×
login
കറുത്ത ശരീരമുള്ളവരെല്ലാം ദലിതരാണെന്ന് ചിന്തിക്കുന്നു: മിണ്ടാതിരുന്നാല്‍ ജീവനോടെ ഇരിക്കാം: യുടോക്ക് ഉടമ ജോബി ജോര്‍ജ്ജിനെതിരെ മുന്‍ ജീവനക്കാരന്‍

രാജിവെച്ച ജീവനക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നും പ്രകാശിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോലീസിനെ സമീപിക്കുമെന്ന ഭീഷണി

കോട്ടയം: സഹപ്രവര്‍ത്തയെ ആക്രമിച്ചതിന്‍ പ്രിഷേധിച്ച് രാജിവെച്ച മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതായി ഡിജിറ്റല്‍ ചാനല്‍ യുടോക്കിലെ മുന്‍ ജീവനക്കാരന്‍. മദ്യപിച്ച ആള്‍ ഓടിച്ച് വാഹനത്തില്‍ കയറാന്‍ വനിതാ മാധ്യമ പ്രവര്‍ത്തക യ്യാറാകാതിരുന്നതിന്റെ പേരിലുണ്ടായ പ്രശ്‌നത്തില്‍ ഗ്രാഫിക് ഡിസൈനര്‍ക്ക് ഗുരുതര പരുക്കേറ്റു. അതിന്റെ പേരില്‍് ചാനലിലെ പ്രധാനികളായ ഉണ്ണി ബാലകൃഷ്ണന്‍, വേണു ബാലകൃഷ്ണന്‍ തുടങ്ങിയവരൊക്കെ സ്ഥാപനം വിട്ടു. സ്ഥാപന ഉടമ ജോബി ജോര്‍ജ്ജ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായിട്ടാണ് അരുണ്‍ ടി വിജയന്‍ രംഗത്തു വന്നത്.

രാജിവെച്ച ജീവനക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നും പ്രകാശിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോലീസിനെ സമീപിക്കുമെന്ന  ഭീഷണിയുണ്ടെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

'ഉടമ ജോബി ജോര്‍ജ്ജിന് മുസ്ലിംങ്ങളോടും ദലിതരോടും കടുത്ത വിരോധമാണ്്. കറുത്ത ശരീരമുള്ളവരെല്ലാം ദലിതരാണെന്നും അയാള്‍ ചിന്തിക്കുന്നുട. മിണ്ടാതിരുന്നാല്‍ ജീവനോടെ ഇരിക്കാം എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റ്

Silence is compromiseഅഥവ മിണ്ടാതിരുന്നാല്‍ ജീവനോടെ ഇരിക്കാം

ഇക്കഴിഞ്ഞ സെപ്തംബര്‍ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള ഷിഫ്റ്റില്‍ കയറാന്‍ കല്ലറയിലുള്ള യൂടോക്കിന്റെ ഓഫീസിലെത്തിയതാണ് ഞാന്‍. എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന വേണു ചേട്ടനോട് അന്നത്തേക്ക് പ്ലാന്‍ ചെയ്ത സ്‌റ്റോറികളുടെ കാര്യം പറയാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ പോയി. സ്‌റ്റോറിയെല്ലാം കേട്ടപ്പോള്‍ നല്ല സ്‌റ്റോറിയാ നമുക്ക് ഇന്ന് തന്നെ ഇത് ചെയ്യാം എന്ന് പറഞ്ഞ് വേണുച്ചേട്ടന്‍ ദയനീയമായി എന്നെ നോക്കി.

ഒന്ന് എംഡിയെ കാണൂ.. കേള്‍ക്കാന്‍ പോകുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെങ്കിലും ആ തീരുമാനം മാറ്റിയെടുക്കാന്‍ പറ്റണം എന്ന് പറഞ്ഞു. എന്തോ പ്രശ്‌നമുണ്ടെന്ന് അപ്പോള്‍ തന്നെ തോന്നി. എംഡി ജോബി ജോര്‍ജ്ജ് തടത്തില്‍ എന്ന വ്യക്തിയുടെ മുറിയില്‍ എത്തിയപ്പോള്‍ ചാനലിന്റെ എഡിറ്ററായിരുന്ന ഉണ്ണി സാറും ഉണ്ടായിരുന്നു. മുന്നുരകളൊന്നുമില്ലാതെ 'എനിക്ക് നിങ്ങളെയൊന്നും അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നില്ല. അതുകൊണ്ട് ആ രാജിക്കത്ത് ഇങ്ങ് എഴുതി തന്നേക്ക്' എന്നാണ് ജോബി പറഞ്ഞത്.

കുറച്ചധികം കാലമായി ജോലിയൊന്നും ഇല്ലാതിരുന്ന് വീണ്ടും ജോലിക്ക് കയറി ജീവിതം പതുക്കെയെങ്കിലും തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ചെറുതെങ്കിലും ഉള്ള ശമ്പളത്തിന് അവിടെ കയറിയത്. അതിനാല്‍ തന്നെ ആകെ സങ്കടമായി. ഏകദേശം കരഞ്ഞു പോകുന്ന സാഹചര്യവുമുണ്ടായി. ഒരു റീതിങ്കിന് സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ജോബി പറഞ്ഞത്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോഴും കാരണങ്ങളൊന്നുമില്ല തനിക്ക് താല്‍പര്യമില്ല എന്ന മറുപടി തന്നെയാണ് ലഭിച്ചത്. അതോടെ ഏറെ വിഷമത്തോടെ തന്നെ അവിടെ നിന്നും രാജിക്കത്ത് എഴുതി ഇറങ്ങുകയും ചെയ്തു. യൂടോക്കില്‍ നിന്നും രാജിവച്ച ആദ്യത്തെ ജേണലിസ്റ്റ് ആണ് ഞാന്‍. അന്ന് എനിക്കൊപ്പം രണ്ട് ക്യാമറമാന്മാരോടും തിരുവനന്തപുരം ബ്യൂറോ ചീഫിനോടും ഇയാള്‍ ഇതുപോലെ രാജിക്കത്ത് ആവശ്യപ്പെട്ടിരുന്നുവെന്ന് പിന്നീട് അറിഞ്ഞു. കുറച്ച് ദിവസം നല്ല സങ്കടമുണ്ടായിരുന്നു. ഇത് ആദ്യമായൊന്നുമല്ല എനിക്ക് ഒരു ജോലി ഉപേക്ഷിക്കേണ്ടി വരുന്നത്. അതിനെല്ലാം കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. ഒന്നുകില്‍ എന്റെ ഭാഗത്തോ അല്ലെങ്കില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് ഞാന്‍ കണ്ടെത്തുന്നതോ ആയ തെറ്റുകള്‍ ആയിരുന്നു കാരണം. അഴിമുഖത്തില്‍ മാത്രമാണ് അത്തരത്തില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ തുടര്‍ന്നത്.

മദ്യപിച്ചോ അല്ലാതെയോ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ആള്‍ തന്നെയാണ് ഞാന്‍. ജീവിതത്തിലെ ചില അനുഭവങ്ങള്‍ എന്നിലുണ്ടാക്കിയ ഫ്രസ്‌ട്രേഷന്‍ മൂലം പലപ്പോഴും പലരോടും അപമര്യാദമായി പെരുമാറുന്നതിനും കാരണമായിട്ടുണ്ട്. അതിനെയൊന്നും ന്യായീകരിക്കുന്നത് ശരിയല്ല. എന്ത് കാരണം കൊണ്ടാണെങ്കിലും എനിക്ക് പോലും ശരിയല്ലെന്ന് തോന്നുന്ന തെറ്റുകള്‍ തെറ്റ് തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം കാരണങ്ങള്‍ കൊണ്ടും എനിക്ക് ജോലി മുമ്പ് നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ ഇവിടെ സംഭവിച്ചത് ഇതൊന്നും അല്ല. മദ്യപിച്ച് ഒരിക്കല്‍ പോലും ജോലിക്ക് കയറിയിട്ടില്ല, ആരോടും അപമര്യാദമായി പെരുമാറിയിട്ടുമില്ല. പലപ്പോഴും രണ്ടും മൂന്നും ഷിഫ്റ്റുകള്‍ തുടര്‍ച്ചയായി ചെയ്യേണ്ടിയും വന്നിട്ടുണ്ട്. അതൊന്നും സാരമില്ലെന്ന് കരുതിയാണ് അവിടെ ജോലി ചെയ്തത്. ചെയ്ത ജോലി നിലവാരമുള്ളവയാണെന്ന് അവിടെ ഞാന്‍ ചെയ്ത വീഡിയോ സ്‌റ്റോറികള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും.  

പക്ഷെ അവിടെ പ്രത്യേകിച്ചും ജോബിയുടെ പെരുമാറ്റത്തില്‍ ഇഷ്ടപ്പെടാത്ത പലതുമുണ്ടായിരുന്നു. സാധാരണ ഗതിയില്‍ അതിനോടെല്ലാം പ്രതികരിക്കാറാണ് പതിവ്. എന്തിനാല്‍ അവിടെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത് തെറ്റായി പോയെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എന്തെങ്കിലും സംസാരിക്കുമ്പോള്‍ പേര് അറിയാമെങ്കിലും എല്ലാവരോടും വീണ്ടും പേര് ചോദിക്കുന്നത് അയാളുടെ പതിവാണ്. മുസ്ലിം അല്ലെന്ന് ഉറപ്പാക്കാനാണ് അത്. മുസ്ലിംങ്ങളോടും ദലിതരോടും കടുത്ത വിരോധമാണ് ആ മനുഷ്യനുള്ളത്. കറുത്ത ശരീരമുള്ളവരെല്ലാം ദലിതരാണെന്നും അയാള്‍ ചിന്തിക്കുന്നു.  


ഞാന്‍ അവിടെ നിന്നും പോരികയും ഒന്നര മാസത്തോളം തൊഴിലില്ലാതിരുന്ന് ഈമാസം ഞാന്‍ ആദ്യമായി ജോലി ചെയ്ത ജനയുഗത്തില്‍ വീണ്ടും കയറുകയും ചെയ്തു. ഈ മാസം അഞ്ചിന് യൂ ടോക്കിലെ ഒരു സഹപ്രവര്‍ത്തകന്‍ വിളിച്ചു. രണ്ടാം തിയതി രാത്രി അയാള്‍ സാക്ഷിയായ ഒരു ക്രൂരതയാണ് എന്നോട് പറഞ്ഞത്. എനിക്കും വ്യക്തിപരമായി അറിയാവുന്ന ആരെയും ഉപദ്രവിക്കാന്‍ തയ്യാറല്ലാത്ത ഒരു പയ്യനെ (അങ്ങനെ തന്നെ വിളിക്കാം. അവന് ഒരു 25 വയസേ കാണാനിടയുള്ളൂ) പികെപി എന്ന് എല്ലാവരും വിളിക്കുന്ന പികെ പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം ജോബിയുടെ ഗുണ്ടകളായി കൂടി പണിയെടുക്കുന്ന അവിടുത്തെ െ്രെഡവര്‍മാര്‍ ക്രൂരമായി തല്ലിച്ചതച്ച സംഭവമാണ് അവന്‍ പറഞ്ഞത്. 'അവന്റെ തല അടിച്ച് പൊട്ടിക്കട' അയാള്‍ പറഞ്ഞതെന്ന് അവിടെയുണ്ടായിരുന്ന എന്റെ സുഹൃത്ത് പറഞ്ഞിരുന്നു. (അനുഭവിച്ചവനെ വേദന അറിയൂ. അതിനാല്‍ അവന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല.) എന്നാണ് മദ്യപിച്ച് ലക്ക് കെട്ട് നില്‍ക്കുന്ന െ്രെഡവര്‍ക്കൊപ്പം താമസ സ്ഥലത്തേക്ക് പോകാന്‍ ഒരു ട്രെയിനി പെണ്‍കുട്ടി വിസമ്മതിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ആ പയ്യന്‍ ചെയ്ത തെറ്റ് ആ പെണ്‍കുട്ടിയുടെ പക്ഷത്ത് നിന്ന് സംസാരിച്ചതും. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെങ്കിലും ജോബിയുടെ ഭീഷണി മൂലം ഡിസ്ചാര്‍ജ്ജ് വാങ്ങി വീട്ടിലേക്ക് പോയി. പിറ്റേന്ന് തന്നെ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് അവന്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജി വച്ച് പോയി. രാജി വച്ച് പോയവരില്‍ പലരെയും ഭീഷണിയിലൂടെ തിരികെയെത്തിക്കാന്‍ അയാള്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇനി തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള മര്‍ദ്ദനമേറ്റ എന്റെ സുഹൃത്തിനും മറ്റ് രണ്ട് പേര്‍ക്കും ഒരു മാസം ജോലി ചെയ്ത ശമ്പളം പോലും കൊടുത്തിട്ടില്ല.

ഇതിനെല്ലാമപ്പുറത്താണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നും പ്രകാശിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോലീസിനെ സമീപിക്കുമെന്ന സൂചന നല്‍കിയുമൊക്കെയുള്ള ഭീഷണിയെന്നാണ് രാജിവച്ച എന്റെ പഴയ സഹപ്രവര്‍ത്തകരിലൊരാള്‍ പറയുന്നത്. പലര്‍ക്കും ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ പേടിയുണ്ട്. റിയല്‍ എസ്‌റ്റേറ്റും പലിശയും ഹോട്ടല്‍ ബിസിനസും സിനിമ നിര്‍മ്മാണവുമൊക്കെയായി നല്ല സ്വാധീനം മാത്രമല്ല, ഗുണ്ടകളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനും മടിയില്ലാത്തയാളാണ് ജോബി ജോര്‍ജ്ജ് തടത്തില്‍. രാജി വച്ച് പോയ സ്ത്രീപുരുഷ ജീവനക്കാരെ ബന്ധപ്പെടുത്തി കഥകള്‍ പ്രചരിപ്പിക്കുന്നതാണ് ഇപ്പോള്‍ യൂടോക്ക് ഡസ്‌കിലെ പ്രധാന പത്രപ്രവര്‍ത്തനമെന്നാണ് അറിയുന്നത്.  

ഏഷ്യാനെറ്റ് കാലം മുതല്‍ പിസിആര്‍ ഓപ്പറേറ്റ് ചെയ്ത് പരിചയമുള്ള ഒരു മുതിര്‍ന്ന എഡിറ്ററോട് പ്രകാശ് കഴിഞ്ഞ ദിവസം പറഞ്ഞത് ഇനി പിസിആറില്‍ കയറണ്ട എന്നാണ്. അവിടുത്തെ പല പ്രശ്‌നങ്ങളിലും എതിര്‍പ്പുണ്ടെങ്കിലും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ ആ മനുഷ്യന്‍ നിവൃത്തികേട് കൊണ്ട് അവിടെ തുടരുകയായിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള ആ മനുഷ്യന്‍ കരഞ്ഞ് പോയി. ഫോണിലൂടെ കാര്യങ്ങളും ആ കരച്ചിലും കേട്ട ഞാനും.

യൂടോക്കില്‍ നിലവാരമില്ലാത്ത ഉപകരണങ്ങളാണ് വാങ്ങി വച്ചിരുന്നതെങ്കിലും അതിഗംഭീര സ്റ്റുഡിയോയും കെട്ടിടവുമാണ് ഉള്ളത്. ആ സ്റ്റുഡിയോ ഫ്‌ളോര്‍ നിര്‍മ്മിച്ചത് ഒരു മുതിര്‍ന്ന ആര്‍കിടെക്ട് ആണ്. സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി ഫ്‌ളോര്‍ തീര്‍ത്തുകൊടുത്തിട്ടും അദ്ദേഹത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബില്‍ ജോബി ക്ലിയര്‍ ചെയ്തിട്ടില്ലെന്നും ഇന്ന് അവിടുത്തെ ഒരു പഴയ മാനേജ്‌മെന്റ് ജീവനക്കാരനില്‍ നിന്നും അറിയാനായി. ജീവനക്കാരെയെല്ലാം അടിമകളായി കാണുന്നതാണ് ജോബിയുടെ രീതി. അതുകൊണ്ടാണ് എന്താണ് കാരണമെന്നോ കാര്യമെന്നോ പറയാതെ ജീവനക്കാരെ രാജിവയ്പ്പിക്കുന്നത്. ഒന്നുകില്‍ രാജി ആവശ്യപ്പെടും അല്ലെങ്കില്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കും. സമൂഹത്തില്‍ ഒരു അതിക്രമം നടന്നാല്‍ അത് ലോകത്തെ അറിയിക്കേണ്ടവനാണ് മാധ്യമപ്രവര്‍ത്തകന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നിട്ടും ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ഇത്തരത്തില്‍ അടിച്ചമര്‍ത്തലുകള്‍ക്കും അക്രമങ്ങള്‍ക്കും ജോബിയുടെ തേരാളിയായി നില്‍ക്കുന്നത്.

ഇത്രയും കാലം ഇതൊന്നും പറയാതിരുന്നത് ജോബിയെയോ പ്രകാശിനെയോ പേടിച്ചിട്ടല്ല. അവെര പോലുള്ള തേര്‍ഡ് റേറ്റുകളെ പേടിക്കേണ്ട കാര്യവും എനിക്കില്ല. പക്ഷെ വേണു ചേട്ടനോടും ഉണ്ണി സാറിനോടുമുള്ള ബഹുമാനം മൂലം അവര്‍ അവിടെയുള്ളിടത്തോളം കാലം ഇതൊന്നും പുറത്ത് പറയേണ്ടെന്ന് തോന്നി. എന്നാല്‍ ഇന്ന് അവര്‍ രണ്ട് പേരും സ്ഥാപനം വിട്ടുവെന്ന് വാര്‍ത്ത കണ്ടു. അതാണ് ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം തുറന്നു പറയാന്‍ തീരുമാനിക്കാന്‍ കാരണം.  

യൂ ടോക്കിന്റെ ടാഗ് ലൈന്‍ സൈലന്‍സ് ഈസ് കോംപ്രമൈസ് എന്നാണ്. അതെ മിണ്ടാണ്ടിരുന്നാല്‍ ജീവനോടെയിരിക്കാം.

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.