×
login
ഇന്റര്‍നെറ്റ് ‍മേല്‍വിലാസങ്ങളില്‍ മുന്‍പേ പറന്ന് ഇന്ത്യ

വികസ്വരരാജ്യത്തിന്റെ ജിഡിപി 1.38 ശതമാനം വര്‍ധിപ്പിക്കാന്‍ ബ്രോഡ്ബാന്‍ഡ് സേവനം 10 ശതമാനം വര്‍ധിപ്പിക്കുന്നതോടെ സാധിക്കുമെന്നാണു ലോകബാങ്കിന്റെ പഠനത്തില്‍ പറയുന്നത്.

 

നവീനസാങ്കേതികവിദ്യയുടെ കുത്തനെയുള്ള വളര്‍ച്ചയിലൂടെ ഡിജിറ്റല്‍ മേഖലയില്‍ കാലത്തിനൊപ്പമോ അതിനുമുമ്പെയോ സഞ്ചരിക്കാനുള്ള കുതിപ്പിലാണ് ഇന്ത്യ. മികച്ച നിലവാരത്തിലുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെയും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഗുണനിലവാരമുള്ള സേവനത്തിന്റെയും കരുത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യാ സംവിധാനത്തിലേക്ക് രാജ്യത്തെ ഡിജിറ്റല്‍ മേഖല അതിവേഗം വളരുകയാണ്. വിവിധ പരിഷ്‌കരണങ്ങളിലൂടെയും സങ്കീര്‍ണതകള്‍ ഇല്ലാതാക്കിയതിലൂടെയും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ലഭ്യമാണ്. ഒരു രാജ്യത്തിന്റെ സാമൂഹ്യസാമ്പത്തിക വളര്‍ച്ചയില്‍ ഇന്റര്‍നെറ്റിന്റെ പ്രാധാന്യം ആഗോളതലത്തില്‍ത്തന്നെ ഏവരും തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹത്തെയും കാഴ്ചപ്പാടുള്ള സമ്പദ്വ്യവസ്ഥയേയും രൂപപ്പെടുത്തുന്നതില്‍ ഇന്റര്‍നെറ്റ് സജീവവും നിര്‍ണായകവുമായ പങ്കാണു വഹിച്ചിട്ടുള്ളത്. സമ്പദ്വ്യവസ്ഥയിലെ വിവിധ വിഭാഗങ്ങളുടെ പ്രകടമായ വളര്‍ച്ചയ്ക്കും ആധുനികവല്‍ക്കരണത്തിനുമുള്ള ചാലകശക്തിയായി നിലകൊള്ളുന്നതിനൊപ്പം വിവിധ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള ഫലപ്രദമായ മാധ്യമമായും ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ജനങ്ങളെ ഡിജിറ്റലായി ശാക്തീകരിച്ചും ഇന്ത്യയുടെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം നേടുന്നതിനു സഹായിച്ചും നമ്മുടെ രാജ്യത്തെ പൗരന്‍മാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇന്റര്‍നെറ്റിനു കഴിഞ്ഞു.

ഒരു വികസ്വരരാജ്യത്തിന്റെ ജിഡിപി 1.38 ശതമാനം വര്‍ധിപ്പിക്കാന്‍ ബ്രോഡ്ബാന്‍ഡ് സേവനം 10 ശതമാനം വര്‍ധിപ്പിക്കുന്നതോടെ സാധിക്കുമെന്നാണു ലോകബാങ്കിന്റെ പഠനത്തില്‍ പറയുന്നത്. ഇന്ത്യാഗവണ്‍മെന്റ് രാജ്യത്ത് എല്ലാവര്‍ക്കും മിതമായ നിരക്കിലും നീതിയുക്തമായും എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചും ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാക്കുന്നതിന് ഫലപ്രദമായ നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. 5ജി, സമ്പൂര്‍ണ യന്ത്രവല്‍ക്കൃത (മെഷീന്‍ ടു മെഷീന്‍  എം2എം) ആശയവിനിമയം, നിര്‍മിതബുദ്ധി, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളുടെ സമഗ്ര വളര്‍ച്ചയും ബ്രോഡ്ബാന്‍ഡ്, ഇന്റര്‍നെറ്റ് സേവനങ്ങളുടെ വ്യാപനവും ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കു ഗവണ്‍മെന്റ് ഊന്നല്‍ നല്‍കിയതും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസങ്ങളുടെ വലിയ തോതിലുള്ള ആവശ്യതയിലേക്കു വഴിതെളിച്ചു. നിലവില്‍ ലഭ്യമായിട്ടുള്ളത് ഐപിവി4 (ഐപി 4ാം പതിപ്പ്) ആണ്. എന്നാല്‍ ഈ ഇന്റര്‍നെറ്റ് വിലാസശൃംഖലകള്‍ക്കു താങ്ങാന്‍ കഴിയുന്നതിനപ്പുറത്തേയ്ക്കു കാര്യങ്ങള്‍  മാറിമറിഞ്ഞു. ദിനംപ്രതിയെന്നോണമാണു പുതുപുത്തന്‍ ആപ്ലിക്കേഷനുകള്‍ പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ടെലികോം ശൃംഖലകള്‍ക്കു ദ്രുതഗതിയില്‍ തുടക്കമാകുകയും വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു. ഇതെത്തുടര്‍ന്ന് കൂടുതല്‍ ഐപി വിലാസങ്ങള്‍ ആവശ്യമായി വരികയാണ്.

ഇന്റര്‍നെറ്റിന്റെ ആരംഭകാലത്ത്, ഏകദേശം നാല് പതിറ്റാണ്ട് മുമ്പാണ് ഇന്‍ര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) നാലാം പതിപ്പ് വികസിപ്പിച്ചത്. മികച്ച രീതിയിലാണ് തുടക്കത്തില്‍ത്തന്നെ ഇതു രൂപപ്പെടുത്തിയെടുത്തത്. സുഗമമായി വിന്യസിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു ഇത്. എന്നാല്‍ ഭാവിയിലുണ്ടായേക്കാവുന്ന ഇന്റര്‍നെറ്റ് കുതിച്ചുചാട്ടത്തെയും ഐപിവി4 വിലാസശൃംഖലകളുടെ പരിധികഴിയുമെന്നതും മുന്‍കൂട്ടിക്കാണാന്‍ അന്ന് ഇതിനു കഴിയാതെ പോയി.

ഈ സാഹചര്യത്തിലാണ് നൂതനവും വിപുലവുമായ ഐപി വിലാസരീതിയായ ഐപിവി6 ഉരുത്തിരിയുന്നത്. ഐപിവി 6 ലേക്കുള്ള മാറ്റവും വിന്യാസവും  ഊര്‍ജിതമാക്കാന്‍ ടെലികോം വകുപ്പ് 2010 ജൂലൈയില്‍ ദേശീയ ഐപിവി6 വിന്യാസ രൂപരേഖ (നാഷണല്‍ ഐപിവി6 ഡിപ്ലോയ്‌മെന്റ് റോഡ്മാപ്പ്) പുറത്തിറക്കി. ഇത്  രാജ്യത്ത് ഐപിവി6 ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന് സഹായകമായി. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്മെന്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് ഗവണ്‍മെന്റ് സംഘടനകള്‍, ടെലികോം സേവനദാതാക്കള്‍, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍, ഉപകരണ നിര്‍മാതാക്കള്‍, ക്ലൗഡ് കംപ്യൂട്ടിംഗ്/ഡാറ്റ സെന്റര്‍ ദാതാക്കള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഉള്ളടക്കആപ്ലിക്കേഷന്‍ ദാതാക്കള്‍ തുടങ്ങിയ വിഭാഗങ്ങളുടെ സജീവമായ ഇടപെടലിന്റെ ഫലമായി അവരില്‍ പലര്‍ക്കും ഐപിവി6 പ്രവര്‍ത്തനക്ഷമമാകുയും ചെയ്തു. ആദ്യ രൂപരേഖയുടെ നേട്ടങ്ങള്‍ സമന്വയിപ്പിക്കുന്നതിനും അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകുന്നതിനും ദേശീയ ഐപിവി6 വിന്യാസ രൂപരേഖയുടെ രണ്ടാം പതിപ്പ് ടെലികോം വകുപ്പ് 2013 മാര്‍ച്ചില്‍ പുറത്തിറക്കി. ടെലികോം വകുപ്പിന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിന്റെ ഫലമായി വിവിധ മേഖലകളില്‍ സമയബന്ധിതമായി ഐപിവി6 നടപ്പില്‍ വരുത്തുന്നതിനുള്ള ശേഷി പ്രാപ്തമായി. തുടര്‍ന്ന് ഐപിവി6മായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി ടെലികോം വകുപ്പ് വിവിധ വ്യവസായ വിഭാഗങ്ങള്‍ക്കായി സംക്ഷിപ്ത രൂപത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്തു.

ഇന്റര്‍നെറ്റ് പ്രോട്ടോക്കോളിന്റെ അടുത്ത തലമുറ(പതിപ്പ്)യാണ് ഇന്റര്‍നെറ്റ് എന്‍ജിനീയറിംഗ് ടാസ്‌ക് ഫോഴ്‌സ് (കഋഠഎ) 1990കളുടെ മധ്യത്തില്‍ വികസിപ്പിച്ച ഐപിവി6. ഐപിവി4ല്‍ ഉപയോഗിച്ചിരുന്ന 32 ബിറ്റുകള്‍ക്കു പകരം 128 ബിറ്റുകളാണ് ഐപിവി6 ഉപയോഗിക്കുന്നത്. ഭാവിയിലേക്കു മികച്ച ശേഷി നല്‍കുന്ന ഐപിവി6 വളരെയധികം ഐപി വിലാസങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. (ഐപിവി4നെക്കാള്‍ 1028 ഇരട്ടി വലുത്). കൂടാതെ ഐപിവി6 ഐപിസെക് (കജടലര) പ്രോട്ടോക്കോളില്‍ ഉള്‍പ്പെട്ടിട്ടുള്ള സുരക്ഷാചട്ടക്കൂടിലൂടെ മികച്ച സുരക്ഷയും ഉറപ്പ് നല്‍കുന്നു. ഇതു പൂര്‍ണമായ സുരക്ഷയാണുറപ്പാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള സേവനത്തിനൊപ്പം ലളിതമായ ഹെഡ്ഡര്‍ ഫോര്‍മാറ്റ് നല്‍കുന്നതിനാല്‍ വേഗത്തിലുള്ള റൂട്ടിംഗും സ്വിച്ചിംഗും സാധ്യമാക്കുന്നു. ഐപിവി6ല്‍ ട്രാഫിക് ക്ലാസും ഫ്‌ളോ ലേബല്‍ ഫീല്‍ഡും ഉള്ളത് വിഒഐപി, ഇന്ററാക്റ്റിവ് ഗെയിമിംഗ്, ഇകോമേഴ്‌സ്, വീഡിയോകള്‍ പോലുള്ളവയുടെ സ്ട്രീമിംഗ് മെച്ചപ്പെടുത്തുന്നു.

നിരവധി ഉപകരണങ്ങള്‍ ഒരേസമയം  ഉപയോഗിക്കുമ്പോഴുണ്ടാ കുന്ന നെറ്റ്വര്‍ക്ക് കോണ്‍ഫിഗറേഷന്‍ ലളിതമാക്കുന്ന പ്ലഗ് ആന്‍ഡ് പ്ലേ ഫീച്ചറായ ഓട്ടോ കോണ്‍ഫിഗറേഷനാണ് ഐപിവി6ന്റെ മറ്റൊരു സവിശേഷത. നിരവധി സ്മാര്‍ട്ട് സെന്‍സറുകളോ ഉപകരണങ്ങളോ വിന്യസിക്കപ്പെടുന്ന സ്മാര്‍ട്ട് സിറ്റികളിലും എം2എം/ഐഒടി നെറ്റ്വര്‍ക്കുകളിലും ഇത് പ്രയോജനകരമാണ്. ഇത് നെറ്റ്വര്‍ക്കുകളെ പ്രതിസന്ധി ഘട്ടങ്ങളില്‍ വേഗത്തില്‍ പ്രതികരിക്കുന്നതിന് സഹായിക്കും. പ്രത്യേക ആവശ്യങ്ങള്‍ക്കായി രൂപപ്പെടുത്തിയ നെറ്റ്വര്‍ക്ക് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. പുതിയ ആപ്ലിക്കേഷനുകളില്‍ ഐപിവി4നാല്‍ സാധ്യമല്ലാത്ത ആധുനികവല്‍ക്കരണം ഐപിവി6 സാധ്യമാക്കുന്നു. സെന്‍ട്രലൈസ്ഡ് ബില്‍ഡിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഗ്രാമീണ അടിയന്തര ആരോഗ്യ പരിചരണം, ടെലി എജ്യുക്കേഷന്‍/വിദൂരവിദ്യാഭ്യാസം, സ്മാര്‍ട്ട് ഗ്രിഡുകള്‍, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. എം2എം/ഐഒടി സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ഐപിവി6 വെബ്‌സൈറ്റുകളുടെ വേഗതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നു. സ്മാര്‍ട്ട് മീറ്ററിംഗ്, സ്മാര്‍ട്ട് ഗ്രിഡ്, സ്മാര്‍ട്ട് ബില്‍ഡിംഗ്, സ്മാര്‍ട്ട് സിറ്റികള്‍ പോലുള്ള മേഖലകളില്‍ ഐപിവി6 അധിഷ്ഠിത നവീന ആപ്ലിക്കേഷനുകളുടെ ഉപയോഗം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തും.


ലോകശരാശരി വെറും 28.18 ശതമാനമായിരിക്കെ ഇന്ത്യ 77 ശതമാനം ഐപിവി6 ശേഷിയാണ് കൈവരിച്ചിരിക്കുന്നത്. സാങ്കേതികരംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ കുതിപ്പ്. അമേരിക്ക (47.58 ശതമാനം), ജപ്പാന്‍ (32.38 ശതമാനം), യുകെ (32.61 ശതമാനം), ചൈന (19.58 ശതമാനം) എന്നീ വികസിത രാജ്യങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ആഗോളതലത്തില്‍ ഈ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ നേതൃസ്ഥാനത്താണുള്ളത്. ഏഷ്യ പസഫിക് പ്രദേശത്തെ ഇന്റര്‍നെറ്റ് എണ്ണത്തിന്റെ ഉറവിടം (ഐപി വിലാസത്തിന്റെ എണ്ണം) വിതരണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന എപിഎന്‍ഐസി (ഏഷ്യ പസഫിക് നെറ്റ്വര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍) റിപ്പോര്‍ട്ടില്‍ 2014 മുതല്‍ ഇതുവരെ ഐപിവി6 നടപ്പാക്കുന്നതില്‍ ഇന്ത്യ പ്രകടിപ്പിച്ച മികവ് വ്യക്തമായി പറയുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 2015 ജനുവരിയില്‍ 3.22 ശതമാനം ഐപിവി6 ഉപയോക്താക്കള്‍ ഉണ്ടായിരുന്നത് 2020 ജനുവരിയില്‍ 24.33 ശതമാനമായി വര്‍ധിച്ചു. 67.9 ശതമാനമാണ് സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് (സിഎജിആര്‍). അതേ സമയം ഐപിവി6നായുള്ള ഇന്ത്യയുടെ സിഎജിആര്‍ വളര്‍ച്ച 413.7 ശതമാനമാണ്. ഇത് വികസിത രാജ്യങ്ങളായ അമേരിക്കയില്‍ 33.9 ശതമാനവും ജപ്പാനില്‍ 31.2 ശതമാനവുമാണ്. ആകെ ഉപയോക്താക്കളുടെ (ഐപിവി4+ഐപിവി6) സംയുക്ത വാര്‍ഷിക വളര്‍ച്ച 12 ശതമാനം വര്‍ധിച്ചു. ഐപിവി6 വിന്യാസത്തിനായുള്ള ഇന്ത്യയുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി ആഗോളതലത്തില്‍ ഐപിവി6 ഉപയോക്താക്കളുടെ എണ്ണം ഐപിവി4 ഉപയോക്താക്കളുടെ എണ്ണത്തേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുകയാണ്.

ഇത് കൂടാതെ ഭൂരിഭാഗം ഗവണ്‍മെന്റ് വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഹോസ്റ്റ് ചെയ്യുന്ന എന്‍ഐസിയുടെ (നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍) എന്‍ഐസിഎന്‍എടി അടിസ്ഥാന ഇന്‍ഫ്രാസ്ട്രക്ചര്‍ ഇപ്പോള്‍ പൂര്‍ണമായും ഐപിവി6ലാണ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളത്. വിവിധ മന്ത്രാലയങ്ങളിലും സംസ്ഥാനകേന്ദ്രങ്ങളിലുമുള്ള ഇതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഐപിവി6 നടപ്പിലാക്കാന്‍ സജ്ജവുമാണ്. ഇത് കൂടാതെ നിരവധി സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഐപിവി6 അടിസ്ഥാനമാക്കി ഐപി അടിസ്ഥാന സേവനങ്ങള്‍ (ക്ലൗഡ് കംപ്യൂട്ടിംഗ് ഡാറ്റ കേന്ദ്രങ്ങള്‍ പോലുള്ള) നല്‍കിവരുന്നു. ഇന്റര്‍നെറ്റ് എന്‍ജിനീയറിംഗ് ടാസ്‌ക് ഫോഴ്‌സ്, ഇടിഎസ്‌ഐ, 3ജിപിപി എന്നിവ അവയുടെ പ്രോട്ടോക്കോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്ക് മികച്ച പുരോഗതി നേടാന്‍ മാനദണ്ഡങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കുന്നതിനാല്‍ ഐഇടിഎഫിന് ഐപിവി4ന്റെ ആവശ്യം നിലവിലില്ലെന്ന് പുതിയ പ്രോട്ടോക്കോള്‍ വ്യക്തമാക്കുന്നു. ഇത് കൂടാതെ 5ജി സ്റ്റാന്‍ഡ്എലോണില്‍ (എസ്എ) ഐപിവി6 നിര്‍ബന്ധമാക്കുന്നതിനും 3ജിപിപി ആലോചിക്കുന്നുണ്ട്.

കേന്ദ്ര ഗവണ്‍മെന്റിന്റെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളുടേയും യോജിച്ച പ്രവര്‍ത്തനത്താല്‍ ഇന്ത്യയിലെ സേവനദാതാക്കളില്‍ ഭൂരിഭാഗവും ഐപിവി6 ട്രാഫിക് കൈകാര്യം ചെയ്യാനും ഐപിവി6 സേവനങ്ങള്‍ നല്‍കാനും തയ്യാറായിക്കഴിഞ്ഞു. ക്ലൗഡ് സേവനദാതാക്കളിലേയും ഉപകരണ നിര്‍മാതാക്കളിലേയും വലിയൊരു വിഭാഗം വിവിധ നവീന ആപ്ലിക്കേഷനുകള്‍ക്കായി ഐപിവി6 വിന്യസിക്കുകയും ഉപയോഗിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. വലിയൊരു വിഭാഗം കമ്പനികളും ഐപിവി6 മാത്രമുള്ള സേവനത്തിലേക്ക് മാറിയിരിക്കുന്നു. ദേശീയ ഡിജിറ്റല്‍ ആശയവിനിമയ നയം (എന്‍ഡിസിപി2018) ശേഷിക്കുന്ന ആശയവിനിമയ സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, നെറ്റ്വര്‍ക്കുകള്‍ എന്നിവയിലേക്ക് കൂടി ഐപിവി6 വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

ഇതുവരെയുളള നേട്ടങ്ങളെ സംയോജിപ്പിക്കുന്നതിനൊപ്പം പിന്നിട്ട നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കേണ്ടതുമുണ്ട്. ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിന് സേവനദാതാക്കള്‍, ഉള്ളടക്കആപ്ലിക്കേഷന്‍ ദാതാക്കള്‍, ക്ലൗഡ് സേവനദാതാക്കള്‍, ഉപകരണ നിര്‍മാതാക്കള്‍ എന്നിവര്‍ തങ്ങളുടെ നിലവിലുള്ള സിസ്റ്റങ്ങളിലും ഉപഭോക്തൃ ഉപകരണങ്ങളിലും ഡ്യുവല്‍ സ്റ്റാക്കും നേറ്റീവ് ഐപിവി6ഉം ഉപയോഗിച്ച് സമൂലമാറ്റംവരുത്തലിനായുള്ള പണം വകയിരുത്തണം. എല്ലാ പുതിയ ഉപഭോക്തൃ കണക്ഷനുകളും ഐപിവി6 അടിസ്ഥാനത്തില്‍ അനുവദിക്കുകയും വിവിധ തരത്തിലുള്ള പുതിയ ഉപകരണങ്ങള്‍ ഐപിവി6ന് അനുയോജ്യമായി ഒരുക്കുകയും വേണം.

ഡിജിറ്റല്‍ കണക്റ്റിവിറ്റി അതിവേഗത്തില്‍ വ്യാപിക്കുകയും സാമൂഹ്യസാമ്പത്തിക പുരോഗതിയ്ക്കുള്ള പ്രധാനപ്പെട്ട ഉറവിടമായി ഇന്റര്‍നെറ്റ് മാറുകയും ചെയ്ത സാഹചര്യത്തില്‍ ഗവണ്‍മെന്റ്, സേവനദാതാക്കള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഗവേഷണവികസന സ്ഥാപനങ്ങള്‍, ഉപകരണ നിര്‍മാതാക്കള്‍, ക്ലൗഡ് കംപ്യൂട്ടിങ്, ഡാറ്റ കേന്ദ്രങ്ങള്‍, ഉള്ളടക്കആപ്ലിക്കേഷന്‍ ദാതാക്കള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ചേര്‍ന്ന് ഐപിവി6ന്റെ രൂപാന്തരം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഗതാഗതം, ടെലികോം, റെയില്‍വേ, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ മേഖലകളിലെ ഇതിന്റെ ഉപയോഗം ഏറ്റവും പുതിയതായി അപ്‌ഡേറ്റ് ചെയ്ത സാങ്കേതിക സേവനങ്ങള്‍ നടപ്പിലാക്കുന്നതിന് കരുത്തുപകരും. കഴിഞ്ഞ കുറച്ചുകാലത്തിനിടെ ഐപിവി4ന്റെ ഉപയോഗസാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അത് നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറില്‍ സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുന്നതിനും ചെലവ് ഉയരുന്നതിനും കാരണമായി മാറിയിരുന്നു. ഭാവിയില്‍ ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടേയും സേവനങ്ങളുടേയും വളര്‍ച്ചയും ആധുനികവല്‍ക്കരണവും ഉറപ്പാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ചേര്‍ന്ന് ഐപിവി6ലേക്കുള്ള മാറ്റവും വ്യാപനവും നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ ആവാസവ്യവസ്ഥയ്ക്കു കരുത്തുപകരുന്നത് കൂടാതെ വരാനിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതിവിദ്യകളാല്‍ നയിക്കപ്പെടുന്ന വമ്പന്‍ സാങ്കേതിക വിപ്ലവത്തിന് സജ്ജമാകുന്നതിനായി ഇന്ത്യയെ സഹായിക്കാന്‍ ഐപിവി6ലേക്കുള്ള സമയോചിതമായ മാറ്റം സഹായിക്കും.

 

(ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ അംഗം എ കെ തിവാരിയും ടെലികോം എഡിജി സച്ചിന്‍ രാത്തോറും ചേര്‍ന്നെഴുതിയ ലേഖനം)

 

  comment

  LATEST NEWS


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.