×
login
കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ നേതൃത്വത്തിലേക്ക് ബിജെപി, 18 ന് കുന്നംകുളത്ത് മെട്രോമാന്‍ ഇ.ശ്രീധരന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും

ബിജെപി പ്രക്ഷോഭത്തിന്റെ ആദ്യപടിയെന്ന നിലയില്‍ ജില്ല പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ നയിക്കുന്ന പദയാത്ര 18,19 തീയതികളില്‍ നടക്കും. 18 ന് കുന്നംകുളത്ത് മെട്രോമാന്‍ ഇ.ശ്രീധരന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും.

തൃശ്ശൂര്‍ : ജില്ലയില്‍ കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാനൊരുങ്ങി ബിജെപി. ഇതോടെ കെ.റെയില്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ വ്യാപകവും ശക്തവുമാകും. പോലീസിന്റെ സഹായത്തോടെ നടക്കുന്ന കല്ലിടല്‍ ശ്രമങ്ങള്‍ പലയിടത്തും പ്രാദേശിക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സ്ഥലം നഷ്ടമാകുന്നവരും പ്രദേശവാസികളുമാണ് ഇപ്പോള്‍ സജീവമായി എതിര്‍പ്പുമായി രംഗത്തുള്ളത്. പോലീസിനെ ഉപയോഗിച്ച് ഈ എതിര്‍പ്പ് എളുപ്പത്തില്‍ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടത് സര്‍ക്കാര്‍. ബിജെപി സമരത്തിന്റെ മുന്നണിയിലേക്ക് വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരും. ജില്ലയില്‍ കോണ്‍ഗ്രസും യുഡിഎഫും പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  

ബിജെപി പ്രക്ഷോഭത്തിന്റെ ആദ്യപടിയെന്ന നിലയില്‍ ജില്ല പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ നയിക്കുന്ന പദയാത്ര 18,19 തീയതികളില്‍ നടക്കും. 18 ന് കുന്നംകുളത്ത് മെട്രോമാന്‍ ഇ.ശ്രീധരന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. ആദ്യദിവസത്തെ സമാപനം തൃശ്ശൂരിലാണ്. 19 ന് വൈകിട്ട് ഇരിങ്ങാലക്കുടയിലാണ് സമാപനം. രണ്ട് ദിവസങ്ങളിലുമായി പതിനായിരങ്ങള്‍ പദയാത്രയില്‍ അണിനിരക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. കെ.റെയിലിനെതിരെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാകും പദയാത്ര.  


പദ്ധതി നടപ്പായാല്‍ ജില്ലയില്‍ മൂവായിരത്തിലേറെ കുടുംബങ്ങള്‍ വഴിയാധാരമാകും. കോള്‍കൃഷി മേഖലയിലൂടെ കടന്നുപോകുന്ന കെ.റെയില്‍ വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കും കാരണമാകും. ഇവിടെ  പതിനാറ് മീറ്റര്‍ വരെ ഉയരത്തില്‍ ഭിത്തി കെട്ടി വേര്‍തിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് തൃശ്ശൂര്‍ നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ രൂക്ഷമായ വെള്ളക്കെട്ടിലാക്കും.

പദ്ധതിക്കെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ ഇടത് അനുഭാവികളും സജീവമായി പങ്കെടുക്കുന്നുണ്ട്.സിപിഎമ്മും സിപിഐയും പദ്ധതിക്കായി വാദിക്കുമ്പോഴും താഴത്തട്ടില്‍ പാര്‍ട്ടി അണികളില്‍ ബഹുഭൂരിഭാഗവും പദ്ധതിക്കെതിരാണ്.   

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.