×
login
ശ്രീരാമാനില്‍ അഭയം തേടി കെഎസ്ആര്‍ടിസി‍; കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര സര്‍വീസുകള്‍; മുന്‍കൂട്ടി ബുക്കിങ്ങിനും അവസരം

നാലമ്പല തീര്‍ത്ഥാടനത്തിന് വേണ്ടി മുന്‍ കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് വേണ്ടി ജില്ല തിരിച്ചുള്ള ഫോണ്‍ നമ്പരുകള്‍ അടങ്ങിയ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് നാലമ്പല ദര്‍ശന തീര്‍ത്ഥാടനയാത്ര 2022 ഡിജിറ്റല്‍ ഗൈഡും പുറത്തിറക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. 'നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര  2022' എന്ന പേരിട്ടിരിക്കുന്ന സര്‍വീസുകള്‍ എല്ലാ ജില്ലകളിലെയും നാലമ്പലങ്ങളിലേക്ക് നടക്കും.  രാമായണ മാസത്തിലെ പ്രധാനപ്പെട്ട  തീര്‍ത്ഥാടനമായ നാലമ്പല ദര്‍ശനത്തിന് കെഎസ്ആര്‍ടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.  

ശ്രീരാമന്റെയും മൂന്നു സഹോദരന്മാരുടേയും (ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍) നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങളാണ് നാലമ്പലം എന്നറിയപ്പെടുന്നത്. കര്‍ക്കടകമാസത്തില്‍ ഇവ ഒരേ ദിവസം ദര്‍ശിയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. താഴെപ്പറയുന്നവയാണ് പ്രധാനപ്പെട്ട നാലമ്പലങ്ങള്‍.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍  ശത്രുഘ്‌ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര നടത്തുന്നത്.  ഇതിനായി സംസ്ഥാനത്തെ  എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ച് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കും.  


ജൂലായ് മാസം  17 മുതല്‍ ആഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില്‍ നിന്നും  തീര്‍ത്ഥാടന യാത്രകള്‍ നടത്തും. അതിരാവിലെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുന്‍പായി ദര്‍ശനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്‍ശനത്തിനായി പ്രത്യേക സൗകര്യവും  ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള പതിവ് സ്‌പെഷ്യല്‍  സര്‍വ്വീസുകളും കെഎസ്ആര്‍ടിസി നടത്തും.

ഇതിന് വേണ്ടി കെ.എസ്.ആര്‍.ടി.സിയുടെ വിവിധ യൂണിറ്റുകളില്‍ മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലമ്പല ദര്‍ശനത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ഗൈഡ് ബുക്കും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ പുറത്തിറക്കി.  

നാലമ്പല തീര്‍ത്ഥാടനത്തിന് വേണ്ടി മുന്‍ കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് വേണ്ടി ജില്ല തിരിച്ചുള്ള ഫോണ്‍ നമ്പരുകള്‍ അടങ്ങിയ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് നാലമ്പല ദര്‍ശന തീര്‍ത്ഥാടനയാത്ര  2022 ഡിജിറ്റല്‍ ഗൈഡും പുറത്തിറക്കിയിട്ടുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.