×
login
ശുക്രനിലേക്ക് ഒരു സ്‌നേഹപേടകം

വലിപ്പത്തിലും പിണ്ഡത്തിലും ഭൂമിയുമായി സമാനതകളുള്ള ഈ ഇരട്ട സഹോദരിയെ കൂടുതലറിയാന്‍ കോപ്പുകൂട്ടുകയാണ് നമ്മുടെ ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഒ. അതിനായി നാം ശുക്രനിലേക്കയയ്ക്കുന്ന സ്‌നേഹപേടകത്തിന്റെ പേര് ശുക്രയാന്‍. ഭാരതത്തിന്റെ അഭിമാനം ആകാശത്തിനുമപ്പുറം ഉയര്‍ത്തിയ ചന്ദ്രയാന്റെയും മംഗള്‍യാന്റെയും പിന്‍ഗാമി

ഭൂമിയുടെ ഇരട്ട സഹോദരിയെന്നാണ് ശുക്രന്റെ വിളിപ്പേര്. പക്ഷേ സാദൃശ്യത്തെക്കാളും വൈജാത്യങ്ങളാണേറെ. വിഷവായുവായ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് തിങ്ങിനിറഞ്ഞ അന്തരീക്ഷം സല്‍ഫ്യൂരിക് ആസിഡ് ബാഷ്പം നിറഞ്ഞ കരിമുകിലുകള്‍. ഈയം പോലും ഉരുക്കുന്ന കൊടുംചൂട്. ആളെ ഇടിച്ചുനുറുക്കുന്ന കൊടിയ അന്തരീക്ഷ മര്‍ദം. മറ്റ് ഗ്രഹങ്ങളുടെ ദിശയ്ക്ക് എതിരായ ഭ്രമണം. ഇംഗ്ലീഷുകാര്‍ വീനസ് എന്നുവിളിക്കുന്ന നമ്മുടെ ശുക്ര ഗ്രഹത്തിന്റെ അവസ്ഥ ഇങ്ങനെ.

എങ്കിലും ശുക്രനെ വിടാന്‍ ഭാരതം ഒരുക്കമില്ല. വലിപ്പത്തിലും പിണ്ഡത്തിലും ഭൂമിയുമായി സമാനതകളുള്ള ഈ ഇരട്ട സഹോദരിയെ കൂടുതലറിയാന്‍ കോപ്പുകൂട്ടുകയാണ് നമ്മുടെ ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഒ. അതിനായി നാം ശുക്രനിലേക്കയയ്ക്കുന്ന സ്‌നേഹപേടകത്തിന്റെ പേര് ശുക്രയാന്‍. ഭാരതത്തിന്റെ അഭിമാനം ആകാശത്തിനുമപ്പുറം ഉയര്‍ത്തിയ ചന്ദ്രയാന്റെയും മംഗള്‍യാന്റെയും പിന്‍ഗാമി.

2024 ഡിസംബര്‍ മാസം അവസാനമാണ് ശുക്രയാന്‍ പുറപ്പെടുക. അതാണ് ഭൂമിയും ശുക്രനും  ഏറ്റവുമടുത്തു വരുന്ന കാലം. അപ്പോള്‍ വിക്ഷേപിച്ചാല്‍ ഇന്ധനം കുറയ്ക്കാം. സമയം ലാഭിക്കാം. ഇനി അത്തരമൊരവസരം എത്താന്‍ 2031 വരെ കാത്തിരിക്കുകയും വേണം. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ നാം വിക്ഷേപിക്കുന്ന ശുക്രയാനത്തിന് 100 കിലോഗ്രാം പേലോഡ് മാത്രമാണുള്ളത്. അതിനെ ആകാശത്തേക്ക് വഹിച്ചുകൊണ്ടുപോകുന്നത് ജിഎസ്എല്‍വി (മാര്‍ക്ക് 2) റോക്കറ്റ്. ശുക്രന്റെ വിഷമയമായ അന്തരീക്ഷവും തരിശായി കിടക്കുന്ന ഉപരിതലവും പഠിക്കുകയാണ് ലക്ഷ്യം. ഗ്രഹത്തെ ചൂഴ്ന്നുനില്‍ക്കുന്ന സള്‍ഫ്യൂരിക് ആസിഡ് മേഘങ്ങളുടെ പിന്നിലെ രഹസ്യം തേടുന്നതും ശുക്രയാന്റെ പരിപാടിയില്‍ പെടും.

മേഘങ്ങളെ വകഞ്ഞുമാറ്റി ശുക്രന്റെ ഉപരിതലം പരിശോധിക്കുന്നതിനുള്ള സംവേദനക്ഷമതയേറിയ സിന്തറ്റിക് അപര്‍ച്ചര്‍ റഡാര്‍. സൂര്യനില്‍നിന്ന് പ്രവഹിക്കുന്ന ചാര്‍ജിത കണങ്ങള്‍ ശുക്രന്റെ അന്തരീക്ഷവുമായി നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ പഠിക്കാനുള്ള വെനിഷ്യന്‍ ന്യൂട്രല്‍സ് അനലൈസര്‍, വീനസ് ഇന്‍ഫ്രാറെഡ് അറ്റ്‌മോസ്ഫറിക് ഗ്യാസസ് ലിങ്കര്‍, ലേസര്‍ ഹിട്രോഡൈന്‍ എന്‍ഐആര്‍ സ്‌പെക്‌ട്രോ മീറ്റര്‍ തുടങ്ങിയവയാവും ശുക്രയാനിലെ പ്രധാന ഉപകരണങ്ങള്‍.

എങ്കിലും ശുക്രന്‍ ആള്‍ നിസ്സാരനല്ല. സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ആകാശത്തില്‍ കാണുന്ന ഏറ്റവും തിളക്കമേറിയ വസ്തുവാണെങ്കിലും ഉള്ള് അത്ര തിളങ്ങുന്നതല്ല. 'ഭൂമിയുടെ ഇരട്ട' എന്ന ചെല്ലപ്പേര് വിളിക്കുമെങ്കിലും അന്തരീക്ഷമാകെ ഗ്രീന്‍ഹൗസ് മലിനവാതകമായ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറഞ്ഞുനില്‍ക്കുകയാണ്. സൂര്യരശ്മികളെപ്പോലും പ്രതിരോധിക്കുന്ന സള്‍ഫ്യൂരിക് അമ്ല മേലാപ്പുമുണ്ട്. ശുക്രന്റെ വയറുനിറയെ അഗ്നിപര്‍വതങ്ങളാണത്രേ. പൊട്ടുന്നവയും പൊട്ടാത്തവയുമുണ്ട്. കൂട്ടിന് ചുണ്ണാമ്പ് പാറകളും. ശുക്രനില്‍ സമുദ്രങ്ങളില്ല. ജലബാഷ്പം തീരെയില്ല. ഏതെങ്കിലും ഉപഗ്രഹം സംഘടിപ്പിച്ച് ഗ്രഹത്തിന്റെ ഉപരിതലത്തില്‍ എത്താമെന്നു വച്ചാലോ? അവിടെ ജീവജാലങ്ങള്‍ക്ക് അരനിമിഷം പോലും നിലനില്‍പ്പില്ല. ഭൂമിയിലെ അന്തരീക്ഷ മര്‍ദ്ദത്തിന്റെ 92 ഇരട്ടിയാണ് ശുക്രഗ്രഹത്തിലെ മര്‍ദ്ദം ശാസ്ത്ര ഉപകരണങ്ങളും പേടകങ്ങളുമൊക്കെ ആ മര്‍ദ്ദത്തില്‍ പൊട്ടിത്തകരും.


ശുക്രന്റെ പ്രതലത്തില്‍ കാല്‍കുത്തിയ പല ഉപഗ്രഹങ്ങളും അങ്ങനെ നശിച്ചു നാമാവശേഷമായെന്ന് ചരിത്രം. 'വെനീറ' പദ്ധതിയുടെ ഭാഗമായി 1961 നും 1984 നും  ഇടയില്‍ സോവിയറ്റ് യൂണിയന്‍ തൊടുത്തുവിട്ട ഉപഗ്രഹങ്ങളില്‍ പത്തെണ്ണമെങ്കിലും ശുക്രനില്‍ ലാന്‍ഡ് ചെയ്‌തെന്നാണ് അവകാശവാദം. പക്ഷേ അവയൊക്കെ 20 മുതല്‍ 120 മിനിറ്റിനകം ഉപയോഗശൂന്യമായത്രേ. 1978 ല്‍ നാസ അയച്ച പയനിയര്‍ വീനസ് മള്‍ട്ടി പ്രോബ് ഈ ഗ്രഹത്തില്‍ പ്രവര്‍ത്തിച്ചത് കഷ്ടിച്ച് ഒരു മണിക്കൂര്‍. വെള്ളം തിളയ്ക്കാന്‍ വേണ്ട ചൂട് 100 ഡിഗ്രിയാണെന്ന് നമുക്കറിയാം. പക്ഷേ ശുക്രനിലെ താപനില 482 ഡിഗ്രി സെന്റിഗ്രേഡ്. സൂര്യതാപത്തെ ആഗിരണം ചെയ്യുന്ന ഈ ഗ്രഹം അവയെ ഇന്‍ഫ്രാറെഡ് കിരണങ്ങളായി പ്രതിഫലിപ്പിക്കാമെങ്കിലും കട്ടിമേഘങ്ങള്‍ തടസ്സം നില്‍ക്കും. ഫലം ചൂട് തളം കെട്ടി നില്‍ക്കും. വമ്പന്‍ ഗ്രീന്‍ഹൗസ് ഇഫക്ടിലേക്ക് നയിക്കുകയും ചെയ്യും. ഭ്രമണത്തിലെ പ്രത്യേകത മൂലം ശുക്രനില്‍ നില്‍ക്കുന്ന വ്യക്തിക്ക് പടിഞ്ഞാറ് സൂര്യന്‍ ഉദിക്കുന്നതായും കിഴക്ക് അസ്തമിക്കുന്നതായും അനുഭവപ്പെടും.

ഇങ്ങനെയൊക്കെയാണെങ്കിലും ശുക്രയാന്‍ ഒരുപാട് പ്രതീക്ഷയുമാണ്. ഭൂമിയുടെ ഇരട്ടയെ ആഴത്തില്‍ അറിയാമെന്നും ജീവസാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നും ഉള്ള പ്രതീക്ഷയോടെ...

കുരങ്ങ് പനി  പടരുന്നു

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മഴക്കാട് മേഖലകളില്‍ കണ്ടുവരാറുള്ള കുരങ്ങുപനി എന്ന മങ്കിപോക്‌സ് കടലുകള്‍ കടന്ന് യൂറോപ്പിലും ആസ്‌ട്രേലിയയിലും സ്‌പെയിനിലുമൊക്കെ എത്തിയിരിക്കുന്നു. വാരിയോള, കൗപോക്‌സ്, വാക്‌സിനിയ തുടങ്ങിയ വൈറസ്സുകള്‍ അടങ്ങുന്ന ഓര്‍ത്തോപോക്‌സ് ജനുസ്സില്‍ വരുന്ന ഈ ഡിഎന്‍എ വൈറസ് പോക്‌സ് വിരിഡേ കുടുംബക്കാരനാണ്.

1958 ല്‍ കോപ്പന്‍ഹേഗനിലെ ഒരു ലബോറട്ടറിയില്‍ വച്ചാണ് കുരങ്ങുകളില്‍ ആദ്യമായി ഈ വൈറസിനെ  കണ്ടെത്തിയത്. ഊര്‍ജിത വാക്‌സിനേഷനിലൂടെ അന്യംനിന്നുവെന്ന് കരുതിയ മങ്കിപോക്‌സ് 2017 ല്‍ നൈജീരിയയിലാണ് പുനരവതരിച്ചത്. (മനുഷ്യരില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1970 ല്‍ കോംഗോയില്‍). കടുത്ത തലവേദന, പനി, പുറംവേദന, ഗ്രന്ഥി വീക്കം, പേശി വേദന, തളര്‍ച്ച എന്നിവയും ശരീരത്തില്‍ പൊന്തിവരുന്ന കുമിളകളും പാടുകളുമാണ് രോഗലക്ഷണം. എലിയും കുരങ്ങും അണ്ണാറക്കണ്ണനുമൊക്കെയാണ് രോഗവാഹകര്‍. ഈ മൃഗങ്ങളുടെ മാംസം, ദംശനം, നഖം എന്നിവയിലൂടെയും മുറിവുകള്‍, വസ്ത്രങ്ങള്‍, ഉച്ഛ്വാസവായു എന്നിവയിലൂടെയുമൊക്കെ കുരങ്ങുപനി പകരാം. ചിലപ്പോള്‍ അപകടകരമാവുകയും ചെയ്യും.

കോംഗോ സ്‌ട്രെയിന്‍, വെസ്റ്റ് ആഫ്രിക്കന്‍ സ്‌ട്രെയിന്‍ എന്നിങ്ങനെ രണ്ടിനം കുരങ്ങുപനി വൈറസുകളുണ്ട്. അതില്‍ കോംഗോക്കാരനാണ് അത്യന്തം അപകടകാരി. കുരങ്ങുപനിയുടെ അനിയന്ത്രിതമായ വ്യാപനം ലോകാരോഗ്യ സംഘടന അതീവ ഗൗരവമായി കണ്ട് നടപടികള്‍ എടുത്തുവരുന്നു.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.