×
login
വെള്ളത്തില്‍ മുങ്ങിയും പൂജ മുടങ്ങിയും കാപാലീശ്വര ശിവക്ഷേത്രം; ദേവസ്വംബോര്‍ഡിന് നിസംഗത, നൈവേദ്യസമര്‍പ്പണം വെള്ളത്തിൽ ഒഴുകിപ്പോകുന്നു

എല്ലായിടത്തും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റുന്നില്ല. ഇതോടെ പൂജാരിയും ഭക്തരും ദുഃഖിതരായെങ്കിലും ദേവസ്വംബോര്‍ഡ് നിസംഗത. കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തിനാണ് ഈ ദുരവസ്ഥ.

ദേവസ്വംബോര്‍ഡ് ക്ഷേത്രമായ കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തില്‍ മുട്ടോളം വെള്ളത്തിലൂടെ നടന്ന് പൂജയ്‌ക്കെത്തുന്ന മേല്‍ശാന്തി

തിരുവനന്തപുരം: നിത്യപൂജയ്ക്ക് പൂജാരിയെത്തുന്നത് മുട്ടോളം വെള്ളത്തിലൂടെ. ക്ഷേത്രത്തിലെ വെള്ളക്കെട്ടിലും ചെളിയിലും ചവിട്ടി മലിനജലത്തില്‍ നനഞ്ഞൊട്ടിയ വസ്ത്രത്തോടെ വേണം ശ്രീകോവിലില്‍ പ്രവേശിച്ച് പൂജ ചെയ്യാന്‍. ശ്രീകോവിലിന്റെ പടികളിലും വെള്ളംകയറിയിരിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകള്‍ പലതും വെള്ളത്തിനടിയിലായതിനാല്‍ വിധിപ്രകാരം പൂജനടത്താനാവാത്ത സ്ഥിതി.  

തന്ത്രിയുടെ ഉപദേശപ്രകാരം നൈവേദ്യസമര്‍പ്പണം മാത്രമാണിപ്പോള്‍ നടക്കുന്നത്. എന്നാല്‍ അതെല്ലാം ഒഴുകിപ്പോവുകയാണ്. എല്ലായിടത്തും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റുന്നില്ല. ഇതോടെ പൂജാരിയും ഭക്തരും ദുഃഖിതരായെങ്കിലും ദേവസ്വംബോര്‍ഡ് നിസംഗത. കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തിനാണ് ഈ ദുരവസ്ഥ.


വൃശ്ചികമാസപൂജപോലും ശരിയാംവണ്ണം നടത്താനാകാത്ത സ്ഥിതിയാണ്. തൊട്ടടുത്തുള്ള കുളം നിറഞ്ഞുകവിഞ്ഞ് ക്ഷേത്രത്തിലേക്ക് വെള്ളംകയറുകയാണ്. കുളത്തിലെ നീരൊഴുക്കിനുള്ള വഴിയെല്ലാം ഓരോകാലത്തും രാഷ്ട്രീയ സ്വാധീനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിയടച്ചതോടെയാണ് കുളത്തിലെ വെള്ളം ക്ഷേത്രത്തിലേക്ക് കയറാന്‍ തുടങ്ങിയത്. ക്ഷേത്രത്തില്‍നിന്ന് ബൈപ്പാസിലേക്കെത്തുന്ന സര്‍വീസ് റോഡും കുളവും ക്ഷേത്രവും ഒരേ നിരപ്പില്‍ വെള്ളംകയറിയിരിക്കുകയാണ്. ഓടനിര്‍മിച്ച് ജലം തെറ്റിയാറിലേക്ക് ഒഴുക്കിവിടണമെന്ന് നാട്ടുകാരും ക്ഷേത്ര ഉപദേശകസമിതിയും പലതവണ ആവശ്യപ്പെട്ടെങ്കിലും നഗരസഭ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇപ്പോഴാണ് ഈ കാര്യം തന്നോട് പറഞ്ഞതെന്ന് ആറ്റിപ്ര കൗണ്‍സിലര്‍ എ. ശ്രീദേവി പറയുന്നു. മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ജലം വാര്‍ന്നുപോകുന്ന ഓട അടച്ച് സ്വകാര്യവ്യക്തികള്‍ നിര്‍മാണം നടത്തിയതാണ് കാരണമെന്നും ആ വസ്തു ഇന്ന് സ്വകാര്യ ആശുപത്രിയുടെ കയ്യിലാണെന്നും കൗണ്‍സിലറും സമ്മതിക്കുന്നു. അനധികൃതമായാണ് ഓട അടച്ചതെങ്കില്‍ നടപടി സ്വീകരിക്കും. നഗരസഭാ പദ്ധതിയില്‍പ്പെടുത്തി കുളം നന്നാക്കുമെന്നും കൗണ്‍സിലര്‍ പറഞ്ഞു.  

അടുത്തകാലത്ത് ചുമതലയേറ്റ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ രഞ്ജിത്താകട്ടെ ഇപ്പോള്‍ ശബരിമല ഡ്യൂട്ടിയിലുമാണ്. ക്ഷേത്രം കൂടുതല്‍ ഉയര്‍ത്തുകയോ ഓട നിര്‍മിക്കുകയോ ആണ് പോംവഴിയെന്ന് അദ്ദേഹവും പറയുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.