×
login
ഭക്തജനങ്ങള്‍ക്ക്‌ സായൂജ്യമേകി പത്താമത് പൊങ്കാല മഹോത്സവം വിപുലമായി ആഘോഷിച്ച് ചിക്കാഗോ ഗീതാമണ്ഡലം

ശനിയാഴ്ച്ച ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾ ലളിത സഹസ്രനാമം പാരായണം ചെയ്ത് ആദിപരാശക്തിയിൽ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷമാണ് ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്.

ചിക്കാഗോ: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ വിപുലമായി ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല ആഘോഷിച്ചു.  അമ്മേ നാരായണ ദേവി നാരായണ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾ പത്താമത് പൊങ്കാല മഹോത്സവം ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി, പൊങ്കാല വൃതശുദ്ധി കാത്തുകൊണ്ടും, ദേവി നാമ ജപങ്ങൾ ഉരുക്കഴിച്ചു കൊണ്ടുമാണ് ഓരോ ഭക്തരും പൊങ്കാലക്കായി മാനസികമായി തയ്യാറായത്.  തുടർന്ന് ശനിയാഴ്ച്ച ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾ ലളിത സഹസ്രനാമം പാരായണം ചെയ്ത് ആദിപരാശക്തിയിൽ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷമാണ് ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്.

മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തി. തുടര്‍ന്ന് ദേവിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും, ശ്രീ പരമേശ്വരി മന്ത്രജപത്താലും  അന്നപൂര്‍ണേശ്വേരിയെ സംപ്രീതയാക്കി. തുടർന്ന് പ്രധാന പുരോഹിതന്‍ ശ്രീ കൃഷ്ണൻ ചെങ്ങണാം പറമ്പിൽ സ്വാമി ദേവിയില്‍നിന്നും അഗ്‌നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ പണ്ടാരഅടുപ്പിലും തുടർന്ന് വേദിയിലേ  മറ്റ് പൊങ്കാല അടുപ്പുകളിലേക്കു അഗ്‌നി പകര്‍ന്നു.


പൊങ്കാലക്കായി തയാറാക്കിയ മഹാപ്രസാദം, പ്രധാന പുരോഹിതന്‍ ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. തുടര്‍ന്ന് അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടന്നു.

പൊങ്കാലയിൽ  നാം കാണുന്നത് പ്രപഞ്ച തത്വമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്  അതില്‍ അരിയാകുന്ന ബോധം  തിളച്ച് അതിലെ അഹംബോധം നശിക്കുകയും ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്നു ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത് എന്ന് ചിക്കാഗോ  ഗീതാമണ്ഡലം അധ്യക്ഷൻ ജയചന്ദ്രൻ തന്റെ പൊങ്കാല സന്ദേശത്തിൽ പറഞ്ഞു. പൊങ്കാലയിൽ പങ്കെടുക്കുവാൻ വർഷം തോറും ഉയർന്നു വരുന്ന ഭക്തജന പങ്കാളിത്തം,  ലോകത്തിലുള്ള എല്ലാ ഹൈന്ദവ സംഘടനകൾക്കും മാതൃകയായി പ്രവർത്തിക്കുന്ന ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് എന്ന് ഗീതാ മണ്ഡലം ആത്മീയ ആചാര്യൻ ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും പൊങ്കാല ഉത്സവത്തിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, സ്റ്റിൽ ഫോട്ടഗ്രാഫർ ആയ ബിജുവിനും, ഗീതാ മണ്ഡലം സെക്രട്ടറി ബൈജു എസ്. മേനോന്‍ നന്ദി രേഖപ്പെടുത്തി. മഹാപ്രസാദ വിതരണത്തോടെ രണ്ടായിരത്തി ഇരുപത്തിമൂന്നിലെ പൊങ്കാല ഉത്സവങ്ങൾക്ക് പരിസമാപ്തിയായി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.