×
login
പന്നികളുമായി മല്ലടിക്കരുത്; എന്റെ മാതൃഭൂമി ഭാരതമാണ്, മഷി മുക്കിയ മഞ്ഞകടലാസല്ല; ശവംതീനികള്‍ ഇതിലും ഭേദം; മാധ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എന്‍ പ്രശാന്ത്

ടി. ആര്‍.പി അല്ലെങ്കില്‍ ബിസിനസ്സ്/രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം തൊഴിലിനെ വില്‍പനച്ചരക്കാക്കി നിരപരാധികളായ പലരുടെയും ജീവിതം തീര്‍ത്തും നശിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തനമാണോ? ബിസിനസ്സ് സംരംഭം തകര്‍ക്കാന്‍ അവരുടെ എതിരാളിയില്‍ നിന്ന് അച്ചാരം വാങ്ങി പലവിധ പെയിഡ് ന്യൂസ് പടച്ച് വിടുന്ന നിരവധി കേസുകളുണ്ട്. വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ സംഘടിതമായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ നല്‍കി വേട്ടയാടല്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കളക്ടര്‍ ബ്രോ എന്‍ പ്രശാന്ത്.  ക്വാറിക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി സത്യസന്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജമായ വാര്‍ത്തകള്‍ അടിച്ചിറക്കിയ ശേഷം മുതലാളിമാരില്‍ നിന്ന് വേണ്ട പ്രതിഫലം പറ്റുന്ന ജീര്‍ണ്ണലിസ്റ്റുകളെ താന്‍ കണ്ടിട്ടുണ്ട്. ഇവരെ പേടിച്ച് ജീവിക്കുന്ന ഉദ്യോഗസ്ഥരെയും. തീര്‍ത്തും നിരുത്തരവാദപരമായ വാര്‍ത്ത അച്ചടിച്ച് സാധാരണക്കാരെ അപമാനിക്കുന്നവരുണ്ട്. ഇവര്‍ ചോദിക്കാനും പറയാനും ആളില്ല എന്ന് തോന്നുന്നവരുടെ മാനം പൊതുജന മധ്യത്തില്‍ പിച്ചിച്ചീന്തുന്നു. ശക്തി കുറഞ്ഞ മൃഗങ്ങളെയും മൃതപ്രായരായവരെയും കാത്തിരുന്ന് അക്രമിക്കുന്ന ശവംതീനികളാണ്  ഇതിലും ഭേദമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

 ടി. ആര്‍.പി അല്ലെങ്കില്‍ ബിസിനസ്സ്/രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം തൊഴിലിനെ വില്‍പനച്ചരക്കാക്കി നിരപരാധികളായ പലരുടെയും ജീവിതം തീര്‍ത്തും നശിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തനമാണോ? ബിസിനസ്സ് സംരംഭം തകര്‍ക്കാന്‍ അവരുടെ എതിരാളിയില്‍ നിന്ന് അച്ചാരം വാങ്ങി പലവിധ പെയിഡ് ന്യൂസ് പടച്ച് വിടുന്ന നിരവധി കേസുകളുണ്ട്. വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ സംഘടിതമായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇതിനായി ഒരു കൂട്ടായ്മ രൂപികരിക്കാനും അദേഹം ആഹ്വാനം നല്‍കിയിട്ടുണ്ട്.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

 

നല്ല മാധ്യമ പ്രവര്‍ത്തകരുണ്ട്. അവരിത് വായിച്ച് ബേജാറാവണ്ട.

ക്വാറിക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി സത്യസന്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജമായ വാര്‍ത്തകള്‍ അടിച്ചിറക്കിയ ശേഷം മുതലാളിമാരില്‍ നിന്ന് വേണ്ട പ്രതിഫലം പറ്റുന്ന ജീര്‍ണ്ണലിസ്റ്റുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇവരെ പേടിച്ച് ജീവിക്കുന്ന ഉദ്യോഗസ്ഥരെയും. തീര്‍ത്തും നിരുത്തരവാദപരമായ വാര്‍ത്ത അച്ചടിച്ച് സാധാരണക്കാരെ അപമാനിക്കുന്നവരുണ്ട്. ഇവര്‍ ചോദിക്കാനും പറയാനും ആളില്ല എന്ന് തോന്നുന്നവരുടെ മാനം പൊതുജന മധ്യത്തില്‍ പിച്ചിച്ചീന്തുന്നു. ശക്തി കുറഞ്ഞ മൃഗങ്ങളെയും മൃതപ്രായരായവരെയും കാത്തിരുന്ന് അക്രമിക്കുന്ന ശവംതീനികളാണ് (scavengers) ഇതിലും ഭേദം. ടി. ആര്‍.പി അല്ലെങ്കില്‍ ബിസിനസ്സ്/രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം തൊഴിലിനെ വില്‍പനച്ചരക്കാക്കി നിരപരാധികളായ പലരുടെയും ജീവിതം തീര്‍ത്തും നശിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തനമാണോ? ബിസിനസ്സ് സംരംഭം തകര്‍ക്കാന്‍ അവരുടെ എതിരാളിയില്‍ നിന്ന് അച്ചാരം വാങ്ങി പലവിധ paid news പടച്ച് വിടുന്ന നിരവധി കേസുകളുണ്ട്. വ്യക്തി വിരോധം തീര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷം ഉപയോഗിക്കുന്നത് ഇന്ന് സാധാരണയായിട്ടുണ്ട്. Spit and run അഥവാ തുപ്പിയിട്ട ശേഷം ഓടുക എന്നതാണ് മിക്കവരുടെയും രീതി. കോടതിയോടും വക്കീലന്മാരോടും നിയമ വ്യവസ്ഥയോടും ഇവര്‍ക്ക് പൊതുവില്‍ പുച്ഛമാണ്.

 

ഇത്തരം മാധ്യമ വേട്ടയാടല്‍ കാരണം ആത്മഹത്യ ചെയ്തവരും, ആത്മഹത്യയുടെ വക്കത്തെത്തിയവരും, മാനസിക വിഭ്രാന്തിയിലേക്ക് തള്ളപ്പെട്ടവരും ഉണ്ട്. തകര്‍ന്ന കുടുംബങ്ങളും ഉണ്ട്. അച്ഛനോ അമ്മയോ നഷ്ടപ്പെട്ടവരുണ്ട്. ഏതെങ്കിലും മാധ്യമം ഇത് റിപ്പോര്‍ട്ട് ചെയ്ത് കണ്ടിട്ടുണ്ടോ? കാണില്ല. നമ്മുടെ ചുറ്റിലും എത്രയോ അഭിനവ ചെറുചാരക്കേസുകളും അതിലേറെ മലീമസമായ മാധ്യമ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. നമുക്ക് അപകടം സംഭവിക്കാത്തത് വരെ, അങ്ങനൊന്നില്ല എന്ന് കരുതി ജീവിക്കുകയാണ് നമ്മളെല്ലാരും.  

ഇതിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുമ്പോഴാണ് ഇത്രയധികം മാധ്യമ ഇരകള്‍ പ്രബുദ്ധ കേരളത്തില്‍ ഉണ്ടെന്ന് അറിയുന്നത്. പുഴുത്ത് ചീഞ്ഞ കാര്യങ്ങളാണ് പലതും എന്ന് ഞാനറിഞ്ഞത് ഒരു മാധ്യമ സ്ഥാപനം എനിക്കെതിരെ മാനഹാനിയുണ്ടാക്കും വിധം വാര്‍ത്ത കൊടുത്ത് അതിലെന്റെ സ്വകാര്യ ഫോണ്‍ നമ്പറും ഈമെയില്‍ ഐഡിയും അച്ചടിച്ചപ്പോഴാണ്. എന്റെ സ്വകാര്യത നശിപ്പിക്കാന്‍ നിയമ വിരുദ്ധമായി അവര്‍ ചെയ്ത അതിബുദ്ധി കാരണമാണ് സാധാരണക്കാര്‍ ഇവരെക്കൊണ്ട് ഇത്രയേറെ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ഞാനറിഞ്ഞത്. അത്രയധികം പേരാണ് ഈ വിഷയം പറയാന്‍ എന്നെ ബന്ധപ്പെട്ടത്.

ഒരു ഗോഡ് ഫാദറുമില്ലാതെ സാധാരണ middle class കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് IAS ല്‍ വന്ന എന്നോട് കാണിക്കുന്ന പെരുമാറ്റവും സിവില്‍ സര്‍വ്വീസിലെ പ്രബലന്മാരായ അഴിമതി വീരന്മാരോട് കാണിക്കുന്ന മാധ്യമ വിധേയത്വവും ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍, എന്നെക്കാള്‍ ഇവരുടെ പീഢനം അനുഭവിക്കുന്ന ഒട്ടനവധിപ്പേരുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പണം വാങ്ങി, ചിലരുടെ വാര്‍ത്തകള്‍ മുക്കുകയും ഗതികേട് കൊണ്ട് അച്ചടിക്കേണ്ടി വരുമ്പോള്‍ 'പ്രമുഖന്‍' എന്നെഴുതുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പാവപ്പെട്ടവനെയും, തിരിച്ച് ഒന്നും ചെയ്യാന്‍ കെല്‍പ്പില്ലെന്ന് തോന്നുന്നവനെയും പരമാവധി എഴുതി നശിപ്പിക്കാന്‍ എന്താണ് കാരണം?  

സിമ്പിള്‍. 'നീയൊന്നും ഒന്നുമല്ല, ഞങ്ങളെ തൊടാന്‍ നീയൊന്നും വളര്‍ന്നിട്ടില്ല' എന്ന അഹംഭാവം. രാഷ്ട്രീയക്കാരുമായുള്ള 'നീര റാഡിയ മോഡല്‍' ലോബിയിംഗ് ബന്ധം ഇവര്‍ക്ക് ഇല്ലാത്ത ശക്തി ഉള്ള പോലെ തോന്നിക്കും. എന്തുമാവാം എന്ന ധാര്‍ഷ്ട്യം.  

എന്നാലൊരു മുന്‍കാല വക്കീലെന്ന നിലയില്‍ പറയട്ടെ, ശക്തമായ പ്രതിവിധികള്‍ നിയമത്തിലുണ്ട്. അതെങ്ങനെ ചെയ്യണം എന്നറിയാത്തത് കൊണ്ടോ, വലിയ ചെലവേറിയ പരിപാടി ആണെന്ന ധാരണ കൊണ്ടോ, ഈ മാധ്യമ പ്രവര്‍ത്തകര്‍ തുടര്‍ന്നും ഉപദ്രവിക്കുമോ എന്ന ഭയം കൊണ്ടോ ഒക്കെയാണ് ആരും ഇതിന് മുതിരാത്തത്. മാന്യമായ ജീവിതം നയിക്കുന്ന പലരും മാധ്യമ ഗുണ്ടകളുടെ അക്രമം കണ്ട് ഭയചകിതരായി ഉള്‍വലിഞ്ഞ് പോകാറാണ് പതിവ്. സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ആര്‍ക്കാണ് ഭയമില്ലാത്തത്? ഞാനുള്‍പ്പെടെയുള്ളവര്‍ പലപ്പോഴും 'ങാ.. ഏതായാലും കഴിഞ്ഞില്ലേ .. നമുക്ക് വേറെ നൂറ് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' എന്ന ഒരു 'വിശാല ഹൃദയവും' പലപ്പോഴും എടുത്തിട്ടുണ്ട്. ശുദ്ധ ഔദാര്യം.

 

ഇരകള്‍ ഒരു കാര്യം മാത്രം മനസ്സിലാക്കുക - നിങ്ങള്‍ക്ക് മാനഹാനി വരുത്തുന്ന വിധത്തില്‍ ഒരു വാര്‍ത്ത അച്ചടിച്ചു/telecast ചെയ്ത് കഴിയുന്ന നിമിഷം മുതല്‍ ആ മാധ്യമ സ്ഥാപനവും മാധ്യമപ്രവര്‍ത്തകനും കുറ്റവാളികളായി കഴിഞ്ഞു. ഇനി ഭയപ്പെടേണ്ടത് അവരാണ്. നിങ്ങളല്ല. നിയമപരമായി കൃത്യമായി നീങ്ങിയാല്‍ തടവും പിഴയും മാത്രമല്ല, ഭീമമായ നഷ്ടപരിഹാരവും തരാന്‍ അവര്‍ ബാധ്യസ്ഥരാണ്. നിയമ പരിജ്ഞാനം ലവലേശം ഇല്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ അടിച്ചു വിടുന്നത് എന്നും മനസ്സിലാക്കുക. പൂര്‍ണമായ തെളിവ് സഹിതം കൊലപാതകം നടത്തുന്നത് പോലെയാണ് ഇവരുടെ വാര്‍ത്താറിപ്പോര്‍ട്ടുകള്‍. വക്കീലിനും കോടതിക്കും വലിയ പണിയൊന്നും ചെയ്യേണ്ടതായിട്ടില്ല - വാര്‍ത്ത ഒന്ന് വായിച്ചാല്‍ മതി! ഒന്നോ രണ്ടോ നല്ല കേസ് വന്നാല്‍ മാധ്യമസ്ഥാപനം തന്നെ പൂട്ടി പോകാനും മതി. മിക്ക മാധ്യമ സ്ഥാപനങ്ങളും ഊതി പെരുപ്പിച്ച ബലൂണ്‍ മാത്രമാണ് എന്നത് ഇരകള്‍ക്ക് അറിയില്ല. നിങ്ങളില്‍ പലരുടെയും ഔദാര്യത്തിലാണ് അവരുടെ നിലനില്‍പ്പ് പോലും.  

ഇത്തരം കേസുകളില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടി എടുക്കാന്‍ സാധിക്കും. ക്രിമിനല്‍ കേസ് നടത്താന്‍ വലിയ ചെലവൊന്നുമില്ല എന്ന് ആദ്യം മനസ്സിലാക്കുക. നല്ല ക്ലിയര്‍ കേസില്‍ തടവും പിഴയും ഉറപ്പായും വാങ്ങി കൊടുക്കാന്‍ സാധിക്കും. സിവില്‍ കേസ് നടത്തുന്നത് ഒരുതരം ഇന്‍വെസ്റ്റ്‌മെന്റ് ആയി കണ്ടാലും നന്നായിരിക്കും. 100% അനുകൂല വിധി കിട്ടാവുന്ന കേസുകളില്‍ പോലും ആരും കേസ് കൊടുക്കാറില്ല എന്നത് എന്ത് മണ്ടത്തരമാണ്! 10% മാത്രം കോര്‍ട്ട് ഫീസ് ഇനത്തില്‍ മുടക്കിയാല്‍ ഭീമമായ റിട്ടേണ്‍സ് കിട്ടുന്ന ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആയി അതിനെ പുനര്‍വിചിന്തനം ചെയ്താല്‍ സിവില്‍ കേസിന് മുടക്കുന്ന തുക ഒന്നുമല്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങള്‍ വിചാരിക്കുന്ന പോലെ അത്രക്ക് കാലതാമസവും ഒന്നുമില്ല. ഒരു നല്ല വക്കീലിനെ കേസ് ഏല്‍പ്പിച്ച് ക്ഷമയോടെ നമ്മുടെ നിത്യജീവിതവുമായി മുന്‍പോട്ട് പോയാല്‍ മതി.

ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു നല്ല വാര്‍ത്ത. ഒരു മാധ്യമത്തിലും ഈ വാര്‍ത്തവരാന്‍ സാധ്യത ഇല്ല .  

 

വേട്ടയാടപ്പെട്ട 'മാധ്യമ ഇരകള്‍ക്ക്'  സമചിത്തത വീണ്ടെടുക്കാന്‍ വേണ്ട സന്ദര്‍ഭത്തില്‍ കൗണ്‍സലിംഗും, കേസ് നടത്താന്‍ വേണ്ട നിയമോപദേശവും മറ്റും സൗജന്യമായി നല്‍കാന്‍ പ്രഗല്‍ഭരുടെ ഒരു കൂട്ടായ്മ സജ്ജമായതിന്റെ സന്തോഷം പങ്ക് വെക്കട്ടെ. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ മികച്ച അഭിഭാഷകരുടെ നിയമ സഹായം ലഭ്യമാക്കാനുള്ള സംവിധാനം.Defamation (civil&criminal) കേസുകളില്‍ specialise ചെയ്തവരുടെ താരനിരയാണ് നമുക്ക് വേണ്ടി സജ്ജമാവുന്നത്. മാധ്യമ ഇരകള്‍ക്കുള്ള സൗജന്യമായ End to end solution ആണ് വരുന്നത്. ഇരകള്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം.  മനശ്ശാസ്ത്രജ്ഞന്റെ സേവനം മുതല്‍, വേണ്ടി വന്നാല്‍ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പ് വരെ. ഈയൊരു സംരംഭത്തിന്റെ നടത്തിപ്പ് സുമനസ്സുക്കളായ പ്രഗല്‍ഭരുടെ കൂട്ടായ്മയിലൂടെയാണ് സാധ്യമാവുന്നത്. ഇനി, നാട്ടിലെ മാധ്യമം മാനഹാനി വരുത്തിയ അന്യനാട്ടിലെ പ്രവാസിയാണെങ്കില്‍ എന്ത് ചെയ്യും? അതിനും പരിഹാരമുണ്ട്. ഓണ്‍ലൈനായി വിദേശത്ത് വച്ച് നിങ്ങള്‍ക്കത് കാണാനായാല്‍ അവിടത്തെ കോടതിയില്‍ കേസ് നടത്താം. ഒരു പക്ഷേ അതിവേഗം, വലിയ നഷ്ടപരിഹാരത്തുക കൈക്കലാക്കുകയും ചെയ്യാം. വിദേശങ്ങളിലുള്ള പ്രഗല്‍ഭ അറ്റോര്‍ണികള്‍ നിങ്ങളെ സഹായിക്കാനുണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സ്വയം പ്രഖ്യാപിത പ്രതികരണത്തൊഴിലാളികളെയും നിയമത്തിന് മുമ്പില്‍ എത്തിക്കാനാവും. (എന്റെ അഭിപ്രായത്തില്‍ ചെറു ചവറുകളെ ബ്ലോക്കാക്കിയാല്‍ മതി. വല്ലാതെ ശല്യം ചെയ്യുന്നവരെ മാത്രം പിടിക്കുക.)  

എനിക്ക് വന്ന അനേകം ഫോണ്‍ കോളുകളില്‍ ഒന്നിലൂടെയായിരുന്നു ഈ ആശയത്തിന്റെ തുടക്കം. സ്വന്തം മകനെതിരെ ഒരു മാധ്യമ സ്ഥാപനം ഫ്രണ്ട് പേജില്‍ പടച്ച് വിട്ട 100% വ്യാജമായ വാര്‍ത്ത കണ്ട് ഭയന്ന് മാനസികനില തെറ്റിയ ഒരമ്മയെക്കുറിച്ച് സംസാരിക്കാന്‍ എന്നെ വിളിച്ചത് ആ മകന്‍ തന്നെയായിരുന്നു.  

 

ആ വാര്‍ത്ത ഞാനും വായിച്ചിരുന്നു. അയാള്‍ യാഥാര്‍ത്ഥ്യം പറയും വരെ എന്റെ മനസ്സിലും അയാളൊരു തെറ്റുകാരനായിരുന്നു. ആ മാധ്യമം ഇന്നേവരെ യാഥാര്‍ത്ഥ്യം പറഞ്ഞ് തിരുത്തുകയോ, മാപ്പ് പറയുകയോ ചെയ്തിട്ടില്ല. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച്, അവിടെ നിന്ന് ശക്തനായി മടങ്ങിവന്ന ആ മകനാണ് ഈ ആശയം യാഥാര്‍ത്ഥ്യമാവാന്‍ കാരണം.

ഇംഗ്ലീഷില്‍ പറയാറുണ്ട്, don't wrestle with pigs എന്ന്. കാരണം നിങ്ങളുടെ ദേഹവും ചെളിയില്‍ മലീമസമാവും. But there is always a technique to handle even the dirtiest pigs. അവരുടെയൊന്നും നിലവാരത്തിലേക്ക് ഇറങ്ങാതെ, വളരെ മാന്യമായി, കേരളത്തിലെ മാധ്യമ സംസ്‌കാരത്തെ ഒരല്പമെങ്കിലും നിയമം പഠിപ്പിക്കാന്‍ നിങ്ങള്‍ക്കും കൂടാം. സ്‌നേഹത്തോടെ മതി. വെറുപ്പോ വൈരാഗ്യമോ വിദ്വേഷമോ ഇല്ലാതെ. നിയമപ്രകാരം, ക്ഷമയോടെ, കേസുകള്‍ ഓരോന്നും ഒന്നൊന്നായി എടുത്ത്. Because we should not become like pigs. Be like the lion that waits to pounce on the hunt.വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്ന നിയമലംഘനത്തെ നിയമപരമായി നേരിടാനുള്ള കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം. നിങ്ങളൊരു മാധ്യമ ഇരയോ ഈ ആശയവുമായി സഹകരിക്കാന്‍ താല്‍പര്യപ്പെടുന്ന നിയമവിദദ്ധയോ  മനശ്ശാസ്ത്രജ്ഞയോ ആണെങ്കില്‍ താഴെക്കാണുന്ന ഈ മെയിലില്‍ ബന്ധപ്പെടൂ. contact@mediavictims.org

ഏതെങ്കിലും ഇര നിയമനടപടികള്‍ എടുക്കുന്നു എന്ന് തോന്നുമ്പോള്‍ സെറ്റില്‍ ചെയ്യിക്കാന്‍ രാഷ്ട്രീയമായും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു പ്രത്യേക തരം സംഘവുമുണ്ട് കേരളത്തില്‍. ഇതിനെയെല്ലാം അതിജീവിക്കാന്‍ പറ്റുന്നവര്‍ നേതൃത്വം നല്‍കുന്ന സംവിധാനമാണ് വരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വെക്കുന്നതാണ്. ഈ സല്‍പ്രവൃത്തിക്ക് എന്റെ വക ഉല്‍ഘാടനക്കേസും സമര്‍പ്പയാമി. കാരണം എന്റെ മാതൃഭൂമി ഭാരതമാണ്, വെറും മഷി മുക്കിയ മഞ്ഞ കടലാസ്സല്ല.  

- പ്രശാന്ത്

  comment

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.