×
login
സംസ്ഥാനത്തെ പ്രധാനപ്പെട്ട 50 ടൂറിസം കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളാക്കും

വര്‍ക്കല, കാപ്പില്‍, മുഴപ്പിലങ്ങാട്, വാഗമണ്‍ എന്നിവിടങ്ങളെ സാഹസിക വിനോദസഞ്ചാര മേഖലകളാക്കി മാറ്റും. ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ അക്കാദമി സ്ഥാപിക്കും. എല്ലാ ജില്ലകളിലും സ്ഥല ലഭ്യതയ്ക്കനുസരിച്ച് അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ സുരക്ഷാചട്ടങ്ങളുടെ ആദ്യപ്രതി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, അയാട്ട സീനിയര്‍ വൈസ് പ്രസിഡന്‍റ് ഇ എം നജീബിന് കൈമാറുന്നു


തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട 50 ടൂറിസം കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 
സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന സുരക്ഷാചട്ടങ്ങളുടേയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനത്തിന്‍റേയും പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇക്കോ ടൂറിസം പദ്ധതിയുമായി  സഹകരിച്ച് വിവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.  വര്‍ക്കല, കാപ്പില്‍, മുഴപ്പിലങ്ങാട്, വാഗമണ്‍ എന്നിവിടങ്ങളെ  സാഹസിക വിനോദസഞ്ചാര മേഖലകളാക്കി മാറ്റും. ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ അക്കാദമി സ്ഥാപിക്കും. എല്ലാ ജില്ലകളിലും സ്ഥല ലഭ്യതയ്ക്കനുസരിച്ച് അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
അടിസ്ഥാനസൗകര്യ വികസനം, പുതിയ കേന്ദ്രങ്ങളെ കണ്ടെത്തല്‍, പൊതു-സ്വകാര്യമേഖകളുടെ പങ്കാളിത്തത്തോടെ  പദ്ധതികള്‍, വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്കീട്ട്, ദേശീയ-അന്താരാഷ്ട്ര തലങ്ങളില്‍ ബ്രാന്‍ഡ് ചെയ്യല്‍ എന്നിവയ്ക്കാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ മാനദണ്ഡം പുറത്തിറക്കിയത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സാഹസിക ടൂറിസം മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ക്കനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 


സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും  വേണ്ടിയാണ് രജിസ്ട്രേഷന്‍ സംവിധാനം നടപ്പിലാക്കുന്നത്. കര, ജല, വ്യോമ മേഖലകളിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങിയ സംഘത്തിന്‍റെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തേക്കാണ് രജിസ്ട്രേഷന്‍ അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഒഴിവുകാല-ആയുര്‍വേദ വിനോദസഞ്ചാരത്തിനപ്പുറമായി സാഹസിക വിനോദസഞ്ചാരമേഖലയില്‍ സംസ്ഥാനത്ത് നിരവധി സാധ്യതകളുണ്ടെന്ന ചടങ്ങില്‍ അധ്യക്ഷയായിരുന്ന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. സുരക്ഷിതമായ സാഹസിക വിനോദസഞ്ചാരത്തിന് കേരളം സുരക്ഷിതമാണെന്ന ഖ്യാതിനേടുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

സാഹസിക വിനോദസഞ്ചാരമേഖലയില്‍ ഗുണനിലവാരവും  സുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ചട്ടങ്ങള്‍ രൂപീകരിച്ച് പുറത്തിറക്കിയതെന്നും ഈ മേഖലയിലുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി മുന്നോട്ടുവരണമെന്നും മുഖ്യപ്രഭാഷണത്തില്‍ ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍  പറഞ്ഞു.
ഇക്കോ ടൂറിസം ഡയറക്ടര്‍  ഡി കെ വിനോദ് കുമാര്‍ , അയാട്ട സീനിയര്‍ വൈസ് പ്രസിഡന്‍റ് ഇ എം നജീബ്, കെടിഎം പ്രസിഡന്‍റ് ബേബി മാത്യു, അനീഷ് കുമാര്‍ പി കെ (അറ്റോയ്), കെഎടിപിഎസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രവിശങ്കര്‍ കെ വി, ശ്രീ പ്രദീപ് മൂര്‍ത്തി (അറ്റോയ്), കെഎടിപിഎസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മനേഷ് ഭാസ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.