×
login
ടൈം മാഗസിന്‍ പട്ടികയില്‍ ലോകത്തിലെ അതിമനോഹര ലക്ഷ്യസ്ഥാനമായി കേരളം

കാരവന്‍ ടൂറിസത്തിന് പ്രത്യേക പ്രശംസ

 

തിരുവനന്തപുരം:  പ്രകൃതിഭംഗിയാല്‍  സമ്പന്നമായ കേരളം ടൈം മാഗസിന്‍റെ 2022 ല്‍ കണ്ടിരിക്കേണ്ട ലോകത്തെ  അതിമനോഹരമായ 50 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടി.  അസാധാരണ ലക്ഷ്യസ്ഥാനമാണ് കേരളമെന്നാണ് വിശേഷണം.


മനം നിറയ്ക്കുന്ന കടലോരം, സമൃദ്ധമായ കായലോരം, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയാല്‍ അനുഗൃഹീതമായ കേരളം ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്ന്  മാഗസിന്‍ വിലയിരുത്തി.  താമസസൗകര്യങ്ങള്‍ക്കൊപ്പം പ്രകൃതിഭംഗി ആസ്വദിക്കാനുള്ള കാരവന്‍ ടൂറിസം എന്ന ആശയത്തെയാണ് കേരളം ഈ വര്‍ഷം പിന്തുണയ്ക്കുന്നത്. സംസ്ഥാനത്തെ ആദ്യ കാരവന്‍ പാര്‍ക്കായ 'കാരവന്‍ മെഡോസ്' വാഗമണില്‍ ആരംഭിച്ചു.


ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ ഹൗസ്ബോട്ട് ടൂറിസം വിജയത്തേയും പരാമര്‍ശിച്ച ടൈം മാഗസിന്‍ സുസ്ഥിര വിനോദസഞ്ചാരത്തിന്‍റെ പാതയില്‍ കാരവനുകളെ ഉള്‍ക്കൊള്ളുന്നതായും ഈ നൂതനമാര്‍ഗത്തിലൂടെ അസംഖ്യം സന്ദര്‍ശകര്‍ കടലോരങ്ങളേയും തോട്ടങ്ങളേയും അനുഭവവേദ്യമാക്കാനായി എത്തുമെന്ന പ്രതീക്ഷയിലാണ് കേരളമെന്നും വ്യക്തമാക്കി.


പാരിസ്ഥിതിക ഘടകങ്ങള്‍ക്കും സുസ്ഥിരവികസന മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ടൂറിസത്തെ ചിട്ടപ്പെടുത്തുന്നപുത്തന്‍ ദൗത്യങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകവിനോദസഞ്ചാരത്തിന്‍റെ നെറുകയില്‍ സംസ്ഥാനത്തെ എത്തിക്കുന്നതിന് അനന്തസാധ്യതയുള്ള സ്ഥലങ്ങളെ കണ്ടെത്താനുള്ള ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. രാജ്യാന്തര ടൂറിസം ശൃംഖലയില്‍ ശുഭാപ്തിവിശ്വാസം  നേടിയെടുക്കാനും സുരക്ഷിത ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള സംസ്ഥാനത്തിന്‍റെ നിരന്തര ശ്രമങ്ങള്‍ക്ക് ഈ വര്‍ഷത്തില്‍ കണ്ടിരിക്കേണ്ട മികച്ച ഇടമാണെന്ന വിലയിരുത്തല്‍ ഗുണകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.ടൈം മാഗസിന്‍ പട്ടികയില്‍ ഇടംനേടാനായത് സംസ്ഥാനത്തിന് അത്യധികം അഭിമാനകരമാണെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു. കാരവന്‍ ടൂറിസം, ഇനി നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ രണ്ടാം പതിപ്പ് തുടങ്ങിയ  മാതൃകാപരമായ ദൗത്യങ്ങള്‍ സംസ്ഥാന ടൂറിസത്തിന് വന്‍ കുതിപ്പേകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളെ കണ്ടെത്താനുള്ള സംസ്ഥാനത്തിന്‍റെ ബോധപൂര്‍വ്വവും സുസ്ഥിരവുമായ ദൗത്യങ്ങളെ ഈ അംഗീകാരം കരുത്താര്‍ജ്ജിപ്പിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു.  നിരവധി പരിശ്രമങ്ങളുടെ ഫലമായി കൊവിഡാനന്തര ഘട്ടത്തില്‍ വിനോദസഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  


പുതിയ വാഗ്ദാനങ്ങളും അനുഭവങ്ങളും പ്രദാനം ചെയ്യുന്ന ലോകത്തെ ഏറ്റവും അതിമനോഹര സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കാന്‍  രാജ്യാന്തര തലങ്ങളില്‍ നിന്നും  ടൈം മാഗസിന്‍  നാമനിര്‍ദേശം തേടിയിരുന്നു.  ആദ്യത്തെ ലോക പൈതൃക നഗരമായി യുണെസ്കോ തിരഞ്ഞെടുത്ത അഹമ്മദാബാദും ഇന്ത്യയില്‍ നിന്നും ഇടംപിടിച്ചിട്ടുണ്ട്.
റാസല്‍ഖൈമ (യുഎഇ), പാര്‍ക്ക് സിറ്റി (യൂട്ടാ), ഗ്രേറ്റ് ബാരിയര്‍ റീഫ് (സോള്‍), ആര്‍ട്ടിക് സര്‍ക്കിളിലെ ദ ഗ്രാന്‍ഡ്  കാന്യോണ്‍ (ഓസ്ട്രേലിയ), വലെന്‍സിയ (സ്പെയിന്‍), ട്രാന്‍സ് ഭൂട്ടാന്‍ ട്രയല്‍ (ഭൂട്ടാന്‍),  ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ (ബൊഗോട്ട), ലോവര്‍ സാംബെസി നാഷണല്‍ പാര്‍ക്ക് (സാംബിയ), ഉസ്ബെക്കിസ്ഥാന്‍റെ ചരിത്രപരമായ സില്‍ക്ക് റോഡുകള്‍ (ഇസ്താംബൂള്‍),  ജമൈക്ക, ബാലി(ഇന്തോനേഷ്യ), കിഗാലി (റുവാണ്ട) തുടങ്ങിയ സ്ഥലങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.  സുസ്ഥിരത കൈവരിക്കുന്നതിന് നിക്ഷേപം നടത്തുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനുമായി ഇവയില്‍ ലോകോത്തര കേന്ദ്രങ്ങളും ഇനിയും സാധ്യതകള്‍ കണ്ടെത്തേണ്ട പ്രദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 
ലോകത്തിലെ ഭൂരിഭാഗം ജനതയും കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പെടുത്ത സാഹചര്യത്തില്‍  വിനോദസഞ്ചാരികള്‍ വീണ്ടും യാത്രകളിലേക്ക് തിരിയുകയാണ്.   പ്രാദേശിക സമൂഹത്തോടൊപ്പം സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് വീണ്ടും ആതിഥേയമേഖല.
 

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.