×
login
ബാര്‍ട്ടി വിരമിച്ചു; വിരമിക്കല്‍ ഒന്നാം നമ്പറില്‍ നില്‍ക്കെ; 25-ാം വയസില്‍ ടെന്നീസ് കോര്‍ട്ട് മതിയാക്കി ആഷ്‌ലി ബാര്‍ട്ടി

44 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തം നാട്ടുകാരി നേടിയെടുക്കുന്ന കാഴ്ച ഓസ്‌ട്രേലിയക്കാര്‍ ഇന്നും മറന്നിട്ടുണ്ടാകില്ല. ഗ്രാന്‍ഡ്സ്ലാമുകള്‍ നേരത്തെ നേടിയിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ചരിത്ര നേട്ടത്തിലൂടെയാണ് ബാര്‍ട്ടി ജനകീയയായത്.

സിഡ്‌നി: ടെന്നീസ് മേഖലയ്ക്ക് ഇന്നലെ ഞെട്ടലിന്റെ ദിനമായിരുന്നു. പുതുതലമുറയിലെ ഏറ്റവും വലിയ സൂപ്പര്‍ താരമായി കണക്കാക്കപ്പെട്ട ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. കിരീടങ്ങള്‍ വാരിക്കൂട്ടി മടുത്തില്ല, ഒന്നാം നമ്പറില്‍ വിശ്വവിജയിയെപോലെ ആഘോഷിക്കുകയായിരുന്നു... ടെന്നീസ് പ്രേമികള്‍ക്ക് അവിശ്വസിക്കാന്‍ കാരണങ്ങളേറെ.

44 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തം നാട്ടുകാരി നേടിയെടുക്കുന്ന കാഴ്ച ഓസ്‌ട്രേലിയക്കാര്‍ ഇന്നും മറന്നിട്ടുണ്ടാകില്ല. ഗ്രാന്‍ഡ്സ്ലാമുകള്‍ നേരത്തെ നേടിയിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ചരിത്ര നേട്ടത്തിലൂടെയാണ് ബാര്‍ട്ടി ജനകീയയായത്. ഏറെ ആഗ്രഹിച്ച, മോഹിച്ച നേട്ടം സ്വന്തമാക്കി. നേടാന്‍ ഇതിലും വലിയ ആഗ്രഹം ഇല്ല. ഇതായിരുന്നു വിരമിക്കല്‍ വീഡിയോയില്‍ ബാര്‍ട്ടി പ്രതികരിച്ചത്. വൈകാരികമായി ആരാധകരോട് വിരമിക്കല്‍ വാര്‍ത്ത പങ്കുവച്ച ബാര്‍ട്ടി തന്നില്‍ ഇനിയൊന്നും ബാക്കിയില്ലെന്നും സാധിക്കുന്നതെല്ലാം രാജ്യത്തിന് നല്‍കിയെന്നും പറഞ്ഞു.  


ചെറുപ്പത്തിലേ ടെന്നീസ് കോര്‍ട്ടില്‍ പാറിനടന്ന ബാര്‍ട്ടി 15-ാം വയസില്‍ ജൂനിയര്‍ വിമ്പിള്‍ഡണ്‍ ചാമ്പ്യനായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ടെന്നീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പകരം ക്രിക്കറ്റിനോട് കൈകൊടുത്തു. ആളുകളെ ഞെട്ടിക്കുകയെന്ന കുസൃതി ചെറുപ്പം മുതല്‍ ശീലമാക്കിയിരിക്കാം ബാര്‍ട്ടി.

വനിതാ ബിഗ്ബാഷ് ലീഗില്‍ ബ്രിസ്‌ബേയ്ന്‍ ഹീറ്റിനൊപ്പം കളിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഒറ്റ സീസണ്‍ മാത്രമാണ് ക്രിക്കറ്റില്‍ നിന്നത്. ടെന്നീസിലേക്ക് തിരിച്ചെത്തിയ താരം കഠിന പ്രയത്‌നത്തിലൂടെ പടികള്‍ കയറിത്തുടങ്ങി. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടി ആദ്യ ഗ്രാന്‍ഡ്സ്ലാം. പിന്നീട് ലോക ഒന്നാം നമ്പറില്‍. വിംബിള്‍ഡണും ഓസ്‌ട്രേലിയന്‍ ഓപ്പണും നേടി കരുത്ത് കാട്ടി. വിജയങ്ങള്‍ ഒരുപാട് കാത്തിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഈ വിരമിക്കല്‍ കാലത്തിന് വിപരീതമായില്ലേ എന്ന സംശയം ബാക്കി.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.