×
login
ഹിജാബ് ധരിച്ച് ബഹിരാകാശ യാത്രയ്ക്ക് കനേഡിയന്‍ വനിത; കാവിഷാളും, തലപ്പാവും ധരിയ്ക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരി മലയാളി ആവുമോ ?

മതം നമ്മുടെ അടിവസ്ത്രം പോലെ സ്വകാര്യ വിഷയമാണ്. അടിവസ്ത്രം വേണമെങ്കില്‍ മുണ്ടിനടിയില്‍ ധരിയ്ക്കാം, വേണ്ടെങ്കില്‍ ധരിയ്ക്കാതിരിയ്ക്കാം. അതൊക്കെ അവരവരുടെ ഇഷ്ടം. എന്നാല്‍ മറ്റുള്ളവരെ കാണിയ്ക്കാന്‍ വേണ്ടി മുണ്ടിന് പുറത്ത് അത് ധരിയ്ക്കുന്നത് അഭംഗിയാണ്.

ഹിജാബ് ധരിച്ച് ബഹിരാകാശ യാത്ര നടത്താന്‍ പെണ്‍കുട്ടി എന്ന വാര്‍ത്താ തലക്കെട്ട് കണ്ടപ്പോള്‍ ആകാംക്ഷ അടക്കാനായില്ല. കാരണം അതൊരു അസാധാരണ വാര്‍ത്ത തന്നെയാണ് എന്നതു തന്നെ. സാധാരണക്കാര്‍ക്ക് ഒരിയ്ക്കലും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒന്നാണല്ലോ അത്തരം ഒരു സാഹസ ദൗത്യം. വളരെ വര്‍ഷങ്ങളുടെ തയ്യാറെടുപ്പ് കഴിഞ്ഞിട്ടാണ് ഒരു മനുഷ്യനെ ബഹിരാകാശ ദൗത്യത്തിന് തയ്യാറാക്കി എടുക്കുന്നത്. ശാരീരികവും മാനസികവും ബുദ്ധിപരവും ഒക്കെയായ അസാമാന്യമായ കഴിവുകള്‍ ഉള്ള ഒരാളായിരിക്കും അത്തരം ദൗത്യത്തിന് നിയോഗിയ്ക്കപ്പെടുക. കാരണം അനേക കോടി രൂപയാണ് ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചെലവഴിക്കപ്പെടുന്നത്. യാത്രികരുടെ സാമര്‍ത്ഥ്യം ദൗത്യത്തിന്റെ വിജയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. അത്തരത്തില്‍ സമര്‍ത്ഥയായ ഒരു വനിത സുപ്രധാനമായ ഒരു ശാസ്ത്ര ദൗത്യത്തില്‍ മത വേഷമായ ഹിജാബ് ധരിയ്ക്കാന്‍ തീരുമാനിച്ചത് അത്ഭുതം പകര്‍ന്നു. വ്യക്തിപരമായ അത്തരമൊരു ആവശ്യത്തിന് യാത്ര സംഘടിപ്പിയ്ക്കുന്ന ശാസ്ത്ര സമൂഹം അംഗീകാരം കൊടുത്തല്ലോ എന്നുകൂടി തോന്നിയപ്പോള്‍ കൗതുകം ഇരട്ടിയായി. കാരണം ഒന്നുകില്‍ അവരുടെ വ്യക്തിപരമായ ആവശ്യം നിരസിയ്ക്കാന്‍ കഴിയാത്ത വിധം ആ വനിത ഈ രംഗത്ത് അത്രയും എണ്ണപ്പെട്ട ഒരു വ്യക്തി ആയിരിക്കണം. അല്ലെങ്കില്‍ ഹിജാബ് എന്ന മതവസ്ത്രത്തിന്റെ പ്രാധാന്യം അവഗണിയ്ക്കാന്‍ കഴിയാത്തതാണ് എന്ന് ആ ശാസ്ത്ര സമൂഹത്തിന് ബോദ്ധ്യപ്പെട്ടിരിയ്ക്കണം. 

അങ്ങനെ വളരെ കൗതുകത്തോടെയാണ് വാര്‍ത്ത വായിയ്ക്കാന്‍ തുടങ്ങിയത്. ആദ്യത്തെ പാരഗ്രാഫില്‍ വീണ്ടും അത്ഭുതം. യാത്രികയുടെ പ്രായം വെറും 19 വയസ്സ്. പാകിസ്ഥാന്‍-കനേഡിയന്‍ വിദ്യാര്‍ത്ഥിനി. അതെങ്ങനെ ശരിയാവും ? സാധാരണ ഗതിയില്‍ വളരെ വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്ര ഗവേഷണ പരിചയവും ഉന്നത സാങ്കേതിക മേഖലകളില്‍ വൈദഗ്ദ്യവും ആര്‍ജ്ജിച്ചവരെയാണ് ഇതിനൊക്കെ നിയോഗിയ്ക്കുക. അപ്പോള്‍ കുറഞ്ഞത് ഒരു 30 വയസ്സെങ്കിലും ഉണ്ടാവണം. അടുത്ത ഒരു പാരഗ്രാഫ് കൂടി വായിച്ചു കഴിഞ്ഞിട്ടാണ് വാര്‍ത്തയിട്ട മാദ്ധ്യമം ഏതാണെന്ന് നോക്കിയത്. ഇന്ത്യയുടെ മരുഭൂമിവല്‍ക്കരണത്തിന് രാപ്പകല്‍ കച്ചകെട്ടി പ്രവൃത്തിയെടുത്തത് പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തത്ക്കാലം ഷട്ടര്‍ ഇട്ടിരിയ്ക്കുന്ന മാദ്ധ്യമമാണ്. ഒരു പൂര്‍ണ്ണ മാദ്ധ്യമം എന്ന് പറയാന്‍ കഴിയില്ല. ഇപ്പോള്‍ ലൈവ് സ്ട്രീം മാത്രമേ ഉള്ളൂ. ഏതായാലും രണ്ടാമത്തെ പാരഗ്രാഫ് വായിച്ച ശാസ്ത്ര കുതുകിയായ ഈയുള്ളവന്‍ അടുത്തിടെ മതപണ്ഡിതന്റെ ആഴക്കടല്‍ തിരമാല തേടിപ്പോയ ജബ്ബാര്‍ മാഷിന്റെ അവസ്ഥയിലായി. എന്താ സംഭവം ?

പാക്കിസ്ഥാന്‍ വംശജയായ കാനഡക്കാരി സൈനബ് ആസിം എന്ന ഒരു കോളേജ് വിദ്യാര്‍ഥിനി തന്റെ മാതാപിതാക്കള്‍ കൊടുത്ത ഇമ്മിണി വലിയ തുക ചെലവാക്കി ഒരു സ്‌പേസ് ട്രാവല്‍ ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയ്ക്ക് പോകുമ്പോള്‍ തലയില്‍ ഹിജാബ് ധരിയ്ക്കും എന്ന് പ്രഖ്യാപിച്ചു. അത്ര തന്നെ. വീട്ടുകാര്‍ക്ക് ചെലവാക്കാന്‍ കുറേ കാശുണ്ട് എന്നതല്ലാതെ സ്‌പേസ് സഞ്ചാരിയാവാന്‍ വേണ്ട വേറെ യോഗ്യതകള്‍ ഒന്നുമില്ല. അത്രയൊന്നും ചിന്തിയ്ക്കാത്ത വായനക്കാരുടെ മനസ്സില്‍ സ്‌പേസ് ട്രാവല്‍ പോലെ ലോകോത്തര ശാസ്ത്ര സാങ്കേതിക നേട്ടം കൈവരിച്ച ഒരു വ്യക്തി പോലും ഉപേക്ഷ വിചാരിയ്ക്കാതെ ധരിയ്ക്കാന്‍ തയ്യാറായ മഹത്തായ വസ്ത്രമാണ് ഹിജാബ് എന്ന ഒരു ഭാവനാവിലാസം ഉറയ്ക്കും. അങ്ങനെ ഇതിനകം ഇന്ത്യയിലെ രാഷ്ട്രീയ ചിഹ്നമായി മാറിക്കഴിഞ്ഞ ഹിജാബിന് ചുളുവില്‍ ഒരു പബ്ലിസിറ്റിയും കിട്ടും. ബാംഗളൂരില്‍ നിന്ന് ഫ്‌ലൈറ്റ് ടിക്കറ്റെടുത്ത് പോണ്ടിച്ചേരിയിലോ ഗോവയിലോ നമ്മുടെ ടീനേജ് പയ്യന്മാര്‍ പോകുന്ന പോലെ ഒരു യാത്ര. ഏതാനും മിനിട്ടുകള്‍ മാത്രം ബഹിരാകാശത്തിന്റെ അതിരുകള്‍ സ്പര്ശിച്ചിട്ട് തിരിച്ചു വരും. കാശുള്ള ആര്‍ക്കും പോകാം. പത്താം ക്ലാസ് പോലും പാസ്സാവണമെന്നില്ല. കാശുകൊടുത്ത് ടിക്കറ്റ് എടുത്താല്‍ തലയില്‍ ഹിജാബ് ധരിയ്ക്കുന്നവരെ എന്നല്ല, ആരേയും ഒരു ടൂറിസ്റ്റ് എന്ന നിലയ്ക്ക് അവര്‍ കൊണ്ടു പോകും. ഇങ്ങനെയൊക്കെ വാര്‍ത്തയുണ്ടാക്കി ഹിജാബിനെയും മതത്തേയും പ്രൊമോട്ട് ചെയ്യണോ ? അയ്യേ ദാരിദ്ര്യം ! കൂട്ടത്തില്‍ 2006 ല്‍ ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ മുസ്ലീം വനിതയുടെ പേരും പറയുന്നുണ്ട്. അന്നവരേതായാലും ഹിജാബ് ധരിച്ചിരുന്നില്ല. അപ്പോള്‍ പറയാതെ പറയുന്നത് ഹിജാബ് മതപരമായ നിര്‍ബന്ധിതവസ്ത്രം അല്ല എന്നതുതന്നെയല്ലേ ?


ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയാണ്. അദ്ദേഹത്തെ ആദ്യത്തെ ഹിന്ദു ബഹിരാകാശ സഞ്ചാരി എന്നാരും വിശേഷിപ്പിച്ച് കേട്ടിട്ടില്ല. ഇന്ത്യാക്കാരിയായ ആദ്യത്തെ സ്‌പേസ് സഞ്ചാരി കല്‍പ്പനാ ചൗള. അവരുടെയും മതം എവിടേയും പറഞ്ഞു കണ്ടിട്ടില്ല. ഏറ്റവും ആദ്യം ആകാശത്തിന്റെ അതിര് കടന്നത് റഷ്യക്കാരനായ യൂറി ഗഗാറിന്‍. പക്ഷേ അദ്ദേഹത്തെ പറ്റി ആദ്യത്തെ കമ്മ്യൂണിസ്റ്റ് കോസ്മനോട്ട് എന്ന് കേട്ടിട്ടില്ല. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയ്ക്ക് യാത്രക്കാര്‍ സഞ്ചരിയ്ക്കുന്നതു പോലെ ഇതിനകം നൂറുക്കണക്കിന് പേര് സ്‌പേസില്‍ പോയിട്ടുണ്ട്. അവരുടെ ആരുടേയും മതം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല ! പ്രസിദ്ധമായ ഒരു ഉപമയുണ്ട്. മതം നമ്മുടെ അടിവസ്ത്രം പോലെ സ്വകാര്യ വിഷയമാണ്. അടിവസ്ത്രം വേണമെങ്കില്‍ മുണ്ടിനടിയില്‍ ധരിയ്ക്കാം, വേണ്ടെങ്കില്‍ ധരിയ്ക്കാതിരിയ്ക്കാം. അതൊക്കെ അവരവരുടെ ഇഷ്ടം. എന്നാല്‍ മറ്റുള്ളവരെ കാണിയ്ക്കാന്‍ വേണ്ടി മുണ്ടിന് പുറത്ത് അത് ധരിയ്ക്കുന്നത് അഭംഗിയാണ്.

വാല്‍ക്കഷണം: ഏതായാലും രണ്ടു കോടി രൂപ ചെലവഴിച്ച് കാവിഷാള്‍ ധരിച്ച ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ സൃഷ്ടിയ്ക്കാന്‍ ഹിന്ദുസംഘടനകള്‍ തയ്യാറാവില്ല. മലയാളിയും പ്രശസ്ത സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഇതേ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് തന്റെ ഊഴം കാത്തിരിയ്ക്കുകയാണ് എന്ന് കേട്ടിട്ടുണ്ട്. എനിക്ക് പറയാനുള്ളത്, ഹിന്ദു സംഘടനാ നേതാക്കള്‍ സന്തോഷിനെ ഉടനെ കാണണം. ഒരു കാവിഷാളും, തലപ്പാവും, രാഖിയും അണിയിയ്ക്കണം. അദ്ദേഹത്തിന്റെ യാത്രയില്‍ അവ ധരിയ്ക്കാന്‍ അഭ്യര്‍ഥിയ്ക്കണം. അങ്ങനെ കാവി തലപ്പാവ് ധരിച്ച ആദ്യ ബഹിരാകാശ സഞ്ചാരി ഒരു മലയാളി ആയിക്കോട്ടെ ! എന്തേ ?

തോമസ് ജോണ്‍, വാന്‍കോര്‍

  comment

  LATEST NEWS


  ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


  സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


  ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.