×
login
ഭര്‍ത്താവിന് ജ്വലിക്കുന്ന അഹ്നിയാണെങ്കില്‍ മകന്‍ വിഘ്‌നേഷിന് അടിയ്ക്കാത്ത അമ്മയാണ് ഉഷ

ജര്‍മ്മന്‍ ടീമിനെ ഫുട്‌ബോള്‍ പഠിപ്പിക്കുന്ന മാധ്യമങ്ങള്‍

പ്രതാപശാലിയായ അസുര രാജാവ് ബാണന്‍. ബാണന്റെ ഗോപുരം കാവല്‍ സാക്ഷാല്‍ പരമശിവന്‍. ബാണ പുത്രി ഉഷ അതി സുന്ദരനായ ചെറുപ്പക്കാരനെ സ്വപ്‌നം കാണുന്നു. ഉറക്കം ഉണര്‍ന്ന അവള്‍ അപ്പോഴേക്കും അവനില്‍ അനുരാഗ വിവശ ആയിക്കഴിഞ്ഞിരുന്നു. മാന്ത്രിക സിദ്ധികള്‍ ഉള്ള ഉഷയുടെ  തോഴി നാട്ടിലെ അറിയപ്പെടുന്ന സുന്ദരന്മാരായ രാജാക്കന്മാരെ എല്ലാം വരച്ചു കാണിച്ചു. ആരുമല്ല. ശ്രീകൃഷ്ണനെ വരച്ചു. ഏതാണ്ട് മുഖ സാമ്യം. അങ്ങിനെ കൃഷ്ണന്റെ ചെറുമകന്‍  അനിരുദ്ധനില്‍ എത്തി. ഇതുതന്നെ. ഉഷയ്ക്ക് അപ്പോള്‍ തന്നെ അവനെ കാണണം. തോഴി ഉടനെ തന്നെ ദ്വാരകയില്‍ ഉറങ്ങി കിടന്ന അനിരുദ്ധനെ  ഉഷയുടെ അന്ത പുരത്തില്‍ എത്തിച്ചു.  പിന്നെ കയ്യും മെയ്യും മറന്ന പൂത്ത പ്രണയം. കാര്യങ്ങള്‍ കുറേശ്ശെ കുറേശ്ശെ  ചോര്‍ന്നു.  ബാണന്‍ വിവരം അറിഞ്ഞു.അനിരുദ്ധനെ ജയിലിലും ആക്കി . ഉഷ മന്ത്രിയെ സ്വാധീനിച്ചു കാരാഗൃഹത്തില്‍ എത്തി. കരച്ചിലും പിഴിച്ചിലും.  കിടന്നു ഉറങ്ങിയ അനിരുദ്ധനെ കാണുന്നില്ല. ദ്വാരകയില്‍ അന്വേഷണം തകൃതി നടന്നു. കൃഷ്ണന്‍ കാര്യം അറിഞ്ഞു. സൈന്യവുമായി ബാണ രാജാവിന്റെ കൊട്ടാര മുറ്റത്തു.  ശിവനും കൃഷ്ണനും തമ്മില്‍ യുദ്ധം. അവസാനം എല്ലാം ഒരു വിധം മംഗളമായി കലാശിച്ചു. പുരാണകഥയെ  'ബന്ധനസ്ഥനായ അനിരുദ്ധന്‍'' എന്നപേരില്‍ വള്ളത്തോള്‍ അനശ്വര പ്രേമകാവ്യമാക്കിയപ്പോള്‍ ആരാധകര്‍ ഏറെ.  'ബാണന്റെ അമ്പുകള്‍ എല്ലാം ഞാന്‍ സഹിക്കാം. എന്നാല്‍ പ്രിയേ നിന്റെ കണ്ണീരു താങ്ങാന്‍ അനിരുദ്ധന് ആവില്ല' എന്ന കാമുകന്റെ സങ്കടം അതി മനോഹരമായി എഴുതിയ പ്രണയ കാവ്യം  സാഹിത്യ പ്രേമിയും സംസ്‌കൃതപണ്ഡിതനുമായ കൂത്താളി തെക്കേ വാഴവളപ്പില്‍ കേളപ്പന് കാണാപാടമായിരുന്നു. മകള്‍ ലക്ഷ്മിക്ക് പെണ്‍കുട്ടി പിറന്നപ്പോള്‍ പേരെന്തിടും എന്നതില്‍ കേളപ്പന് സംശയമുണ്ടായില്ല.  ഉഷ. 'ബന്ധനസ്ഥനായ അനിരുദ്ധ''നിലെ ഉഷ

 എന്നാല്‍ ഇന്ന് ഉഷ എന്ന രണ്ടക്ഷരം  കേള്‍ക്കുമ്പോള്‍  പുരാണത്തിലെയോ വള്ളത്തോള്‍ കവിതയിലെയോ 'ഉഷ'യെ അല്ല  ലോകം തിരിച്ചറിയുക. കേളപ്പന്റ ചെറുമകള്‍ 'ഉഷ'യ്ക്കാണ് ആ പേരിന്റെ ഇന്നത്തെ പേറ്റന്റ്. പിലാവുള്ളി  തെക്കേ പറമ്പില്‍ ഉഷയെന്ന ഭാരതത്തിന്റെ സ്വര്‍ണമുത്ത് സാക്ഷാല്‍ പി.ടി. ഉഷ

കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ 1964 ജൂണ്‍ 27ന് ജനനം. അച്ഛന്‍ ഇ.പി.എം പൈതല്‍. അമ്മ ടി.വി. ലക്ഷ്മി . സ്‌കൂള്‍ കാലഘട്ടത്തില്‍  കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്നത് അമ്മാവന്‍ നാരായണന്‍.ഉഷയിലെ ഓട്ടക്കാരിയെ തിരിച്ചറിഞ്ഞത് ബാലകൃഷ്ണന്‍ മാഷ്.  ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത ആദ്യ ഭാരതവനിത എന്ന ബഹുമതിയിലേക്ക്  ഉഷ ഓടിയെത്തിയതിന് പിന്നിലുള്ള പ്രേരകശക്തി കോച്ച് ഒ.എം. നമ്പ്യാര്‍.  ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ഉഷയുടെ വെങ്കലമെഡലാണ് ഭാരതഅത്‌ലറ്റ്ക്‌സിന്റെ ചരിത്രത്തിലെ ഒരിക്കലുമുണങ്ങാത്ത മുറിവ്. രാജ്യം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരി. ഒട്ടേറെ റെക്കോര്‍ഡുകള്‍ക്കുടമ.

തുടര്‍ച്ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത അത്‌ലറ്റ്, ഒളിമ്പിക്‌സ് ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ ഭാരത വനിത. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ ഗ്രേറ്റസ്റ്റ് വനിത അത്‌ലറ്റ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരി, ഏഷ്യയിലെ മികച്ച അത്‌ലറ്റിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചുവര്‍ഷം കരസ്ഥമാക്കിയ വനിത, ഏഷ്യന്‍ ഗെയിംസിലെ ബെസ്റ്റ് അത്‌ലറ്റിനുള്ള സുവര്‍ണപാദുകം കരസ്ഥമാക്കിയ ആദ്യ ഇന്ത്യാക്കാരി. മികച്ച അത്‌ലറ്റിനുള്ള ലോകബഹുമതി തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ നേടിയ ഏക ഇന്ത്യാക്കാരി.  രാജ്യത്തിനുവേണ്ടി  മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി. ഭാരത ജെഴ്‌സിയണിഞ്ഞ് 102 മെഡലുകല്‍. സെക്കന്ററിന്റെ നൂറിലൊരംശം സമയത്തിന് ഒളിമ്പിക്‌സില്‍ മെഡല്‍ നഷ്ടപ്പെട്ട ഉഷ നേടിയെടുത്ത മെഡലുകളുടെ പട്ടികയ്ക്ക് നീളം വളരെ കൂടുതലാണ്.എത്രയെത്ര റെക്കോര്‍ഡുകളും ബഹുമതികളുമാണ് ഉഷയുടേതു മാത്രമായി നിലനില്‍ക്കുന്നത്. ഭാരത സര്‍ക്കാര്‍ ഇരിപതാം നൂറ്റാണ്ടിന്റെ കായികതാരമായി തെരഞ്ഞെടുത്ത വനിത.

 ഉഷയുടെ നേട്ടങ്ങളില്‍ ലോകത്തെ അമ്പരിപ്പിച്ചത് ജക്കാര്‍ത്ത ഏഷ്യന്‍ മീറ്റിലെ പ്രകടനമാണ്. നൂറ്, ഇരുന്നൂറ്, നാനൂറ് മീറ്റര്‍ ഓട്ടം, നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, 4 ഃ 400 മീറ്റര്‍ റിലേ എന്നിവയില്‍  സ്വര്‍ണം, 4 ഃ 100 മീറ്റര്‍ റിലേയില്‍  വെങ്കലം. അന്താരാഷ്ട്ര മേളയില്‍  ആറു മെഡലു മേടുന്ന ആദ്യ താരം.  അവസാനത്തേതും. അന്താരാഷ്ട്ര മേളയില്‍  മൂന്നിനത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലന്ന നിയമം വന്നതിനാല്‍ ഉഷയുടെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍  ആര്‍ക്കും കഴിയില്ല. 2000ല്‍ മുപ്പത്തിയാറാം വയസ്സിലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നത്. ഭാവിയിലെ മികച്ച താരങ്ങളെ വാഗ്ദാനം ചെയ്യുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സുമായി ഉഷ ഇപ്പോഴും കായികരംഗത്ത് സജീവം. തനിക്ക് നഷ്ടപ്പെട്ട ഒളിമ്പിക്‌സ് മെഡല്‍ തന്റെ പ്രിയ ശിഷ്യരിലൂടെ ഭാരത്തിനുവേണ്ടി നേടും എന്ന ദൃഢനിശ്ചയത്തോടെ. പി.ടി. ഉഷ, ഇന്ത്യ എന്നു മാത്രം വിലാസമെഴുതി ലോകത്തിന്റെ ഏതുഭാഗത്തുനിന്ന് എഴുതുന്ന കത്തും തന്നെ തേടി എത്തുമെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഉഷ 

സ്റ്റാര്‍ട്ടിംഗ് പോയിന്റ്

പയ്യൊളി അങ്ങാടിയില്‍ സീതാ ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കട നടത്തിയിരുന്ന ഇ.പി. എം പൈതലിന്റെയും ടി.വി. ലക്ഷ്മിയുടെയും ആറുമക്കളില്‍ രണ്ടാമത്തെവളായ ഉഷ കായിക ട്രാക്കിലേക്ക് കാലെടുത്തുവെച്ചത്. ഈ മേഖലയെക്കുറിച്ച് ആര്‍ക്കും വലിയ മതിപ്പൊന്നും ഇല്ലാതിരുന്നകാലത്തായിരുന്നു. മാതാപിതാക്കള്‍ അമ്മാവന്‍ നാരായണന്‍, അമ്മാവനും അധ്യാപകനുമായ ശ്രീധരന്‍ കൂത്താളി, തൃക്കോട്ടൂര്‍ സ്‌ക്കൂളിലെ കായികാധ്യാപകന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ പ്രോത്സാഹനം ഉഷയെ ഓട്ടക്കാരിയാക്കി. അച്ഛനെയും അമ്മയേയും കുറിച്ചു പറയുമ്പോള്‍ ഉഷയുടെ നാക്കിന് സുവര്‍ണകുതിപ്പാണ്.

'' ആറു മക്കളുള്‍പ്പെടെ എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ ഭാരം ചുമലിലേറ്റി അച്ഛന്‍ ഏറെ തളര്‍ന്നിട്ടുണ്ട്. എങ്കിലും ഒരിക്കലും കഷ്ടപ്പാട് എന്തെന്ന് ഞങ്ങളെ അറിയിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഒരു മീറ്റിന് വരാന്‍ ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ടോയിലറ്റിനു മുന്നില്‍ പേപ്പര്‍ വിരിച്ചിരുന്ന് ഒരു രാത്രി മുഴുവന്‍ വെളുപ്പിച്ചതൊക്കെ ഓര്‍ത്താല്‍ ദുഃഖം വരും.  മകള്‍ വിജയങ്ങള്‍ കൊയ്യുന്നത് മുഴുവന്‍ കാണാന്‍ നില്‍ക്കാതെ അച്ഛന്‍ വിട്ടുപോയി. അച്ഛനെക്കാള്‍ അമ്മയായിരുന്നു  മാതൃക. അമ്മയുടെ പ്രാര്‍ത്ഥകള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആരുമാകുമായിരുന്നില്ല. പയ്യൊളി കടപ്പുറത്തായാലും ലോസ് ആഞ്ചലിലെ ട്രാക്കിലായാലും അമ്മയുടെ പ്രാര്‍ത്ഥനയുടെ അലകള്‍ എന്നില്‍ ഊര്‍ജ്ജം നിറച്ചിരുന്നു. വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ട പെണ്ണ് നിക്കറുമിട്ട് ഇറങ്ങിയിരിക്കുന്നു എന്നാക്ഷേപിച്ചവരുമുണ്ട്. ചിലര്‍ നേരിട്ടു വിമര്‍ശിച്ചു. അപ്പോഴൊക്കെ അമ്മ പറയും. അതൊന്നും ശ്രദ്ധിക്കേണ്ട. മോള്‍ ധൈര്യമായിരിക്ക്. അടുത്തിരുത്തി മുടി പിന്നില്‍ കെട്ടിത്തരുമ്പോള്‍ അമ്മ പറയുമായിരുന്നു എന്റെ മോള്‍ ലോകം അറിയുന്ന ഒരു താരമാകുമെന്ന്. ആ വാക്കുകള്‍ പകര്‍ന്നു തന്ന അത്മ വിശ്വാസം കുറച്ചൊന്നുമല്ല. കുട്ടിക്കാലത്ത് അസുഖങ്ങള്‍ കൂടെപ്പിറപ്പായിരുന്നു. അന്ന് എന്നെ അത്‌ലറ്റാക്കാന്‍ അച്ഛനും അമ്മയും അത്യധ്വാനം ചെയ്യുന്നത് കണ്ട് അയല്‍ക്കാര്‍ ചിലര്‍ കളിയാക്കിയിരുന്നു. പക്ഷേ, അച്ഛനേയും അമ്മയുടെയും ദൃഢനിശ്ചയം എന്നെ ഞാനാക്കി.'

തൃക്കോട്ടൂര്‍ സ്‌കൂളും പയ്യൊളി കടല്‍തീരവും

നാടറിഞ്ഞ കായികതാരങ്ങള്‍ നിരവധിയുണ്ടെങ്കിലും തന്നിലൂടെ നാടിനെ അറിയിച്ച  താരങ്ങള്‍ കുറവാണ്. ഇതിനൊരു അപവാദമാണ് 'പയ്യൊളി എക്‌സ്പ്രസ്' ആയി മാറിയ ഉഷ.

ഉഷയുടെ കുതിപ്പുകള്‍ക്ക് കരുത്തേറെയും നല്‍കിയത് പയ്യൊളി കടപ്പുറത്തെ മണല്‍പ്പരപ്പുകളായിരുന്നു. പരിശീലനത്തിന് അനുയോജ്യമായ അധികം മൃദുലവും ആവശ്യത്തിലേറെ പരുക്കനുമല്ലാത്ത പയ്യൊളിതീരത്തെ മണലില്‍ 100 മീറ്ററും 200 മീറ്ററും മനസില്‍ അളന്നുവെച്ച് ഉഷ ഓടി. പയ്യൊളിത്തീരത്തെ പരിശീലനത്തിനുമുന്‍പ് വീട്ടില്‍ നിന്ന് സ്‌കൂളിലേയ്ക്കുള്ള ഓട്ടമായിരുന്നു കുഞ്ഞ് ഉഷയുടെ കാലിന് കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ദൂരം കീഴടക്കാനുള്ള പരിശീലനം നല്‍കിയത്. വീട്ടില്‍ നിന്ന് രണ്ടുമിനിറ്റ് ഓടിയാല്‍ തൃക്കോട്ടൂര്‍ സ്‌കൂളിലെത്താം. ഓരോ ദിവസം ചെല്ലുന്തോറും രണ്ടുമിനിറ്റ് എന്ന ദൈര്‍ഘ്യം കുറയ്ക്കാനായിരുന്നു ഉഷയുടെ ശ്രമം. സ്‌കൂളിലെ പഠിക്കുന്ന കുട്ടികളുടെ ഗണത്തിലായിരുന്നു ഉഷയുടെ സ്ഥാനമെങ്കിലും ഉഷയ്ക്കിഷ്ടം കളികളായിരുന്നു. സ്‌കൂളില്‍ ഇടവേളയ്ക്കിടയില്‍ ഉഷയെ കാണുക ഗൗണ്ടിലെ പൂഴിമണ്ണിലാകും. ആ പൂഴി മണ്ണില്‍ തൊട്ടു വന്ദിച്ചുകൊണ്ടായിരുന്നു ഉഷയുടെ ആദ്യ മത്സര ഓട്ടവും

 '' ഞാന്‍ നാലാംക്ലാസില്‍ പഠിക്കുന്നു. സബ്ജില്ലയിലെ അത്‌ലറ്റിക് ചാമ്പ്യന്മാരായിരുന്നു തൃക്കോട്ടൂര്‍ സ്‌കൂള്‍.  സ്‌കൂളിലെ വ്യക്തഗതി ചാമ്പ്യനായിരുന്നു ബേബി സരള . എന്നേക്കാള്‍ മൂന്നുവയസ്സു മൂത്തതാണ് സരള. കായികാധ്യാപകന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഞങ്ങളെ ഒന്നിച്ചുനിര്‍ത്തി. ഓട്ടം എങ്ങനെ തുടങ്ങണമെന്ന് മാഷ് പറഞ്ഞു. സ്റ്റാര്‍ട്ട് കേട്ടതും ഞാന്‍ കുതിച്ചു. സബ്ജില്ലാ ചാമ്പ്യനെ തോല്‍പ്പിച്ച് ഞാന്‍ ഒന്നാമത്. അടുത്തവര്‍ഷം സബ് ജില്ലാ മീറ്റിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും പനി പിടിച്ചതിനാല്‍ പങ്കെടുക്കാനായില്ല. തൊട്ടടുത്തവര്‍ഷം ടോണ്‍സിലൈറ്റിസ് ശസ്ത്രക്രിയയായിരുന്നു വില്ലന്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി സബ് ജില്ലാ മീറ്റിനിറങ്ങി. പരിശീലത്തിനിടെ ഏറ്റ പരുക്ക് വകവയ്ക്കാതെ ഓടി . 200 മീറ്ററിലും ലോങ്ജംപിലും ഒന്നാമതായി. ഏഴാം ക്ലാസ് ജയിച്ചു നില്‍ക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി സ്‌പോര്‍ട്‌സ് ഡിവിഷന്‍ തുടങ്ങുന്ന വാര്‍ത്ത വന്നത്. അമ്മാവന്‍ ശ്രീധരനാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയത്. അച്ഛനും അമ്മയും എതിര്‍ത്തൊന്നും പറഞ്ഞില്ല. സൗകര്യങ്ങള്‍ വളരെ കുറവായ കണ്ണൂരിലെ സ്‌പോര്‍ട്‌സ് ഡിവിഷനിലായിരുന്നു മൂന്നുകൊല്ലം.'

 ഉഷയ്ക്ക് വന്നവഴിയെക്കുറിച്ച് കൃത്യമായി അറിയാം. 40 കുട്ടികള്‍ക്ക് ആകെ രണ്ട് കക്കൂസും കുളിമുറിയും. ശരീരത്തിന്റെ പകുതി മറയുന്ന കുളിമുറികള്‍.  ക്ലാസ് റുമിലെ ബഞ്ചുകള്‍ അടുപ്പിച്ചുവെച്ച് കട്ടിലാക്കിയുള്ള ഉറക്കം. കോമ്പൗണ്ട് മതിലില്ലാത്ത ഹോസ്റ്റലിനു പുറത്തെ ബാത്ത്‌റുമില്‍ രാത്രിയില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട്. പക്ഷേ ഇതിനോടൊക്കെ പൊരുത്തപ്പെടാന്‍ ഉഷയ്ക്കായി. ഗ്രൗണ്ടിലെ വ്യായാമത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാര്യത്തില്‍ ഉഷ മറ്റ് കുട്ടികള്‍ക്ക് മാതൃകയായി. ഒ.എം. നമ്പ്യാരുടെ കീഴിലുള്ള പരിശീലനം തുടങ്ങുന്നത് ഇവിടെവെച്ചാണ്. കഠിനാധ്വാനത്തോടൊപ്പം നമ്പ്യാരുടെ ചിട്ടയായ പരിശീലനവും ഉഷയുടെ മനസ്സിനും പാദങ്ങള്‍ക്കും കൂടുതല്‍ കരുത്തേകി. സ്‌കൂള്‍ മീറ്റുകള്‍ തുടര്‍ച്ചയായി വന്നു. ജില്ല, സംസ്ഥാന, ദേശീയ മീറ്റുകളിലെയും സ്വര്‍ണത്തിളക്കവുമായി ഉഷ തിരിച്ചെത്തി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് മേഴ്‌സി കോളേജില്‍ ചേരുമ്പോള്‍ ഉഷ രാജ്യം അറിയുന്ന താരമായി വളര്‍ന്നുകഴിഞ്ഞിരുന്നു. കോളേജില്‍ ഉഷയുടെ വ്യക്തിഗത പരിശീലകനായി നമ്പ്യാരും എത്തി.

 കോച്ച്  ഒ.എം. നമ്പ്യാര്‍

'എന്നെ രാജ്യാന്തര മികവുള്ള അത്‌ലറ്റാക്കിയതിലെ പ്രധാന പങ്ക് കോച്ച് ഒ.എം. നമ്പ്യാര്‍ സാറിനുള്ളതാണ്. അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട. പരിശീലനത്തിലെ ആത്മാര്‍ഥതയുടെ കാര്യത്തില്‍ നമ്പ്യാര്‍ സാറിനെ വെല്ലാന്‍ ഭാരതത്തില്‍ മറ്റൊരു കോച്ചില്ല. എന്നാല്‍   ശരിക്കും പിടിവാശിയുള്ള ആളാണ്.  പരിശീലനത്തില്‍ സ്വന്തം രീതികള്‍ തന്നെ തുടരണമെന്ന് നിര്‍ബന്ധം. ഗുണകരമായ പുതിയ രീതികള്‍ സ്വീകരിക്കാന്‍ അദ്ദേഹം വിമുഖത കാട്ടി. ഞാന്‍ നല്ല ഫോമിലായിരുന്ന സമയത്ത് എനിക്കു കുറേക്കൂടി മികച്ച പരിശീലനങ്ങള്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ എന്റെ നേട്ടം ഇതിലുമേറെയാകുമായിരുന്നു. ഫിസിയോളജി ടെസ്റ്റ് പോലുള്ള ശാസ്ത്രീയ പരിശോധനാ രീതികള്‍ നടത്താനും മറ്റും നമ്പ്യാര്‍ സാര്‍  തയ്യാറായിരുന്നില്ല. അതൊക്കെ എന്തിനാണെന്ന ഒരു സമീപനമായിരുന്നു. അന്നൊന്നും എനിക്ക് ഇക്കാര്യത്തില്‍ വലിയ ഗ്രാഹ്യമില്ലായിരുന്നു. പിന്നീടാണു ഇത്തരം പുതിയ രീതികളെക്കുറിച്ച് സാറിനു വലിയ പിടിയില്ലായിരുന്നു എന്നു ഞാന്‍ അറിഞ്ഞത്. ഒരു യഥാര്‍ത്ഥ അത്‌ലറ്റിന്റെ നേട്ടത്തിനു പിന്നില്‍ ഒന്നോ രണ്ടോ പേരല്ല, മറിച്ച് ഏറെപേരുടെ കൂട്ടായ പരിശ്രമമുണ്ടെന്നു ഞാന്‍ മനസ്സിലാക്കുമ്പോഴേക്കും വൈകി. കോച്ച് ഫിസിയോളജിസ്റ്റ്, മസാജര്‍, ന്യൂട്രീഷനിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ടീം വര്‍ക്ക് ആണ് മികച്ച രാജ്യാന്തര അത്‌ലറ്റിനെ ഉണ്ടാക്കുന്നത്. അതൊന്നും ഇല്ലാതിരുന്നിട്ടും എനിക്ക് ഇത്രയും പിടിച്ചുനില്‍ക്കാനായതു ദൈവകൃപയാല്‍ മാത്രമാണെന്നു വിശ്വസിക്കുന്നു. എന്നാല്‍ എന്നിലെ അത്‌ലറ്റിനെ കണ്ടെത്തിയതും രാജ്യാന്തര നിലവാരത്തില്‍ എന്നെ എത്തിച്ചതും നമ്പ്യാര്‍സാര്‍ തന്നെയാണ്. അതു ലോകത്തിനു മുഴുവന്‍ നന്നായറിയാം.

1993ല്‍ കായികരംഗത്തേക്കു തിരിച്ചുവന്ന് വീണ്ടും ഞാന്‍ രണ്ടുമാസത്തോളം നമ്പ്യാര്‍ സാറിന്റെ കീഴിലായിരുന്നു പരിശീലനം ചെയ്തത്. അന്ന് അദ്ദേഹത്തോടൊപ്പം സാര്‍ പുതുതായി കണ്ടെത്തിയ കുട്ടികളും ഉണ്ടായിരുന്നു. പിന്നീടെന്തുകൊണ്ടോ സാറിന് എന്നെ പരിശീലിപ്പിക്കുന്നത് വലിയ താല്‍പര്യം തോന്നിയില്ല. അതു മനസ്സിലാക്കി സാറിനോട് അക്കാര്യം തുറന്നുപറയുകയും ചെയ്തു. മറ്റു കുട്ടികളുടെ കാര്യത്തില്‍ സാറിന്റെ ശ്രദ്ധ കൂടുതലായി വേണമെന്നു മനസ്സിലാക്കിയ ഞാന്‍ സ്വയം പിന്മാറുകയായിരുന്നു. അതിനുശേഷമാണു ജെ.എസ്. ഭാട്യ സാര്‍ എത്തിയത്. എന്നെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ആ സമയത്ത് എന്നെ പരിശീലിപ്പിക്കാന്‍ തയ്യാറായതുതന്നെ ഒരു തരത്തില്‍ സാഹസമായിരുന്നു. പിന്നീട് ഞാന്‍ വിരമിക്കും വരെ അദ്ദേഹം എന്റെ പരിശീലകനായി തുടര്‍ന്നു.

 രാജ്യത്തെ ഏറ്റവും മികച്ച രണ്ട് അത്‌ലറ്റ്ക്‌സ് കോച്ചുകളുടെ പരിശീലനം സിദ്ധിച്ചുവെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്.  രണ്ടുപേരും തമ്മില്‍ സമാനതകളും വ്യത്യാസങ്ങളും ഏറെയുണ്ട്. നമ്പ്യാര്‍ സാര്‍ ആരെയും ഭയക്കാത്ത എല്ലാം തുറന്നടിക്കുന്ന പ്രകൃതക്കാരന്‍. ഭാട്യയാകട്ടെ എല്ലാവരെയും ഭയക്കുന്നയാള്‍. ചെറിയൊരു കാര്യം പറയാന്‍പോലും പേടിയാണദ്ദേഹത്തിന്. തുല്യമായ പരിഗണനയും ആത്മാര്‍ഥതയും പരിശീലിപ്പിക്കുന്ന എല്ലാ അത്‌ലറ്റുകളോടും അവര്‍ കാണിച്ചിരുന്നു.

പക്ഷേ പ്രധാന വ്യത്യാസം വേറെയാണ്. തന്റേതായ ശൈലിയില്‍ പരിശീലനം മുന്നോട്ടുകൊണ്ടുപോകുമ്പോഴും മറ്റു പരിശീലകര്‍ ആവിഷ്‌ക്കരിച്ചതും ഗുണകരവുമായ രീതികള്‍ പരീക്ഷിച്ചുനോക്കാന്‍ എന്നും തയ്യാറായിരുന്നു കോച്ച് ഭാട്യ. ഫിസിേയോളജി ടെസ്റ്റ് അടക്കമുള്ള ഏതൊരു പുതിയ ശാസ്ത്രീയ പരിശോധനാ സമ്പ്രദായങ്ങളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു.

മെഡല്‍ കുതിപ്പ്

പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനെ പ്രതിനിധീകരിച്ച് ഓടിക്കൊണ്ടായിരുന്നു ഉഷയുടെ മത്സരഓട്ടങ്ങളുടെ യഥാര്‍ത്ഥ തുടക്കം. (സ്‌കൂളിലും സബ്ജില്ലാതലത്തിലും ഒഴിച്ചാല്‍) 200 മീറ്ററിലും 100 മീറ്ററിലും ഹീറ്റ്‌സില്‍തന്നെ പുറത്ത്. ശ്രീലത എന്ന കുട്ടിയാണ് രണ്ടിനങ്ങളിലും ഒന്നാമതെത്തിയത്. അവളുടെ വിജയം പുറത്തുനിന്നു കണ്ട ഉഷ മനസ്സില്‍ കുറിച്ചു. അടുത്ത തവണ വിജയം നേടുമെന്ന്. സംസ്ഥാന, ദേശീയ സ്‌കൂള്‍ മേളകളിലെല്ലാം റിക്കാര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചുകൊണ്ടുള്ള മുന്നേറ്റമായിരുന്നു പിന്നീടങ്ങോട്ട്.

1980ല്‍ കറാച്ചിയില്‍ നടന്ന പാക്കിസ്ഥാന്‍ ദേശീയഗെയിംസില്‍ ഓടാനുള്ള അവസരം ഉഷയെ തേടിയെത്തി. ചൈനയില്‍നിന്നും ഭാരതത്തില്‍ നിന്നുമുള്ള ചില കായികതാരങ്ങളെ ക്ഷണിച്ചതിന്റെ ഭാഗമായിട്ടായിരുന്നു അത്. 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ  വാര്‍ത്തയിലിടം നേടി. അതേ വര്‍ഷം മോസ്‌കോ ഒളിമ്പിക്‌സില്‍ ഉഷ പങ്കെടുക്കുമ്പോള്‍ വയസ്സ് 16 മാത്രം. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റ്.

''റഷ്യയിലെ വലിയ സ്‌റ്റേഡിയങ്ങള്‍ കണ്ടപ്പോള്‍ പരിഭ്രമിച്ചുപോയി. ഭാരത സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന താരങ്ങള്‍ അവരുടേതായ വഴിക്കായിരുന്നു. ഞാന്‍ പലപ്പോഴും ഒറ്റയ്ക്കായി. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ വേഗത്തില്‍ പടിക്കണമെന്ന ചിന്ത എന്നിലുണ്ടായി''  അതിനു സംവിധാനങ്ങള്‍ വലിയതോതില്‍ തുണച്ചു എന്നുപറയുന്നതില്‍ ഉഷയ്ക്ക് മടിയൊട്ടുമില്ല. എല്ലാവരും സംവിധാനത്തിന്റെ കുറവുകള്‍ ചൂണ്ടികാട്ടി വിദേശപരിശീലനത്തിനും മറ്റും ഓടിനടക്കുമ്പോഴാണ് തന്റെ വളര്‍ച്ചയില്‍ നിലവിലുളള സംവിധാനത്തിന് പ്രധാന പങ്കുണ്ടായിരുന്നുവെന്ന് രാജ്യം കണ്ട ഏറ്റവും വിലയ കായികതാരം പറയുന്നത്. 'ഞാന്‍ ആഗ്രഹിച്ചതൊക്കെ എനിക്ക് ലഭിച്ചു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ നിന്ന് പാലക്കാട് മേഴ്‌സികോളേജിലെക്ക് ഞാന്‍ മാറിയപ്പോള്‍ കോച്ച് നമ്പ്യാര്‍ സാറിനെയും അവിടേയ്ക്ക് സ്ഥലം മാറ്റി. 1983ല്‍ നമ്പ്യാര്‍സാറിനെ പേഴ്‌സണല്‍ കോച്ചായി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഉടന്‍ അതു ചെയ്തു. രാജ്യത്തുതന്നെ പേഴ്‌സണല്‍ കോച്ചിനെ ലഭിക്കുന്ന ആദ്യ അത്‌ലറ്റായി ഞാന്‍''

1982 ന്യൂദല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വെള്ളിയും 1983ലെ കുവൈറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണവും നേടിയ ഉഷ ചുരുങ്ങിയകാലം കൊണ്ട് ഏഷ്യയിലെ മുന്‍നിര ഓട്ടക്കാരിയായി . 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത് 1984 ലോസ് ആഞ്ചലസിലാണ്. സ്വര്‍ണം നേടാന്‍ ഇത് സുവര്‍ണാവസരമെന്ന് ഉഷയും കോച്ച് നമ്പ്യാരു കരുതി. ആറുമാസത്തെ കഠിന പരിശീലനം. ഉഷയുടെ കുതിപ്പില്‍ കുശുമ്പുള്ളവര്‍ ഉണ്ടായിരുന്നു. 1982 ലെ ഏഷ്യന്‍ഗെയിംസ് ചാമ്പ്യന്‍ എംഡി വല്‍സമ്മയുടെ കോച്ച് മാധ്യമങ്ങളോട് പറഞ്ഞത്. 15 ദിവസത്തെ പരിശീലനം കിട്ടിയാല്‍  ഉഷയെ വല്‍സമ്മ തോല്‍പ്പിക്കണമെന്നാണ്. ആ പത്ര വാര്‍ത്ത വെട്ടിയെടുത്ത്   ഉഷ ഏറെനാള്‍ സൂക്ഷിച്ചിരുന്നു.

കാലിഫോര്‍ണ്യയില്‍ നടന്ന ഒളിമ്പിക്‌സ് ട്രയലില്‍ ടോപ്പ് ഹര്‍ഡലര്‍ അയിരുന്ന അമേരിക്കയുടെ ജൂഡി ബ്രൗണിനെ ഉഷ തോല്‍പ്പിച്ചതോടെ ഒളിമ്പിക്‌സില്‍  ഭാരതത്തിന്റെ കന്നിമെഡല്‍  പ്രതീക്ഷ വളര്‍ന്നു. പക്ഷേ തലനാരിഴയ്ക്ക് ലോസ് ആഞ്ചലസില്‍ മെഡല്‍ നഷ്ടം ചരിത്രത്തിന്റെ ഭാഗമായി.

മെഡല്‍ നഷ്ടപ്പെട്ടെങ്കിലും ലോസ് ആഞ്ചലസ് ഉഷയക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ധാരാളം ആരാധകരുണ്ടായിരുന്ന ഫിലിപ്പന്‍സിലെ സുന്ദരിയായ താരം ലിഡായ ദ ഗേവയുമായി നിരവധി ഓട്ടങ്ങളില്‍ പങ്കെടുക്കാന്‍ ഉഷയ്ക്ക് കഴിഞ്ഞു. ഇവര്‍ തമ്മിലുള്ള ഓട്ടം വലിയ വാര്‍ത്തയായി. 1985 ലെ ജക്കാര്‍ത്ത ഏഷ്യന്‍ മീറ്റില്‍ ലിഡിയയെ തോല്‍പ്പിച്ച് വേഗമേറിയ ഏഷ്യക്കാരിയായി മാറി. അടുത്തവര്‍ഷം സോള്‍ ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം സ്വന്തമാക്കി മികച്ച അത്‌ലറ്റിനുള്ള സുവര്‍ണപാദുകവും ഉഷയ്ക്കു സ്വന്തമായി.

അക്കാലത്ത് യഥാര്‍ത്ഥത്തില്‍ ലിഡിയ മാത്രമായിരുന്നു ഉഷയുടെ ഏക എതിരാളി. വളരെ സൗഹാര്‍ദ്ദത്തിലായിരുന്നു ഇരുവരും. എന്നാല്‍ 1985 ലെ ഏഷ്യന്‍ മീറ്ററിനുശേഷം എല്ലാ ഓട്ടത്തിനുശേഷവും ലിഡിയയും അവരുടെ പിതാവും ഉഷ ഉത്തേജക മരുന്ന് കഴിച്ചിട്ടുണ്ടെന്ന് പരാതി ഉയര്‍ത്തി.  അതിനാല്‍ തന്നെ എല്ലാ ഓട്ടത്തിനുശേഷവും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയയാകേണ്ട അവസ്ഥ ഉഷയ്ക്കുണ്ടായി.

1988 സോള്‍ ഒളിമ്പിക്‌സില്‍ രാജ്യം ഉഷയില്‍ മെഡല്‍ പ്രതീക്ഷിച്ചു. പരിശീലന വേളയില്‍ ഉണ്ടായ കാലിലെ പരിക്ക് എല്ലാം തകിടം മറിച്ചു. ഹീറ്റിസില്‍ ഏഴാമതായി. ഉഷയ്‌ക്കെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് ഉണ്ടായത്. പ്രമുഖ താരങ്ങള്‍ ഉഷയെ കുറ്റപ്പെടുത്തി പ്രസ്താവനകള്‍ ഇറക്കി. രാജ്യത്തെ വഞ്ചിച്ചു എന്നുപോലും പറഞ്ഞു. വീടിനുനേരെ കല്ലെറിഞ്ഞു. പുറത്തിറങ്ങാന്‍പോലും ഭയമായി  എന്ന് ഉഷ പിന്നീട് കണ്ണീര്‍ വാര്‍ത്ത് പറഞ്ഞിട്ടുണ്ട്. കായികലോകത്തോടു തന്നെ ഉഷയ്ക്ക് വെറുപ്പു തോന്നിയ സമയം.

1989 ദല്‍ഹി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉഷയ്ക്ക് മെഡല്‍ നേടേണ്ടത് അഭിമാനപ്രശ്‌നമായിരുന്നു. കല്ലേറുകള്‍ക്ക് മറുപടിയായി സ്വര്‍ണം തന്നെ സ്വന്തമാക്കിയ ഉഷ ഇനി ഒരു ഓട്ടത്തില്ലെന്ന് നിശ്ചയിച്ചു. പക്ഷേ 1990ലെ ബീജിംഗ് ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന് ഉഷയെ ആവശ്യമായിരുന്നു. സ്‌പോര്‍ട്‌സ് അതോററ്റിയുടെ മുതിര്‍ന്ന ഉദ്യോസ്ഥര്‍ പയ്യൊളിയിലെ വീട്ടിലെത്തി  ബീജിംഗ് ഏഷ്യാഡില്‍  ഓടണമെന്ന് അഭ്യര്‍ത്ഥിച്ചു. മകള്‍ ഓടാനില്ലെന്ന് ഉഷയുടെ അച്ഛന്‍ തീര്‍ത്തു പറഞ്ഞതുകേട്ട് ഉദ്യോഗസ്ഥര്‍ മടങ്ങി. രാജ്യത്തിനുവേണ്ടി ഓടണമെന്ന് അഭ്യര്‍ത്ഥിച്ച് അവര്‍ ഹൃദയസ്പര്‍ശിയായ കത്ത് എഴുതിയതിനെതുടര്‍ന്ന്  വീട്ടുകാരെ ബോധ്യപ്പെടുത്തി ഉഷ ബീജിംഗിലേക്ക് ഓടാന്‍ പോയി. മൂന്നു വെളളി മെഡലോടെ ചൈനീസ തലസ്ഥാനത്തും ഉഷ തിളങ്ങി. അവിടെവെച്ചുതന്നെ അവര്‍  കായികരംഗത്തുനിന്നുള്ള വിരമിക്കലും പ്രഖ്യാപിച്ചു. 1991ല്‍ ദേശീയ കബഡിതാരവും സിഐഎസ്എഫ് ഇന്‍സ്‌പെക്ടറുമായ വി. ശ്രീനിവാസനുമായുള്ള വിവാഹം. അമ്മയുമായി. മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും കായികരംഗത്തേയ്ക്ക് തിരിച്ചുവന്ന ഉഷ 1998ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാവായി വാര്‍ത്ത സൃഷ്ടിച്ചു. 200 മീറ്ററിലും 400 മീറ്ററിലും റിലേകളിലും ഉഷ വെങ്കലം നേടുമ്പോള്‍ വയസ്സ് 34. ഒരുവര്‍ഷത്തിനുശേഷം 10 വര്‍ഷം മുന്‍പ് താന്‍തന്നെ സൃഷ്ടിച്ച 200 മീറ്ററിലെ ദേശീയ റിക്കാര്‍ഡ് തിരുത്തികൊണ്ട് ഉഷ വീണ്ടും തിളങ്ങി.  പത്മശ്രീയും അര്‍ജുന അവാര്‍ഡുമൊക്കെ നല്‍കി രാജ്യം ആദരിച്ചു. അതിനപ്പുറം കേരളത്തിന്റെ കായിക ബിംബമായി ഉഷ മാറി.

ലോസ് ആഞ്ചല്‍സിലെ
തലനാരിഴ നഷ്ടം

ഉഷയുടെ ജീവിതത്തില്‍ മാത്രമല്ല കായിക ഭാരതത്തെയാകെ നൊമ്പരിപ്പിച്ചതാണ് ലോസ് ആഞ്ചല്‍സിലെ ആ മെഡല്‍ നഷ്ടം.  1984 ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ഒരു സെക്കന്റിന്റെ നൂറിലൊരംശത്തിന്റെ വിത്യാസത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷയും ഭാരതവും നാലാമതായ നിമിഷം. നൂറുകോടി ജനങ്ങള്‍ സ്തംബന്ധരായ മുഹൂര്‍ത്തം. ആ നിമിഷത്തെ പഴിക്കുന്നവരോട് ഉഷ പറയുന്നു ''ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ 20 ദിവസം മുന്‍പാണ് ലോസ് ആഞ്ചലസില്‍ എത്തിയത്. അവിടെ പ്രീ ഒളിമ്പിക്‌സ് മീറ്റീല്‍ പങ്കെടുത്തു. ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ജൂഡി ബ്രൗണിനെ തോല്‍പ്പിച്ച്  ഹീസ്റ്റില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. നാട്ടില്‍ നാലോ അഞ്ചോ നല്ല മത്സരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അന്ന് വെള്ളിയെങ്കിലും സ്വന്തമാക്കാമായിരുന്നുവെന്ന് തോന്നി. ഓപ്പണ്‍ നാഷണലില്‍ ക്വാളിഫൈ ചെയ്തശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആകെ മൂന്ന് ഓട്ടം മാത്രം ഓടിയ പരിചയത്തിലാണ് ഒളിമ്പിക്‌സ് ഫൈനനിലെത്തിയത്. ജൂഡി ബ്രൗണിനോടൊപ്പമുള്ള ഓട്ടം, ഒളിമ്പിക്‌സ് ഹീറ്റ്‌സ്, സെമി എന്നിവ.  ഞാന്‍ സെമിയില്‍ ജയിച്ച ദിവസമാണ് രാജ്യത്തിന്റെ പ്രതീക്ഷയായിരുന്ന ഹോക്കിയുടെ സെമിയില്‍ ഭാരതം തോല്‍ക്കുന്നത്. അതോടെ പ്രതീക്ഷ മുഴുവന്‍ എന്നിലായി. എല്ലാവരുടെയും ഭാഗത്തുനിന്ന് വല്ലാത്ത സമ്മര്‍ദ്ദവും വാഗ്ദാനങ്ങളും.ഞാന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍ തുടങ്ങി. ഉച്ചയ്ക്ക് ശേഷമായിരുന്നു ഫൈനല്‍. നിറഞ്ഞ പ്രാര്‍ത്ഥനയും അതിരറ്റ ആത്മവിശ്വാസവുമായി ട്രാക്കിലിറങ്ങി. വെടിപൊട്ടിയതും ഞാന്‍ കുതിച്ചുപാഞ്ഞു. പത്തുമീറ്ററോളം  മുന്നില്‍ തന്നെയായിരുന്നു. പക്ഷേ, ഒരു ആസ്‌ത്രേലിയന്‍ താരം ഫൗള്‍ സ്റ്റാര്‍ട്ടായതിനാല്‍ വീണ്ടും സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക്. ആകെ ടെന്‍ഷനിലായി. ഇത്തവണ സ്റ്റാര്‍ട്ട് പതുക്കെയാവുകയും ചെയ്തു. എന്നാല്‍, പിന്നീട് കരുത്ത് വീണ്ടെടുത്ത് കുതിച്ചു. റുമാനിയല്‍ താരം ക്രിസ്റ്റീനയും ഞാനും ഒന്നിച്ചാണ് ഫിനിഷ് ചെയ്തത്. ആദ്യം എനിക്ക് വേങ്കലമെഡലെന്ന് അനൗണ്‍സ് വന്നു. കൂറ്റന്‍ ടിവി സ്‌ക്രീനില്‍ ഫിനിഷിംഗ് രംഗങ്ങള്‍ വീണ്ടും വീണ്ടും തെളിഞ്ഞു. ഒടുവില്‍ നെഞ്ചുപൊട്ടുന്ന വിധി വന്നു.   ക്രിസ്റ്റീനയ്ക്ക് വെങ്കലം. സെക്കന്ററിന്റെ നുറിലൊരംശത്തില്‍ എനിക്ക് മെഡല്‍ നഷ്ടമായി. കണ്ണീരടക്കാനായില്ല. ലോസ് ആഞ്ചലസില്‍ മെഡല്‍ കൈവിട്ടുപോകുമ്പോള്‍ 20 വയസ്സായിരുന്നു പ്രായം. മുന്നില്‍ ഒരുപാട് സമയമുണ്ടായിരുന്നു. എനിക്ക് 24ാം വയസ്സിലും അവസരമുണ്ടായിരുന്നു. പക്ഷേ, ആരുമത് ഗൗരവമായെടുത്തില്ല. അതിന് വേണ്ടശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. പരിക്കിന്റെ പിടിയില്‍പ്പെട്ട് ഞാന്‍ നോവനുഭവിക്കുമ്പോള്‍ ഉഷ രാജ്യത്തെ വഞ്ചിക്കുന്നുവെന്ന് വിളിച്ചുപറയാനായിരുന്നു എല്ലാവര്‍ക്കുമിഷ്ടം. പരിക്ക് മാറ്റി എന്നെ കളത്തിലിറക്കുന്നതിനൊന്നും ആരും മുന്‍കൈയെടുത്തില്ല. എന്നെ എംആര്‍ഐ സ്‌കാനിംഗ് വിധേയമാക്കാന്‍പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. എന്റെ താല്‍പര്യത്തില്‍ സ്വന്തം കാശ് ചെലവാക്കി യാണ് ഞാന്‍ ശസ്ത്രക്രിയ നടത്തിയത'്'


രണ്ടാം വരവ്

''വിവാഹം കഴിഞ്ഞ് ട്രാക്കില്‍ തിരിച്ചെത്തിയത് ഏതെങ്കിലുമൊരിനത്തില്‍ ശ്രദ്ധ ചെലുത്തി ലോകതലത്തില്‍ മികവ് കാട്ടുകയെന്ന ലക്ഷ്യം മുന്‍നിറുത്തായായിരുന്നു. മോനെ പ്രസവിച്ച ശേഷം 84 കിലോ ആയിരുന്ന ശരീരഭാഗം ഞാന്‍ 63 ആയി കുറച്ചു. തിരിച്ചുവരവിന് ശ്രീനിയേട്ടനും ഏറെ താല്‍പര്യം കാട്ടിയതോടെ എനിക്ക് ധൈര്യമായി. പെട്ടെന്ന് കരയുകയും ഏറെ സെന്‍സിറ്റീവ് ആയി പെരുമാറുകയും ചെയ്യുന്ന എനിക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ ശ്രീനിയേട്ടന്‍ വല്ലാത്ത പിന്തുണയായി.തെറ്റായ ഒരു വ്യായാമമുറ എനിക്ക് തിരിച്ചടിയായി. കാല്‍മുട്ടിലെ ലീഗമെന്റ് പൊട്ടി.. നാച്വറല്‍ സ്പ്രിന്റ് അപ്പോഴും ബാക്കിയുണ്ടായിരുന്നെങ്കിലും മൂവ്‌മെന്റിന് നിയന്ത്രണം വന്നു. എക്‌സ്‌പ്ലോസീവ് ഇവന്റ്‌സൊന്നും ചെയ്യാന്‍ പറ്റാതായി. പരിക്ക് വിനായയത്തോടെ മാന്യമായൊരു വിരമിക്കലായിരുന്നു ഉന്നം. ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡിലും സാഫ് ഗെയിംസിലുമൊക്കെ സ്വര്‍ണം നേടിയ രണ്ടാംവരവിന്‌ശേഷം പിന്നീടൊരു മല്‍സരത്തിനും കാത്തുനില്‍ക്കാതെ പോര്‍വേദികളില്‍നിന്ന് തലയുര്‍ത്തിത്തന്നെ പടിയിറങ്ങി''
എതിര്‍പ്പുകളുടെ ഹര്‍ഡില്‍സ് താണ്ടി

മികച്ച കുതിപ്പോടെ ഗ്രൗണ്ടുകളിലെ ഹര്‍ഡില്‍സുകള്‍ താണ്ടുന്ന ഉഷയ്ക്ക് കളത്തിനുപുറത്തും ഹര്‍ഡില്‍സുകള്‍ നിരവധിയായിരുന്നു. സംഘാടകരുടെയും ഒഫിഷ്യലുകളുടെയും സഹതാരങ്ങളുടെയും  കൂരമ്പുകളേറ്റ് ഉഷയ്ക്ക് പലപ്പോഴും മുറിവേറ്റിട്ടുണ്ട്. ഒതുക്കി തീര്‍ക്കലുകളുടേയും ചവിട്ടിതാഴ്ത്തലുകളുടെയും ലോകം എന്നും ഉഷയ്ക്ക് ചുറ്റും ഉണ്ടായിരുന്നു.

 ഈഗോ കോപ്ലക്‌സിലൂന്നിയ മനോഭാവമാണ് മഴലയാളികളടങ്ങിയ അന്നത്തെ പ്രമുഖതാരങ്ങള്‍ ഉഷയോട് കൈക്കൊണ്ടത്. പ്രമുഖ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍പോലും തങ്ങളിലൊരാളായി ഉഷയെ കൂട്ടാന്‍ അവര്‍ ശ്രമിക്കാറില്ലായിരുന്നു. തന്റെ നേട്ടങ്ങളോടുള്ള അസൂയയായിരിക്കാം കാരണമെന്ന് ഉഷ പറയുന്നു.

 'കൂടുതല്‍ മലയാളികള്‍ കൂടെയുണ്ടായിരുന്നെങ്കിലും ഞാനന്ന് കൂട്ട് വന്ദനാറാവുവും വിജയകാ ഭാനോട്ടുമൊക്കെയുമായിട്ടായിരുന്നു. മറ്റൊന്നുംകൊണ്ടല്ല മലയാളിതാരങ്ങള്‍ക്കെന്നോടടുക്കാന്‍ വലിയ താല്‍പര്യമൊന്നും കണ്ടില്ല. പണ്ടുമുതലേ ആരുമായും അത്ര ഇന്റിമസി സൂക്ഷിക്കാന്‍ മെനക്കെടാറില്ല. എല്ലാവരോടും ഒരേപോലെ പെരുമാറാനാണ് ശ്രമിക്കാറ്. ലോക അത്‌ലറ്റിക് മീറ്റ്, റെയില്‍വേ മീറ്റ് എന്നിവക്കൊക്കെ ഞങ്ങള്‍ ഒന്നിച്ചുപോകുമായിരുന്നു. കേരള താരങ്ങളൊക്കെ ഒന്നിച്ച് ഒരു റൂമില്‍ താമസിച്ച് ഭക്ഷണം പാകം ചെയ്തു കഴിക്കും. എന്നെ കൂട്ടില്ല. ആരെങ്കിലും ആളുകളുടെ മുന്നില്‍വെച്ച് പരിഹസിച്ചാല്‍ ഞാന്‍ തിരിച്ചൊന്നും പറയാറില്ല. തല്‍ക്കാലത്തേക്ക് ഭയങ്കര വിഷമം തോന്നും. ചിലപ്പോള്‍ ഉള്ളില്‍ കരയുകയായിരിക്കും. ഒരുപാടൊരുപാട് പരിഹാസം ഞാന്‍ നേരിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത എതിര്‍പ്പുകളെ ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നിട്ടും ഞാനാരെയും ഒന്നും പറയാറില്ല. എനിക്ക് വേണമെങ്കില്‍ ഡയറക്ടായിട്ട് അവരെ ഹിറ്റ് ചെയ്യാം. പക്ഷേ, ഞാന്‍ ചെയ്യാറില്ല. ഹിരോഷിമ ഏഷ്യന്‍ ഗെയിംസിന്റെ ട്രയല്‍സ് ലക്‌നോവില്‍ നടക്കുന്നു. ജ്യോതിര്‍ഗയി സിക്ദറിനും ഷൈനിക്കും ബഹാദൂര്‍ പ്രസാദിനുമെല്ലാം പേസ് റണ്ണറെ വെച്ച് ഓടിക്കുമായിരുന്നു. ആ സമയത്ത് 200 മീറ്ററില്‍ ഞാന്‍ ട്രാക്കിലോടാന്‍ നേരത്ത് വേറെ ഏഴുപേര് എന്‍ട്രി നല്‍കിയിട്ടുണ്ട്. ഞാന്‍ വാമപ്പ് ചെയ്ത് ഓടാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അവരൊക്കെ പിന്‍വാങ്ങികളഞ്ഞു. ഏഴാളും എനിക്കൊപ്പം ഓടാന്‍ തയ്യാറായില്ല. അപ്പോള്‍ ലക്‌നോയില്‍ സ്‌പോര്‍ട്‌സ് കോളേജില്‍ എനിക്ക് പേസ് ചെയ്തുതരാന്‍ ജൂനിയര്‍ പയ്യന്മാരുണ്ട്. അവരെ എന്നോടൊപ്പം ഓടിപ്പിക്കാന്‍ അപേക്ഷിച്ചെങ്കിലും അവര്‍ സമമതിച്ചില്ല. പയ്യന്മാര്‍ തയ്യാറായിട്ടും എന്റെ കൂടെ പേസ് റണ്ണര്‍ ഓടേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവര്‍. പിന്നെ ഞാനെന്ത് ചെയ്യും? ഞാന്‍ ഒറ്റക്കോടി. ക്വാളിഫൈ ചെയ്യാന്‍ പറ്റില്ലെങ്കിലും തോറ്റു കൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു'.

'1995ല്‍ ചെന്നെയില്‍ സാഫ് ഗെയിംസ് നടക്കുന്നു. കാര്യമായി കോംപറ്റീഷന്‍ കിട്ടാത്തതുകൊണ്ട് അതിനുമുമ്പ് സാഫ് ഗെയിംസുകളില്‍ ഞാന്‍ പങ്കെടുക്കാറില്ലായിരുന്നു. കൊല്‍ക്കത്തയില്‍ സാഫ് ഗെയിംസ് നടന്ന സമയത്ത് ആരാധകരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഓടി സ്വര്‍ണം നേടിയിരുന്നു. ചെന്നെയില്‍ എന്നെയാണ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. സത്യം പറഞ്ഞാല്‍ എനിക്കതിലൊന്നും വലിയ താല്‍പര്യം തോന്നിയില്ല. എനിക്ക് ഓടണം. ജയിക്കണം. അത്രയൊക്കെയേ ഉള്ളൂ. അല്ലാതെ ക്യാപ്റ്റന്‍ഷിപ്പില്‍ വന്നിട്ട് വലിയ ആളായി നടക്കണമൊന്നുമില്ല. എന്നിട്ടും രാജ്യത്തിന്റെ ക്യാപ്റ്റന്‍ പദവി നിരസിക്കുകയെന്ന ധിക്കാരം കാട്ടാന്‍ ആളല്ലാത്തതുകൊണ്ട് ആ ചുമതല സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. മുഴുവന്‍ സാഫ് രാജ്യങ്ങളും ഉദ്ഘാടനചടങ്ങിന് തയ്യാറായി നില്‍ക്കുകയാണ്. ഓരോ ടീമും ഗ്രൗണ്ടിലേക്ക് ഇറങ്ങാനായി തയ്യാറെടുത്ത സമയം. ഇന്ത്യന്‍ ടീമിനെ ലീഡ് ചെയ്ത ദേശീയപതാകയുമേന്തി ഞാന്‍ ഏറ്റവും മുന്നില്‍.  എന്നാല്‍ മറ്റൊരു താരത്തിന് പതാക കൈമാറാന്‍ അവസാന നിമിഷം സംഘാടകര്‍ എന്നോടു പറഞ്ഞു. ഏറെ ദു ഖം തോന്നി.  വലിയ പ്ലാഗുമേന്തി മറഅറോരു താരം മാര്‍ച്ച് ചെയ്യുമ്പോള്‍ അനൗണ്‍സര്‍ വിളിച്ചുപറഞ്ഞത് ഇന്ത്യന്‍ടീമിനെ ലീഡ് ചെയ്ത് പി.ടി. ഉഷ പോകുന്നുവെന്നായിരുന്നു'.

'ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് തിരുവനന്തപുരത്ത് പോലീസ് ഗ്രൗണ്ടില്‍ നടക്കുമ്പോള്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയ എന്റെ പ്രധാന പ്രതിയോഗി പഞ്ചാബില്‍നിന്നുള്ള ഹര്‍ജിത് കൗറായിരുന്നു. ഓട്ടം തുടങ്ങാനുള്ള വിസില്‍ മുഴങ്ങിയതും ഞങ്ങള്‍ സ്റ്റാര്‍ട്ടിങ് ബ്ലോക്കിലെത്തി. തുടര്‍ന്നു വെടിപൊട്ടിയും ഞങ്ങള്‍ കുതിച്ചു. എന്റെ വലതുവശത്തുണ്ടായിരുന്ന കുട്ടി ആദ്യ ഫൗള്‍ ചെയ്തു. പക്ഷേ ആ ഫൗള്‍ റഫറി എന്റെ പേരിലാണ് എഴുതിച്ചേര്‍ത്തത്. പിന്നീട് രണ്ടാമതും ഓട്ടത്തിനായുള്ള വെടി പൊട്ടിയതും എന്റെ ഇടതുവശത്തുണ്ടായിരുന്ന കുട്ടി ഫൗള്‍ ചെയ്തു. അതും റഫറി എന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് എന്നെ മല്‍സരത്തില്‍ നിന്ന് അയോഗ്യയാക്കി. പക്ഷേ തിരുവനന്തപുരത്തെ കാണികളും കേരള ടീം മാനേജറും  നമ്പ്യാര്‍ സാറും ഫൗള്‍ ചെയ്തത് മറ്റുള്ള കുട്ടികളാണെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന് ഉറപ്പായ സ്വര്‍ണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാനില്ലാതെ മല്‍സരം തുടര്‍ന്നുനടത്താന്‍ സംഘാടകര്‍ ശ്രമിച്ചു. അത്‌ലറ്റിക്‌സിലെ നിയമങ്ങളെപ്പറ്റി നല്ല നിശ്ചയമുള്ള  കാണികള്‍ വിടുമോ?. അവര്‍ ഉഷയില്ലാതെ മീറ്റ് നടത്താന്‍ അനുവദിക്കുകയില്ലെന്നു പറയുകയും സ്‌റ്റേഡിയം കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതതോടെ ഒഫിഷ്യലുകള്‍ പേടിച്ചു. തുടര്‍ന്നു ടെക്‌നിക്കല്‍ കമ്മറ്റി സ്റ്റാര്‍ട്ടില്‍ പോയിന്റിലെത്തി സ്റ്റാര്‍ട്ടറോടും റഫറിയോടും സംസാരിച്ചശേഷം മറ്റു കുട്ടികളാണു ഫൗള്‍ ചെയ്തതെന്നു മനസ്സിലാക്കി. പിറ്റേദിവസം മല്‍സരം വീണ്ടും നടത്താന്‍ തീരുമാനിച്ചു. ആ മല്‍സരത്തില്‍ തിരുവനന്തപുരത്തെ കാണികളുടെ പ്രതീക്ഷ ദേശീയ സ്‌കൂള്‍ റെക്കോര്‍ഡോടെ പൂവണിയിക്കാന്‍ എനിക്കായി.

1979ലേതിനേക്കാള്‍ വലിയൊരു പ്രതിസന്ധി 84ല്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിനുള്ള ആദ്യ സെലക്ഷന്‍ മീറ്റായ അന്തര്‍ സംസ്ഥാന മീറ്റ് ദല്‍ഹിയില്‍ നടന്നപ്പോഴാണ്. ട്രാക്കില്‍ സമരം ചെയ്യുന്ന അത്‌ലറ്റുകളെ ഞാന്‍ ആദ്യമായി കണ്ടത് അന്നാണ്. ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നു ചിരിയാണു വരുന്നത്. ആ കാലത്തായിരുന്നു ഞാന്‍ 400 മീറ്റര്‍ ഓട്ടം ചെയ്തു തുടങ്ങിയതേയുള്ളു. ദല്‍ഹി മീറ്റില്‍ കേരളത്തെ 400 മീറ്റര്‍ ഹര്‍ഡ്‌സില്‍ പ്രതിനിധാനം ചെയ്യാന്‍ യോഗ്യത നേടി രണ്ടുപേര്‍ എത്തിയിരുന്നു. ഏഷ്യാഡ് സ്വര്‍ണമെഡല്‍ നേതാവ് എം.ഡി വത്സമ്മ, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ എന്നോടൊപ്പം പഠിച്ചിരുന്ന ആമിന. ഞാന്‍കൂടി മത്സരിക്കാന്‍ തയ്യാറായി എനിക്ക്  ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനുവേണ്ടി ഓടാന്‍ എന്‍ട്രി ലഭിക്കുകയും ചെയ്തു. ഞാന്‍ സ്‌പൈക്കിട്ട് ഓടാന്‍ തയ്യാറായി വന്നപ്പോള്‍ മറ്റുള്ള താരങ്ങളെല്ലാം ഒന്നിനും തയ്യാറാകാതെ ട്രാക്കില്‍ കുത്തിയിരിക്കുന്നു. ഞാന്‍ ഓടുന്നതിലെ വിരോധമാണു സമരകാരണമെന്നു കേട്ടിരുന്നു. പക്ഷേ ഞാന്‍ ഇന്നും വിശ്വസിക്കുന്നതു കാരണം അതല്ലായിരുന്നെന്നാണ്. അവര്‍ എട്ടുപേരുണ്ടായിരുന്നു. അതിനാല്‍ തന്നെ നേരിട്ടു ഫൈനല്‍ നടത്താം. ഞാന്‍കൂടി ഓടുന്നുണ്ടെങ്കില്‍ ഹീറ്റ്‌സ് നടത്തേണ്ടിവരും. ഇതിലുള്ള പ്രതിഷേധമായിരുന്നിരിക്കാം കാരണം. ഏതായാലും ആ സംഭവം എന്നില്‍ ഏറെ വിഷമമുണ്ടാക്കി. എന്തായാലും ഉഷ ഓടണമെന്ന് പലരും പറഞ്ഞു. എന്നാല്‍ ഞാന്‍ സ്വയം മാറിനിന്നു. അന്ന് എനിക്ക് ആ റേസ് കിട്ടാന്‍ നമ്പ്യാര്‍സാര്‍ ഏറെ ശ്രമിച്ചു. ഒളിമ്പിക്‌സിനുമുമ്പ് ഒരു റേസെങ്കിലും കൂടുതല്‍ ലഭിച്ചാല്‍ അത്രയും ഗുണകരമാകുമായിരുന്നു. സത്യത്തില്‍ അന്ന് ഓടാതിരുന്നതു ശരിക്കും നഷ്ടമായി. ഏഷ്യന്‍ ചാമ്പ്യനായിരുന്ന വല്‍സമ്മയുമായി അന്നു മത്സരിച്ചിരുന്നെങ്കില്‍ എനിക്കു കുറച്ചു മെച്ചപ്പെട്ട മയം കിട്ടിയേനെ. ലോസ് ഏഞ്ചലസിലേക്കു പോകും മുമ്പ് എനിക്കു പിന്നെ ലഭിച്ചതു രണ്ടേ രണ്ടു റേസാണ്. മുംബൈയില്‍ ദേശീയ ഓപ്പണ്‍ മീറ്റും ദല്‍ഹിയില്‍ ഒളിമ്പിക്‌സ് ടീമിലേക്കുള്ള അവസാനവട്ട സെലക്ഷന്‍ ട്രയല്‍സും. എല്ലായിടത്തും താരങ്ങള്‍ ഒളിമ്പിക്‌സിനെല്ലാം പോകുമ്പോള്‍ കുറഞ്ഞത് 10  20 റേസെങ്കിലും ചെയ്തിരിക്കും. എനിക്കതിനു കഴിഞ്ഞില്ല. എന്നിട്ടും ഒളിമ്പിക്‌സില്‍ എനിക്കു മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞു. ഒരു രാജ്യത്തിന്റെ മുഴുവന്‍ ആദരവ് ലഭിക്കുകയെന്ന അപൂര്‍ നേട്ടത്തിന് മെഡല്‍ ലഭിക്കാഞ്ഞിട്ടും ഞാന്‍ അര്‍ഹയായി.

'ഇതുപോലുള്ള എത്രയോ അനുഭവങ്ങളെനിക്കുണ്ട്. ഞാന്‍ 1988ല്‍ പരിക്ക് കാരണം പെര്‍ഫോമന്‍സ് ചെയ്യാതെ വന്നപ്പോള്‍ രാജ്യത്തെ വഞ്ചിച്ചുവെന്ന് മില്‍ഖാസിംഗും സുരേഷ് ബാബുവുമൊക്കെ കൊട്ടിഘോഷിച്ചു. മേല്‍ത്തട്ടിലുള്ളവരൊക്കെ എന്നും ഉപദ്രവിച്ചിട്ടേയുള്ളൂ. ഇന്നും ഉപദ്രവിക്കുന്നേയുള്ളൂ. പക്ഷേ, സാധാരണക്കാര്‍ ഒരിക്കലും എന്നെ വെറുംവാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല. എനിക്കതുമതി'.

ഉഷ സ്‌കൂള്‍

കോഴിക്കോട് നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കിനാലൂര്‍.  ജില്ലയിലെ വ്യവസായ മേഖല. വ്യവസായങ്ങള്‍ തകര്‍ന്നതിനാല്‍ കിനാലൂരിന്റെ പ്രശസ്തിയും ഇല്ലാതായി. പക്ഷേ ഇന്ന് കിനാലൂര്‍ അറിയപ്പെടുന്നത് ഉഷാ സ്‌കൂളിന്റെ പേരിലാണ്. പശ്ചിമഘട്ടത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന കക്കയം മലയിടുക്കിന്റെ അടിവാരത്തിലുള്ള 30 ഏക്കര്‍ സ്ഥലം. പ്രകൃതിരമണീയവും സുന്ദരവുമായ ഭുപ്രദേശം. കളകളാരവം മുഴക്കി ഒഴുകുന്ന അരുവി. ഇവിടെയാണ് ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്. ഉഷയുടെ സ്വപ്നം. നട്ടാല്‍ എന്തു കിളിര്‍ക്കുന്ന ഈ മണ്ണിലാണ് ഒളിമ്പിക്‌സ് മെഡല്‍ കൊയ്യാനായി ഉഷയുടെ കുട്ടികള്‍ ശ്രമം നടത്തുന്നത്. നിലവിലുള്ള സാധാരണ ഗ്രൗണ്ടിനുപുറമെ സിന്ററ്റിക് ട്രാക്കുളെ മറ്റൊരു ഗ്രൗണ്ടിന്റെ പണി പൂര്‍ത്തിയായി വരുന്നു. തനിക്ക് നഷ്ടപ്പെട്ട ഒളിമ്പിക്‌സ് മെഡല്‍ തന്റെകൂടി പരിശ്രമത്തില്‍ കിട്ടണമെന്ന ഉഷയുടെ വാശിയാണ്. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 30 ഏക്കര്‍ സ്ഥലത്താണ് ഉഷാ സ്‌കൂള്‍. ഇവിടെ രാജ്യാന്തര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ മെഡിസിന്‍ സെന്റര്‍. ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ പരിശീലനകേന്ദ്രം ഒരുക്കുകയാണു ലക്ഷ്യം. 'എല്ലാ മേഖലയിലുള്ളവരുടെയും സഹകരണം ഇതിന് ആവശ്യമാണ്. കേരളത്തിലെ യുവസമൂഹം എന്നെ തുണയ്ക്കുമെന്നാണ് എന്റെ പ്രതീക്ഷ. എനിക്കുവേണ്ടത് അവരുടെ പണമല്ല. അവരുടെ മനസ്സാണ്.സോഫ്റ്റ് വെയര്‍ രംഗത്തുള്ളവരും ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാരും പത്രപ്രവര്‍ത്തകരും വ്യവസായികളും അടങ്ങുന്ന യുവസമൂഹം ഒപ്പം നിന്നാല്‍ നമുക്ക്, മലയാളികള്‍ക്ക് ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍ നേടാനാകും. യുവാക്കളുടെ പിന്തുണ എന്നും ഞാന്‍ പറയുന്നതിലും കാര്യമുണ്ട്.  എനിക്കൊരു സ്വപ്നമുണ്ട് എന്നുപറഞ്ഞാല്‍ അവര്‍ പരിഹസിച്ചു ചിരിക്കില്ലെന്ന് ഉറപ്പുണ്ട്. ഒന്നോ രണ്ടോ മികച്ച താരങ്ങളെ സൃഷ്ടിക്കലല്ല ലക്ഷ്യം. തുടര്‍ച്ചയായി മികച്ച താരങ്ങളെ സൃഷ്ടിക്കുന്ന സംവിധാനം ഉണ്ടാക്കുകയാണു സ്വപ്നം. അതിന്റെ ഭാഗമായാണു റഗുലര്‍ സ്‌കൂളും സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററും തുടങ്ങാനാണ്  പദ്ധതിയിടുന്നത്''

'ഒരു പ്രതിഭ പൊട്ടി വീഴും. അയാള്‍ കുറേ മെഡല്‍ നേടും. അങ്ങനെയാണു പലരുടെയും പ്രതീക്ഷ . നമുക്ക് ആദ്യം വേണ്ടത്. കഴിവുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന ഒരു സംവിധാനമാണ്. ഒരു കായികതാരത്തെ മാത്രം നോക്കി രാജ്യത്തെ കായികരംഗത്തിന്റെ ഭാവി പ്ലാന്‍ ചെയ്യാന്‍ പറ്റില്ല. അടിസ്ഥാന സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍, പുതിയ പരിശീലന സംവിധാനങ്ങള്‍ അങ്ങനെ കുറേ കാര്യങ്ങള്‍ അടങ്ങിയ ഒരു സംവിധാനമാണു നമുക്കുണ്ടാവേണ്ടത്. മെഡല്‍ നേടുമോ ഇല്ലയോ എന്നതല്ല, സ്‌പോര്‍ട്‌സിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നവരോടു മിനിമം ബഹുമാനമെങ്കിലും കാണിക്കണം. തലേന്നു കൊണ്ടിറക്കിയിട്ടു രാവിലെ മത്സരത്തില്‍ ഓടിക്കൊളളാന്‍ പറയുന്ന മനോഭാവം മാറാതെ നമ്മുടെ സ്‌പോര്‍ട്‌സ് നന്നാവില്ല.'  ഉഷയിലെ പരിശീലകയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്

ദിനചര്യയിലും കൃത്യത

രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കും. പ്രഭാതകൃത്യങ്ങള്‍ക്ക്‌ശേഷം പയ്യൊളിയിലെ ''ഉഷസില്‍' നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കിനാലൂരിലെ ഉഷാ സ്‌കൂളിലേക്ക്. 5.45ന് ജോഗിംഗ്, പ്രാക്ടീസ് എന്നിവ കുട്ടികള്‍ക്കൊപ്പം. ഓഫീസ് കാര്യങ്ങളും വിലയിരുത്തും. പ്രഭാത ഭക്ഷണവും സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം. 11ന് തിരികെ വീട്ടിലേക്ക്. എത്തിയാലുടന്‍ പത്രം വായന. കുട്ടികളുടെ പെര്‍ഫോമന്‍സ് അനാലിസീസ്. വേലക്കാരി ഇല്ലാത്ത ദിവസമാണെങ്കില്‍ വായനയും അനാലിസിസും രാത്രിയിലേക്ക് മാറ്റി വീട് വൃത്തയാക്കലും ആഹാരം പാകം ചെയ്യലും. പിന്നീടെല്ലാം സാധാരണ വീട്ടമ്മയെപ്പോലെ. സന്ധ്യക്ക് പ്രാര്‍ത്ഥന. രാത്രി ഭക്ഷണത്തിനുശേഷം കുട്ടികളുടെ പെര്‍ഫോമന്‍സ് വിലയിരുത്തി, പിറ്റേന്ന് ഓരോരുത്തരേയും കൊണ്ട് ചെയ്യിക്കേണ്ടത് എന്ത് എന്ന് തയ്യാറാക്കും. ഞായറാഴ്ച കുടുംബത്തിനായി മാത്രം. ഒഴിവാക്കാനാകാത്തതൊഴികെ ഒരു പരിപാടിയും അന്ന് ഏല്‍ക്കില്ല.

''വായന എന്നാല്‍ വലിയ കട്ടിയുള്ള പുസ്തകങ്ങള്‍  അല്ല. പ്രധാനമായും കായികമേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍. ടിവിയില്‍ വാര്‍ത്തകളെല്ലാം കഴിവതും മുടങ്ങാതെ കാണാന്‍ ശ്രമിക്കും. സിനിമയും പാട്ടുമാണ് പിന്നെ ഇഷ്ടം. എനിക്ക് മലയാളം സിനിമയാണ് ഇഷ്ടം. ശ്രീനിയേട്ടന് തമിഴിനോടാണ് പ്രിയം. മോന് ഹിന്ദിയോ ഇംഗ്ലീഷോ. അതൊരു പ്രശ്‌നമാണ്. ഗാനങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട്''.

ദല്‍ഹി നെഹ്‌റു സ്‌റ്റേഡിയം

മൂന്നര പതിറ്റാണ്ടത്തെ ഓട്ടത്തിനിടയില്‍ ഉഷയുടെ പാദസ്പര്‍ശം ഏറ്റ സ്‌റ്റേഡിയങ്ങള്‍ രാജ്യത്തിനകത്തും പുറത്തും നിരവധിയാണ്. ഇതിലേതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് മറുപടി പെട്ടെന്നായിരുന്നു. ''ദല്‍ഹി നെഹ്‌റു സ്‌റ്റേഡിയം തന്നെ. എന്തൊക്കെയോ പ്രത്യേകത അനുഭവമാകുന്ന സ്‌റ്റേഡിയം. ഓടാനിറങ്ങുമ്പോള്‍ പോസിറ്റീവ് എനര്‍ജി കിട്ടുന്ന അന്തരീക്ഷമാണവിടെ. കേരളത്തിലാണെങ്കില്‍ കണ്ണൂര്‍ പോലീസ് മൈതാനം ഇഷ്ടമാണ്. പയ്യൊളി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഒന്ന് ഓടിയിട്ടേ ഏത് മീറ്റിനും ഓടാന്‍ പോകുമായിരുന്നുള്ളൂ. അതൊരു വിശ്വാസം. മംഗലാപുരത്തെ മംഗള സ്‌റ്റേഡിയത്തില്‍ നിന്നുപോയാല്‍ മികവ് പുലര്‍ത്താന്‍ കഴിയുമെന്ന വിശ്വാസം കുട്ടികള്‍ക്കുണ്ട്''.

വിശ്വാസവും വിവേകാനന്ദനും

''തികഞ്ഞ ഈശ്വര വിശ്വാസിയാണ്. തൃക്കോട്ടൂര്‍ മഹാഗണപതിക്ഷേത്രത്തിലെത്തി വഴിപാട് നടത്താതെ ഒരു മത്സരത്തിന് പോയിട്ടില്ല. ഓട്ടം കഴിഞ്ഞ് തിരികെ എത്തുമ്പോഴും ക്ഷേത്രത്തിലെത്തി തൊഴും. കുട്ടികളുടെ വിശ്വാസം എന്തായാലും അവരെയുംകൊണ്ട് മീറ്റിനു പോകുമ്പോള്‍ ഓരോരുത്തരുടെയും പേരില്‍ ഞാന്‍ അര്‍ച്ചന നടത്തും. പഴവങ്ങാടി ക്ഷേത്രത്തില്‍ തേങ്ങാ ഉടയ്ക്കുന്നത് വലിയ വിശ്വാസമാണ്. പ്രതിസന്ധി ഘട്ടത്തിലൊക്കെ നാളീകേരം ഉടയ്ക്കുന്നത് നേരും. തിരുവനന്തപുരത്ത് പോകുമ്പോള്‍ പഴവങ്ങാടിയിലെത്തി തേങ്ങാ ഉടയ്ക്കാതെ പോരാറില്ല. പിന്നെ ഇഷ്ടം ഗുരുവായൂരപ്പനോടാണ്. ഇടയ്ക്കിടെ പോകും'' അമ്മയില്‍നിന്നാണ് ഗണേഷ് ഭക്തി ഉഷയ്ക്ക് കിട്ടിയത്. മകന് വിഘ്‌നേഷ് എന്ന പേരിട്ടതും ഈ ഭക്തിയില്‍ നിന്നുതന്നെ. സ്വാമി വിവേകാനന്ദനാണ് ആദര്‍ശ പുരുഷന്‍. ഉഷയ്ക്ക് ലഭിച്ച നൂറുകണക്കിന് മെഡലുകള്‍ അടുക്കി വെച്ചിരിക്കുന്നതും വിവേകാനന്ദ ചിത്രത്തിനു മുന്നില്‍.. ഏല ൗേു, മിറ ലെ ്യേീൗൃ വെീൗഹറലൃ ീേ വേല ംവലലഹ  ഒീം ഹീിഴ ശ െവേശ െഹശളല ളീൃ? അ ്യെീൗ വമ്‌ല രീാല ശിീേ വേശ െംീൃഹറ, ഹലമ്‌ല ീൊല ാമൃസ യലവശിറ. (ഏതു സാഹചര്യത്തേയും തന്റേടത്തോടെ നേരിടൂ. ജീവിതം എത്ര നാളത്തേക്ക്?  നിങ്ങള്‍ ഭൂമിയില്‍ വന്ന സ്ഥിതിക്ക് എന്തെങ്കിലും അടയാളം  ബാക്കിവെക്കൂ ) എന്ന വിവേകാനന്ദ സന്ദേശമാണ് ഉഷയ്ക്ക് വഴികാട്ടി
ലോസ് ആഞ്ചലസിലെ ജേഴ്‌സിയും
വിഘ്‌നേഷിന്റെ ആദ്യ കുപ്പായവും

ഉഷയുമായുള്ള അഭിമുഖത്തിനിടെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എത്തി. സ്‌കൂളിലെ ശുചിത്വ പരിശോധനയ്ക്ക് വന്നതാണ്. കുട്ടികളുടെ താമസസ്ഥലങ്ങളും അടുക്കളെയും കുളിമുറിയും ശൗചാലയവും എല്ലാം പരിശോധനക്കുശേഷം മടങ്ങിയെത്തി ഉഷയോട് പറഞ്ഞു . 'വളരെ വൃത്തിയായിരിക്കുന്നു മാഡം. ഞാന്‍ പരിശോധിച്ചതില്‍ ഏറ്റവും ശുചിത്വമുള്ള സ്ഥാപനം'. വാക്കാല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയാണ് മടങ്ങിയത്. വൃത്തിയുടെ കാര്യത്തില്‍ ഉഷയ്ക്ക് യാതൊരു ഒത്തുതീര്‍പ്പുമില്ല. അത് വീട്ടിലാണെങ്കിലും സ്‌കൂളിലാണെങ്കിലും എല്ലാത്തിനും ഒരു അടുക്കും ചിട്ടയും നിര്‍ബന്ധമാണ്. അതേപോലെ ഇഷ്ടമാണ് ഇഷ്ടമുള്ള സാധനങ്ങള്‍ ശേഖരിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും. നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും വലിയ ശേഖരം ഉണ്ടായിരുന്നു. നാണയങ്ങള്‍ മകന്‍ വിഘ്‌നേഷും സ്റ്റാമ്പുകള്‍ ശിഷ്യ ടിന്റു ലൂക്കോയും എടുത്തു.  പേപ്പര്‍ കട്ടിംഗ് സൂക്ഷിക്കലും ഹോബിയാണ്. എന്നെകുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാംതന്നെ വെട്ടിയെടുത്തത് ഇപ്പോഴുമുണ്ട് കയ്യില്‍. ഓടുമ്പോള്‍ ബനിയനില്‍ ധരിക്കുന്ന ചെസ് നമ്പരുകള്‍ ഭദ്രമായി സൂക്ഷിക്കുകയുമായിരുന്നു. ലോസ് ആഞ്ചലസില്‍ ഓടിയപ്പോള്‍ ഇട്ട ബനിയന്‍, മകന്‍ വിഘ്‌നേഷ് അദ്യമിട്ട കുഞ്ഞുടുപ്പ് തുടങ്ങിയവയൊക്കെ ഉഷയ്ക്ക് ലഭിച്ച ആയിരക്കണക്കിന് മെഡലുകള്‍ക്കൊപ്പം 'ഉഷസി'ല്‍ ഭദ്രമാണിന്നും.
ജര്‍മ്മന്‍ ടീമിനെ ഫുട്‌ബോള്‍ പഠിപ്പിക്കുന്ന  മാധ്യമങ്ങള്‍

കായിക സംഘാടകരുടെയും സഹതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും മാത്രമല്ല മാധ്യമങ്ങളുടേയും ക്രൂശിക്കലിന്  സ്ഥിരം വിധേയയാകുന്ന താരമാണ് ഉഷ. ''ഷൈനി കുതിക്കുന്നു; ഉഷ പിന്നില്‍' എന്ന രീതിയിലുള്ള തലകെട്ടുകള്‍ നല്‍കി പ്രധാന പത്രങ്ങള്‍ ഓടികൊണ്ടിരുന്ന കാലത്ത് ഉഷയെ ഇടിച്ചിരുത്താന്‍ ശ്രമിച്ചു. '' ഉഷയുടെ കുട്ടികള്‍ തോറ്റു'' എന്ന ബ്രേക്കിംഗ് ന്യൂസിനോടാണ് ചാനലുകള്‍ക്ക് താല്‍പര്യം. ഉഷ എന്തോ അപരാധം ചെയ്യുന്നു എന്ന രീതിയിലുള്ള വാര്‍ത്ത അവ തരുന്നു.

'ഞാന്‍ മാധ്യമങ്ങളെ കുറ്റം പറയുന്നില്ല. ജനങ്ങള്‍ക്ക് സെന്‍സേഷണല്‍ വാര്‍ത്തകളാണിഷ്ടം. അതിനാല്‍ മാധ്യമങ്ങള്‍ അത് നല്‍കും. ലോകകപ്പ് ഫുട്‌ബോളിനിടെ ഒരു മലയാള ചാലനല്‍ ഓണ്‍ ചെയ്തപ്പോള്‍ ജര്‍മ്മന്‍ ടീമിനെ കളി പഠിപ്പിക്കുന്ന ചര്‍ച്ചയാണ് അതില്‍. ടീം മൊത്തത്തില്‍ എങ്ങനെ കളിക്കണം. ഓരോ കളിക്കാരും എങ്ങനെ കളിക്കണം എന്നൊക്കെ അവതാരകനും ചര്‍ച്ചക്കെത്തിയ ഫുട്‌ബോള്‍ പണ്ഡിതരും വിളമ്പുന്നു. ഇവര്‍ക്കെങ്കില്‍ ഈ ഉപദേശങ്ങള്‍ നല്‍കി ഇന്ത്യയില്‍ നിന്നൊരു ഫുട്‌ബോള്‍ ടീമിനെ ലോകകപ്പിന് ക്വാളിഫൈ ചെയ്യിച്ചുകൂടേ. ലോകകപ്പ് നേടിയ ജര്‍മ്മനിയെ ഫുട്‌ബോളും ഹുസൈന്‍ ബോള്‍ട്ടിനെ ഓട്ടവും പഠിപ്പിക്കുന്ന നമ്മുടെ മാധ്യമങ്ങളെക്കുറിച്ച് ദുഃഖമാണ് തോന്നുന്നത്'' ഉഷ പറഞ്ഞു.

മടുത്തു; എങ്കിലും പിന്നോട്ടില്ല

''  നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടിന്റു ലൂക്കോയ്ക്ക് മെഡല്‍ നേടാനാകാത്തതിന്റെ കാര്യം പരിശീലകയായ എനിക്കും ഓട്ടത്തെ വീക്ഷിച്ച വിവരമുള്ളവര്‍ക്കും അറിയാം. ഒപ്പം ഓടുന്നവരെ വിലയിരുത്തണമെങ്കില്‍ ടിന്റുവിന് ഉണ്ടായ പിഴവ് എന്നുവേണമെങ്കില്‍ പറയാം. നമ്മള്‍ വെറുതെ ഓടിയതുകൊണ്ടുമാത്രമായില്ല. ഓരോ ഓട്ടത്തിനിടയിലും സ്പ്വീഡ് കൂട്ടിയും കുറച്ചും ഓടേണ്ടിവരും. ഇത് സാഹചര്യം അനുവദിച്ച് ബുദ്ധിപൂര്‍വ്വം ചെയ്യേണ്ടകാര്യമാണ്. ടാലന്റും കഠിനാധ്വാനവുമുള്ള ഒരു അത്‌ലറ്റിന് കൂടുതല്‍ മത്സരാവസരങ്ങള്‍ ഉണ്ടായാലേ ഇതിനു കഴിയൂ. മത്സരങ്ങള്‍ ഒരുക്കികൊടുക്കാന്‍ നമ്മുടെ കായിക സംഘടനകള്‍ക്ക് താല്പര്യമില്ല. സ്വന്തം നിലയില്‍ എവിടെ എങ്കിലും ഓടിപ്പിടിക്കാമെന്നുവെച്ചാല്‍ പലപല തടസ്സങ്ങള്‍ നിരത്തി നിരുത്സാഹപ്പെടുത്തും. ഓട്ടത്തില്‍ മെഡല്‍ കിട്ടിയില്ലെങ്കില്‍ പഴിമുഴുവന്‍ ഉഷയുടെ തലയില്‍. ഉഷ രാജ്യത്തെ വഞ്ചിച്ചു എന്നു പോലും അച്ചുനിരത്തിയവരുണ്ട്. ആരുടെ ഭാഗത്തുനിന്നും പോസിറ്റീവായ പിന്തുണ ലഭിക്കുന്നില്ല. നെഗറ്റീവാണ് കൂടുതല്‍. കുറ്റംപ്പെടുത്തലുകള്‍ കേട്ട് മടുത്തു. ഒരാളെ അന്താരാഷ്ട്ര മത്സരവേദിയില്‍ എത്തിക്കുന്നതിനായി ചെലവിടുന്ന സമയം, എടുത്ത ത്യാഗം ഇതൊന്നും ആരും ഗൗനിക്കുന്നതേയില്ല. സംസ്ഥാന സ്‌കൂള്‍ മേളകളില്‍ മെഡല്‍ വാരിക്കുട്ടുന്ന സ്‌കൂളുകളും കുട്ടികളുമുണ്ട്. അവരെയൊന്നും പിന്നീട് കായികരംഗത്തുതന്നെ കാണാറില്ലെന്നതാണ് സത്യം. ആ സാഹചര്യത്തില്‍ ടിന്റു ലൂക്കോയേയും ജസി ജോസഫിനേയും പോലുള്ള താരങ്ങളെ വാര്‍ത്തെടുത്തതില്‍ അനുമോദിച്ചില്ലെങ്കിലും ആക്ഷേപിക്കാതെയെങ്കിലും ഇരുന്നുകൂടെ.' അതു രോഷവും സങ്കടവുമെല്ലാം അണപൊട്ടികൊണ്ട് ഇതു പറയുമ്പോള്‍ ഉഷയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്ഠങ്ങള്‍ ഇടറി. തന്നെ ദ്രോഹിക്കുന്നവരെ ഈശ്വരന്‍ വെറുതെ വിടില്ല എന്ന ആശ്വാസവും കണ്ടെത്തി. എങ്കിലും തനിക്ക് കൈവിട്ട ഒളിമ്പിക്‌സ് മെഡല്‍ രാജ്യത്തിനായി നേടാന്‍ കഴിയുന്ന ആളെ കണ്ടെത്താതെ പിന്നോട്ടില്ലന്ന ദൃഢനിശ്ചയത്തിലാണ് ഉഷ.

''ടിന്റുവിന്റെ പ്രകടനങ്ങള്‍ എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത് കായികതാരത്തിനുവേണ്ടി അടിസ്ഥാന ശാരീരിക മികവുകള്‍ ഉള്ളവളല്ല ടിന്റു. ടാലന്റും കുറവ്. ഈ കുട്ടിയെ എങ്ങനെ താരമാക്കും എന്ന് എന്നോട് പലരും ചോദിച്ചു. ടിന്റുവിന്റെ കഠിനാധ്വാനത്തില്‍ എനിക്ക് വിശ്വാസമുണ്ടായി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ന് രാജ്യം പ്രതീക്ഷ അര്‍പ്പിക്കുന്ന അത്‌ലറ്റാണ് ടിന്റു. ടിന്റുവിനെപോലൊരു കുട്ടിയെ ഈ നിലയിലേക്ക് കൊണ്ടുവരാമെങ്കില്‍ ശാരീരികക്ഷമതയും നൈസര്‍ഗിക പ്രതിഭാശേഷിയും കഠിനാധ്വാനം ചെയ്യാന്‍ മടിയുമില്ലാത്ത ഒരു കുട്ടിയെ കിട്ടിയാല്‍ ഒളിമ്പിക്‌സ് മെഡല്‍ എന്ന എന്റെ കാത്തിരിപ്പിന് അധികനാള്‍ ആയുസ്സുണ്ടാകില്ല. അത്തരമൊരാളെ കിട്ടുമെന്നതില്‍ സംശയവുമില്ല''

കേന്ദ്രമന്ത്രി പദവിയും മോദിയുടെ ക്ഷണവും

പി ടി ഉഷയെ തങ്ങളോടൊപ്പം നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ആഗ്രഹിച്ചതില്‍ തെറ്റൊന്നുമില്ല. ഉഷയേപ്പോലൊരു പ്രതിഭ തങ്ങള്‍ക്ക് മുതല്‍കൂട്ടായും എന്ന ഉത്തമ വിശ്വാസത്തില്‍ തന്നെയാണത്. തന്റെ മുന്നില്‍ വലിയൊരു ലക്ഷ്യമുള്ളതിനാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേയ്ക്കില്ലന്ന് പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു ഉഷ.  

വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സുഷമ സ്വരാജ് നേരിട്ട് വിളിച്ച് കായിക മന്ത്രി പദവി ഏറ്റെടുക്കാമോ എന്ന് ചോദിച്ചു. പിന്നീട് കായിക മന്ത്രിയായ ഉമാ ഭാരതിയും പ്രധാന ഒരു ചുമതല ഏല്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മന്ത്രിയാകുന്നതിനേക്കാള്‍ വലുത് രാജ്യത്തിനായി ഒരു ഒളിമ്പിക്‌സ് മെഡല്‍ സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് അവരെ ബോധ്യപ്പെടുത്തി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി അവിടേയ്ക്ക് ക്ഷണിച്ചു. ഉഷാ സ്‌കൂളിന്റെ മാതൃകയില്‍ ഗുജറാത്തില്‍ അവിടെ പരിശീലന സ്ഥാപനം നടത്താനാണ്.  സൗകര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ ഒരുക്കും. കായികതാരങ്ങളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ മാത്രം മതി. എല്ലാരംഗത്തും ഗുജറാത്തികള്‍ മുന്നിലെത്തിയിട്ടും ഒരു അന്താരാഷ്ട്ര അത്‌ലറ്റ് അവിടെനിന്ന് ഉണ്ടായിട്ടില്ല. ഇതു പരിഹരിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. എന്തൊക്കെ ചെയ്യണമെന്ന് കാട്ടി ഉഷ നല്‍കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.


'കേരളത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഗുജറാത്തില്‍ പോകുന്നതിന് ബുദ്ധിമുട്ടുണ്ടായി. ആത്മാര്‍ത്ഥമായ ആഗ്രഹവും മടിയില്ലാത്ത പിന്തുണയും ഗുജറാത്ത് ആവര്‍ത്തിക്കുന്നതിനാല്‍ അവിടേയ്ക്ക് പോയി. . പരിശീലനത്തിനുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പ്രാഥമിക പരിശീലനം നല്‍കി.  പിന്നീട് മാസത്തില്‍ ഏതാനും ദിവസം നേരിട്ടെത്തി പരിശീലിപ്പിച്ചു. ബാക്കിയുള്ള ദിവസങ്ങളില്‍ പരിശീലിപ്പിക്കാന്‍ മികവുള്ളവരെ ചുമതലപ്പെടുത്തി

 


ഭര്‍ത്താവിന് ജ്വലിക്കുന്ന അഹ്നി; മകന് തല്ലാത്ത അമ്മ

ഭര്‍ത്താവ് വി. ശ്രീനിവാസിന് ജ്വലിക്കുന്ന അഹ്നിയാണ് ഉഷ. ' അത്തരമൊരു അഹ്നിയെ ഉള്‍ക്കൊള്ളാനുള്ള സമൂഹമല്ല ഇന്ന്. ഒരു സ്ത്രീയാണ് ജ്വലിക്കാത്തതെങ്കില്‍ പ്രത്യേകിച്ചും അത്തരമൊരു അഹ്നി ഉള്ളിലുള്ളതിനാല്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ഏതു വാതിലില്‍പോയി മുട്ടാനുമുള്ള ആര്‍ജ്ജവം കാട്ടും. ആ അഹ്നിയെ ഊതികെടുത്താന്‍ ശ്രമിച്ചിട്ടില്ല. ലോകം മുഴുവന്‍ അറിയുന്ന സ്ത്രീയാണ് ഉഷ. അവര്‍ക്ക് അവരുടേതായി ചിന്താധാരയുണ്ട്. ചെയ്തുതീര്‍ക്കേണ്ട കടമയും ഉത്തരവാദിത്വമുണ്ട്. ഗ്രൗണ്ടിലായാലും വീട്ടിലായാലും ഓഫീസിലായാലും ചെയ്യുന്ന കാര്യങ്ങളില്‍ 100 ശതമാനം ഉത്തരവാദിത്വം പുലര്‍ത്താന്‍ ഉഷയ്ക്ക് കഴിയുന്നു. പ്രശ്‌നങ്ങളെ വേണ്ട രീതിയില്‍ അഭിമുഖീകരിക്കാനും കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കി പറയാനുമുള്ള ആര്‍ജ്ജവം ഉഷയ്ക്കുണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനം, കുടുംബകാര്യങ്ങള്‍, ബന്ധുക്കളുടെ കാര്യങ്ങള്‍ എന്നിവയിലൊക്കെ ഉത്തരവാദിത്വമുണ്ട്. ഇതൊക്കെ ഭംഗിയായി നിറവേറ്റാന്‍ ഉഷയ്ക്കും കഴിയുന്നുണ്ട്'.

ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ടതല്ലാന്നു വിശ്വസിക്കുന്ന ശ്രീനിവാസന്‍ തമ്പിക്കതൊരിക്കലും കിട്ടാതിരുന്നിട്ടില്ലെന്നും വ്യക്തമായിരുന്നു. കേരളത്തില്‍നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര കബഡിതാരമായതിനാല്‍ ശ്രീനിവാസന് ഉഷയെപ്പോലൊരു സെലബ്രറ്റിയെ വിവാഹം കഴിച്ചതിന്റെപേരില്‍ കോപ്ലക്‌സും ഉണ്ടായിട്ടില്ല. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും കൊണ്ട് തളരുന്ന ഉഷയ്ക്ക് താങ്ങും തണലുമായി ഒപ്പുണ്ടുതാനും.

ഭര്‍ത്താവിന് ജ്വലിക്കുന്ന അഹ്നിയാണെങ്കില്‍ മകന്‍ വിഘ്‌നേഷിന് അടിയ്ക്കാത്ത അമ്മയാണ് ഉഷ.

'' അമ്മ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. വഴക്കുപറയുമെങ്കിലും അടിക്കില്ല. അടിയെല്ലാം അച്ഛന്റെ വക. എത്ര തിരക്കാണെങ്കിലും സ്‌കൂളിലും കോളജിലുമൊക്കെ അമ്മയെത്തും. ഉഷയുടെ മകന്‍ എന്ന നിലയില്‍ ആദ്യമൊക്കെ കുട്ടികള്‍ക്ക് ഇഷ്ടം പ്രകടിപ്പിക്കും. പിന്നീട് അവര്‍ ഒരകല്‍ച്ച കാട്ടും.' മംഗലാപുരത്ത് എംബിബിഎസ് അവസാന വര്‍ഷം പഠിക്കുന്ന വിഘ്‌നേഷിനും അമ്മ അഭിമാനം മാത്രം.

''ശ്രീനിയേട്ടന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ വിവാഹശേഷം എനിക്കു സ്‌പോര്‍ട്‌സില്‍ തിരിച്ചുവരാന്‍ കഴിയില്ലായിരുന്നു. എന്നെ പൂര്‍ണമായും മനസ്സിലാക്കുകയും എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നയാളാണു ശ്രീനിയേട്ടന്‍. മകന്‍ വിഘ്‌നേഷ് സ്‌പോര്‍ട്‌സ് താരമാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ട്രാക്കിലിറങ്ങി ഓടണമെങ്കില്‍ കുറച്ച് കഷ്ടപ്പെടാനും മേലുവേദനിക്കും വരെ പരിശീലനം നടത്താനുമുള്ള മനസ്സ് വേണം. അവനു ഞാന്‍ ട്രയല്‍സ് ചെയ്യിച്ചു നോക്കിയതാണ് . ടാലന്റുണ്ട്. പക്ഷേ എന്തുചെയ്യാം. താല്‍പര്യമില്ല.  സ്‌പോര്‍ട്‌സ് ചെയ്യണമെങ്കില്‍ ടാലന്റ് മാത്രം പോരാ. അതിനോടു ഭ്രാന്തമായ ഒരു സ്‌നേഹം വേണം. കഠിനാധ്വാനം ചെയ്യാനുള്ള മനസും വേണം. അല്ലാതെ കാര്യമില്ല.'.


ആത്മകഥ

അരനൂറ്റാണ്ട് പിന്നിട്ട തന്റെ ചരിത്രം ലോകത്തോട് പറയാന്‍ തയ്യാറെടുക്കുകയാണ് ഉഷ. 'സമഗ്രവും സത്യസന്ധവുമായ ആത്മകഥ എഴുതികൊണ്ട് ആവശ്യമായ വിവരങ്ങളൊക്കെ ശേഖരിച്ചുകഴിഞ്ഞു. കാര്യങ്ങള്‍ എല്ലാം മനസ്സിലുണ്ടുതാനും.  താന്‍ പിന്നിട്ട വഴികളെക്കുറിച്ചുള്ള സത്യസന്ധമായ അവസരങ്ങളായിരിക്കും അത്.  എന്നെ വേദനിപ്പിച്ചവരേയും ദുഃഖിപ്പിച്ചവരെയും ഒക്കെ തുറന്നു കിട്ടും. ഇന്ന് മാന്യതയില്‍ നടക്കുന്ന പലരുടേയും മുഖംമൂടി അഴിഞ്ഞു വീണേക്കാം'. എതിര്‍പ്പുകളുടെ മറ്റൊരു കുന്തമുന ഏല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് പുസ്തക രചനയിലുടെ ഉഷ
 

പി. ശ്രീകുമാര്‍


 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.