×
login
രാമന്റെ വഴിയെ-3. ചിത്രകൂടം

ചിത്രകൂട് എന്ന വാക്കിന് 'അത്ഭുതങ്ങളുടെ കുന്നുകള്‍' എന്ന അര്‍ത്ഥമാണ്. വടക്കെ വിന്ധ്യ പര്‍വ്വതനിരകളില്‍ നിലകൊള്ളുന്ന ചിത്രകൂട പ്രദേശം ഉത്തര്‍പ്രദേശിലെ ചിത്രകൂട ജില്ലയിലും, മധ്യപ്രദേശിലെ സത്‌ന ജില്ലയിലും കൂടി പരന്നു കിടക്കുന്നു.

ഗംഗാനദി കടന്ന് മനോഹരമായ വനപ്രദേശത്തിലൂടെ യാത്രചെയ്ത രാമനും ലക്ഷമണനും സീതയും രാത്രി തങ്ങുവാനായ്  വലിയ വൃക്ഷത്തിന്റെ ചുവട് തിരഞ്ഞെടുത്തു. സൂര്യനുദിച്ചപ്പോള്‍ ഗംഗ യമുനയുമായി ചേരുന്ന ദിക്കുനോക്കിയായി അവരുടെ യാത്ര. ഒടുവില്‍ ഗംഗാ യമുനാ സംഗമസ്ഥാനത്തിന് അടുത്ത് ഭരദ്വാജമുനിയുടെ ആശ്രമത്തില്‍ എത്തി. മുനി മൂവരേയും യഥോചിതം സ്വീകരിച്ച് സല്‍ക്കരിച്ചു. രാമന്‍ അദ്ദേഹത്തോട് ജനങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കാത്ത അത്രയും ഉള്ളിലേക്ക് പര്‍ണ്ണശാല കെട്ടി താമസയോഗ്യമായ ഒരു വനപ്രദേശം പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മുനി ഭരദ്വാജന്‍, ചിത്രകൂടത്തെക്കുറിച്ച് രാമനോട് പറഞ്ഞു. ''ഇവിടെനിന്നും അകലെ പുണ്യമായ ഒരു പര്‍വ്വതമുണ്ട്. ചിത്രകൂടമെന്ന ആ പര്‍വതത്തിന്റെ കൊടുമുടികള്‍ എത്ര കാണുന്നുവോ അത്രയും പുണ്യം ലഭിക്കും. അങ്ങനെ ആ രാത്രി അവിടെ തങ്ങി, പിറ്റേന്ന് ചിത്രകൂടത്തിലേക്ക് മൂവരും യാത്ര ആരംഭിച്ചു.''

ഗംഗാ യമുനാ സംഗമസ്ഥാനത്തുനിന്നും പടിഞ്ഞാറേ ദിക്കിലേക്ക് യാത്ര തുടര്‍ന്ന് കാളിന്ദീ നദീതീരത്തെത്തി. ഊക്കോടെ ഒഴുകുന്ന കാളിന്ദി കടക്കാന്‍ കാട്ടുമരങ്ങള്‍ മുറിച്ച് ചങ്ങാടം ഉണ്ടാക്കി ലക്ഷ്മണന്‍. പിന്നെ മൂവരും കാളിന്ദി കടന്നു. നേരം സന്ധ്യയായപ്പോള്‍ സന്ധ്യാവന്ദനം കഴിച്ച് അവര്‍ മരച്ചുവട്ടില്‍ വിശ്രമിച്ചു.പുലര്‍ച്ചെ കാട്ടുമൃഗങ്ങളുടെ ശബ്ദം കേട്ടുതുടങ്ങിയ വേളയില്‍ മൂവരും വീണ്ടും സഞ്ചരിച്ച് പ്രകൃതിമനോഹരമായ ചിത്രകൂട വനപ്രദേശത്ത് എത്തിച്ചേര്‍ന്നു.

തീപോലെ വിളങ്ങുന്ന പിലാശ് മരങ്ങള്‍!; പാറപോലെ വലുതായ അനവധിയായ തേനീച്ചക്കൂടുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നു! പലതരം പക്ഷികളും ഫലമൂലങ്ങളും തികഞ്ഞ് തെളിനീര്‍ നിറഞ്ഞ ചിത്രകൂടം!

പിന്നെ രാമന്റെ ആജ്ഞ അനുസരിച്ച് ലക്ഷ്മണന്‍ ഉറപ്പുള്ള മരങ്ങള്‍ കൊണ്ട് പര്‍ണശാല നിര്‍മ്മിച്ച് പുല്ലുമേഞ്ഞ് മനോഹരമാക്കി. വാസ്തുശമനം ചെയ്തു. രാമന്‍ തന്നെ ദേവതാപൂജ ചെയ്ത് പാപശമനകരമായ ഉത്തമബലിയും നല്കി. അതിനുശേഷം മൂവരും പര്‍ണശാലയില്‍ പ്രവേശിച്ചു'.

 

ചിത്രകൂട് എന്ന വാക്കിന് 'അത്ഭുതങ്ങളുടെ കുന്നുകള്‍' എന്ന അര്‍ത്ഥമാണ്. വടക്കെ വിന്ധ്യ പര്‍വ്വതനിരകളില്‍ നിലകൊള്ളുന്ന ചിത്രകൂട പ്രദേശം ഉത്തര്‍പ്രദേശിലെ ചിത്രകൂട ജില്ലയിലും, മധ്യപ്രദേശിലെ സത്‌ന ജില്ലയിലും കൂടി പരന്നു കിടക്കുന്നു. അമാവാസി, ദീപാവലി, പൗര്‍ണ്ണമി, മകര സംക്രാന്തി, രാമനവമി എന്നീ വിശേഷ ദിവസങ്ങളില്‍ ഭക്തരുടെ തിരക്കാണ്. രാമായണകാഴ്ചയുടെ നിരവധി ശേഷിപ്പുകള്‍ ചിത്രകൂടില്‍ ഉണ്ട്.പേര്

chitrakood river


ചിത്രകൂട് പര്‍വതം കാമദ്ഗിരി എന്നപേരില്‍ രാമ ഭക്തരുടെ വിശ്വാസ കേന്ദ്രമായി തലയുയര്‍ത്തി നില്‍ക്കുന്നു. രാമന്റെ വിശുദ്ധരൂപമായിട്ടാണ്  ഈ കുന്നിനെ കാണുന്നത്. ചെറിയ വനമുള്ള കുന്നിന്റെ അടിവാരം ചെറു ക്ഷേത്രങ്ങളാല്‍ സമൃദ്ധം. മലയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവുള്ള അടിവാരം പ്രദിക്ഷണം ചെയ്യുകയാണ് പ്രധാനം. ആഗ്രഹ സാഫല്യം ഉറപ്പാകും എന്നതാണ് സങ്കല്പം. അടിവാരത്തില്‍ മലയക്ക് ചുറ്റും പരിക്രമണ വീഥിയുണ്ട്. മലയുടെ പകുതി ഭാഗം യിപിയിലും പകുതി മധ്യപ്രദേശിലുമാണ്. പരിക്രമണം തുടങ്ങുന്നത് മധ്യപ്രദേശില്‍. മലയുടെ പകുതി പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശ്. തീരുമ്പോള്‍ വീണ്ടും മധ്യപ്രദേശ്. ശ്രീരാമനെ അയോധ്യയിലേക്ക് കൂട്ടികകൊണ്ടുപോകാന്‍ എത്തിയ ഭരതന്‍, രാമനുമായി കൂടികാഴ്ച നടത്തിയത് ഈ മലയിലാണ് .നാലു സഹോദരന്മാരുടെ കൂടിക്കാഴ്ച വളരെ വൈകാരികമായിരുന്നു. പാറകളും മലകളും പോലും ഉരുകി. ശ്രീരാമന്റെയും  സഹോദരന്മനാരുടെയും കാലടയാളം പാറയില്‍ പതിച്ചിരുന്നു. ഇന്നും ഇവിടെയത് കാണാം.

മന്ദാകിനി നദിക്കരികെയുള്ള  രാംഘട്ട് പ്രധാന തീര്‍ത്ഥ സ്ഥാനമാണ്.. പ്രവാസ കാലഘട്ടത്തില്‍ രാമ, ലക്ഷ്മണന്‍, സീത എന്നിവര്‍ ഇവിടെ കുളിക്കാനിടയായി എന്നാണ് വിശ്വാസം. പിതാവ് ദശരഥന്റെ മരണവാര്‍ത്ത അറിഞ്ഞ് രാമന്‍ ശ്രാദ്ധ ചടങ്ങ് നടത്തിയത് ഇവിടെയാണ്.  രാംഘട്ട്  കുളിക്കുന്നതിനും  പൂര്‍വികര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി അനുയോജ്യമായ സ്ഥലമായി കരുതുന്നു. കവിയായ തുളസീദാസിനു മുന്നില്‍ ശ്രീരാമന്‍  ഇവിടെ വെച്ച് പ്രത്യക്ഷപ്പെട്ടതായും പറയപ്പെടുന്നു. രാമഘട്ടില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. ക്ഷേത്ര പരിക്രമണവും  നദീ ആരതിയും ഭക്തി നിര്‍ഭരമാണ്. രാമഘട്ടിനു സമീപം   ഒട്ടേറെ ആശ്രമങ്ങളും കാണാന്‍ കഴിയും.  

രാമഘട്ടിനുത്തതുള്ള  ജലസ്രോതസ്സിലാണ് ജാനകി കുണ്ഡ്.  മന്ദാകിനി നദിയിലെ ഈ ശുദ്ധ ജലത്തില്‍ സീത കുളിച്ചുവെന്നാണ് വിശ്വാസം. ജാനകി കുണ്ഡിനു സമീപത്തായുള്ള പാറയാണ് സ്ഫടിക ശില.  ശുദ്ധമായതും മൃദലമായതുമായ പാറയാണിത്. രാമന്റേയും സീതയുടേയും കാല്‍പാദരൂപങ്ങള്‍ പാറയിലുണ്ട്. ഹനുമാന്‍ ധാരയാണ് മറ്റൊരു ആകര്‍ഷകം. ലങ്ക ചുട്ടെരിച്ചെത്തിയ ഹനുമാന്റെ ശരീരത്തിലെ ചൂട് തണുപ്പിക്കാന്‍ ശ്രീരാമന്‍ അസ്ത്രം എയ്ത് നിര്‍മ്മിച്ച ജലധാരയാണിത്.  മലമുകളില്‍ നിന്നുള്ള ജലധാര താഴെയുള്ള തടാകത്തില്‍ അവസാനിക്കും. തടാകത്തില്‍നിന്ന് മലയിലേക്ക് 700 പടവുകളാണുള്ളത്. ചിത്രകൂട്് നഗരത്തില്‍ നിന്ന്  18 കിലോമീറ്റര്‍ അകലെയുള്ള ഗുപ്ത-ഗോദാവരിയില്‍ ഒരു ജോഡി ഗുഹകളുണ്ട്. ഗുഹാമുഖം ഇടുങ്ങിയതാണെങ്കിലും ഒരു ഗുഹ ഉയരമുള്ളതും വിസ്തൃതി ഏറിയതുമാണ്. നീളമുള്ളതും ഇടുങ്ങിയതുമായ രണ്ടാമത്തെ ഗുഹയിലൂടെ എപ്പോഴും വെള്ളം ഒഴുക്കുണ്ട്. രണ്ടാമത്തെ ഗുഹയില്‍ രാമനും ഇരുന്നത് എന്നു കരുതുന്ന സിംഹാസന സമാനമായ രണ്ട് പാറകളുണ്ട്. ശ്രീരാമനുമായി ബന്ധപ്പെട്ട വിശുദ്ധ ഗുഹകള്‍ കാണാവുന്ന മറ്റൊരു സ്ഥലമാണ് പമ്പാപൂര്‍.

ഭരത് കൂപ് ആണ് മറ്റൊരു പുണ്യസ്ഥലം. ചെറിയൊരു ക്ഷേത്രവും കിണറുമാണ് ഇവിടുള്ളത്. രാമനെ കൂട്ടികൊണ്ടുപോയി പട്ടാഭിഷേകം നടത്തണം എന്നുറച്ച് ചിത്രകൂടത്തിലെത്തിയ  ഭരതന്‍, കിരീടധാരണ സമയത്ത് ഉപയോഗിക്കാന്‍ അഞ്ച് പുണ്യനദികളിലേയും വെള്ളം ശേഖരിച്ചിരുന്നു. രാമനെ തിരിച്ചു കൊണ്ടുപോകാന്‍ കഴിയാതെ മടങ്ങുന്ന ഭരതന്‍ ദുഖത്തോടെ താന്‍ ഈ തീര്‍ത്ഥം ഇനി എന്തു ചെയ്യണം എന്ന് വസിഷ്ഠമുനിയോട് ചോദിച്ചു. മുനിയുടെ നിര്‍ദ്ദേശപ്രകാരം  ജലം കിണറ്റിലൊഴിച്ചു. ഒരിക്കലും വറ്റാത്ത ഈ കിണറിലെ ജലം പരമപവിത്ര തീര്‍ത്ഥമായിട്ടാണ് കരുതുന്നത്്.

അനസൂയ ക്ഷേത്രമാണ് ചിത്രകൂട പ്രദേശത്തെ മറ്റൊരു രാമായണ കാഴ്ച. പട്ടണത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.അത്രി മുനിയുടെ പത്‌നിയാണ് അനസൂയ. ചിത്രകൂടത്തില്‍ പത്ത് വര്‍ഷക്കാലം മഴ ഇല്ലാതായി.  ജലം കിട്ടാനായി അനസൂയ കഠിന തപസിലേര്‍പ്പെട്ടു. മന്ദാകിനിയില്‍ നിന്നും നൂറ് കൈവഴികളുമായാണ് ഗംഗാദേവി അനസൂയയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഈ അരുവികള്‍ ഇന്നും കാണാം. ഇവിടെ നിന്നും കുറച്ചകലെയുള്ള സ്ഥലമാണ് അമരാവതി. രാമലക്ഷമണന്മാര്‍ വിശ്രമിച്ചു എന്നു കരുതുന്ന സ്ഥലത്ത് ചെറിയൊരു ആശ്രമം ഉണ്ട്്. വിരാധ രാക്ഷസന്‍ രാമനെ ആക്രമിക്കാനെത്തതിയത് ഇവിടെയെന്നാണ് കരുതുന്നത്. വിരാധനെ വധിച്ചശേഷം വസ്ത്രവും ആയുധങ്ങളും കഴുകിയ പുഷ്‌ക്കരണി, വിരാധനെ ദഹിപ്പിച്ച വിരാധ് കുണ്ട് എന്നിവയും ഇപ്പോഴും കാണാം. പുഷ്‌ക്കരണിയില്‍ കുളിച്ചശേഷം രാമന്‍ ശിവ പൂജനടത്തിയ മാര്‍ക്കേണ്ടേയ ആശ്രമം, ശ്രീരാമന്‍ ഇന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശരഭംഗ ആശ്രമം, അശ്വമുനി ആശ്രമം, സുതിഷ്ണ ആശ്രമം, ബ്രഹസ്പതി കുണ്ട്, അഗ്നി ജീവാ ആശ്രമം തുടങ്ങി രാമായണ ബന്ധിയായ നിരവധി  അവശേഷിപ്പുകള്‍ ചിത്രകൂടം ഉള്‍പ്പെടുന്ന മധ്യപ്രദേശിലെ സത്‌ന ജില്ലയിലും സമീപ ജില്ലകളായ പന്ന, കാന്തി, ജബല്‍പൂര്‍ ഹോസംഗാ ബാദ് എന്നിവിടങ്ങളിലുമായി കാണാം.

Agasyhya Asram                                                                                     Virat Kund

ഗ്രാമീണ ഭാരതത്തിന്റെ സ്വാഭിമാനത്തിനും സ്വയം പര്യാപ്തതയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നാനാജി ദേശ്മുഖ് സ്ഥാപിച്ച ഭാരതത്തിലെ ആദ്യ ഗ്രാമീണ സര്‍വകലാശാലയും ദീനദയാല്‍ ഗവേഷണ കേന്ദ്രവും ചിത്രകൂടത്തിലെ ആധുനിക അഭിമാനസ്ഥാപനങ്ങളാണ്.

ചിത്രകൂട പര്‍വതത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് ഇനിയും ആളുകള്‍ വരുമെന്നതിനാല്‍ മാറ്റോരു സ്ഥലത്തേക്ക് മാറാന്‍ രാമന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം ഏതെന്നറിയാന്‍ സീതാരാമ ലക്ഷ്മണന്മാര്‍ ഭരദ്വാജമുനിയുടെ ആശ്രമത്തിലാണ് എത്തിയത്. ഭരദ്വാജ മുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദണ്ഡകാരണൃത്തിലേക്ക് പുറപ്പെട്ടത്

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.