×
login
പ്രാരാബ്ധങ്ങള്‍ക്കിടയില്‍ കെഎസ്ആര്‍ടിസി‍ക്ക് ഇന്ന് 82-ാം ജന്മദിനം; കരിനിഴലായി അവിനാശിയിലെ മഹാദുരന്തം

83 വര്‍ഷം മുന്‍പ് 1938 ഫെബ്രുവരി 20 ന് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവാണ് ഇപ്പോഴത്തെ കെഎസ്ആര്‍ടിസിയുടെ ആദ്യരൂപമായ ദ് സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസിന് തുടക്കം കുറിച്ചത്.

തിരുവനന്തപുരം: 82-ാം ജന്മദിനം ആഘോഷിക്കേണ്ട കെഎസ്ആര്‍ടിസിക്ക് ഇന്ന് ഉണ്ടായത് മഹാദുരന്തം.  കോയമ്പത്തൂരിലെ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി അപകടത്തില്‍പ്പെട്ടത്തോടെ ജന്മദിന ആഘോഷങ്ങളെല്ലാം കെ.എസ്ആര്‍ടിസി റദ്ദാക്കി. 

വോള്‍വോ ബസിലേക്ക് കണ്ടെയ്‌നര്‍ ഇടിച്ചുകയറി ഉണ്ടായ ദുരന്തത്തില്‍ 20 പേരാണ് മരിച്ചത്.  83 വര്‍ഷം മുന്‍പ് 1938 ഫെബ്രുവരി 20 ന് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവാണ് ഇപ്പോഴത്തെ കെഎസ്ആര്‍ടിസിയുടെ ആദ്യരൂപമായ ദ് സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസിന് തുടക്കം കുറിച്ചത്.  

സംസ്ഥാന രൂപീകരണത്തിന് ശേഷം 1965ലാണ് കെഎസ്ആര്‍ടിസി രൂപീകരിച്ചതെങ്കിലും ദ് സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസിനു തുടക്കം കുറിച്ച ഫെബ്രുവരി 20 ആണ് ജന്മദിനമായി ഇന്നും കൊണ്ടാടുന്നത്. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ ഓപ്പറേറ്റിങ് സൂപ്രണ്ടായിരുന്ന ഇ.ജി. സാള്‍ട്ടറിനെ തിരുവിതാംകൂറില്‍ എത്തിച്ച് ചിത്തിര തിരുനാള്‍ 1937 ലാണ് തിരുവിതാംകൂറില്‍ ഗാതാഗത വകുപ്പ് രൂപീകരിച്ചത്. ആദ്യം തിരുവിതാംകൂറില്‍ സര്‍വീസ് നടത്താന്‍ 33 ബസുകളാണ് ഉണ്ടായിരുന്നത്. കവടിയാര്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച ആദ്യ സര്‍വീസില്‍ സാള്‍ട്ടറാണ് ഡ്രൈവറായത്.  

കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസിയും കണ്ടെയ്നര്‍ ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. അടിയന്തിര നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി രണ്ട് മന്ത്രിമാരെ തിരുപ്പൂരിലേക്ക് അയച്ചുകഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറുമാണ് സ്ഥലത്തേയ്ക്ക് എത്തുക. ഇവര്‍ക്കൊപ്പം പ്ര്ത്യേക മെഡിക്കല്‍ സംഘത്തേയും അയയ്ക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എല്ലാ നടപടികളുമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനായി കോയമ്പത്തൂരേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി ടോം ജോസിനാണ് ഏകോപനച്ചുമതല നല്‍കിയിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.  

 

തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ്. കേരള സര്‍ക്കാര്‍ ബന്ധപ്പെട്ട ഉടന്‍ തന്നെ തമിഴ്നാട് സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ഒരു ഉന്നതതല ഉദ്യോഗസ്ഥയോഗം തമിഴ്നാട് സെക്രട്ടേറിയേറ്റില്‍ ചേരുന്നുണ്ട്. തിരുപ്പൂര്‍ ജില്ലാ ഭരണകൂടം സംഭവിച്ചതിനെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ഈ യോഗത്തില്‍ നല്‍കും.  

 

അതേസമയം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.  


 

അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇതാണ്:  

 

പാലക്കാട് ഡിപിഒ-യുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ - 9447655223, 0491 2536688

കെഎസ്ആര്‍ടിസി ഹെല്‍പ് ലൈന്‍ നമ്പര്‍ - 9495099910

കേരളാ പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ - 9497996977, 9497990090, 9497962891

 

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ - 7708331194 കേരളാ പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകളിലും വിളിച്ച് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. എല്ലാ സഹായങ്ങള്‍ക്കും പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ഡിജിപിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്‍കിയതായി ഡിജിപി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.