×
login
ഇലഞ്ഞിത്തറയില്‍ ഇക്കുറി കേളത്ത് അരവിന്ദാക്ഷ മാരാരില്ല; നിരാശയിൽ ആസ്വാദകരും പാറമേക്കാവ് ദേവസ്വവും

കൊവിഡ് കഴിഞ്ഞുള്ള പൂരനഗരിയില്‍ ഇക്കുറിയെത്തണമെന്ന് ആഗ്രഹിച്ചെങ്കിലും ശാരീരിക അവശതകള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

തൃശ്ശൂര്‍: നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ ഇക്കുറി പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിനുണ്ടാകില്ല. പുരുഷാരത്തിന്റെ പൂരത്തില്‍ നിന്ന് മേളാസ്വാദകര്‍ എന്നും നെഞ്ചേറ്റാറുള്ള അരവിന്ദാക്ഷ മാരാര്‍ പ്രായാധിക്യം കൊണ്ടാണ് ഇത്തവണ ഇലഞ്ഞിത്തറ മേളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മേള പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു 45 വര്‍ഷം പൂരം കൊട്ടിക്കയറിയ കേളത്തിന്.  

ഇലഞ്ഞിത്തറയില്‍ പെരുവനത്തിന്റെ വലത്ത് എപ്പോഴും ചിരിച്ച് കൊട്ടിക്കയറുന്ന കേളത്തിന്റെ ശൈലിക്ക് ആരവം മുഴക്കാറുള്ളത് പതിനായിരങ്ങളാണ്. കൊവിഡ് കഴിഞ്ഞുള്ള പൂരനഗരിയില്‍ ഇക്കുറിയെത്തണമെന്ന് ആഗ്രഹിച്ചെങ്കിലും ശാരീരിക അവശതകള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. 12-ാം വയസില്‍ എടക്കുന്നി ക്ഷേത്രത്തില്‍ വാദ്യകലയില്‍ അരങ്ങേറ്റം കുറിച്ച കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ പെരുവനം നടവഴിയില്‍ പ്രഭല്‍ഭര്‍ക്കൊപ്പം കൊട്ടിക്കയറിയാണ് മുന്‍നിരയിലെത്തിയത്.  

ആദ്യം 13 വര്‍ഷം പാറമേക്കാവിലും പിന്നീട് ഒമ്പത് വര്‍ഷം തിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവില്‍ തുടര്‍ച്ചയായി 23 വര്‍ഷവും കൊട്ടിക്കയറിയ അത്ഭുതപ്രതിഭയായ മാരാരുടെ വിടചൊല്ലലില്‍ ആസ്വാദകരും ഒപ്പം പാറമേക്കാവ് ദേവസ്വവും നിരാശയിലാണ്.  


പതിയാരത്ത് കുഞ്ഞന്‍ മാരാര്‍ പാറമേക്കാവിന്റെ മേളപ്രമാണിയായിരിക്കുമ്പോഴാണ് കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ തൃശ്ശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 13 വര്‍ഷം കൊട്ടിയശേഷം പൂരത്തില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് തൃപ്പേക്കുളം അച്യുതമാരാര്‍ തിരുമ്പാടിയുടെ പ്രമാണിയായപ്പോള്‍ ഒമ്പത് വര്‍ഷം വീണ്ടും തിരുവമ്പാടിയ്ക്കായി കൊട്ടിത്തിമര്‍ത്തു. എന്നാല്‍ പെരുവനം കുട്ടന്‍ മാരാര്‍ പാറമേക്കാവില്‍ മേളത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം വരെ പാറമേക്കാവിനായാണ് കേളത്ത് കൊട്ടിയത്. പുരസ്‌കാരങ്ങളുടെ പിന്നാലെ പോകാതെ വാദ്യകലയിലെ സമര്‍പ്പിത രൂപമായി ഇന്നും നിറഞ്ഞുനില്‍ക്കുകയാണ് കേളത്ത്. തൃശ്ശൂര്‍ പൂരത്തിന് ആദ്യമെത്തുമ്പോള്‍ പ്രതിഫലം 10 രൂപയാണെന്ന് അരവിന്ദാക്ഷന്‍ മാരാര്‍ ഓര്‍ക്കുന്നു.  

പ്രമാണിയാണെങ്കിലേ മേളത്തിനെത്തൂവെന്ന പിടിവാശി ഒരുകാലത്തും കേളത്തിനുണ്ടായിരുന്നില്ല. ഏത് ക്ഷേത്രകമ്മിറ്റി ഭാരവാഹികളാണ് ആദ്യം പറഞ്ഞത് അവിടെ കൊട്ടുകയാണ് പതിവ്. പ്രമാണം നല്‍കാമെന്ന് പറഞ്ഞാല്‍ ആദ്യം ഏല്‍പ്പിച്ച സ്ഥലത്ത് നിന്ന് മാറുന്ന ശീലവും ഈ 80കാരനില്ല. മേളത്തിന് പുറമേ തായമ്പകയിലും തിമിലയിലും തന്റെ വൈദഗ്ദ്ധ്യം തെളിയിച്ച അപൂര്‍വ പ്രതിഭ കൂടിയാണ് കേളത്ത് അരവിന്ദാക്ഷ മാരാര്‍.

ഇലഞ്ഞിത്തറ മേളത്തിന് ഇത്തവണ ഉണ്ടാകില്ലെന്ന് പാറമേക്കാവ് ദേവസ്വത്തെ കേളത്ത് അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിന് കേളത്ത് നല്‍കിയ സംഭാവന കണക്കിലെടുത്ത് പൂരംനാളില്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി യാത്രഅയപ്പ് നല്‍കാന്‍ പാറമേക്കാവ് വിഭാഗം തീരുമാനിച്ചിരുന്നു. എന്നാല്‍ പൂരം കഴിഞ്ഞ് വന്ന് സ്വീകരിക്കാമെന്നാണ് കേളത്ത് അറിയിച്ചിരിക്കുന്നതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു.  

  comment

  LATEST NEWS


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം


  ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം


  ഓര്‍മ ക്ലിനിക് ആരംഭിക്കുന്നു; ഉദ്ഘാടനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; വീഡിയോ സന്ദേശം നല്‍ക്കാന്‍ നടന്‍ മോഹന്‍ലാല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.