×
login
ആനി ശിവയെ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചു; ഇടത് എംഎല്‍എ സി.കെ. ആശയുടേത് ധാര്‍ഷ്ട്യം നിറഞ്ഞ ഹീനമനസെന്ന് ബിജെപി നേതാവ് രേണു സുരേഷ്

സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ എം എല്‍ എയും സര്‍വ്വോപരി സ്ത്രീയുമായ സി കെ ആശയുടേത് ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാര്‍ഷ്ട്യത്തിന്റെയും കഥയാണെന്ന് രേണു സുരേഷ് പറയുന്നു.

കോട്ടയം: അതിജീവനത്തിന്റെ പ്രതീകമായി സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തി കേരളത്തിന്റെ ആകെ അഭിമാനമായി മാറിയ ആനി ശിവയെ പ്രബേഷന്‍ കാലത്ത് ഇടത് എംഎല്‍എ സി.കെ.ആശ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് ആരോപണം. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.  

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎല്‍എ വൈക്കത്ത് ഉണ്ടെന്നു കേള്‍ക്കുന്നുവെന്നാണ് രേണു സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിന് മുന്‍പ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനില്‍ പ്രബേഷന്‍ എസ്‌ഐ ആയി ജോലി ചെയ്യുന്ന കാലത്തായിരുന്നു സംഭവം.

സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ എം എല്‍ എയും സര്‍വ്വോപരി സ്ത്രീയുമായ സി കെ ആശയുടേത് ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാര്‍ഷ്ട്യത്തിന്റെയും കഥയാണെന്ന് രേണു സുരേഷ് പറയുന്നു. അറിഞ്ഞ വിവരങ്ങള്‍ സത്യമാണ് എങ്കില്‍ എത്ര ഹീനമായ മനസ്സാണ് വൈക്കം എം എല്‍ എയുടേത് എന്ന് താന്‍ അത്ഭുതപ്പെട്ട് പോവുകയാണെന്നും രേണു സുരേഷ് പറയുന്നു. എന്നാല്‍ പ്രചാരണം തെറ്റാണെന്ന് സി.കെ.ആശ പറയുന്നു. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ആനി ശിവയുടെ നിലപാട്.

 

രേണു സുരേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-  

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും ഞങ്ങള്‍ക്ക് കഴിയും എന്ന് കാണിച്ച് തന്ന ഒരു ഇടത് എംഎല്‍എ അങ്ങ് വൈക്കത്ത് ഉണ്ടെന്ന് കേള്‍ക്കുന്നു. കേട്ട കഥകള്‍ സത്യമാണെങ്കില്‍ വൈക്കം എംഎല്‍എ പരസ്യമായി മാപ്പ് പറയണം. ഇന്ന് വൈകിട്ട് യാദൃശ്ചികമായാണ് @TrollVaikom എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ വന്ന ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്...

ഒരു കൗതുകം തോന്നിയാണ് വൈക്കത്തുള്ള പാര്‍ട്ടി സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചത്...

അപ്പോള്‍ ആണ് സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ MLA യും, സര്‍വ്വോപരി സ്ത്രീയുമായ #VaikomMLA ശ്രീമതി #CKAsha യുടെ ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാര്‍ഷ്ട്യത്തിന്റെയും കഥ അറിയാന്‍ സാധിച്ചത്..ദുരിതങ്ങളെയും, പരാജയങ്ങളെയും എല്ലാം പടവെട്ടി തോല്‍പിച്ച സ്ത്രീസമൂഹത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ആനി ശിവ വൈക്കം പോലീസ്സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയം. രാത്രി ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണവും വാങ്ങി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോള്‍ (ഡ്യൂട്ടിയില്‍ അല്ല, ഫുള്‍ യൂണിഫോമിലും അല്ല ) സ്ഥലം MLA ശ്രീമതി CK ആശ തന്റെ വാഹനത്തില്‍ എതിരെ വരികയും ആനി ശിവയുടെ സമീപം വാഹനം നിര്‍ത്തുകയും ചെയ്തു. രാത്രിയതുകാരണവും, വൈക്കത്തു ജോയിന്‍ ചെയ്തിട്ട് അധികം ദിവസം ആവാത്തതിനാലും MLAയെ വ്യക്തിപരമായി അറിയാത്തതിനാലും SI ആനി ശിവ സല്യൂട്ട് നല്‍കിയില്ല. മാത്രമല്ല ഔദ്യോഗിക വേഷത്തില്‍ ഡ്യൂട്ടി സമയത്തു മാത്രം സല്യൂട്ട് ചെയ്താല്‍ മതി. അല്ലാത്ത സമയം ഒരു സിവിലിയന്‍ മാത്രമേ ആകുന്നുള്ളു എന്നതാണ് വാസ്തവം.

എന്നാല്‍ അറിയുവാന്‍ സാധിച്ചത് MLA അടുത്ത ദിവസം SI യെ നേരിട്ട് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചു എന്നും ആണ്. മാത്രമല്ല പ്രോട്ടോകോള്‍ ലംഘനം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.അറിഞ്ഞ വിവരങ്ങള്‍ സത്യമാണ് എങ്കില്‍ എത്ര ഹീനമായ മനസ്സാണ് വൈക്കം MLA യുടേത് എന്ന് ഞാന്‍ അദ്ഭുതപെട്ടുപോവുകയാണ്.

ആനി ശിവയെ പോലുള്ളവര്‍ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്പോള്‍ CK ആശയെ പോലുള്ളവര്‍ സ്ത്രീകള്‍ക്കാകെ അപമാനകരമാണ് എന്ന് പറയാതെ വയ്യ...രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ #feeling_irritated എന്ന് ഫേസ്ബുക് പോസ്റ്റിട്ട ഒരു ജനപ്രധിനിധിയില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല??

 

Facebook Post: https://www.facebook.com/renu.suresh.543/posts/1628883493982066

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.