കുകയാണ് ഉണ്ടായത്. എന്നാൽ സാധനങ്ങൾ ലഭിക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങില്ല എന്ന്‌ ശക്തമായ നിലപാട് എടുത്തതോടെ മാത്രമാണ് പോലീസ് എനിക്ക്‌ നീതി ലഭ്യമാക്കാൻ ഇടപെട്ടത്.

ഈ സാഹചര്യത്തിൽ ചിലതു പറയാതിരിക്കാൻ ആവില്ല.

കേരളം ആദിവാസി വിരുദ്ധവും ദളിത് വിരുദ്ധവുമായ ഒരു സംസ്ഥാനം തന്നെ ആണ്. കേരളത്തിലെ ജയിലുകളിൽ കഴിയുന്ന പ്രതികളിൽ ഭൂരിഭാഗവും ആദിവാസികളും, ദളിതരും മുസ്ലീങ്ങളും ആകുന്നതു കുട്ടകൃത്യം ചെയ്യുന്നവർ അധികവും ഈ വിഭാഗത്തിൽ നിന്നുള്ളവർ ആയത് കൊണ്ടല്ല.


അധികാരവും പണവും ജാതി പ്രിവിലേജും ഉള്ളവർക്കു നിരവധി പരിരക്ഷകൾ ലഭിക്കുന്നത് കൊണ്ടാണ്.

ആദിവാസിയും ദളിതനും ഇരകൾ ആക്കപ്പെടുന്ന കേസുകളിൽ FIR രജിസ്റ്റർ ചെയ്യപ്പെടണം എങ്കിൽ പോലും dysp ഓഫീസ് മാർച്ച്‌ നടത്തേണ്ട സാഹചര്യം ആണ്.

വയനാട് ജില്ലയിൽ എത്തിയപ്പോൾ പോലീസിലെ വിവേചനം കൂടുതൽ ബോധ്യപെട്ടതാണ്.

അവിടെ ആദ്യ സമയത്തു എനിക്ക്‌ പ്രൊട്ടക്ഷൻ ആയി ഡ്യൂട്ടിയിൽ എത്തിയിരുന്നതു ജാതി നോക്കി ആയിരുന്നില്ല.

എന്നാൽ ഇപ്പോൾ തുടർച്ച ആയി ഡ്യൂട്ടിയിൽ വരുന്നത് ആദിവാസി വിഭാഗത്തിൽ നിന്നും ഉള്ള പോലീസുകാർ മാത്രമാണ്.

ഇതിൽ സംശയം തോന്നിയ ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ എനിക്ക്‌ ബോധ്യപ്പെട്ടു ആദിവാസി വിഭാഗത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവർ പ്രത്യേകിച്ച് വനിതകൾ അനുഭവിക്കുന്ന വിവേചനം.

എന്നാൽ അവരോടു ചോദിച്ചിട്ട് അവർ അതിനെ കുറിച്ചു യാതൊന്നും പറയാൻ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

പുറത്തു പോകേണ്ട റിസ്ക് ഉള്ള ഡ്യൂട്ടികൾ അവർക്കു നൽകുന്നു. അടുത്ത ദിവസം ഓഫ്‌ ലഭിക്കാൻ സാധ്യത ഉള്ള ഡ്യൂട്ടികൾ അവർക്കു നൽകാറും ഇല്ല.

ആദിവാസികൾ ആയ സഹോദരങ്ങൾ എനിക്കൊപ്പം ഡ്യൂട്ടിക്ക് എത്തുന്നത് എനിക്ക് സന്തോഷം ഉള്ള കാര്യമാണ്. എന്നാൽ അവരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ ദളിത്‌ ആയ എനിക്ക്‌ ഒപ്പം നിൽക്കേണ്ടത് അവരെ മാത്രം തെരഞ്ഞു പിടിച്ചു ഏൽപ്പിക്കുന്നു എന്നത് അനീതി ആണ്.

സ്റ്റേഷൻ സ്‌ട്രെഗ്ത് അല്ല എന്നതാവും പറയാൻ പോകുന്നത് അങ്ങനെ അല്ലാത്തവർ ആദിവാസികൾ അല്ലാത്തവരും ഉണ്ടല്ലോ.

ഇങ്ങനെ ഇങ്ങനെ ജാതി വിവേചനം നിറഞ്ഞു തുളുമ്പിയ സംസ്ഥാനം തന്നെ ആണ് കേരളം എന്നതിൽ സംസാരിക്കേണ്ട.

ഇവിടം വിട്ടു ഓടി പോവുക എന്നല്ലാതെ എന്ത് പറയാൻ.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.