×
login
നഷ്ടത്തില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ സിഎന്‍ജി‍യിലേക്ക്, മൈലേജിൽ ഇരട്ടിയോളം വ്യത്യാസം, പ്രതിദിനം 2500 രൂപ വരെ അധികവരുമാനം

ഒരു ബസ് ഡീസലില്‍ നിന്ന് സിഎന്‍ജിയിലേക്ക് മാറ്റാന്‍ നാലു മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഡീസല്‍ എന്‍ജിന്‍ പെട്രോള്‍ എന്‍ജിനിലേക്ക് മാറ്റിയതിന് ശേഷമാണ് സിഎന്‍ജി ആക്കുന്നത്. ഇതില്‍ സിഎന്‍ജി സിലിണ്ടറുകള്‍ ഘടിപ്പിക്കാനാണ് ചെലവേറെ.

തൃശൂര്‍: പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജില്ലയില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ സിഎന്‍ജിയിലേക്ക് (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) മാറുന്നു. 25ഓളം ബസുകള്‍ ഇതിനകം ഡീസലില്‍ നിന്ന് സിഎന്‍ജി സംവിധാനത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ജില്ലയില്‍ ഭൂരിഭാഗം റൂട്ടിലും ഒന്നോ, രണ്ടോ ബസുകള്‍ സിഎന്‍ജിയിലാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇതില്‍ ദീര്‍ഘദൂര ബസുകള്‍ക്ക് പുറമേ ലോക്കല്‍ ബസുകളും ഉള്‍പ്പെടുന്നു.

ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് സ്വകാര്യ ബസ് വ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ചിലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ദ്രവീകൃത പ്രകൃതിവാതകം സഹായിക്കുമെന്നതാണ് ബസുടമകളെ സിഎന്‍ജിയിലേക്ക് ആകര്‍ഷിക്കുന്നത്. സിഎന്‍ജിയില്‍ ചിലവ് പകുതിയായി കുറയും. ഒരു ലിറ്റര്‍ ഡീസലിന് 95 രൂപ ചെലവ് വരുമ്പോള്‍ സിഎന്‍ജി കിലോഗ്രാമിന് 85 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. അതേസമയം മൈലേജില്‍ ഇരട്ടിയോളം വ്യത്യാസമാണുള്ളത്. ഒരു ലിറ്റര്‍ ഡീസലിന് ആറ് കി.മീ. മൈലേജാണ് ബസുകള്‍ക്ക് കിട്ടുന്നതെങ്കില്‍ സിഎന്‍ജിയാവുമ്പോള്‍ കിലോഗ്രാമിന് എട്ട് മുതല്‍ 11 വരെ കി.മീ. ലഭിക്കും.  

കൊവിഡിനു മുമ്പ് പ്രതിദിനം 4000 മുതല്‍ 5000 രൂപ വരെ വരുമാനമുണ്ടായിരുന്നെങ്കില്‍ ഇപ്പോഴിത് പകുതിയായി കുറഞ്ഞതായി ബസ് ഉടമകള്‍ പറയുന്നു. ബസ് സര്‍വീസ് നടത്തി കൊണ്ടുപോകുന്നത് വളരെയധികം ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് സിഎന്‍ജിയിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നും സിഎന്‍ജി ഘടിപ്പിച്ചശേഷം വരുമാനത്തില്‍ പ്രതിദിനം 2000 രൂപ മുതല്‍ 2500 രൂപ വരെ അധികം ലഭിക്കുന്നുണ്ടെന്ന് ഉടമകള്‍ പറയുന്നു. ഒരു ബസ് ഡീസലില്‍ നിന്ന് സിഎന്‍ജിയിലേക്ക് മാറ്റാന്‍ നാലു മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഡീസല്‍ എന്‍ജിന്‍ പെട്രോള്‍ എന്‍ജിനിലേക്ക് മാറ്റിയതിന് ശേഷമാണ് സിഎന്‍ജി ആക്കുന്നത്. ഇതില്‍ സിഎന്‍ജി സിലിണ്ടറുകള്‍ ഘടിപ്പിക്കാനാണ് ചെലവേറെ.  


പെട്രോള്‍, ഡീസല്‍ വിലവര്‍ധന താങ്ങാനാവാതെ സ്വകാര്യ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറാനായി എത്തുന്നുണ്ടെന്ന് ഓട്ടോമൊബൈല്‍സ് ഉടമകള്‍ പറയുന്നു. 20 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകളാണ് സിഎന്‍ജിയിലേക്ക് മാറ്റാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കുന്നത്. ആര്‍സി ബുക്കില്‍ ഇന്ധനം ഡീസല്‍ എന്നത് മാറ്റി സിഎന്‍ജി എന്ന് മാറ്റേണ്ടതുണ്ട്. സിലിണ്ടറിന്റെ ചെലവ് കൂടുന്നതാണ് പ്രധാന പ്രശ്നം. സിലിണ്ടറിന് 3 വര്‍ഷം കൂടുമ്പോള്‍ സുരക്ഷാ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റെടുക്കണം. 15 വര്‍ഷമാണ് ഒരു സിലിണ്ടറിന്റെ കാലാവധി. ഇന്ത്യയില്‍ 4 കമ്പനികള്‍ മാത്രമാണ് സിലിണ്ടറുകള്‍ നിര്‍മിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ രംഗത്ത് വരുന്നതോടെ ചെലവ് കുറയാനാണ് സാധ്യത.  

സിഎന്‍ജിയുടെ ക്ഷാമം സ്വകാര്യ ബസുകള്‍ക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറി കെ.കെ സേതുമാധവന്‍ പറഞ്ഞു. നിലവില്‍ ഏറെ നേരം പമ്പുകളില്‍ കാത്തു കിടന്നാലേ സിഎന്‍ജി ലഭിക്കൂ. ചെലവു കൂടുതലായതിനാല്‍ ടാങ്കുകളുടെ എണ്ണം കുറവായിരിക്കും. അതിനാല്‍ ഓരോ ദിവസവും ഇന്ധനം അടിക്കുകയും വേണം. ജില്ലയിലേക്ക് പ്രധാനമായും എറണാകുളത്ത് നിന്നാണ് സിഎന്‍ജി കൊണ്ടു വരുന്നത്. ഒരു ടാങ്കര്‍ ലോറിയില്‍ ആകെ 450 കിലോയാണ് എത്തിക്കാനാകുക. ജില്ലയില്‍ നൂറുകണക്കിന് ഓട്ടോകളും കാറുകളും ഇപ്പോള്‍ സിഎന്‍ജിയിലാണ് ഓടുന്നത്. തൃശൂര്‍ ശക്തന്‍ നഗര്‍, വിയ്യൂര്‍, നാട്ടിക, ചാവക്കാട് എന്നിവിടങ്ങളുള്‍പ്പെടെ ജില്ലയില്‍ പത്തോളം പമ്പുകളില്‍ സിഎന്‍ജി സംവിധാനമുണ്ട്. എന്നാല്‍ ഇവിടെയെല്ലാം വൈകുന്നേരങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.

 

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.