×
login
ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരിലുള്ള ആദ്യ സര്‍ക്കാര്‍ ഗവേഷണകേന്ദ്രം കേരളത്തില്‍: രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കേന്ദ്രം ഗുരുജിയുടെ പേരില്‍

ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ആതിഥേയ സ്ഥാപനമായ ആര്‍ജിസിബിയില്‍ നടന്ന ആമുഖ സമ്മേളനത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇക്കാര്യമറിയിച്ചത്.

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസ് രാജ്യത്തിന് സമര്‍പ്പിക്കാന്‍ തയ്യാറായതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് ഇത് അറിയപ്പെടുക.

ആര്‍ എസ് എസ് രണ്ടാം സര്‍സഘചാലക് ആയിരുന്ന ഗുരുജി  ഗോള്‍വാള്‍ക്കര്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സുവോളജി അധ്യാപകനായിരുന്നു. ക്യാന്‍സര്‍ വന്നായിരുന്നു മരണം. അദ്ദേഹത്തിന്റെ പേരില്‍ രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഗവേഷണ കേന്ദ്രമാണിത്.

ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ആതിഥേയ സ്ഥാപനമായ ആര്‍ജിസിബിയില്‍ നടന്ന ആമുഖ സമ്മേളനത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

ഇടത്തരം, വന്‍കിട സാങ്കേതികനൂതനത്വ കേന്ദ്രമായിരിക്കും രണ്ടാമത്തെ കാമ്പസ്. കോശസൂക്ഷ്മാണു അധിഷ്ഠിത ചികിത്സാ ഗവേഷണത്തിനാവശ്യമായ അത്യാധുനിക സൗകര്യങ്ങളുള്ളതാകുമിത്. അര്‍ബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്‌റ്റെം സെല്‍ മാറ്റിവയ്ക്കല്‍, ജീന്‍ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അര്‍ബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും. ഇതു കൂടാതെ നിക്ഷേപകര്‍, സംരംഭകര്‍, ബയോടെക്, ബയോ ഫാര്‍മ കമ്പനികള്‍ തുടങ്ങിയവര്‍ക്ക് ടെസ്റ്റ് ആന്‍ഡ് പ്രൂഫിനായി അത്യാധുനിക സംവിധാനം ലഭ്യമാക്കും. ഇതു കൂടാതെ ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേറ്റര്‍ സംവിധാവും ഇവിടെയുണ്ടാകും. ബയോടെക്‌നോളജി രംഗത്ത് വന്‍ വികസനമാകും ഈ കേന്ദ്രത്തിലൂടെയുണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് പരിശോധനകള്‍ ആര്‍ജിസിബി മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം പരിശോധനകളാണ് ഇവിടെ നടന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

ഐഐഎസ്എഫ് ഏറ്റവുമധികം പ്രയോജനപ്പെടുത്തേണ്ടത് വിദ്യാര്‍ത്ഥികളാണെന്ന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു. കൊവിഡ് വെല്ലുവിളി മൂലം ഐഐഎസ്എഫ് ആറാം ലക്കം ഓണ്‍ലൈനായി നടത്താനുള്ള തീരുമാനം അവസരമായി കരുതണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്താനും നമ്മുടെ ചിന്തകള്‍ക്ക് കൂടുതല്‍ കേള്‍വിക്കാരെ സമ്പാദിക്കാനും ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യ നടത്തുന്ന ശാസ്ത്രമുന്നേറ്റങ്ങള്‍ ഈ രാജ്യത്തിനുള്ളില്‍ മാത്രം പ്രയോജനപ്പെടുത്താനുള്ളതല്ലെന്ന് വിജ്ഞാന്‍ഭാരതിയുടെ ദേശീയ സംയോജകന്‍ ജയന്ത് സഹസ്രബുദ്ധെ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്താണ് ശാസ്ത്രഗവേഷണങ്ങളുടെ സ്ഥാനം. ശാസ്ത്രവിഷയങ്ങള്‍ സരളമായി പൊതുജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് ഐഐഎസ്എഫിന്റെ പ്രാഥമിക കര്‍തവ്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് ജോയിന്റ് സെക്രട്ടറി ചന്ദ്ര പ്രകാശ് ഗോയല്‍ പങ്കെടുത്തു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.