×
login
വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? വൈറലായി രവിമോനോന്റെ കുറിപ്പ്

നിറഞ്ഞ ചിരിയില്‍ നിന്ന് നിലയ്ക്കാത്ത കരച്ചിലേക്ക് ഉഷയെ എടുത്തെറിഞ്ഞ നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഒക്കെ ഹൃദയ സ്വര്‍ശിയായി രവി മോനോന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം:  അന്താരാഷ്ടവനിതാ ദിനത്തില്‍ പി ടി ഉഷയുമായുള്ള അടുപ്പം  അനുസ്മരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രവി മേനോന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി.  പഴംപൊരി പന്തയം വെച്ച് ഉഷയുടെ ഒട്ടോഗ്രാഫിന് പോയത്, ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായത്,  ഉഷ സ്‌കൂളിന്റെ  സംഘാടക യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്, നിറഞ്ഞ ചിരിയില്‍ നിന്ന് നിലയ്ക്കാത്ത കരച്ചിലേക്ക് ഉഷയെ എടുത്തെറിഞ്ഞ നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഒക്കെ ഹൃദയ സ്വര്‍ശിയായി രവി മോനോന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

Facebook Post: https://www.facebook.com/ravi.menon.1293/posts/10157471834936090

ഉഷയ്ക്ക് മെഡൽ നഷ്ടം, എനിക്ക് പഴംപൊരിയും 

ചമ്മലുണ്ട് ഉള്ളില്‍. തെല്ലൊരു ഭയവും. ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് ഉഷ എന്നെ അവഗണിച്ചാല്‍? അതിലും വലിയ അപമാനമുണ്ടോ? ''പി ടി ഉഷയുടെ ഓട്ടോഗ്രാഫ് സംഘടിപ്പിച്ചാല്‍  ഹോട്ടല്‍ ഹില്‍പാലസില്‍ നിന്ന് എന്റെ വക നിനക്കൊരു ചായയും പഴംപൊരിയും.''  ഒപ്പമുണ്ടായിരുന്ന ദേവഗിരി കോളേജിലെ ഹോസ്റ്റല്‍മേറ്റ് വേലായുധന്റെ  അല്‍പ്പം പരിഹാസച്ചുവ കലര്‍ന്ന വെല്ലുവിളിയായിരുന്നു ഓര്‍മ്മയില്‍. എന്നിലെ അന്തര്‍മുഖനെ അവനോളം തിരിച്ചറിഞ്ഞവര്‍ വേറേയില്ലല്ലോ..  

ദേശീയ അത്‌ലറ്റിക് മീറ്റ്  നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയില്‍ ഏകാന്ത പരിശീലനത്തിലാണ്  പതിനേഴുകാരി  ഉഷ. ഒരു സാധാരണ ഷര്‍ട്ടും ഷോര്‍ട്ട്‌സും വേഷം.  കയ്യിലൊരു വിസിലുമായി കുറച്ചകലെ നിന്ന് ശിഷ്യയുടെ പ്രകടനം വീക്ഷിക്കുന്നു കോച്ച് ഒ എം നമ്പ്യാര്‍.  ചെറുപ്രായത്തില്‍ തന്നെ പ്രശസ്തിയുടെ പാരമ്യത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നത് കൊണ്ട്, ഉഷയുടെ പരിശീലനം കാണാന്‍ ചെറിയൊരു ആള്‍ക്കൂട്ടമുണ്ട് ചുറ്റും. കൂട്ടത്തില്‍ നിന്ന് തെല്ലു മാറി, ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയത്തോടെ തന്റെ അവസരം കാത്ത് പതുങ്ങിനില്‍ക്കുന്നു, ജീവിതത്തില്‍ ആദ്യമായി ഒരു കായികതാരത്തിന്റ ഓട്ടോഗ്രാഫ് വാങ്ങാന്‍ പന്തയം വെച്ച് ഇറങ്ങിപ്പുറപ്പെട്ട  ''കോളേജ് കുമാരന്‍.'' ആ കാഴ്ച ആസ്വദിച്ച് കുറച്ചു ദൂരെ  ഗോഷ്ഠികളും ആംഗ്യവിക്ഷേപങ്ങളുമായി  വേലായുധനും സംഘവും.  

പരിശീലന ഓട്ടം കഴിഞ്ഞു സ്റ്റാര്‍ട്ടിങ് പോയിന്റിലേക്ക് തിരികെ നടന്നുപോകുന്ന ഉഷയുടെ നേരെ മടിച്ചുമടിച്ച്  ഓട്ടോഗ്രാഫ് നീട്ടി ഞാന്‍. തിരിഞ്ഞുനോക്കാതെ ഒരു കൈവീശലായിരുന്നു പ്രതികരണം. എന്തായിരിക്കും അതിന്റെ അര്‍ത്ഥം ? കാത്തുനിന്ന് സമയം കളയാതെ സ്ഥലം വിട്ടോ  എന്നോ? അതോ ഇപ്പോള്‍ സമയമില്ല, പിന്നെ കാണാം എന്നോ? അറിയില്ല.  ഒരു ശ്രമം കൂടി നടത്തിനോക്കാം. എന്തായാലും ഇറങ്ങിപ്പുറപ്പെട്ടതല്ലേ? അടുത്ത വരവിന് സകല ധൈര്യവും സംഭരിച്ച് ഒരിക്കല്‍ കൂടി ഓട്ടോഗ്രാഫ് നീട്ടിയെങ്കിലും, കഥ ആവര്‍ത്തിച്ചു. ചുറ്റും നടക്കുന്നതൊന്നും  ശ്രദ്ധിക്കാതെ ഉഷ മുന്നോട്ടുതന്നെ. പക്ഷേ ഇത്തവണ ഒരത്ഭുതമുണ്ടായി. രണ്ടു ചുവട് നടന്നശേഷം അപ്രതീക്ഷിതമായി തിരിഞ്ഞു നോക്കി ഉഷ. പിന്നെ ഭാവഭേദമൊന്നും കൂടാതെ നേരെ എന്റെയടുത്തു വന്ന് ഓട്ടോഗ്രാഫും പേനയും വാങ്ങി വടിവൊത്ത അക്ഷരങ്ങളില്‍ എഴുതിത്തന്നു: ''വിഷ് യു ഓള്‍ ദി ബെസ്‌ററ് ... പി ടി ഉഷ.''  

ഓട്ടോഗ്രാഫ്  ഒപ്പിട്ട്  തിരിച്ചുതരുമ്പോഴും മുഖത്ത് നോക്കിയില്ല  ഉഷ. നിരാശ തോന്നിയെന്നത് സത്യം. കയ്യൊപ്പ് വാങ്ങുന്നതിനേക്കാള്‍ ട്രാക്കിലെ രാജകുമാരിയെ നേരില്‍ കണ്ടു പരിചയപ്പെടുകയായിരുന്നല്ലോ മുഖ്യ ലക്ഷ്യം. അവസരം ഒത്തുവന്നാല്‍  രണ്ടുവാക്ക് സംസാരിക്കുകയും. സാരമില്ല,  പോട്ടെ.  ചെറുപ്രായത്തില്‍ തന്നെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഓടി ചരിത്രം സൃഷ്ടിച്ച പയ്യോളി എക്‌സ്പ്രസ് പിലാവുള്ളകണ്ടി തെക്കേപറമ്പില്‍  ഉഷ നമ്മളെ മൈന്‍ഡ് ചെയ്തു എന്നതു തന്നെ വലിയ കാര്യം. ഓട്ടോഗ്രാഫ് കീശയില്‍ തിരുകി  തിരികെ കൂട്ടുകാരുടെ സമീപത്തേക്ക് നടക്കാനൊരുങ്ങുമ്പോഴാണ് മറ്റൊരത്ഭുതം സംഭവിച്ചത്.  മുന്നോട്ട് കുറച്ചുദൂരം നടന്നശേഷം  തിരിഞ്ഞ് എന്റെ മുഖത്തുനോക്കി വെളുക്കെ ചിരിക്കുന്നു ഉഷ. ഹൃദയം തുറന്നുള്ള  സ്‌റ്റൈലന്‍ ചിരി. പിന്നാലെ കോഴിക്കോടന്‍ ആക്‌സന്റില്‍ ഒരു ചോദ്യം: ''എന്താ ങ്ങളെ പേര്?''

''രവി'' എന്റെ മറുപടി.

ഓഹോ എന്ന് തലയാട്ടിയ ശേഷം ഉഷ പറഞ്ഞു: 'താങ്ക് യു''

കഴിഞ്ഞു. വിടര്‍ന്ന ചിരിയുമായി യാത്ര പറഞ്ഞു നീങ്ങുന്ന  ഉഷയെ അന്തംവിട്ടു നോക്കി നില്‍ക്കേ, ഉള്ളിലോര്‍ത്തത് ഇതാണ്: ''എനിക്കെന്തിന് താങ്ക് യു? ഞാനങ്ങോട്ടല്ലേ പറയേണ്ടത്?''

അപ്രതീക്ഷിതമായ ആ താങ്ക്‌യൂവില്‍ നിന്ന്, ഹൃദയത്തിന്റെ അടിത്തട്ടില്‍  നിന്നൂറിവന്ന  നിഷ്‌കളങ്കമായ ചിരിയില്‍ നിന്ന് തുടങ്ങുന്നു  ഉഷയുമായുള്ള എന്റെ ആത്മബന്ധം. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും ധന്യമുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു  അതെന്ന് മനസ്സ് മന്ത്രിക്കുന്നു. ബെറ്റ് വെച്ച് എന്നെ  പ്രലോഭിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത വേലായുധന് നന്ദി; അവന്‍ വാഗ്ദാനം ചെയ്ത പഴംപൊരി സ്വപ്നം മാത്രമായി ഒടുങ്ങിയെങ്കിലും. ''എടാ, ഉഷയ്ക്ക് ഒളിമ്പിക് മെഡലാ കൈവിട്ടുപോയത്. നിനക്ക് പഴംപൊരിയല്ലേ പോയുള്ളൂ..'' വര്‍ഷങ്ങള്‍ക്കു ശേഷമൊരിക്കല്‍  യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോള്‍ പഴയ പന്തയക്കഥ ഓര്‍ത്തെടുത്ത് വേലായുധന്‍ പറഞ്ഞു.  

പത്രപ്രവര്‍ത്തനത്തിലും കളിയെഴുത്തിലുമെത്തിപ്പെട്ട ശേഷം ആദ്യമെഴുതിയ ഫീച്ചറുകളിലൊന്ന് ഉഷയെ കുറിച്ചായിരുന്നു. സോള്‍ ഏഷ്യന്‍ ഗെയിംസില്‍  സ്വര്‍ണവേട്ട നടത്തി തിരിച്ചുവന്ന ഉഷയെ പയ്യോളിയില്‍ ചെന്നു കണ്ട് വ്യത്യസ്തമായ റിപ്പോര്‍ട്ട്   എഴുതാന്‍ നിയോഗിച്ചത് കലാകൗമുദി പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായര്‍. ഇരുപത്തഞ്ചു രൂപയുടെ ചെക്ക് ആയിരുന്നു പ്രതിഫലം. എഴുതിക്കിട്ടിയ  ആദ്യത്തെ പാരിതോഷികം.  ടെലിവിഷന് വേണ്ടി ചെയ്ത ആദ്യത്തെ ഫീച്ചറുകളില്‍   ഒന്നും ഉഷയെക്കുറിച്ചു തന്നെ. ഇന്ത്യാവിഷന്‍  ചാനലിന്റെ തുടക്കകാലത്തെ  ''കൂടെ'' എന്ന പരമ്പരയില്‍. കളിയെഴുത്തിന് ലഭിച്ച ആദ്യപുരസ്‌കാരമായ കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ്  ഉഷയുടെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയത് മറ്റൊരു സുന്ദരമായ ഓര്‍മ്മ..  

പില്‍ക്കാലത്ത് ഉഷയും ശ്രീനിയേട്ടനും എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി. ട്രാക്കിനും ഫീല്‍ഡിനുമപ്പുറത്തേക്ക് വളര്‍ന്ന കുടുംബബന്ധം. ഉഷയുടെ സ്വപ്നപദ്ധതിയായ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് എന്ന പ്രസ്ഥാനം സങ്കല്‍പ്പങ്ങളില്‍ നിന്ന് യാഥാര്‍ഥ്യമായി വളരുന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് കളിയെഴുത്തു ജീവിതത്തിലെ  അസുലഭ ഭാഗ്യമായി കരുതുന്നു ഞാന്‍; ഓണററി ട്രസ്റ്റിയുടെ റോളില്‍ പ്രത്യേക ക്ഷണിതാവായി  ഉഷ സ്‌കൂളിന്റെ ആദ്യ സംഘാടക യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും.  ഉഷ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ കൗതുകത്തോടെ, ഉത്സാഹത്തോടെ പിന്തുടരാറുണ്ട് ഇന്നും; പുതുതാരങ്ങളുടെ പ്രകടനത്തിന്റെ  ഗ്രാഫ് ശ്രദ്ധിക്കാറുമുണ്ട്   പിന്നണിയില്‍  പഴയപോലെ സജീവമല്ലെങ്കിലും    

ട്രാക്കിലെ പി ടി ഉഷയുടെ ജൈത്രയാത്ര വിസ്മയിപ്പിച്ചിട്ടുണ്ട് എന്നെ. ട്രാക്കിനു പുറത്ത് ഉഷ നേരിട്ട ക്രൂരമായ തിരിച്ചടികളും അപമാനങ്ങളും വല്ലാതെ വേദനിപ്പിച്ചിട്ടുമുണ്ട്. നിറഞ്ഞ ചിരിയില്‍ നിന്ന് നിലയ്ക്കാത്ത കരച്ചിലേക്ക് ഉഷയെ എടുത്തെറിഞ്ഞ നിര്‍ഭാഗ്യകരമായ പല സംഭവവികാസങ്ങള്‍ക്കും ഞാന്‍ സാക്ഷി. പക്ഷേ അത്തരം തിരിച്ചടികളൊന്നും ഉഷയിലെ പോരാളിയെ തളര്‍ത്തിയില്ല. തിരിച്ചടികളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ഉഷ ഉഷയാകുമായിരുന്നല്ലോ. മനസ്സിലുള്ളത് ആരുടെയും മുഖം നോക്കാതെ വെട്ടിത്തുറന്നുപറയുന്ന ശീലം വരുത്തിവെച്ച വിനകള്‍  വേറെ. രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുകയും, മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുകയും ചെയ്യുന്ന സാമൂഹ്യമാധ്യമ ''ധര്‍മ്മ''ത്തിന്റെ ഇരയായിരുന്നല്ലോ കുറച്ചുകാലം ഉഷയും.  

ഉഷയെ അടുത്തറിയുന്ന ആളുകള്‍ക്ക് അതൊന്നും അത്ഭുതമേയല്ല. പൊട്ടിത്തെറിയും പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലും മാറിമാറി  അലയടിച്ചുകൊണ്ടിരിക്കും ആ മുഖത്ത്. നാട്യങ്ങളേതുമില്ലല്ലോ  അടിമുടി നാട്ടിന്‍പുറത്തുകാരിയായ ഈ ''സിലബ്രിറ്റി''ക്ക്.   സ്വന്തം വാക്കുകളിലെ ആത്മാര്‍ത്ഥത പലപ്പോഴും   തെറ്റി വായിക്കപ്പെടുന്നതിലേയുള്ളൂ അല്പമെങ്കിലും ദുഃഖം. ഇപ്പോള്‍ അത്തരം തെറ്റിദ്ധാരണകളോടും പൊരുത്തപ്പെടാന്‍ പഠിച്ചിരിക്കുന്നു ട്രാക്കിലെ പെണ്‍പുലി.  

തീയില്‍ കുരുത്തയാള്‍ എങ്ങനെ വെയിലേറ്റ് വാടാന്‍?  

ഇതൊക്കെയാണ് ഉഷ. ഇങ്ങനെയൊക്കെയാണ് കേരളത്തിന്റെ, ഇന്ത്യയുടെ ഒരേയൊരു ഉഷ. ഈ വനിതാദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ  മറ്റാരെക്കുറിച്ചെഴുതാന്‍ ? മെഡിക്കല്‍ കോളേജ് മൈതാനത്തിന്റെ ഓരത്ത് ഓട്ടോഗ്രാഫിന് വേണ്ടി ആകാംക്ഷയോടെ, അക്ഷമയോടെ കാത്തുനിന്ന ആ കോളേജ് പയ്യന്‍ ഇപ്പോഴും ഉള്ളിലുള്ളതുകൊണ്ട് പ്രത്യേകിച്ചും...

രവിമേനോന്‍

 

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.