×
login
ഇന്ത്യയില്‍ സേവനം നല്‍കാനുള്ള ലൈസന്‍സിന് അപേക്ഷിക്കും; സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് പദ്ധതിയുമായി മസ്‌ക് മുന്നോട്ട്

സ്റ്റാര്‍ലിങ്ക് ഇന്ത്യാ കണ്‍ട്രി ഡയറക്ടര്‍ സഞ്ചയ് ബത്രയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സേവനങ്ങള്‍ ആരംഭിക്കാനുള്ള ലൈസന്‍സുകള്‍ക്ക് ജനുവരി 31 ഓടെ അപേക്ഷ നല്‍കുമെന്ന് വ്യക്തമാക്കി എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനി. കമ്പനി ഇന്ത്യയില്‍ സേവനങ്ങള്‍ക്കായുള്ള അനുമതി വാങ്ങുന്നതിന് മുമ്പ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിക്ക് മതിയായ ലൈസന്‍സ് ഇല്ലായെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.  

സ്റ്റാര്‍ലിങ്ക് ഇന്ത്യാ കണ്‍ട്രി ഡയറക്ടര്‍ സഞ്ചയ് ബത്രയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കമ്പനി വെബ്‌സൈറ്റിലൂടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രീ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പുമായി മുന്നോട്ടുവന്നത്. ആവശ്യമായ ലൈസന്‍സുകള്‍ ലഭിക്കുന്നതുവരെ രാജ്യത്ത് നിന്നുള്ള ഉപയോക്താക്കള്‍ ബുക്കിംഗ് നടത്തരുതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്ത് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കാനാണ് സ്റ്റാര്‍ലിങ്കിന്റെ ലക്ഷ്യം. ഇന്ത്യയിലെ ടെലികോം കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ലിങ്ക് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് ഇതുവരെ 5,000ത്തിലധികം പ്രീഓര്‍ഡറുകള്‍ ലഭിച്ചതായും കമ്പനി അവകാശപ്പെട്ടു. ബീറ്റ ഘട്ടത്തില്‍ സെക്കന്‍ഡില്‍ 50150 എംബിപിസ്  വേഗത ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനായി ഉപയോക്താക്കളില്‍ നിന്ന് 7,350 രൂപ  ഡെപ്പോസിറ്റ് ഈടാക്കുന്നുണ്ട്.  


എല്ലാവരുമായും സഹകരിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. ലോകമെമ്പാടും സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് നല്‍കുന്നതിന് ലൈസന്‍സ് ലഭിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതായും, ഗ്രാമീണ ജില്ലകളിലും ഇന്റര്‍നെറ്റ് സേവനം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ പറഞ്ഞു.

ശതകോടീശ്വരനും ടെസലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവിയുമായ എലോണ്‍ മസ്‌കിന്റെ കീഴിലുള്ള സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഈ വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഭൂമിയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്ന ഒരു സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കോണ്‍സ്റ്റലേഷനാണ് സ്റ്റാര്‍ലിങ്ക്. മസ്‌കിന്റെ തന്നെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സപേസ് എക്‌സാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇന്റര്‍നെറ്റും മറ്റു സേവനങ്ങളും ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റ് നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാകാനാണ്  സ്റ്റാര്‍ലിങ്ക് ശ്രമിക്കുന്നത്.  

സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വീസസ്, കണ്ടന്റ് സ്‌റ്റോറേജ്, സ്ട്രീമിംഗ്, മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍സ് എന്നിവയാണ് സ്റ്റാര്‍ലിങ്ക് രാജ്യത്ത് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. കമ്പനിയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ വഴി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വികസനത്തിനാണ് സ്റ്റാര്‍ലിങ്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തിന്റെ ഗ്രാമങ്ങളില്‍ സാങ്കേതിക വികസനത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് മസ്‌കിന്റെ തീരുമാനം. രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ സേവനത്തിന് അനുമതി ലഭിച്ചാലുടന്‍ ആദ്യ ഘട്ടമായി ദല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ 100 സൗജന്യ ഉപകരണങ്ങള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. 2022 ഡിസംബറോടെ രണ്ടു ലക്ഷം സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ രാജ്യത്ത് നല്‍കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 80 ശതമാവും നല്‍കുക ഗ്രാമീണ പ്രദേശങ്ങളിലായിരിക്കും.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.