×
login
ബൈല്‍സ്, നീ തനിച്ചല്ല

സിമോണ്‍ ബൈല്‍സ് ഒരു പ്രതകീകമാണ്. കായിക രംഗത്തെ മനസ്സമ്മര്‍ദത്തിന്റെ പ്രതീകം. ഗഌമറിന്റെ പ്രഭാപൂരത്തില്‍ നില്‍ക്കുന്ന ചാംപ്യന്‍മാരുടെ നക്ഷത്ര പ്രഭ മാത്രമേ നമ്മുടെയൊക്കെ മനസ്സിലുള്ളു. അവര്‍ മനസ്സില്‍ പേരുന്ന സമ്മര്‍ദത്തിന്റെ ഭാരം നമ്മള്‍ അറിയുന്നില്ലല്ലോ.

സിമോണ്‍ ബൈല്‍സ് ഒരു പ്രതീകമാണ്. കായിക രംഗത്തെ മനസ്സമ്മര്‍ദത്തിന്റെ പ്രതീകം. ഗഌമറിന്റെ പ്രഭാപൂരത്തില്‍ നില്‍ക്കുന്ന ചാംപ്യന്‍മാരുടെ നക്ഷത്ര പ്രഭ മാത്രമേ നമ്മുടെയൊക്കെ മനസ്സിലുള്ളു. അവര്‍ മനസ്സില്‍ പേറുന്ന സമ്മര്‍ദത്തിന്റെ ഭാരം നമ്മള്‍ അറിയുന്നില്ലല്ലോ. വേദിയില്‍ വന്‍ ഭാരമുയര്‍ത്തുന്ന ഭാരോദ്വാഹകര്‍ പോലും ചിലപ്പോള്‍ മനസ്സിലെ ഭാരം താങ്ങാനാവാതെ വീണുപോകും. ടോക്കിയോ ഒളിംപിക്‌സിന്റെ പ്രസന്ന മുഖമായിരുന്നു അമേരിക്കന്‍ ജിംനാസ്റ്റ് സിമേണ്‍ ബൈല്‍സ്. ഉറച്ച സ്വര്‍ണത്തിലേയ്ക്കുള്ള അമേരിക്കന്‍ ടീമിന്റെ ഫൈനല്‍  യാത്രയ്ക്കിടയിലാണ്, എനിക്കിതു താങ്ങാനാവില്ല എന്ന നിലയില്‍ അവള്‍ പിന്‍മാറിയത്. അന്നു തന്നെയാണ് ജപ്പാന്റെ ടെന്നിസ് താരം നവോമി ഒസാക്ക തോറ്റു മടങ്ങിയതും. ടെന്നിസ് കളത്തില്‍ തോറ്റത് എതിരാളിയോടാണെങ്കിലും തന്നെ തോല്‍പിച്ചത് മാനസിക സമ്മര്‍ദ്ദം തന്നെയാണെന്ന് പിന്നീട് ഒസാക്കയും സൂചിപ്പിക്കുന്നു.

കാത്തി ഫ്രീമാന്‍,       മാരി ജോ പെരക് 

ഇവരിരുവരും കായിക ലോകത്തു തനിച്ചല്ല. പ്രതീക്ഷകളുടെ ഭാരവും പരാജയത്തിന്റെ ഭീതിയും മാധ്യമ പ്രചാരണത്തിന്റെ സമ്മര്‍ദ്ദവും താങ്ങാനാവാതെ തളര്‍ന്നു വീണവര്‍ പലരുണ്ട്. സമ്മര്‍ദം താങ്ങാതെ ഒരു ഒളിംപിക്‌സില്‍ നിന്നു തന്നെ മടങ്ങിപ്പോയവളാണ് ഫ്രാന്‍സിന്റെ മാരി ജോ പെരക് എന്ന  ട്രാക്ക് അത്‌ലിറ്റ്. 400 മീറ്ററില്‍ മുടിചൂടാത്ത റാണിയായി വാണ മാരിയെ ബാധിച്ചത് ശക്തയായ ഒരു എതിരാളിയോട് ഏറ്റുമുട്ടുന്നതിന്റെ സമ്മര്‍ദ്ദമായിരുന്നു. ഓസ്‌ട്രേലിയയുടെ കാത്തി ഫ്രീമാനായിരുന്നു ആ എതിരാളി. ലോകഒളിംപിക് ചാംപ്യനായിരുന്ന മാരി പങ്കെടുക്കാത്ത ലോക അത്‌ലറ്റിക്‌സില്‍ കാത്തി സ്വര്‍ണം കൊയ്‌തെടുത്തപ്പോള്‍ വാശിയോടെ വെല്ലു വിളിച്ചതാണ് മാരി. താന്‍ ഇല്ലാത്തതുകൊണ്ടു മാത്രമാണ് കാത്തിക്ക് അതു സാധിച്ചത് എന്നും പിന്നാലെ വരുന്ന സിഡ്‌നി 2000 ഒളിംപിക്‌സില്‍ വാ കാണിച്ചുതരാം എന്നുമായിരുന്നു വെല്ലുവിളി. താന്‍ ട്രാക്കില്‍ മല്‍സരിക്കാനേയുള്ളു വെല്ലുവിളിക്കാനില്ലെന്നു കാത്തി. ആ പോരു കൊഴുത്തു. മാധ്യമങ്ങള്‍ ഏറ്റു പിടിച്ചു. സിഡ്‌നിയിലെ വമ്പന്‍ പോരാട്ടം എന്നമട്ടില്‍ ആ 400 മീ. മല്‍സരം കത്തിക്കയറി. കാത്തിക്കുമുണ്ടായിരുന്നു നല്ല സമ്മര്‍ദം. 1984നു ശേഷമുള്ള ആദ്യ ട്രാക്ക് സ്വര്‍ണം ഓട്രേലിയയക്കാര്‍ കാത്തിയിലൂടെ സ്വപ്‌നം കണ്ടു. അതോടെ രണ്ടു പേര്‍ക്കും വിജയം അഭിമാനപ്രശ്‌നമായി. ഇരുവര്‍ക്കും തോല്‍ക്കാന്‍ വയ്യാത്ത അവസ്ഥ. ഒളിംപിക്‌സ് തുടങ്ങിയതോടെ മാരിയുടെ വരവിനായി മാധ്യമങ്ങള്‍ കാത്തിരുന്നു. മാരി വന്നു. ആര്‍ക്കും മുഖം കൊടുക്കാതെ രണ്ടു നാള്‍ ഹോട്ടല്‍ മുറിയില്‍ അടച്ചിരുന്നു. പിന്നെ അരോടും മിണ്ടാതെ നേരെ നാട്ടിലേയ്ക്കു വിമാനം കയറി. ആ ഒളിംപിക്‌സിലെ ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു ആ ഒളിച്ചോട്ടം. ആരോ തന്നെ രഹസ്യമായി നിരീക്ഷിക്കുന്നെന്നും ജീവനു ഭീഷണിയുണ്ടെന്നുമൊക്കെയാണ് ആ മുങ്ങലിനു കാരണമായി മാരി പറഞ്ഞത്.

പക്ഷേ കാത്തിയുടെ സമ്മര്‍ദ്ദം തീര്‍ന്നില്ല. ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയുടെ ഭാരം പേറിയ താരം ആ 400 മീറ്റര്‍ ഓടി ജയിച്ചത് കാണേണ്ട കാഴ്ചയായിരുന്നു. ഫിനിഷിങ് ലൈന്‍ കടന്നതിനു പിന്നാലെ ട്രാക്കില്‍ ഒരു ഇരുപ്പിരുന്നു. വര്‍ഷങ്ങള്‍ മനസ്സില്‍ ചുമന്നു നടന്ന ഭാരം ഇറക്കിവച്ച ആശ്വാസത്തോടെ. കാത്തിയുടെ ആ ഇരിപ്പും സ്‌റ്റേഡിയത്തില്‍ കത്തിപ്പടര്‍ന്ന ആവേശവും മറക്കില്ല. അതിനു വല്ലാത്തൊരു വൈരുദ്ധ്യമുണ്ടായിരുന്നു. ആരാധകരുടെ ആഘോഷത്തിനു നടുവില്‍ താരങ്ങള്‍ നേരിടുന്ന വേദനയും ഭാരവും അന്നു വ്യക്തമായി ആ മുഖത്തു കണ്ടു. അതാണ് ഓരോ കായിക താരവും മനസ്സില്‍ കൊണ്ടു നടക്കുന്നത്. ചിലര്‍ അടിപ്പെട്ടു പോകും, ബൈല്‍സിനേയും മാരിയേയും പോലെ. ചിലര്‍ പിടിച്ചു നില്‍ക്കും, കാത്തിയെപ്പോലെ.

സുശാന്തിക, ദമയന്തി ദര്‍ഷ

ഏഷ്യന്‍ ഗെയിംസില്‍ നാട്ടുകാരിയായ ദമയന്തി ദര്‍ഷയുമായി വാക്ക് പോരിലേര്‍പ്പെട്ട ശ്രീലങ്കയുടെ സുശാന്തികയ്ക്കുമുണ്ട് അത്തരമൊരു കഥ. 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിസില്‍ സുശാന്തിക 100, 200 മീറ്ററുകളില്‍ മല്‍സരിക്കുന്നു. ദമയന്തി 200, 400 മീറ്ററുകളിലും. ഇരുവരും ഒരുമിച്ചു വരുന്ന 200 മീറ്റര്‍ ആരു നേടുമെന്നതായിരുന്നു പ്രശ്‌നം. കോച്ചുകളുടെ പരസ്പരപ്പോര് താരങ്ങളുടെ പോരായി മാറി. വെല്ലുവിളിയുമായി. സുശാന്തികയാണെങ്കില്‍ നല്ല ഗഌമറില്‍ നില്‍ക്കുന്ന സമയവും. മാധ്യമങ്ങള്‍ അതും നന്നായി ആഘോഷിച്ചു. 100 മീറ്റര്‍ ജയിച്ചിട്ടും പരുക്കിന്റെ പിരുപറഞ്ഞ് 200 മീറ്ററിലെ പോരാട്ടം ഒഴിവാക്കി സുശാന്തിക കൊളംബോയിലേയ്ക്കു മടങ്ങി. 200 മീറ്ററും 400 മീറ്ററും ജയിച്ചു ദമയന്തി ട്രാക്കിലെ റാണിയാവുകയും ചെയ്തു. പക്ഷേ, രണ്ടുവര്‍ഷം കഴിഞ്ഞ് ഒളിംപിക്‌സ് വെങ്കല മെഡലോടെ സുശാന്തിക ഗഌമര്‍ തിരിച്ചു പിടിച്ചു.

1984 ലോസാഞ്ചലസ് ഒളിംപിക്‌സിലെ വനിതാ 3000 മീറ്ററും കണ്ടു മനസ്സമ്മര്‍ദ്ദത്തിന്റെ പതനം. തൊട്ടുമുന്‍പത്തെ മോസ്‌കോ ഒളിംപിക്‌സ്, അമേരിക്കന്‍ ചേരി ബഹിഷ്‌കരിച്ചതിനാല്‍ നഷ്ടപ്പെട്ട സ്വര്‍ണം നാട്ടില്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചിറങ്ങിയ അമേരിക്കയുടെ മേരി ഡക്കര്‍ സ്ലാനിക്ക് ഏവരും വിജയം ഉറപ്പിച്ചു. വെല്ലുവിളിയുമായി എത്തിയത് ബ്രിട്ടനുവേണ്ടി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്കാരി സോള ബഡ്. ഒളിംപിക്‌സിന്റെ പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട മല്‍സരം പകുതിയാകും മുന്‍പ് മേരി ട്രാക്കില്‍ വീണു വേദനകൊണ്ടു പുളഞ്ഞു പുറത്തായി. തൊട്ടുപിന്നിലുണ്ടായിരുന്ന സോള മനപ്പൂര്‍വം വീഴ്ത്തിയാണെന്ന് ആയിരുന്നു ആദ്യ ധാരണ. അതിന്റെ ഷോക്കോ കുറ്റബോധമോ എന്തോ സോളബഡും പതറി. നാലാമതായിപ്പോയി.

മൈക്കിള്‍ ജോണ്‍സണും മൗറിസ് ഗ്രീനും 

മൗറിസ് ഗ്രീനും മൈക്കിള്‍ ജോണ്‍സണും തമ്മിലുള്ള 200 മീറ്റര്‍ ഗഌമര്‍ പോരാട്ടത്തില്‍ ഇരുവരും കാലിലെ മസില്‍പുള്‍ കാരണം പുറത്തായത് സിഡ്‌നി ഒളിംപിക്‌സിനു മുന്‍പത്തെ അമേരിക്കന്‍ നാഷണല്‍ മീറ്റിലായിരുന്നു. അമേരിക്കയുടെ ഒളിംപിക്‌സ് സെലക്ഷന്‍ മീറ്റാണ് അവരുടെ നാഷണല്‍ മീറ്റ്. അവിടെയും വില്ലന്‍ ആരു ജയിക്കും ആരു കീഴടങ്ങും എന്ന അഭിമാന പ്രശ്‌നമായിരുന്നു. അന്‍പതു മീറ്ററോളം പിന്നിട്ടപ്പോഴേ ജോണ്‍സണ്‍ വീണു. നൂറുമീറ്റര്‍ കടന്നപ്പോള്‍ ഗ്രീനും. മാനസിക സമ്മര്‍ദം ശരീരം ഏറ്റുവാങ്ങിയതാണ് പ്രശ്‌നമെന്നായിരുന്നു വിദഗ്ധ വിലയിരുത്തല്‍.

1986ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ അല്‍ഭുത ടീമായി അവതരിച്ച ഡെന്‍മാര്‍ക്കിന്റെ കഥ കഴിച്ചത് സ്‌പെയ്‌നിനെതിരായ മല്‍സരത്തില്‍ ഒരൊറ്റ മിസ് പാസ് വഴി വീണ ഗോളാണ്. സൂപ്പര്‍ സോണിക് വേഗത്തില്‍ കുതിച്ചുകയറി വന്ന ടീം അന്ന് 5-1നാണു തോറ്റു പുറത്തായത്. 1974 ലോകകപ്പില്‍, 21ാം നൂറ്റാണ്ടിലെ ഫുട്‌ബോള്‍ കളിച്ച യോഹാന്‍ കൈഫിന്റെ ഹോളണ്ടിനു പറ്റിയതും ഒരു ഗോള്‍ സമ്മാനിച്ച മാനസിക സമ്മര്‍ദമായിരുന്നു. താനിനി ലോകകപ്പിന് ഇല്ല എന്നു പ്രഖ്യാപിച്ചാണു കൈഫ് മടങ്ങിയത്. ഷൂട്ടൗട്ടില്‍ ഒരു സ്‌പോട്ട് കിക്ക് പാഴായതിന്റെ പേരില്‍, ഇനി പെനല്‍ട്ടി കിക്ക് എടുക്കില്ലെന്നു പ്രഖ്യാപിച്ചയാളാണ്, ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ഫ്രാന്‍സിന്റെ മിഷേല്‍ പഌറ്റീനി.

ചാംപ്യന്‍മാര്‍ ജനിക്കുന്നതു മനസ്സിലാണെന്നു പറയുന്നത് എത്ര സത്യം. എത്ര സാങ്കേതിക മികവ് ആര്‍ജിച്ചാലും, കീഴടങ്ങാന്‍ കൂട്ടാക്കാത്ത മനസ്സിനു മാത്രമേ പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിയൂ. അതാണു കാലം തെളിയിക്കുന്നത്. ബൈല്‍സ്, നീയും ഈ ചങ്ങലയിലെ കണ്ണിയാണ്. ആ വേദന അറിയുമ്പോഴും, ആരാധകരായ ഞങ്ങള്‍ക്ക് പ്രതീക്ഷകളുടെ ഭാരം തരാനേ കഴിയൂ.

 

 

നേര്‍രേഖ  

ഭാഗം- 01 

ഡാളിങ് മല്ലു, ഇന്നു ചാനു

 

ഭാഗം- 02

ഓരോരോ അവതാരങ്ങള്‍...! 

 

 

 

  comment

  LATEST NEWS


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.