×
login
സ്മാര്‍ട് കോണ്‍ട്രാക്റ്റുകളും അവയുടെ പ്രായോഗിക തലങ്ങളും

ഏറ്റവും വിശ്വാസ യോഗ്യമായ ഘടകം എന്നത് സ്മാര്‍ട്ട് കരാറുകള്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയിലാണ് എന്നുള്ളതാണ്

 

ഡിജിറ്റല്‍ യുഗമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും നൂതനമായ ഒരു സാങ്കേതിക വിദ്യയാണ് സ്മാര്‍ട്ട് കോണ്‍ട്രാക്ട് .  വ്യാപകമായ രീതിയില്‍ അടുത്തകാലത്തായി അവ ഉപയോഗിച്ചു വരുന്നുണ്ട്. എന്താണ് സ്മാര്‍ട്ട് കോണ്‍ട്രാക്ട് ? അതിന്റെ പ്രായോഗിക തലങ്ങള്‍ എന്തൊക്കെയാണ് ?  

1997 ല്‍ നിക്ക് സാബോ എന്ന അമേരിക്കന്‍ ഗവേഷകനാണ് 'സ്മാര്‍ട്ട് കോണ്‍ട്രാക്ട്' എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി പ്രശസ്തിയേറി വന്ന ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ രൂപപ്പെടുത്തുന്നതിനും വളരെക്കാലം  മുമ്പുതന്നെയായിരുന്നു ഇത്. ലളിതമായ രീതിയില്‍ വിവരിക്കുകയാണെങ്കില്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള കരാറുകള്‍ ഡിജിറ്റല്‍ രീതിയില്‍ സംഭരിക്കുന്നതിന് വേണ്ടി ബ്ലോക്ക് ചെയിന്‍ സമാനമായ ഒരു വികേന്ദ്രീകൃത ലെഡ്ജര്‍ ഉപയോഗിക്കുന്നു. ഇന്നിപ്പോള്‍, പരമ്പരാഗത കരാറുകള്‍ക്ക് സമാനമായിതന്നെ സ്മാര്‍ട്ട് കരാറുകള്‍ പ്രവര്‍ത്തിക്കുന്നു. അവയെ പൂര്‍ണ്ണമായും ഡിജിറ്റലായാണ് സൂക്ഷിക്കുന്നത് എന്നതാണ് ഏക വ്യത്യാസം. അതെ, ഒരു ബ്ലോക്ക്‌ചെയിനില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ സോഫ്റ്റ്‌വെയറായിട്ട് നമുക്ക് സ്മാര്‍ട്ട് കോണ്‍ട്രാക്ടിനെ വിലയിരുത്താം.

എന്താണ് സ്മാര്‍ട്ട് കരാറുകളെ വിശ്വസനീയമാക്കുന്നത് ? അതിന്റെ ഏറ്റവും വിശ്വാസ യോഗ്യമായ ഘടകം എന്നത് സ്മാര്‍ട്ട് കരാറുകള്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയിലാണ് എന്നുള്ളതാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് അവയ്ക്ക് ചില സവിശേഷ ഗുണങ്ങള്‍ ലഭിക്കുന്നു. ബ്ലോക്ക് ചെയിന്‍ പോലെത്തന്നെ വിതരണം ചെയ്യപ്പെട്ട അവസ്ഥയിലായതിനാല്‍ കുറച്ചു പേര്‍ മാത്രം വിചാരിച്ചാല്‍ അതില്‍ കൃത്രിമം കാട്ടാനാകില്ല. ഇക്കാരണത്താല്‍ മാത്രം ഒരിക്കല്‍ ഒരു സ്മാര്‍ട് കോണ്‍ട്രാക്ട് സൃഷ്ടിച്ചതിന് ശേഷം അവയില്‍ മാറ്റം വരുത്താനാകില്ല. വികേന്ദ്രീകൃതമായ രീതിയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ അതെ നെറ്റ്‌വര്‍ക്കിലെ ഭൂരിഭാഗം മറ്റ് ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമേ ഏതെങ്കിലും രീതിയിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ സ്മാര്‍ട്ട് കരാറില്‍ നടത്താനാകൂ.  


ഇതുമായി ബന്ധപ്പെട്ട പണ വിനിമയ ഇടപാട് നടത്തുന്നതിലും മേല്‍പറഞ്ഞ രീതിയില്‍ മാത്രമേ സാധ്യമാകൂ. ആ സ്മാര്‍ട്ട് കരാര്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളുടെ സമ്മതത്തോടെയല്ലാതെ അതെ കരാറില്‍ ഉള്‍പ്പെട്ട പണ സംബന്ധമായ വ്യവസ്ഥകള്‍ സാധൂകരിക്കാനാകില്ല.  

ക്രൗഡ് ഫണ്ടിങ്  പോലെയുള്ള ആവശ്യങ്ങള്‍ക്ക് സ്മാര്‍ട്ട് കരാറുകള്‍ ഉപയോഗിക്കാനാകും. കൂടാതെ ബാങിങ്ങ് മേഖലയില്‍ കാര്യമായ രീതിയിലുള്ള മാറ്റം  ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൊണ്ടുവരാനാകും. വായ്പ നല്‍കുന്നതിനും, ഓട്ടോമാറ്റിക് പേയ്‌മെന്റുകള്‍ നടത്തുവാനും മറ്റും ഇത് ഉപയോഗിക്കാം. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ക്ലെയിമുകള്‍ കൈകാര്യം ചെയ്യാനും പണം നല്‍കാനും സ്മാര്‍ട്ട് കരാറുകള്‍ ഉപയോഗപ്പെടുത്താം. കൂടാതെ ലോജിസ്റ്റിക്‌സ്, കൊറിയര്‍ ബിസിനസുകള്‍ക്കും ഈ സാങ്കേതിക വിദ്യ നടപ്പിലാക്കാം.  

സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍ ഫലപ്രദമായി എങ്ങനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരാനാകുമെന്നു നിങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചേക്കാം. ഇന്നിപ്പോള്‍ വളരെ കുറച്ചു ബ്ലോക്ക്‌ചെയിനുകള്‍ മാത്രമേ സ്മാര്‍ട്ട് കരാറുകള്‍ പ്രാപ്തമാക്കുന്നുള്ളൂ, അതില്‍ ഏറ്റവും ജനപ്രിയമായത് എഥീരിയം ആണ്. പ്രാഥമികമായി സ്മാര്‍ട്ട് കരാറുകളെ പിന്തുണയ്ക്കുന്നതിനാണ് എഥീരിയം രൂപകല്‍പ്പന ചെയ്തത്. സോളിഡിറ്റി പ്രോഗ്രാമിംഗ് ഭാഷ ഉപയോഗിച്ച് സ്മാര്‍ട്ട് കരാറുകള്‍ പ്രോഗ്രാം ചെയ്യാന്‍ കഴിയും. ജാവ സ്‌ക്രിപ്റ്റുകളുടേതിന് സമാനമായ ഒരു വാക്യഘടനയുള്ള ഈ ഭാഷ എഥീരിയമിന് മാത്രമായി നിര്‍മ്മിച്ചതാണ്. ബിറ്റ്‌കോയിനും സ്മാര്‍ട്ട് കരാറുകളെ പിന്തുണയ്ക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്, എന്നാല്‍ എഥീരിയമിനെ അപേക്ഷിച്ച് വളരെ കുറവാന്നെന്ന് മാത്രം.

ജഗത് ജയപ്രകാശ്

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.