×
login
കൊവിഡ്: 2500ഓളം കടകള്‍‍ അടച്ചുപൂട്ടി, തൃശൂര്‍ ജില്ലയില്‍ 5000 വ്യാപാരികള്‍ ജപ്തി ഭീഷണിയില്‍, വ്യാപാര മേഖലയ്ക്ക് മാത്രം 10 കോടി രൂപയുടെ നഷ്ടം

ജില്ലയിലെ 40,000 വ്യാപാര സ്ഥാപനങ്ങളില്‍ 25 ശതമാനമേ നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുള്ളൂ. കര്‍ക്കിടകമാസത്തില്‍ പ്രമുഖ ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങളെല്ലാം ആടിസെയില്‍ നടത്താറുണ്ട്. പ്രതിദിനം ലക്ഷങ്ങളുടെ വില്‍പ്പനയാണ് ഓരോ ജൗളിക്കടകളിലും ഉണ്ടാകാറുള്ളത്.

തൃശൂര്‍:  കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 2500ഓളം കടകള്‍ അടച്ചുപൂട്ടി. ചെറിയ പെട്ടി കടകള്‍ മുതല്‍ ടെക്സ്റ്റെല്‍സ് വരെയുണ്ട് പൂട്ടിപ്പോയവയില്‍. ഈസ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കെട്ടിട വാടക കുടിശികയുള്ള 5000ഓളം വ്യാപാരികള്‍ ഇപ്പോള്‍ ജപ്തി ഭീഷണിയെ നേരിടുന്നുണ്ട്. ബാങ്ക് വായ്പയും കടവാടകയും തുടങ്ങി ദൈനംദിന ചിലവുകള്‍ക്കു വരെ ബുദ്ധിമുട്ടുകയാണ് വ്യാപാരികള്‍. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പോലും വാടക ഇളവ് നല്‍കുന്നില്ല. കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ക്ക് അധികൃതര്‍ നോട്ടീസ് അയച്ചു കൊണ്ടിരിക്കുകയാണ്.

പ്രധാനപ്പെട്ട പല സീസണുകളും നിയന്ത്രണങ്ങള്‍ വന്നതോടെ ഇതിനകം വ്യാപാര മേഖലയ്ക്ക് നഷ്ടപ്പെട്ടു. ജില്ലയില്‍ ഈ ഇനത്തില്‍ മാത്രം ഏകദേശം 10 കോടി രൂപയുടെ നഷ്ടമാണുണ്ടായെന്ന് വ്യാപാരികള്‍. ജില്ലയിലെ 40,000 വ്യാപാര സ്ഥാപനങ്ങളില്‍ 25 ശതമാനമേ നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുള്ളൂ. കര്‍ക്കിടകമാസത്തില്‍ പ്രമുഖ ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങളെല്ലാം ആടിസെയില്‍ നടത്താറുണ്ട്. പ്രതിദിനം ലക്ഷങ്ങളുടെ വില്‍പ്പനയാണ് ഓരോ ജൗളിക്കടകളിലും ഉണ്ടാകാറുള്ളത്. ഇളവുകളില്ലാത്തതിനാല്‍ ആടിസെയില്‍ ഇത്തവണ നടത്താത്തതിനാല്‍ കോടികളുടെ നഷ്ടമാണുണ്ടായതെന്ന് ടെക്‌സ്റ്റൈല്‍സ് ഉടമകള്‍ പറയുന്നു. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ചിങ്ങമാസം പിറക്കുന്നതോടെ ഓണ സീസണിലെങ്കിലും അത്യാവശ്യം കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഓണവിപണിയിലെ കച്ചവടം പ്രതീക്ഷിച്ച് ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും നവീകരിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് മിക്ക വസ്ത്രശാലകളും പുതിയ സ്റ്റോക്ക് എത്തിച്ചു കഴിഞ്ഞു. നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ ഓണവും ദുരിതക്കാലമാകുമോയെന്ന ആശങ്കയിലാണ് വസ്ത്രവ്യാപാര രംഗത്തുള്ളവര്‍.

ജില്ലയിലെ വ്യാപാര മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 10 കോടിയിലേറെ രൂപയുടെ സാധനങ്ങള്‍ കെട്ടികിടന്ന് നശിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ആഴ്ചയില്‍ 4 ദിവസവും ഒരു ദിവസവും പ്രവര്‍ത്തിക്കുന്ന കടയ്ക്ക് മാസ വാടകയായ അരലക്ഷവും ഒരു ലക്ഷവും എങ്ങനെ കൊടുക്കാന്‍ സാധിക്കുമെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം തുറക്കുന്ന കടകള്‍ക്ക് മാസത്തില്‍ 4 ദിവസമേ ഇതനുസരിച്ച് കിട്ടുന്നുള്ളൂ. ഇങ്ങനെ തുറന്നത് കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. വാടകകൊടുക്കാന്‍ പോലുമുള്ള വരുമാനം കിട്ടുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു.

നഷ്ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതിനാല്‍ ആഗ.ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സാധാരണപോലെ എല്ലാദിവസവും കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ സമര പരിപാടികള്‍ നടത്താനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുള്ളത്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.