×
login
ഈ ദേവശില്‍പി വിരല്‍തൊട്ടാല്‍ ദാരുവില്‍ പിറക്കും തിരുമുടികള്‍; ഭദ്രകാളിയുടെ തിരുമുടി നിര്‍മ്മാണം സാധനയാക്കി ശശി

അഞ്ചുപതിറ്റാണ്ട് പിന്നിട്ട ദാരുശില്‍പ നിര്‍മ്മാണത്തിനിടെ ആ കരവിരുതില്‍ പിറവിയെടുത്തത് അറുപതോളം തിരുമുടികള്‍. കള്ളിക്കാട് മൈലക്കര നെല്ലിക്കാട് വീട്ടില്‍ ദേവശില്‍പി എന്‍.ശശി (67) വ്രതശുദ്ധിയോടെ വരിക്കപ്ലാവിന്റെ കാതലില്‍ കൊത്തിയെടുത്ത തിരുമുടികളാണ് ഇന്ന് പല പുരാതന ക്ഷേത്രങ്ങളിലും പുറത്തെഴുന്നള്ളിക്കുന്നത്.

ശശി ഭദ്രകാളിയുടെ തിരുമുടി വരിക്കപ്ലാവിന്റെ കാതലില്‍ കൊത്തിയെടുക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ തിരുമുടി

തിരുവനന്തപുരം/കാട്ടാക്കട: ഭദ്രകാളിയുടെ തിരുമുടി നിര്‍മ്മാണം സാധനയാക്കിയ ഒരു ദേവശില്‍പിയുണ്ട്, കള്ളിക്കാടിനടുത്ത് മൈലക്കര ഗ്രാമത്തില്‍. പാരമ്പര്യം പകര്‍ന്നു നല്‍കിയ ശില്‍പ നിര്‍മ്മിതിയും ക്ഷേത്ര ഗണിതത്തിലെ പ്രാവീണ്യവും കൈമുതലായുള്ള അപൂര്‍വം ചിലരില്‍ ഒരാള്‍. അഞ്ചുപതിറ്റാണ്ട് പിന്നിട്ട ദാരുശില്‍പ നിര്‍മ്മാണത്തിനിടെ ആ കരവിരുതില്‍ പിറവിയെടുത്തത് അറുപതോളം തിരുമുടികള്‍. കള്ളിക്കാട് മൈലക്കര നെല്ലിക്കാട് വീട്ടില്‍ ദേവശില്‍പി എന്‍.ശശി (67) വ്രതശുദ്ധിയോടെ വരിക്കപ്ലാവിന്റെ കാതലില്‍ കൊത്തിയെടുത്ത തിരുമുടികളാണ് ഇന്ന് പല പുരാതന ക്ഷേത്രങ്ങളിലും പുറത്തെഴുന്നള്ളിക്കുന്നത്.

ആചാരങ്ങളും, ദേവീ ഉപാസനയും ഒരു മണ്ഡലകാലത്തെ കഠിനവ്രതവും പാലിച്ചാണ് ശശി ഓരോ  ശില്‍പ പൂര്‍ത്തീകരണവും നടത്തുന്നത്. നൂറ്റാണ്ട് പഴക്കമുള്ള വരിക്കപ്ലാവ് മുറിക്കാതെ മധ്യഭാഗത്തു നിന്ന് കാതല്‍ മാത്രം കടഞ്ഞെടുത്താണ് തിരുമുടി നിര്‍മ്മാണം. അഴിഞ്ഞുലഞ്ഞ ദേവിയുടെ ജഡയെന്ന സങ്കല്‍പ്പത്തില്‍ ഫണം വിടര്‍ത്തി പിണഞ്ഞു കിടക്കുന്ന സര്‍പ്പങ്ങള്‍.... ആനയും സിംഹവും... ചന്ദ്രക്കലയും ചേര്‍ന്നാല്‍ ദേവിയുടെ കിരീടമാകും. ഇങ്ങനെ തിരുമുടിയില്‍ കരവിരുതിന്റെ സൂഷ്മാംശങ്ങള്‍ നിരവധിയാണ്. ഉദയത്തിനു മുമ്പ് ഈറനുടുത്ത് കൊത്തുപണി ആരംഭിക്കും. ഉടുമുണ്ടിലെ ജലാംശം വറ്റിയാല്‍ അന്നത്തെ പണി മതിയാക്കും. ഇങ്ങനെ ഒരു മണ്ഡലമെന്ന 90 ദിവസം കൊണ്ടാണ് ഒരു തിരുമുടി പിറക്കുന്നത്.

നെയ്യാറ്റിന്‍കര താലൂക്കിലെ പെരുന്തച്ചന്‍ എന്ന വിളിപ്പേരിനുടമ അച്ഛന്‍ നീലകണ്ഠന്‍ ആചാരിയാണ് ശില്‍പകലയില്‍ ശശിയുടെ ഗുരു. 1980 ല്‍ അച്ഛന്‍ മരിച്ചതോടെ തിരുമുടി നിര്‍മ്മാണത്തില്‍ മൈലക്കരയുടെ ദേവശില്‍പി ശശിയായി. തലസ്ഥാന ജില്ലയില്‍ മാത്രമല്ല, അങ്ങ് മുംബൈയില്‍ മലയാളി സമാജം വക കാളീക്ഷേത്രത്തിലും ശശി ദാരുവില്‍ തീര്‍ത്ത തിരുമുടി പ്രതിഷ്ഠിച്ചിട്ടുണ്ട്. മക്കളായ ഹരിയും ശരത്തും തിരുമുടി നിര്‍മ്മാണത്തില്‍ ശശിയുടെ സഹായികളാണ്. തനിക്കു ശേഷവും മക്കളിലൂടെ ഈ പാരമ്പര്യകല അന്യംനില്‍ക്കാതെ തുടരുമെന്നതാണ് ശശിയെ കൃതാര്‍ഥനാക്കുന്നത്. ഇപ്പോള്‍ മൈലക്കര ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രഡന്റാണ് ശശി. ഭാര്യ രാഗിണി.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.