×
login
അന്നം തരുന്ന രാജ്യത്തെ അവഹേളിക്കരുത് ; കേരളത്തെ തള്ളി അമേരിക്കയില്‍ എത്തിക്കുന്നവര്‍ക്ക് മലയാളിയുടെ മറുപടി

കോറൊണയുടെ പേരില്‍ കേരളത്തെ വാനോളം പുകഴ്ത്തുകയും അമേരിക്കയെ ഇകഴ്ത്തുകയും ചെയ്യുന്നവര്‍ കേരളത്തില്‍ മാത്രമല്ല അമേരിക്കയിലും ധാരളമാണ്. അവര്‍ക്ക് മറുപടി പറയുകയാണ് പൊതുപ്രവര്‍ത്തകനും അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹിയുമായ കൃഷ്ണരാജ് മോഹന്‍

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ മലയാളി അമേരിക്കന്‍ ഡോക്ടര്‍മാരും ശാസ്ത്രജന്മാരും കേരളത്തിലുണ്ടെന്നു തോന്നുന്നു. അമേരിക്കന്‍ വിദഗ്ധരുടെ വോയ്‌സ് ക്ലിപ്പും അഭിമുഖങ്ങളും അഭിപ്രായങ്ങളും കേട്ടു മടുത്തു . എല്ലാത്തിലും  അവസാനം അമേരിക്ക കേരളത്തെ കണ്ടു പഠിക്കണം എന്ന ആപ്ത വാക്യവും.

ട്രമ്പിനെ മാറ്റി പിണറായിയെ പ്രസിഡന്റ് ആക്കണമത്രേ. ബ്രെണ്ണന്‍ കോളേജില്‍ ഊരി പിടിച്ച വാളുമായി നടന്ന പരിചയം തന്നെ ധാരാളമാണല്ലോ അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍, കഷ്ടം തന്നെ.

ഒരാളെയും കേരളത്തില്‍ നിന്ന് ബലമായി അമേരിക്കയിലേക്ക് പിടിച്ചു കൊണ്ടുവന്നതായി അറിവില്ല. പിരിഞ്ഞു പോകാന്‍ അനുവദിക്കാത്ത ഒരു ജോലിയും ഇവിടെ ആര്‍ക്കുമൊട്ടില്ലതാനും. ആരെയും അമേരിക്കന്‍ ഗവണ്മെന്റ് വീട്ടു തടങ്കലില്‍ ആക്കിയതായും അറിവില്ല. അമേരിക്കയുടെ പ്രൗഢിയും, ജീവിത സാഹചര്യങ്ങളും അല്ലെങ്കില്‍ മികച്ച ജോലി സാദ്ധ്യതയും ഒക്കെ കണ്ടിട്ട് തന്നെയാണ് ഈ പറഞ്ഞ മാന്യന്മാര്‍ ഒക്കെ ഇങ്ങോട്ടു വണ്ടി കയറിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവുമില്ല എന്ന് ഒരു ഉളുപ്പുമില്ലാതെ വിസ-ഗ്രീന്‍കാര്‍ഡ്-സിറ്റിസണ്‍ ഷിപ്പ് അപേക്ഷകളിലെ ചോദ്യത്തിന് ഉത്തരമായി എഴുതി കൊടുത്തിട്ടു കൂടിയാണ് യു എസ് സി ഐ എസ് അനുമതി തന്നത് എന്ന് മറക്കണ്ട. അമേരിക്കയിലെത്തുന്ന നേതാക്കള്‍ക്ക് പിഞ്ഞാണം വാങ്ങി കൊടുത്തു ഫോട്ടോ എടുക്കാനല്ലാതെ ഇവിടെ പാവങ്ങളെ നന്നാക്കാന്‍ ഇവരാരുമൊട്ടു ഇറങ്ങി പുറപ്പെട്ടു കണ്ടിട്ടുമില്ല.

നാട്ടിലെത്തിയാല്‍ ഫേസ് ബുക്കില്‍ ഇടാനുള്ള ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം എ സി മുറിയില്‍ നിന്ന് പുറത്തിറങ്ങുന്ന ഈ അമേരിക്കന്‍ മാന്യന്മാര്‍ക്കു പെട്ടന്ന് കേരളത്തിലെ സൗകര്യങ്ങള്‍ എല്ലാം ലോകോത്തരമായി. നാറ്റമടിക്കാതെ ഒന്ന് മൂത്രമൊഴിക്കാന്‍ കേരളത്തിലെ ആശുപത്രിയില്‍ സാധിക്കില്ല എന്ന് ഇന്നലെ വരെ പരിഹസിച്ച ഈ മഹാന്‍ മാര്‍ക്ക് ഇന്ന് അവിടെ അഡ്മിറ്റ് ആവണമത്രേ. കേരളം എല്ലാം കൊണ്ടും സ്വയം പര്യാപ്തമാണെങ്കില്‍ പിന്നെ എന്തിനാണൊരു ലോക കേരള സഭയും ധൂര്‍ത്തുമെല്ലാം എന്ന് മനസ്സിലാകുന്നില്ല.

ചെകുത്താന്മാര്‍ കുറെയധികം ഉണ്ടെങ്കിലും കേരളം ഇന്നും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്. കോറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യ എടുത്ത നടപടികളും സംസ്ഥാനങ്ങള്‍ നല്‍കിയ പിന്തുണയും, ഇത് നടപ്പിലാക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നവരാണ് പക്ഷെ അത് മഹത്വവല്‍ക്കരിക്കേണ്ടത് ന്യൂയോര്‍ക്കില്‍ കേരളത്തേക്കാള്‍ എത്ര പേര്‍ക്ക് കോറോണയുണ്ട് എന്ന് എണ്ണം കൊണ്ടാകരുത്. ന്യൂയോര്‍ക് ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ്. എയര്‍ ബസ് 380 വന്നിറങ്ങാന്‍ ഇടമില്ലാത്ത നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അടച്ചിടുന്നതു പോലെയല്ല ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ട് അടയ്ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബോധം മാത്രം മതി. യൂറോപ്യന്‍ നിലവാരം എന്നൊക്കെ ഫേസ് ബുക്കില്‍ തള്ളാമെങ്കിലും മൂലക്കുരുവിന് വരെ ചികില്‍സിക്കാന്‍ മന്ത്രിമാര്‍ക്ക് അമേരിക്ക തന്നെ വേണം എന്നത് മറക്കണ്ട. കാസര്‍ഗോഡ് കാര്‍ക്ക് കര്‍ണാടക അതിര്‍ത്തി അടച്ചാല്‍ പോകാന്‍ ആശുപത്രി ഇല്ലത്രെ.

അമേരിക്ക ഇങ്ങനെ ഒക്കെയാണ്. പാകിസ്ഥാന്‍ പോലുമറിയാതെ രായ്ക്ക് രാമാനം ബിന്‍ ലാദനെ തട്ടി കടലിന്റെ നടുക്ക് അടക്കും. ആവശ്യത്തിനും ചിലപ്പോഴൊക്കെ അനാവശ്യത്തിനുമെല്ലാം ലോക പോലീസ് ആവുകയും ചെയ്യും. യുദ്ധം ചെയ്ത് സ്വന്തന്ത്ര്യം നേടിയ അമേരിക്ക സ്വന്തന്ത്യ കാലഘട്ടത്തു പോലും അക്രമരഹിത മാര്‍ഗങ്ങളും, അഹിംസാവാദവുമെല്ലാം ഉയര്‍ത്തി പിടിച്ച ഭാരതത്തിന്റെ രീതികള്‍ പിന്തുടരണമെന്നില്ലല്ലോ. ഏതു ഗവണ്‍മെന്റിനെയും വിമര്‍ശിക്കാന്‍ (കമ്മ്യൂണിസ്റ്റ് ഒഴികെ) ഓരോ പൗരനും അവകാശമുണ്ട് അതാവാം. ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത മഹാമാരിയെ നേരിടുമ്പോള്‍ ഓരോ രാജ്യവും ഇതിനെ പ്രതിരോധിക്കാന്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പരിപൂര്‍ണ്ണമായി കുറ്റമറ്റതാകണമെന്നില്ല.

മരുന്നില്ലാതെ മഹാമാരിക്ക് മുന്‍പില്‍ മനോബലമുള്ള മനുഷ്യരെ മുന്‍നിര്‍ത്തിയാണ് അമേരിക്ക പടവെട്ടുന്നത്. പല പ്രതികൂല സാഹചര്യങ്ങളെയും മറികടന്നു ആരോഗ്യ മേഖലയില്‍ കോറോണക്കെതിരെ പടവെട്ടുന്നവരാണ് ഈ യുദ്ധത്തിലെ അമേരിക്കയുടെ പട്ടാളം. ഇവര്‍ കാണിക്കുന്ന പ്രൊഫഷണലിസം എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇവിടെ ചര്‍ച്ച ആവേണ്ടതുമാണ്. പക്ഷെ അന്നം തരുന്ന രാജ്യത്തെ അവഹേളിച്ചിട്ടാകരുത് അതെന്നു മാത്രം.

ഈ മഹാവ്യാധിയുടെ സ്വഭാവവും ഭീകരതയും രാജ്യം നേരിട്ട പ്രശ്നങ്ങളുമെല്ലാം മറ്റു രാജ്യങ്ങളോട് ആത്മാര്‍ത്ഥമായി പറയാനുള്ള മാന്യത ചൈന കാട്ടിയിരുന്നെങ്കില്‍ ഒരു പരിധി വരെ ഇതിനെ പിടിച്ചു കെട്ടാമായിരുന്നു. ചൈനയിലെ ഭരണാധികാരികളുടെ തലയിലെ കമ്മ്യൂണിസ്റ്റ് വൈറസ് ആയിരിക്കാം കൊറോണ മഹാമാരിയാകാന്‍ ഒരു കാരണം.

ചില വസ്തുതകള്‍:

കൊറോണ ടെസ്റ്റ് അമേരിക്കയിലെ അന്തേവാസികള്‍ക്ക് സൗജന്യമാണ്

ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണത്താല്‍ ഇവിടെ അവശ്യ ഘട്ടങ്ങളില്‍ ചികിത്സ നിഷേധിക്കില്ല


ന്യൂയോര്‍ക്കില്‍ ഇത് വരെ പൂര്‍ണ്ണ 'ലോക്ക് ഡൌണ്‍' പ്രഖ്യാപിച്ചിട്ടില്ല .

ന്യൂയോര്‍ക്കില്‍ പൊതു ഗതാഗത സംവിധാനം എല്ലാം ഏറെക്കുറെ സാധാരണമായി തന്നെ പ്രവര്‍ത്തിക്കുന്നു.  

ജെ എഫ് കെ എയര്‍പോര്‍ട്ട് അടച്ചിട്ടില്ല. വന്നിറങ്ങുന്നവരെ പരിശോധിക്കുന്നുമില്ല.  

ന്യൂയോര്‍ക്കില്‍ ലിക്കര്‍ സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.

ഇവിടെ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുവരെ പോലീസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നില്ല.

കോവിഡ് 19 ബാധിച്ച എല്ലാവരെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല - അതിനു സാധിക്കുകയുമില്ല

സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വഴി കഴിവതും ഭംഗിയായി നടക്കുന്നു (ഡെയിലി അറ്റന്ഡന്സ്ഉണ്ട് കുട്ടികള്‍ക്ക് )

ഡോക്ടര്‍മാര്‍ രോഗമുണ്ടോ എന്നന്വേഷിച്ചു വീട്ടില്‍ വരില്ല.

ഫോണ്‍ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുക്കണം അതിനു അതിന്റെതായ കാലതാമസം ഉണ്ട്.  

ഇനി....ന്യൂയോര്‍ക്കിലെ അവസ്ഥ ഗുരുതരം തന്നെയാണ്. എല്ലാ രോഗികള്‍ക്കും വിദഗ്ധ ചികിത്സ നല്‍കാന്‍ യുദ്ധ സമാനമായ ഈ സാഹചര്യത്തില്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ഥ്യം. പക്ഷെ അത് കൊറോണ സംഹാരതാണ്ഡവമാടുന്ന ഒരു സ്റ്റേറ്റിലെ അവസ്ഥയാണ്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട് പതിനയ്യായിരം ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നാലായിരം പേര് ഐ സി യു വിലുമാണ്. ഇപ്പോഴും ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ ബസില്‍ കയറി കറങ്ങുന്നവര്‍ ന്യൂയോര്‍ക്കിലുണ്ട്, 1000 ബെഡുകളുമായി ന്യൂയോര്‍ക്കില്‍ സഹായിക്കാനെത്തിയ യു എസ് നേവിയുടെ കംഫര്‍ട് എന്ന ഷിപ്പ് കാണാനും ഫോട്ടോ എടുക്കാനും നൂറുകണക്കിനാളുകള്‍ കൂട്ടുകയും ചെയ്തു. പക്ഷെ ഇതെല്ലം കൂട്ടിയാലും ഒരു ബീവറേജ് നാളെ തുറന്നാല്‍ കേരളത്തില്‍ ക്യു നില്‍ക്കുന്നവരുടെ അത്രയും വരില്ല. കൊറോണ വരും പോകും ന്യൂയോര്‍ക്കും അമേരിക്കയും ഇവിടെ തന്നെ കാണും യോഗമുണ്ടെങ്കില്‍ നമ്മളൊക്കെയും. അതിനിടയില്‍ കേരളത്തെ തള്ളി ഇങ്ങെത്തിക്കരുത് അപേക്ഷയാണ്

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.